കേരളത്തിലെ സമാധാനത്തിനും വികസനത്തിനും ഏറ്റവും വലിയ ശാപം, ഏറ്റവും വലിയ രാഷ്ട്രീയപ്പാര്‍ട്ടി എന്ന് അഭിമാനിക്കുന്ന സി പി എമ്മിന്റെ വൈരനിര്യാതന ബുദ്ധിയും അധികാര ഗര്‍വ്വും താന്‍പോരിമയുമാണ്. തങ്ങള്‍ക്ക് എതിരെന്ന് തോന്നുന്ന ആരെയും അംഗീകരിക്കാനവര്‍ തയ്യാറായിട്ടില്ല. പാര്‍ട്ടിയില്‍ ഉയര്‍ന്ന ബദല്‍ രേഖയുടെ വക്താക്കളായിരുന്ന എം വി രാഘവനെയും പി വി കുഞ്ഞിക്കണ്ണനെയും മറ്റും എങ്ങനെ കൈകാര്യം ചെയ്തുവെന്ന് നമ്മള്‍ കണ്ടതാണ്. എം വി രാഘവനെ നിയമസഭയ്ക്കുള്ളില്‍ തന്നെ പഴയ ശിഷ്യന്മാര്‍ കൈകാര്യം ചെയ്തപ്പോള്‍ സഭയുടെ ചരിത്രത്തില്‍ തന്നെ അതൊരു കറുത്ത അദ്ധ്യായമായി. ടി പി ചന്ദ്രശേഖരനെ എങ്ങനെ നിശ്ശബ്ദനാക്കി എന്നതിന് 51 വെട്ടും കാലവും സാക്ഷിയാണ്. എതിര്‍ രാഷ്ട്രീയകക്ഷിയിലെ പ്രവര്‍ത്തകനായതുകൊണ്ടു മാത്രം സ്വന്തം വിദ്യാര്‍ത്ഥികളുടെ മുന്നിലിട്ട് കെ ടി ജയകൃഷ്ണന്‍ മാസ്റ്റര്‍ കൊലചെയ്യപ്പെട്ടത് ഒരുപക്ഷേ, ചരിത്രത്തില്‍ പോലും സമാനതകളില്ലാത്തതാണ്. കേരളത്തില്‍ ഇന്നുവരെയുണ്ടായ മിക്ക രാഷ്ട്രീയ കൊലപാതകങ്ങളിലും ഒരുഭാഗത്ത് സി പി എമ്മുണ്ട്. 95 ശതമാനം കൊലപാതകങ്ങളിലും ഇതുതന്നെയാണ് സംഭവം. ബി ജെ പിയും ആര്‍ എസ് എസ്സും കോണ്‍ഗ്രസ്സും മുസ്ലീം ലീഗും മാത്രമല്ല, സി പി ഐയും കഴിഞ്ഞ് സ്വന്തം പാര്‍ട്ടിയില്‍ എതിര്‍ശബ്ദം ഉയര്‍ത്തുന്നവരെ പോലും സി പി എം വകവരുത്തിയിട്ടുണ്ട്. ടി പി മാത്രമല്ല, മറ്റുപലരും. പാര്‍ട്ടി കോടതിയിലെ വിചാരണയ്ക്കുശേഷം കണ്ണൂരില്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ വധശിക്ഷ നടപ്പാക്കിയ അരിയില്‍ ഷുക്കൂര്‍ വരെയുള്ള കേസുകള്‍ ഇതിന്റെ ഉദാഹരണങ്ങളാണ്.
