ഈശ്വരസാക്ഷാത്കാരമാണ് മനുഷ്യജീവിതത്തിന്റെ ആത്യന്തികലക്ഷ്യം. അതിനുവേണ്ടി വിവിധ മാര്‍ഗ്ഗങ്ങള്‍ ശ്രുതിസ്മൃതിപുരാണാദികള്‍ കാട്ടിത്തരുന്നു. നിഷ്‌കാമകര്‍മ്മം കൊണ്ട് അന്തഃകരണശുദ്ധിയും ഉപാസന കൊണ്ട് ഏകാഗ്രതയും നേടി ജ്ഞാനസാധനകളായ ശ്രവണമനനനിദിദ്ധ്യാസങ്ങള്‍ കൊണ്ട് ഈശ്വരതത്ത്വം സാക്ഷാത്കരിക്കാന്‍ കഴിയും. ഈശ്വരനെ സഗുണമായും നിര്‍ഗുണമായും ഉപാസിക്കുവാനുള്ള പദ്ധതികള്‍ ശാസ്ത്രങ്ങളില്‍ വര്‍ണ്ണിച്ചിട്ടുണ്ട്. ഏകവും അദ്വിതീയവും നിരാകാരവും നിര്‍ഗ്ഗുണവും പൂര്‍ണ്ണവുമായ ചൈതന്യമാണ് പരമമായ സത്യം. ആ സത്യത്തെ ഉപാസകന്മാരുടെ കാര്യാര്‍ത്ഥം ഗുണവും ആകൃതിയും കല്പിച്ച് ശിവന്‍, വിഷ്ണു, ശക്തി തുടങ്ങി അനേകം ദേവതാഭാവങ്ങളില്‍ ഉപാസിക്കാറുണ്ട്. പല പേരുകളില്‍ അറിയപ്പെടുന്നെങ്കിലും ഈ ദേവതകളെല്ലാം ഒരേ ചൈതന്യത്തിന്റെ വ്യത്യസ്ത ഭാവങ്ങള്‍ മാത്രമാണ്.ഈശ്വരനെ ശിവഭാവത്തില്‍ ഉപാസിക്കുന്ന പദ്ധതിയാണ് ശൈവമതത്തിലുള്ളത്. ശിവന്‍ പരമാര്‍ത്ഥത്തില്‍ കേവലവും മംഗളകരവും സച്ചിദാനന്ദസ്വരൂപവുമായ ചൈതന്യമാണ്.എന്നാല്‍ സാധാരണ ജനങ്ങള്‍ക്ക് ശിവന്റെ നിര്‍ഗ്ഗുണഭാവത്തെ ഉപാസിക്കുവാന്‍ എളുപ്പമല്ല. അതിനാല്‍ സഗുണരൂപം കല്പിച്ചുള്ള ഉപാസനകളും ആരാധനാനുഷ്ഠാനങ്ങളും ആചാര്യന്മാര്‍ നടപ്പിലാക്കി. അതിന്റെ ഭാഗമായി ശിവക്ഷേത്രദര്‍ശനം, ശിവലിംഗാരാധന, പ്രദോഷാദിവ്രതാനുഷ്ഠാനങ്ങള്‍ എന്നിവയിലൂടെ സാധാരണ ജനങ്ങളെ പരമമായ തത്ത്വത്തിന്റെ സാക്ഷാത്കാരത്തിലേക്ക് എത്തിക്കാനുള്ള ചര്യാക്രിയാമാര്‍ഗ്ഗങ്ങള്‍ ശൈവമതത്തില്‍ ആവിഷ്‌കരിക്കപ്പെട്ടിട്ടുണ്ട്. നിര്‍മ്മലമായ കണ്ണാടിയില്‍ എപ്രകാരമാണോ സൂര്യപ്രകാശം വ്യക്തമായി പ്രതിബിംബിക്കുന്നത് അതുപോലെ നിര്‍മ്മലമായ മനസ്സില്‍ മാത്രമേ ഈശ്വരതത്ത്വം സലക്ഷണമായി പ്രകാശിക്കുകയുള്ളൂ. മനസ്സിനെ നിര്‍മ്മലമാക്കുവാനുള്ള അനേകം മാര്‍ഗ്ഗങ്ങളില്‍ വളരെ പ്രാധാന്യമുള്ളതാണ് വ്രതങ്ങള്‍.
