ഓര്‍മ്മയിലെ വീരേന്ദ്രകുമാര്‍
അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള
പൂര്‍ണ്ണ പബ്ലിക്കേഷന്‍സ്
കോഴിക്കോട്
പേജ്: 100 വില: 100 രൂപ
ഓ മിസോറാം
ഡോ.പി.എസ്.ശ്രീധരന്‍പിള്ള
ഇന്‍ഡസ് സ്‌ക്രോള്‍സ് പ്രസ്സ്
ന്യൂദല്‍ഹി
പേജ്: 87 വില: 350 രൂപ
അഭിഭാഷകന്‍, രാഷ്ട്രീയനേതാവ് ഈ നിലകളിലാണ് സാമാന്യലോകം പി.എസ്. ശ്രീധരന്‍പിള്ളയെ അറിയുന്നത്. ലേഖകന്‍, കവി, കഥാകൃത്ത് തുടങ്ങിയ സര്‍ഗ്ഗവൈജ്ഞാനിക സാഹിത്യകാരനായി അഭിജ്ഞലോകം ആദരിക്കുന്ന ശ്രീധരന്‍പിള്ളയുടെ 125-ാം ഗ്രന്ഥമാണ് ‘ഓര്‍മ്മയിലെ വീരേന്ദ്രകുമാര്‍’. അന്താരാഷ്ട്ര നിലവാരത്തില്‍ ബിരുദാനന്തരബിരുദം നേടിയ തത്ത്വചിന്തകന്‍, രാഷ്ട്രീയനേതാവ്, ഭരണാധികാരി, മാധ്യമകുലപതി, പ്രകൃതിസ്‌നേഹിയായ വന്‍കിട കര്‍ഷകന്‍, സര്‍വ്വോപരി ഇരുപത്തിനാല് ഗ്രന്ഥങ്ങള്‍ രചിച്ച സാഹിത്യപ്രതിഭ എന്നിങ്ങനെ സര്‍വ്വസമാദരണീയനാണ് എം.പി. വീരേന്ദ്രകുമാര്‍. അഖിലഭാരതീയ വിദ്യാര്‍ത്ഥിപരിഷത്തിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ അടിയന്തരാവസ്ഥയ്‌ക്കെതിരെ പോരാടുമ്പോഴാണ് ശ്രീധരന്‍പിള്ള വീരേന്ദ്രകുമാറിനെ പരിചയപ്പെടുന്നത്. 1977ല്‍ കല്പറ്റ നിയോജകമണ്ഡലത്തില്‍ ജനതാപാര്‍ട്ടിസ്ഥാനാര്‍ത്ഥിയായി മത്സരിച്ച വീരേന്ദ്രകുമാറിനുവേണ്ടി സജീവമായി പ്രചരണരംഗത്തിറങ്ങിയതോടെ ആ അടുപ്പം ദൃഢമായി. 1980 ബി.ജെപി ആരംഭിച്ചതു മുതല്‍ ഇരുവരും വിരുദ്ധ ധ്രുവങ്ങളിലായി. എങ്കിലും വ്യക്തിജീവിതത്തിലെ സ്‌നേഹബന്ധം വര്‍ദ്ധിച്ചുകൊണ്ടേയിരുന്നു. അതിന്റെ തെളിവാണീഗ്രന്ഥം.
ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ സൈക്കോളജി ‘പ്രൊഫസര്‍ ഹോവാര്‍ഡ് ഗാര്‍ഡനര്‍’ 1983ല്‍ ആവിഷ്‌ക്കരിച്ച മള്‍ട്ടിപ്പിള്‍ ഇന്റലിജന്‍സ് എന്ന സിദ്ധാന്തമാണ് ഈ പഠനത്തിനുപയോഗിച്ചിരിക്കുന്നത്. ഈ സിദ്ധാന്തത്തിനനുസരിച്ച് ഏതെങ്കിലും ഒരു ഭാരതീയനെക്കുറിച്ച് ഏതെങ്കിലും ഒരു ഭാരതീയ ഭാഷയില്‍ ഉണ്ടാകുന്ന ആദ്യത്തെ ഗ്രന്ഥമാണിത്. ശങ്കരാചാര്യര്‍, സ്വാമി വിവേകാനന്ദന്‍, ശ്രീ അരവിന്ദന്‍, ഗാന്ധിജി, എ.പി.ജെ. അബ്ദുള്‍ കലാം തുടങ്ങിയ ഋഷിശ്രേഷ്ഠരുടെയും മമ്മടഭട്ടന്‍ തുടങ്ങിയ കാവ്യമീമാംസകരുടെയും ശബ്ദം ഇതില്‍ മുഴങ്ങിക്കേള്‍ക്കാം. ഉള്ളൂര്‍, അക്കിത്തം, വെണ്ണിക്കുളം എന്നിവരെ യഥോചിതം ഉദ്ധരിച്ചിട്ടുണ്ട്. ഇങ്ങനെ ആദ്യന്തം സാഹിത്യ സുരഭിലമാണ് പ്രതിപാദനം. വീരേന്ദ്രകുമാറിനെ അനുസ്മരിച്ചുകൊണ്ട് ഉപരാഷ്ട്രപതി വെങ്കയ്യനായിഡു ചെയ്ത പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപവും ഏതാനും അനുബന്ധങ്ങളും കൂടി ഈ പുസ്തകത്തിലുണ്ട്. എം.പി.വീരേന്ദ്രകുമാറിന്റെ പുത്രനും മാതൃഭൂമി മാനേജിംഗ് എഡിറ്ററും രാജ്യസഭാംഗവുമായ എം.വി.ശ്രേയാംസ്‌കുമാറാണ് അവതാരികാകാരന്‍.
