ഒരു പുരുഷായുസ്സിന്റെ സിംഹഭാഗവും അഭിനയിച്ചാടിയ നാട്യകലാകാരനായിരുന്നു ഇക്കഴിഞ്ഞ മാര്‍ച്ച് 15ന് അന്തരിച്ച ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍. കലയും ജീവിതവും വൈരുദ്ധ്യങ്ങളില്ലാതെ സമന്വയിപ്പിച്ചു ആ കലാപ്രതിഭ. അചഞ്ചലമായ ഗുരുഭക്തിയില്‍ നിന്നുത്ഭവിച്ചതാണ് ഈ നാട്യാചാര്യന്റെ കലയും ജീവിതദര്‍ശനവും സ്വഭാവവൈശിഷ്ട്യങ്ങളുമെല്ലാം. അതുകൊണ്ട് തന്നെ ‘ഗുരു’ എന്ന ഉദാത്തവിശേഷണം ഒന്നുമാത്രം മതി ഈ അതുല്യപ്രതിഭയുടെ വിസ്മയ വ്യക്തിത്വത്തെ അടുത്തറിയാന്‍. നൂറ്റിയഞ്ചാം വയസ്സിലെ ജീവിതാന്ത്യംപോലും അകാലമൃത്യുവായി പരിചിതര്‍ക്കനുഭവപ്പെടുന്നത് സ്‌നേഹത്തിന്റേയും ആദരവിന്റേയും പരസ്പര ബഹുമാനത്തിന്റേയും ഒരു മാന്ത്രികവലയം ചൂഴ്ന്നു നില്‍ക്കുന്നതിനാലാണ്.
രണ്ടായിരത്തി പതിനേഴില്‍ ‘പത്മശ്രീ’ പുരസ്‌കാരം ലഭിച്ചതോടെ സാമാന്യ ജനങ്ങളിലേക്ക് കൂടുതല്‍ അറിയപ്പെടുകയും ചെയ്ത പ്രതിഭാധനനാണ് ഗുരു. കേരളക്കരക്ക് വെളിയില്‍ വിശേഷിച്ചും മലബാറുകാരന്റെ പ്രാദേശിക പരിമിതികളെ ലംഘിച്ച് വിസ്മയാവഹമായ വളര്‍ച്ച അറിയിക്കാന്‍ അദ്ദേഹത്തിനുകഴിഞ്ഞു. അപ്പോഴും ജന്മസിദ്ധമായ വിനയാന്വിതഭാവം ദൈവിക പരിവേഷമണിഞ്ഞ് കൂടെയുണ്ടായി. അടിമുടി കേരളീയമായ കലാരൂപമാണ് കഥകളി. ഈ കലയില്‍ പ്രശസ്തരും പ്രഗത്ഭരുമായ എണ്ണമറ്റ കലാകാരന്മാരുണ്ട്. അവരില്‍ നിന്ന് വേറിട്ട് ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ക്കുള്ള അസ്തിത്വ വ്യക്തിത്വമെന്താണ് എന്നത് ഓരോരുത്തരും സ്വയം ചോദിച്ച് ഉത്തരം കണ്ടെത്തേണ്ടതാണ്. ഈ സന്ദര്‍ഭത്തിലാണ് ആ മഹാപ്രതിഭയുടെ സംഭാവനകളെ നമുക്കടുത്തറിയാന്‍ കഴിയുന്നത്.
കഥകളിക്ക് പുറമെ മറ്റു നടന കലകളിലും എണ്ണിയാലൊടുങ്ങാത്ത പ്രഗത്ഭ ശിഷ്യഗണങ്ങള്‍ ഗുരു കുഞ്ഞിരാമന്‍നായര്‍ക്കുണ്ട്. പ്രാദേശികതയുടെ അതിര്‍വരമ്പുകളെ ലംഘിക്കുന്ന ശിഷ്യതതികള്‍. എത്രയോ സ്ഥാപനങ്ങള്‍ക്ക് ജന്മം നല്‍കുന്നതില്‍ നേതൃത്വപരവും അല്ലാത്തതുമായ പങ്ക് അദ്ദേഹം നിര്‍വ്വഹിച്ചിട്ടുണ്ട്. ജന്മനാട്ടിലെ പൂക്കാട് കലാലയവും തന്റെ തറവാടിന്നടുത്തുള്ള കഥകളി വിദ്യാലയവും ഇതിനുദാഹരണങ്ങളാണ്. വിശേഷിച്ചും ചേലിയ കഥകളി വിദ്യാലയം ഗുരുവിന്റെ സമ്പാദ്യങ്ങളില്‍ പ്രമുഖമാണ്.