ശിവരാത്രി വ്രതം. സോമവാരവ്രതം, അഷ്ടമി വ്രതം, പ്രദോഷവ്രതം, ചതുര്‍ദ്ദശിവ്രതം, ആര്‍ദ്രാവ്രതം തുടങ്ങിയവയാണു മുഖ്യ ശൈവവ്രതങ്ങള്‍. ഇവയില്‍ ശിവരാത്രി വ്രതം സര്‍വ്വപാപഹരവും സര്‍വശ്രേഷ്ഠവുമായി വിശ്വസിക്കപ്പെടുന്നു. ശിവപുരാണം, അഗ്‌നിപുരാണം, സ്‌കന്ദപുരാണം, വായുപുരാണം തുടങ്ങിയ പുരാണങ്ങളിലെ പരാമര്‍ശങ്ങളനുസരിച്ച് മാഘമാസത്തിന്റെ ഒടുവിലും ഫാല്‍ഗുന മാസം ആരംഭിക്കുന്നതിനു മുന്‍പും ഉള്ള കൃഷ്ണപക്ഷത്തില്‍ അര്‍ദ്ധരാത്രിയില്‍ ചതുര്‍ദ്ദശീതിഥി വരുന്ന ദിനമാണു ശിവരാത്രി.
‘മാഘമാസസ്യ ശേഷേ യാ പ്രഥമേ ഫാല്‍ഗുനസ്യ ച
കൃഷ്ണാ ചതുര്‍ദ്ദശീ സാ തു ശിവരാത്രിഃ പ്രകീര്‍ത്തിതാ’
എന്ന് സ്‌കന്ദപുരാണം നാഗരഖണ്ഡത്തില്‍ പറഞ്ഞിരിക്കുന്നു. ശിവപ്രിയ, ശിവചതുര്‍ദ്ദശി, വ്രതരാജന്‍ തുടങ്ങിയ പേരുകളിലും മഹാശിവരാത്രി അറിയപ്പെടുന്നു. വിഷ്ണുവും ബ്രഹ്മാവും ജ്യോതിര്‍ലിംഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ പോയ കഥയോടും പാലാഴിമഥനസമയത്ത് ശിവന്‍ കാളകൂടവിഷം പാനം ചെയ്ത കഥയോടും ബന്ധപ്പെടുത്തി പുരാണങ്ങളില്‍ ശിവരാത്രി വ്രതത്തിന്റെ ഉദ്ഭവത്തെ പറയാറുണ്ട്.
വ്രതം എന്തിന് ?
ശാസ്ത്രവും ആചാര്യനും നിര്‍ദ്ദേശിക്കുന്ന വിധിപ്രകാരം വേണം വ്രതം അനുഷ്ഠിക്കേണ്ടത്. ദൃഢനിഷ്ഠയോടുകൂടി വ്രതമനുഷ്ഠിച്ചാല്‍ അന്ത:കരണശുദ്ധിയും പാപപരിഹാരവും ഉണ്ടാകും. വ്രതത്തിന്റെ ഫലം ദീക്ഷയാണ്. ഈശ്വരനെക്കുറിച്ചുള്ള അറിവ് ഒരു സദ്ഗുരുവില്‍ നിന്നും ലഭിക്കുന്നതിനെയാണ് ദീക്ഷ എന്ന് പറയുന്നത്. ദീക്ഷയുടെ ഫലം ദക്ഷിണയാണ്. പ്രജ്ഞാമാന്ദ്യത്തെയും ദുര്‍വ്വാസനകളെയും ജയിക്കുവാനുള്ള സാമര്‍ത്ഥ്യമാണ് ദക്ഷിണ. ഈ സാമര്‍ത്ഥ്യം കൊണ്ട് ശ്രദ്ധ ഉണ്ടാകുന്നു. ഈശ്വരനിലും ഗുരുവിലും ശാസ്ത്രത്തിലുമുള്ള വിശ്വാസമാണ് ശ്രദ്ധ. ശ്രദ്ധയില്‍ നിന്നും ആത്മജ്ഞാനം ഉണ്ടാകുന്നു. ഇങ്ങനെ പടിപടിയായി വ്രതാനുഷ്ഠാനങ്ങള്‍ ഒരുവനെ ഈശ്വരസാക്ഷാത്കാരത്തിലേക്ക് എത്തിക്കുന്നു.