പി.എസ്.ശ്രീധരന്‍പിള്ളയുടെ പതിനഞ്ചാം കവിതാഗ്രന്ഥത്തിന് ആദ്യത്തെ ഇംഗ്ലീഷ് കവിതാ സമാഹാരമാണെന്ന പ്രത്യേകതയുമുണ്ട്. ഗവര്‍ണ്ണര്‍ സ്ഥാനം ഏറ്റെടുക്കാന്‍ ഐസ്വാളില്‍ കാലുകുത്തിയപ്പോള്‍ത്തന്നെ അദ്ദേഹത്തിന്റെ മനസ്സില്‍ രൂപപ്പെട്ട ആനന്ദാനുഭവമാണ് ഓ മിസോറാം ആയിത്തീര്‍ന്നത്. തങ്ങളുടെ ഗവര്‍ണ്ണര്‍, തങ്ങളുടെ നാടിനെക്കുറിച്ചെഴുതുന്നത് ആ നാട്ടുകാര്‍ക്ക് മനസ്സിലാകണമെന്ന ഔചിത്യബോധം കൊണ്ടാണ് ഇംഗ്ലീഷിലെഴുതിയത്. നാളുകള്‍ക്കകം മിസോറാമിന്റെ നന്മ അദ്ദേഹത്തെ ഹഠാദാകര്‍ഷിച്ചു. വടക്കുകിഴക്കിന്റെ വിളി, രാജ്ഭവനിലെ ഉദ്യാനം തുടങ്ങിയ കവിതകള്‍ കൂടി പിറന്നു. ഈ സമാഹാരത്തിലെ മുപ്പത്താറുകവിതകളും ഇങ്ങനെ പിറന്നു. വിശ്വപ്രകൃതിയുടെ നിഗ്രഹാനുഗ്രഹഭാവങ്ങളേയും മനുഷ്യപ്രകൃതിയുടെ നന്മതിന്മകളേയും ഇവ കാട്ടിത്തരുന്നു. ചരിത്രദൗത്യം വഹിക്കുന്ന പഴശ്ശിരാജാപോലുള്ള കവിതകള്‍ അതിരുകളില്ലാത്ത സാംസ്‌കാരിക ലോകത്തിന്റെ വെളിപാടുകളാണ്. മുഖ്യമന്ത്രി സോറാം തംഗ ഈ നാട്ടുവെളിച്ചത്തില്‍ അഭിമാനിക്കുന്നതുകാണാം.
ജപ്പാന്‍കാരുടെ ഹൈക്കുവിനേയും മലയാളത്തിന്റെ കുഞ്ഞുണ്ണി പ്രസ്ഥാനത്തേയും ഓര്‍മ്മിപ്പിക്കുന്ന നാതിദീര്‍ഘരചനകളാണെല്ലാം. മിക്കവയ്ക്കും സിത അസിതഹാസ്യങ്ങളുടെ ചേരുവഗുണവുമുണ്ട്. മിതംച സാരംച എന്ന കാവ്യശാസ്ത്രമതത്തെ അനുസ്മരിപ്പിക്കുന്നതാണ് സി. രാധാകൃഷ്ണന്റെ അവതാരിക. ഇറ്റാലിയന്‍ കവിയും നിരൂപകനും റൈറ്റേഴ്‌സ് ക്യാപ്പിറ്റല്‍ ഫൗണ്ടേഷന്‍ പ്രസിഡന്റുമായ പ്രൊഫ. ആല്‍ബര്‍ട്ടോ പസോളിനോ ഭാരതത്തില്‍ രൂപപ്പെട്ടുകൊണ്ടിരിക്കുന്ന സയന്റിഫിക് മിസ്റ്റിസിസത്തിന്റെ ഉദാരസ്പര്‍ശം ഈ കവിതകള്‍ക്കുള്ളതായി ആമുഖപഠനത്തില്‍ നിരീക്ഷിക്കുന്നു. തോരുദത്തിന്റെ കാലം മുതല്‍ ഭാരതം ഇംഗ്ലീഷ് കവിതയ്ക്കു നല്‍കുന്ന ഉദാര സംഭാവനാ പാരമ്പര്യം ഡോ. ശ്രീധരന്‍പിള്ളയും പിന്‍തുടരുന്നത് അഭിനന്ദനീയവും അഭിമാനാവഹവുമാണ്.