സി പി എം ശക്തമായതിനുശേഷം കേരളത്തിലുണ്ടായ രാഷ്ട്രീയ കൊലപാതകങ്ങള്‍ 500 ലേറെയാണ്. വാടിക്കല്‍ രാമകൃഷ്ണന്‍ കേസില്‍ പിണറായി വിജയന്‍ തന്നെ പ്രതിയായിരുന്നു. വേണ്ടവിധത്തില്‍ കേസ് നടക്കാത്തതുകൊണ്ടാണ് ഈ കേസിലെ പ്രതികള്‍ രക്ഷപ്പെട്ടത് എന്ന ആരോപണമുണ്ട്. ഈ തരത്തില്‍ അഡ്ജസ്റ്റുമെന്റിലും ബിനാമി വാടകപ്രതികളെ നിരത്തിയും രക്ഷപ്പെട്ട കേസുകളും ഏറെയാണ്. കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ ശക്തമായ പ്രവര്‍ത്തനം തുടങ്ങിവെച്ചത് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറായിരുന്ന പരമേശ്വര്‍ജിയാണ്. അദ്ദേഹം ഡല്‍ഹിയില്‍ ദീന്‍ദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായിരിക്കെ അന്ന് സി പി എം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായ ഇ എം എസ്സുമായി നേരിട്ട് സംസാരിക്കാന്‍ ശ്രമിച്ചു. കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളും രാഷ്ട്രീയ സംഘര്‍ഷങ്ങളും അവസാനിപ്പിക്കണം എന്നതുതന്നെയായിരുന്നു ആ ചര്‍ച്ചയുടെ ലക്ഷ്യം. കൂടിക്കാഴ്ച തീരുമാനിച്ച ദിവസം ഡല്‍ഹിയിലെ കേരളാ ഹൗസില്‍ വെച്ച് അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാരെയും വ്യവസായമന്ത്രി പി സി ചാക്കോയെയും അഖിലഭാരതീയ വിദ്യാര്‍ത്ഥി പരിഷത് പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചു. എ ബി വി പി നേതാവായിരുന്ന വി മുരളീധരനെ കാരണം കൂടാതെ അറസ്റ്റ് ചെയ്യുകയും കോടതിയില്‍ ഹാജരാക്കാതെ കസ്റ്റഡിയില്‍ വെയ്ക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ചായിരുന്നു എ ബി വി പിയുടെ ഈ നടപടി.
ഇ എം എസ് അന്തരിച്ചതിനുശേഷം പരമേശ്വര്‍ജി എഴുതിയ അനുസ്മരണ കുറിപ്പില്‍ ഇക്കാര്യത്തെ കുറിച്ച് അദ്ദേഹം എഴുതിയിരുന്നു. വിദ്യാര്‍ത്ഥികള്‍ മുഖ്യമന്ത്രിയെ തടഞ്ഞുവെച്ചതിനെ ചൊല്ലി ഇ എം എസ് ചര്‍ച്ച റദ്ദാക്കുമോ എന്നായിരുന്നു ഭയം. ഉച്ചയ്ക്ക് ടെലിഫോണ്‍ ചെയ്യുമ്പോള്‍ കൂടിക്കാഴ്ചയ്ക്ക് ഒരു മാറ്റവും ഇല്ലെന്നും കൃത്യസമയത്തു തന്നെ കാണാമെന്നും ഇ എം എസ് പറഞ്ഞതായും പിന്നീട് തങ്ങള്‍ കൂടിക്കാഴ്ച നടത്തിയതായും പരമേശ്വര്‍ജി രേഖപ്പെടുത്തിയിട്ടുണ്ട്. അന്നത്തെ ചര്‍ച്ചയിലാണ് ശാരീരിക സംഘര്‍ഷത്തിനു പകരം ആശയ സംഘര്‍ഷമെന്ന നിലപാട് പരമേശ്വര്‍ജി മുന്നോട്ടു വെച്ചത്. കുറച്ചുകാലം സംഘര്‍ഷം ഒഴിവായെങ്കിലും വീണ്ടും ഏകപക്ഷീയമായി അത് പുനരാരംഭിക്കുകയാണ് പതിവ്. എസ് ഡി പി ഐ-ഇസ്ലാമിക ജിഹാദികള്‍ സി പി എമ്മിലേക്ക് നുഴഞ്ഞു കയറും വരെ കേരളത്തിലെ രാഷ്ട്രീയ സംഘര്‍ഷത്തില്‍ ഒരു പ്രത്യേകത കൂടി ഉണ്ടായിരുന്നു. മരിച്ചവരായാലും കൊന്നവരായാലും ഒട്ടുമുക്കാലും ഹിന്ദുക്കള്‍ തന്നെയായിരുന്നു. വീട് നഷ്ടപ്പെട്ടവരും അംഗവിച്ഛേദം സംഭവിച്ചവരും ജീവനോപാധികള്‍ നഷ്ടപ്പെട്ടവരും ഏറിയ കൂറും ഹിന്ദുക്കള്‍ തന്നെ.