ശിവരാത്രി വ്രതാചരണം
പ്രഭാതത്തില്‍ ഉണര്‍ന്നെഴുന്നേറ്റ് സ്‌നാനം ചെയ്ത് നിത്യകര്‍മ്മങ്ങള്‍ അനുഷ്ഠിക്കണം. തുടര്‍ന്ന് ശിവക്ഷേത്രത്തില്‍ പോയി ശിവലിംഗത്തെ വിധിപ്രകാരം പൂജിച്ച്(വന്ദിച്ച്) ശിവനെ നമസ്‌ക്കരിച്ച് ഉത്തമമായ രീതിയില്‍ വ്രത സങ്കല്‍പ്പം ചെയ്യണം. സങ്കല്‍പ്പ മന്ത്രം ഇതാണ്;
‘ദേവദേവ മഹാദേവ
നീലകണ്ഠ നമോസ്തുതേ
കര്‍തുമിച്ഛാമ്യഹം ദേവ
ശിവരാത്രിവ്രതം തവ
തവ പ്രഭാവാദ്ദേവേശ
നിര്‍വിഘ്‌നേന ഭവേദിതി
കാമാദ്യാഃ ശത്രവോ മാം വൈ പീഡാം കുര്‍വന്തു നൈവ ഹി’
(അല്ലയോ ദേവദേവനായ മഹാദേവാ, നീലകണ്ഠാ, അവിടുത്തേയ്ക്ക് നമസ്‌കാരം. അങ്ങയെ ആരാധിക്കാനായി ശിവരാത്രിവ്രതം അനുഷ്ഠിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ദേവേശ്വരാ, അങ്ങയുടെ പ്രഭാവത്താല്‍ ഈ വ്രതം യാതൊരു വിഘ്‌നവും കൂടാതെ പൂര്‍ണ്ണമാവട്ടെ. കാമാദികളായ ശത്രുക്കള്‍ എനിക്കു പീഡയുണ്ടാക്കാതിരിക്കട്ടെ.)
ത്രയോദശി നാളില്‍ ഒരു നേരം ഭക്ഷണം കഴിച്ചും ചതുര്‍ദ്ദശി (ശിവരാത്രി) നാളില്‍ സമ്പൂര്‍ണ്ണ ഉപവാസം അനുഷ്ഠിച്ചും വേണം വ്രതം അനുഷ്ഠിക്കേണ്ടത്. വ്രതമനുഷ്ഠിക്കുന്നവര്‍ രാത്രിയില്‍ ജാഗരണം ചെയ്യണം (ഉറക്കമൊഴിക്കണം). രാത്രിയില്‍ ശിവനാമജപം, അര്‍ദ്ധരാത്രിയിലെ ശിവപൂജാ ദര്‍ശനം, ശിവക്ഷേത്രപ്രദക്ഷിണം എന്നിവ വിധിക്കപ്പെട്ടിരിക്കുന്നു. മണ്ണു കൊണ്ട് പാര്‍ത്ഥിവലിംഗം നിര്‍മ്മിച്ചു പൂജിക്കുന്നതിനുള്ള വിധി ശിവപുരാണത്തില്‍ വിസ്തരിച്ചു വര്‍ണ്ണിച്ചിട്ടുണ്ട്. അന്നേദിവസം ശിവപുരാണം പാരായണം ചെയ്യുക, പഞ്ചാക്ഷരി മന്ത്രം നിശ്ചിത ഉരു ജപിക്കുക തുടങ്ങിയവയും സാധകര്‍ ചെയ്യാറുണ്ട്.രാത്രിയുടെ നാലു യാമങ്ങളിലും ശിവപൂജ ദര്‍ശിച്ച് പ്രഭാതത്തില്‍ വീണ്ടും സ്‌നാനം ചെയ്ത് ശിവനെ പൂജിക്കണം. വ്രതം സമാപിപ്പിക്കുന്നതിനായി കൈകള്‍ കൂപ്പി തലയ്ക്കു മുകളില്‍ ഉയര്‍ത്തിപ്പിടിച്ച് ഭഗവാനെ നമസ്‌കരിച്ച് ഇപ്രകാരം പ്രാര്‍ത്ഥിക്കുക.