ഗുരു ചേമഞ്ചേരിയുടെ നിര്യാണത്തോടെ കഥകളിയിലെ കല്ലടിക്കോടന്‍ ചിട്ടയുടെ പ്രഭാവം നിലക്കുകയാണ്. ഗുരുവിന്റെ കഥകളിവേഷങ്ങളില്‍ കൃഷ്ണവേഷത്തിന് സവിശേഷ ഭംഗിയുണ്ട്. കൃഷ്ണദര്‍ശനത്തെ തന്റെ ശരീരത്തിലേറ്റു വാങ്ങിയ ഗുരുവര്യനാണദ്ദേഹം. കൃഷ്ണഭക്തിയുടെ ഉദാത്തഭാവം തന്റെ ഹൃദയത്തിലും ഗുരു ഏറ്റുവാങ്ങി. അഭിനയം തന്നെ ജീവിതവും ജീവിതം തന്നെ അഭിനയവുമാക്കി പരിവര്‍ത്തിപ്പിച്ചു ആ മഹാശയന്‍. ഉറുമ്പിനേയും ഉമ്പര്‍കോനേയും വേര്‍തിരിക്കാനാവാത്ത സമത്വബോധം പെരുമാറ്റത്തിലുടനീളം നിലനിര്‍ത്തി ഗുരു. ഭാരതീയ ചിന്തയുടെ ദര്‍ശന വൈപുല്യത്തെ ലളിതമായി ആവിഷ്‌ക്കരിച്ചു ജീവിതാന്ത്യം വരെ. അതുകൊണ്ടാണ് തരുപക്ഷിമൃഗാദികളോടും നരരോടും ഒരുപോലെ ഇണങ്ങാനും സ്‌നേഹം പകരാനും ആ മഹത് വ്യക്തിത്വത്തിന് കഴിഞ്ഞത്. ദരിദ്രബാല്യത്തെ പിന്നിട്ട് ജീവിതാന്ത്യത്തിലെത്തുമ്പോള്‍ സമ്പന്നമായ അംഗീകാരങ്ങളുടെ ലോകം പോലും നിസ്സംഗതയോടെ ഉള്‍ക്കൊള്ളാനെ ഗുരുവിന് കഴിഞ്ഞിട്ടുള്ളു.
കഥകളി എന്ന കലാരൂപത്തിനു പുറത്തും പരിശോഭിച്ച കലാവ്യക്തിത്വം കുഞ്ഞിരാമന്‍ നായര്‍ക്കുണ്ടായിരുന്നു. നവസിനിമയിലും അദ്ദേഹം വേഷമണിഞ്ഞു. മുഖംമൂടികള്‍ എന്ന സിനിമ ആസ്വാദകരുടെ സവിശേഷ ശ്രദ്ധ ഏറ്റുവാങ്ങി. ഗുരുഗോപിനാഥിനോടൊപ്പം കേരളനടനം എന്ന കലാരൂപം ചിട്ടപ്പെടുത്തുന്നതില്‍ ഗുരു ചേമഞ്ചേരി വഹിച്ച പങ്കും മഹത്തരമാണ്.
ഭാവിതലമുറക്ക് ഒരു പാഠപുസ്തകമാണ് ഗുരുവിന്റെ ജീവിതം. ചിട്ടയായ ജീവിതചര്യയും ധ്യാനനിരതമായ മനസ്സും ഏത് തലമുറയിലും അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ്. ഈ അപൂര്‍വ്വതയുടെ അഭാവമാണ് അരങ്ങിലും അണിയറയിലും ചതുരനായ നടന്റെ തിരോധാനത്തിലൂടെ നഷ്ടമായിരിക്കുന്നത്. എങ്കിലും സാംസ്‌കാരിക അപചയങ്ങളുടെ സമകാലിക ലോകത്ത് നന്മയുടെ നറുവെളിച്ചമായി വായിച്ചാലും വായിച്ചാലും മതിവരാത്ത പാഠപുസ്തകമായി ശോഭിക്കും കളിയരങ്ങിലെ ഈ ഗുരുപ്രസാദം.
രാഷ്ട്രീയസ്വയംസേവകസംഘം പ്രാന്തസഹകാര്യവാഹ് കെ.പി.രാധാകൃഷ്ണന്‍ സഹോദരീ പുത്രനാണ്. ഭാര്യ: ജാനകി. മകന്‍: പവിത്രന്‍. മരുമകള്‍: നളിനി.