ഈ സാഹചര്യത്തിലാണ് രാഷ്ട്രീയ സംഘര്‍ഷം ഇല്ലാതാകണമെന്ന് ആര്‍ എസ് എസ്സും പരിവാര്‍ പ്രസ്ഥാനങ്ങളും ആഗ്രഹിച്ചത്. മരണമടഞ്ഞ ഓരോ സ്വയംസേവകന്റെയും ജീവിതത്തിന് തുല്യവെയ്ക്കാന്‍ മറ്റൊന്നുമില്ല എന്ന കാഴ്ചപ്പാടാണ് എക്കാലവും സംഘം പുലര്‍ത്തുന്നത്. വഴിയരികില്‍ രക്തസാക്ഷി മണ്ഡപങ്ങളോ ബലികുടീരങ്ങളോ ഉണ്ടാക്കാന്‍ ഒരിക്കലും ആര്‍ എസ് എസ്സും പരിവാര്‍ പ്രസ്ഥാനങ്ങളും പോയിട്ടില്ല. കാരണം സ്വന്തം കുടുംബാംഗങ്ങള്‍ ഇല്ലാതാകുമ്പോള്‍ അവരുടെ പേരില്‍ ബക്കറ്റ് പിരിവ് നടത്താനും രക്തസാക്ഷി മണ്ഡപം ഒരുക്കാനും പോകുന്നതല്ല സംഘത്തിന്റെ ബന്ധങ്ങള്‍. ഈ സാഹചര്യത്തിലാണ് ആര്‍ എസ് എസ്-സി പി എം ചര്‍ച്ചയെ ചൊല്ലി അടുത്തിടെയുണ്ടായ വിവാദം വിലയിരുത്തേണ്ടത്. 2016 ല്‍ പിണറായി മുഖ്യമന്ത്രിയായി ചുമതലയേറ്റ ഉടന്‍ അദ്ദേഹത്തിന്റെ മണ്ഡലത്തില്‍ തന്നെ മൂന്ന് സ്വയംസേവകര്‍ കൊല്ലപ്പെട്ടു. കണ്ണൂര്‍ ജില്ലയുടെ പല ഭാഗങ്ങളിലും സി പി എമ്മുകാര്‍ പതിവുപോലെ അക്രമം അഴിച്ചുവിട്ടു. അടിക്ക് തിരിച്ചടി കൊടുക്കാന്‍ വൈമുഖ്യമോ ധൈര്യക്കുറവോ ഉള്ള പ്രസ്ഥാനമല്ല ആര്‍ എസ് എസ്. പക്ഷേ, ഹിന്ദു കുടുംബങ്ങളിലെ വറ്റാത്ത കണ്ണീര്‍ച്ചാലുകള്‍ ഏത് പാര്‍ട്ടിയിലായാലും നഷ്ടമാണെന്നു തന്നെയാണ് പരിവാര്‍ പ്രസ്ഥാനങ്ങളുടെ നിലപാട്.