‘നിയമോ യോ മഹാദേവ കൃതശ്‌ചൈവ ത്വദാജ്ഞയാ
വിസൃജ്യതേ മയാ സ്വാമിന്‍ വ്രതം ജാതമനുത്തമം
വ്രതേനാനേന ദേവേശ യഥാ ശക്തി കൃതേന ച
സന്തുഷ്‌ടോ ഭവ ശര്‍വാദ്യ കൃപാം കുരു മമോപരി’
(മഹാദേവാ, അങ്ങയുടെ ആജ്ഞയാല്‍ ഞാന്‍ ഏതൊരു വ്രതം അനുഷ്ഠിച്ചുവോ, ആ പരമവും ഉത്തമവുമായ വ്രതം പൂര്‍ണ്ണമായിരിക്കുന്നു. അതിനാല്‍ ഞാന്‍ ഇപ്പോള്‍ വ്രതത്തിന്റെ വിസര്‍ജ്ജനം നടത്തുന്നു. ദേവേശ, ശര്‍വ്വ, യഥാശക്തി ചെയ്ത ഈ വ്രതത്തില്‍ സന്തുഷ്ടനായി അങ്ങ് ഇപ്പോള്‍ എന്നില്‍ കൃപ ചൊരിഞ്ഞാലും) ഇങ്ങനെ പ്രാര്‍ത്ഥിച്ച ശേഷം ശിവനു പുഷ്പാഞ്ജലി സമര്‍പ്പിച്ച് വിധിപ്രകാരം ദാനം ചെയ്യുക. തുടര്‍ന്ന് ശിവനെ നമസ്‌ക്കരിച്ച് വ്രതം അവസാനിപ്പിക്കണം. തന്റെ ശക്തിക്കനുസരിച്ച് ശിവഭക്തര്‍ക്കും സന്ന്യാസിമാര്‍ക്കും ഭക്ഷണം നല്‍കി സന്തുഷ്ടരാക്കിയ ശേഷം വ്രതമനുഷ്ഠിക്കുന്നയാള്‍ക്ക് ഭക്ഷണം കഴിക്കാം.
മാനവസേവ മഹാദേവസേവ
ഭക്തി എന്ന പദത്തിന് ഭജ് സേവായാം എന്നതനുസരിച്ച് സേവനം എന്നാണര്‍ത്ഥം. സമസ്തവും ഈശ്വരനില്‍ സമര്‍പ്പിച്ചു സേവിക്കുന്നതാണ് പരമപ്രേമരൂപമായ ഭക്തിയുടെ ലക്ഷണം. ശിവഭക്തന്മാര്‍ ശിവനെ മാത്രമല്ല സമസ്തവും ശിവനെന്നു കല്പിച്ചു സകലതിനെയും സേവിക്കുന്നു. അവരുടെ ദൃഷ്ടിയില്‍ പ്രപഞ്ചം ശിവമയമാണ്. ലോകസേവനം ശിവസേവനം തന്നെയെന്ന സന്ദേശമാണ് ശിവരാത്രിനാളില്‍ ശിവഭക്തര്‍ നല്‍കുന്നത്. ദീനര്‍ക്കും അനാശ്രിതര്‍ക്കും എന്നു മാത്രമല്ല ഭൂമിയിലുള്ള ഇതരജീവിവര്‍ഗ്ഗങ്ങള്‍ക്ക് പോലും സേവ ചെയ്ത് ശിവപൂജയായി സമര്‍പ്പിക്കുവാന്‍ കര്‍മ്മപ്രധാനികളായ ശിവഭക്തര്‍ തയ്യാറാണ്. ഭഗവാന്‍ ശിവന്‍ ലോകരക്ഷയ്ക്കായി സ്വയംകാളകൂടത്തെ പാനം ചെയ്ത് ഉദാത്തമായ മാതൃക കാട്ടിത്തന്നു. ത്യാഗത്തിലൂടെ സമാജസേവചെയ്യുവാനുള്ള പ്രേരണ അത് നമുക്ക് നല്‍കുന്നു. ഈ ശിവരാത്രി നാളില്‍ പ്രപഞ്ചത്തെ ശിവസ്വരൂപമായിക്കണ്ടു സേവിക്കുവാന്‍ നമുക്കേവര്‍ക്കും കഴിയട്ടെ.