ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയമുഖമായ വെല്‍ഫെയര്‍ പാര്‍ട്ടി കേരളത്തില്‍ തഴച്ച് വളരുകയാണ്. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അവര്‍ മത്സരിച്ചത് 41 സീറ്റിലേയ്ക്ക്. വളര്‍ച്ച ഇരട്ടിയായപ്പോള്‍ ഇത്തവണ മത്സരിച്ചത് 19 സീറ്റിലേയ്ക്ക്. വളര്‍ച്ച ഇതേ രീതിയില്‍ പോയാല്‍ അടുത്ത നിയമസഭാതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ എണ്ണം വട്ടപ്പൂജ്യമാകും. എന്തിനാണ് പാര്‍ട്ടി ഇങ്ങനെ കഠോരമായ വളര്‍ച്ചാനയം സ്വീകരിക്കുന്നത് എന്നറിയണ്ടേ? പാര്‍ട്ടിയുടെ ഒരു നേതാവായ കാരക്കുന്ന് പത്രക്കാരോട് പറഞ്ഞത് മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയെ രക്ഷിക്കാനാണെന്നാണ്. അടുത്ത തവണ കൂടി പിണറായി മുഖ്യമന്ത്രിയായാല്‍ അദ്ദേഹം സംസ്ഥാനത്തെ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കും എന്ന ദീര്‍ഘവീക്ഷണം തന്നെ. ഇതിനായി യുഡിഎഫിനെ ജയിപ്പിക്കാന്‍ സ്വന്തം സ്ഥാനാര്‍ത്ഥികളെ വെട്ടിക്കുറച്ച് നഷ്ടം വന്നാലും ശരി അതിനടുത്ത തിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസം കേരളത്തില്‍ പൂത്തുലഞ്ഞു നില്‍ക്കുന്നത് കാണണം എന്ന മൗദൂദിസ്റ്റുകളുടെ ത്യാഗബുദ്ധി കാണുമ്പോള്‍ പടച്ചതമ്പുരാന്‍ പോലും നിലത്തിറങ്ങി വന്നു പോകും.
മൗദൂദിസ്റ്റുകള്‍ക്ക് കൂട്ടിന് ഒരാള്‍ കൂടിയുണ്ട്. സോണിയാ മൈനോയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരന്‍ ഏ.കെ. ആന്റണി. അദ്ദേഹം പത്രക്കാരോടു പറഞ്ഞതും ഇതേ വാക്കുകള്‍ തന്നെ. ഇങ്ങനെ കോണ്‍ഗ്രസ്സുകാരും മൗദൂദിസ്റ്റുകളും കൂടി കമ്മ്യൂണിസ്റ്റു പാര്‍ട്ടിയെ സ്‌നേഹിച്ചു കൊല്ലാന്‍ മത്സരിച്ചാല്‍ കേരള ജനതയ്ക്ക് വേറെ വഴിയുണ്ടോ?