എനിക്ക് എന്റേതായ പ്രാരാബ്ധങ്ങള്‍ ഉണ്ട്. ഇതിന്നിടയില്‍ അന്യരെ സ്നേഹിക്കാനും സഹായിക്കാനും സമയമെവിടെ? ഇങ്ങിനെ ചിന്തിക്കുന്നവരാണ് നമ്മില്‍ ഭൂരിപക്ഷവും. എന്നാല്‍ ഏതൊരു വ്യക്തിക്കും ആറു രീതിയില്‍ ഈ ലോകത്തെ സഹായിക്കാന്‍ കഴിയുമെന്ന് സുമനസ്സുകള്‍ പറയുന്നു. ആദ്യത്തേത് ധനം കൊടുത്തു സഹായിക്കല്‍ തന്നെ. എന്റെ കയ്യില്‍ അതിനുമാത്രം പണമില്ലാത്തതിനാല്‍ രണ്ടാമത്തെ കാര്യം കേള്‍ക്കട്ടെ എന്ന് ചിലര്‍. ശാരീരികമായി സഹായിക്കുക എന്ന് ഉത്തരം. ഇന്ന് അത്തരം സഹായത്തിന് ആരേയും കിട്ടാത്ത സാഹചര്യമാണെന്ന് ആശുപത്രിയില്‍ കിടന്നവര്‍ക്ക് അറിയാം. അങ്ങിനെ സഹായിക്കാന്‍ സൗകര്യമില്ലെങ്കില്‍ അറിവ് കൊടുത്ത് സഹായിക്കുക. ഗൈഡന്‍സ് എന്നത് ചില്ലറ കാര്യമല്ല. നമുക്കറിയാവുന്ന രീതിയില്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കൊടുത്ത് സഹായിക്കാന്‍ കഴിയും.
ഈ മൂന്ന് കാര്യങ്ങളും പ്രാവര്‍ത്തികമല്ലെങ്കില്‍ നിങ്ങള്‍ അന്യര്‍ക്ക് സാന്ത്വനം നല്‍കുക. ആശ്വസിപ്പിക്കുക.. സാന്ത്വന വചസ്സ് എന്നത് നിസ്സാരകാര്യമല്ല. എന്നെക്കൊണ്ട് അതിനും കഴിയില്ല എന്നാണ് ഉത്തരമെങ്കില്‍ ഒരു കാര്യം ചെയ്യുക. അന്യരെ നോക്കി ചിരിക്കുക. ചിരി ഒരു സിദ്ധൗഷധമാണ്. ഞാന്‍ നിങ്ങളുടെ ബന്ധുവാണ് എന്ന അര്‍ത്ഥം അതില്‍ ഒളിഞ്ഞുകിടപ്പുണ്ട്. ഇപ്പോള്‍ പറഞ്ഞ അഞ്ചുകാര്യങ്ങള്‍ക്കും ഞാന്‍ തയ്യാറല്ല എന്ന രീതിയില്‍ വാശിപിടിക്കുന്നവരുണ്ടെങ്കില് ഒരു കാര്യം ചെയ്യുക. നിങ്ങളുടെ മനസ്സ് നന്നാക്കുക. ലോകക്ഷേമത്തിനായി ആഗ്രഹിക്കുന്ന ഒരു മനസ്സിനെ സൂക്ഷിക്കുന്നവന് ആരോഗ്യമുണ്ടാകും. നല്ല അനുഭവങ്ങള്‍ ഉണ്ടാകും. അന്യരെ സഹായിക്കാന്‍ ഇത്രയും മാര്‍ഗ്ഗങ്ങളുണ്ട് എന്ന കാര്യമെങ്കിലും ചിന്തിച്ചുകൂടെ?