നമ്മുടെ ശരീരത്തിലെ സുപ്രധാനമായ അവയവമാണ് കണ്ണുകള്‍. ഇവയുടെ പ്രാധാന്യത്തെക്കുറിച്ച് പലരും ചിന്തിക്കാറില്ല എന്ന് തോന്നുന്നു. കണ്ണുകള്‍ക്ക് കാഴ്ചശക്തി കുറഞ്ഞുവരുമ്പോഴാണ് കണ്ണിന്റെ വില അറിയുക. ഞാന്‍ വൈകുന്നേരങ്ങളില്‍ നടക്കാനിറങ്ങുമ്പോള്‍ ഒരു മങ്കിക്യാപ്പ് പതിവായിവെക്കാറുണ്ട്. കൊറോണ കാലഘട്ടമായതിനാല്‍ മാസ്‌ക്കും ധരിക്കും. ചുരുക്കത്തില്‍ കണ്ണുകള്‍ മാത്രമാണ് പുറത്തു കാണുക. എന്നിട്ടും അകലെ നിന്നുപോലും മിത്രങ്ങള്‍ എന്നെ തിരിച്ചറിയുന്നു. കണ്ണില്‍ നിന്നും പുറപ്പെടുന്ന പ്രകാശതരംഗങ്ങള്‍ക്ക് അത്രയേറെ ശക്തിയുണ്ട്. സകല വികാരങ്ങളും ആദ്യം പ്രതിഫലിക്കുന്നത് നേത്രങ്ങളിലാണ്. ശ്രീകൃഷ്ണനെ വധിക്കാനായി പൂതന ചെന്ന കഥ എല്ലാവര്‍ക്കും അറിയാവുന്നതാണ്. കൃഷ്ണന്‍ ആ സമയത്ത് കണ്ണടച്ച് കടിന്നു. ആ കണ്ണുകള്‍ കണ്ടാല്‍ പൂതനയ്ക്ക് കൃഷ്ണനെ കൊല്ലാന്‍ തോന്നില്ല എന്നതുതന്നെയായിരുന്നു അതിന്റെ കാരണം. അത്രമാത്രം കാരുണ്യമായിരുന്നു കൃഷ്ണനേത്രങ്ങളില്‍. എല്ലാ ജീവികളുടെ കണ്ണുകള്‍ക്കും പ്രാധാന്യമുണ്ട്. ഒരു നാല്കാലിയുടെ നേത്രങ്ങളിലേക്കു നോക്കിയാല്‍ അതിനെ കൊല്ലാനായി തോന്നുകയില്ല. ആ നാല്ക്കാലിയേയും മനുഷ്യനേയും സൃഷ്ടിച്ചത് ഒരോ ശക്തിയാണ് എന്ന തോന്നല്‍ അപ്പോള്‍ ശക്തമാകും.
ബിംബിസാരന്റെ യജ്ഞത്തിന് ബലികൊടുക്കാനായി കൊണ്ടുവന്ന ഒരു ആട്ടിന്‍ കുട്ടിയെ എടുത്ത് ശ്രീബുദ്ധന്‍ രാജാവിനോട് പറഞ്ഞു: ഈ സാധു ജീവിയുടെ നേത്രങ്ങളിലേക്ക് നോക്കുക. ഇതിനെ വധിച്ചാല്‍ എന്തുക്ഷേമമാണ് ഉണ്ടാകുക? ആട്ടിന്‍ കുട്ടിയുടെ നേത്രങ്ങള്‍ ബിംബസാരരാജാവിനെ സ്വാധീനിച്ചു. അദ്ദേഹത്തിന് പരിവര്‍ത്തനം ഉണ്ടാകുകയും ചെയ്തു. കണ്ണുകളുടെ മഹത്വത്തെക്കുറിച്ച് തത്വചിന്താപരമായി ചിന്തിച്ചാല്‍ നമുക്കെല്ലാം ഏറെ പറയാനുണ്ടാകും.