ഈ സാഹചര്യത്തിലാണ് ആത്മീയാചാര്യനായ ശ്രീ എം ഇരുവിഭാഗം നേതാക്കളോടും സമാധാന ചര്‍ച്ച നടത്താന്‍ എത്തിയത്. രണ്ടുതവണ ചര്‍ച്ചയ്ക്കു ശേഷമാണ് ആര്‍ എസ് എസ് നേതാക്കളെ തിരുവനന്തപുരത്തേക്ക് ചര്‍ച്ചയ്ക്ക് വിളിച്ചതും. ചര്‍ച്ചയുടെ അകത്തുള്ള ദൃശ്യങ്ങള്‍ എടുക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരോട് കടക്കു പുറത്ത് എന്ന് പിണറായി ആക്രോശിച്ചതും 2016 ല്‍ നടന്ന ഈ ചര്‍ച്ചയിലായിരുന്നു. 2016 ല്‍ നടന്ന ഈ ചര്‍ച്ചയ്ക്കുശേഷം കുമ്മനം രാജശേഖരനും പി ഗോപാലന്‍കുട്ടി മാസ്റ്ററും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സമാധാനം പാലിക്കാന്‍ വേണ്ടി ചര്‍ച്ചയിലെടുത്ത തീരുമാനങ്ങളെ കുറിച്ച് പരസ്യമായി മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയും ചെയ്തു. ഇത്രയും സുതാര്യമായും പരസ്യമായും നടന്ന സംഭവങ്ങള്‍ വളച്ചൊടിച്ച് ഒരുപറ്റം മാധ്യമങ്ങള്‍ ആര്‍ എസ് എസ് – സി പി എം ബന്ധം എന്ന പേരില്‍ വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നത് കേരളത്തെ ഗ്രസിച്ചിട്ടുള്ള ഇസ്ലാമിക ജിഹാദി കൂട്ടുകെട്ടിന്റെ ഫലമാണ്. ജമാ അത്തെ ഇസ്ലാമിയും ഭീകര ഇസ്ലാമിക സംഘടനകളുമാണ് ഇപ്പോള്‍ ഈ പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നത്. സി പി എം വിരുദ്ധ, അക്രമ വിരുദ്ധ വോട്ടുകള്‍ സമാഹരിച്ച് യു ഡി എഫില്‍ എത്തിക്കാനാണ് ജമാ അത്തെ ഇസ്ലാമിയുടെയും ഇസ്ലാമിക സംഘടനകളുടെയും ശ്രമം. ഇസ്ലാമായി ജനിച്ച് യോഗിവര്യനായി മാറിയ ഹിന്ദു-ഭാരതീയ തത്വശാസ്ത്രത്തിന്റെയും ആദ്ധ്യാത്മികതയുടെയും യോഗയുടെയും പ്രചാരകനായ ശ്രീ എമ്മിനെ ഇകഴ്ത്തിക്കാട്ടാനുള്ള ഇസ്ലാമിക-ജിഹാദി അജണ്ട കൂടി ഇതിന്റെ പിന്നിലുണ്ട്.
അക്രമരാഷ്ട്രീയത്തിന് അറുതി വരാന്‍ വേണ്ടി താന്‍ നടത്തിയ ശ്രമങ്ങളെ ഇപ്പോള്‍ രാഷ്ട്രീയവത്കരിക്കുന്നതിലുള്ള അതൃപ്തി ശ്രീ എം മറച്ചുവെച്ചിട്ടില്ല. കേരളത്തിന്റെ പുരോഗതിക്കും ജനങ്ങളുടെ സമാധാനത്തിനും ശാന്തമായ പൊതുജീവിതത്തിനും രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഒഴിവാകേണ്ടത് അനിവാര്യമാണ്. ശ്രീ എം മുന്നിട്ട് നടത്തിയ ശ്രമങ്ങള്‍ക്കു പിന്നില്‍ രാഷ്ട്രീയമില്ല. അദ്ദേഹം ചെയ്തത് സാമൂഹികമായ ഉത്തരവാദിത്തമാണ്. അത് ഒരു സമൂഹത്തിന്റെ, കേരളത്തിന്റെ പുരോഗതിക്കു വേണ്ടിയാണ്. ഇതില്‍ സംഘര്‍ഷമുണ്ടാക്കി മുതലെടുക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് പണ്ട് മുട്ടനാടുകളെ തമ്മിലടിപ്പിച്ച കുറുക്കന്റെ ഗതി വരുമെന്ന കാര്യത്തില്‍ സംശയമില്ല. പരമേശ്വര്‍ജി പറഞ്ഞതുപോലെ രാഷ്ട്രീയ അഭിപ്രായങ്ങള്‍ തമ്മില്‍ ശാരീരിക സംഘര്‍ഷത്തിനു പകരം ആശയപരമായ സംഘര്‍ഷങ്ങള്‍ നടക്കട്ടെ, സദ്ചിന്തകള്‍ ഉയരട്ടെ. കുടുംബങ്ങളിലെ കണ്ണീര്‍ചാലുകള്‍ ഒടുങ്ങട്ടെ. അതിനായി പ്രാര്‍ത്ഥിക്കാം.