ജീന്‍ ക്രിസ്റ്റഫിനു പുറമെ കോളാസ്ബ്രൂഞ്ഞോണ്‍, ക്ലെറാംബോ എന്നീ നോവലുകളും റോളാണ്ട് രചിച്ചിരിക്കുന്നു. ലൈഫ് ഓഫ് ബെയ്‌ഥോവന്‍, മൈക്കലാഞ്ജലോ, ഹാന്‍ഡെല്‍, ലൈഫ് ഓഫ് ടോള്‍സ്റ്റോയി, ലൈഫ് ഓഫ് രാമകൃഷ്ണ, ലൈഫ് ഓഫ് വിവേകാന്ദ (ജീവചരിത്രങ്ങള്‍); സെന്റ് ലൂയിസ്, ദ വൂള്‍വ്‌സ്, ദ ട്രയംഫ് ഓഫ് റീസണ്‍, ഷോര്‍ഷെ ഡാന്റണ്‍ (നാടകങ്ങള്‍); ദ ഇന്റീരിയര്‍ വോയേജ് (ഓര്‍മ്മക്കുറിപ്പുകള്‍) എന്നിവയാണ് മറ്റു കൃതികള്‍.
‘ജനകീയനാടകവേദി’ എന്ന സങ്കല്‍പ്പം ആദ്യമായി മുന്നോട്ടുവച്ചത് റൊമൈന്‍ റോളണ്ട് ആണ്. ‘പീപ്പിള്‍സ് തിയേറ്റര്‍’ എന്ന തന്റെ ഗ്രന്ഥത്തില്‍ ”സ്‌റ്റേജും ഓഡിറ്റോറിയവും ജനങ്ങള്‍ക്ക് തുറന്നുകൊടുക്കണം, ഒരു ജനതയെയും ഒരു ജനതയുടെ പ്രവര്‍ത്തനങ്ങളെയും ഉള്‍ക്കൊള്ളാന്‍ കഴിയണം” എന്ന് അദ്ദേഹം എഴുതി. ഈ പുസ്തകം 1913 വരെ പ്രസിദ്ധീകരിച്ചിരുന്നില്ല, എന്നാല്‍ അതിന്റെ മിക്ക ഉള്ളടക്കങ്ങളും 1900 നും 1903 നും ഇടയില്‍ റെവ്യൂ ഡി ആര്‍ട്ട് ഡ്രമാറ്റിക് എന്ന പുസ്തകത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഫ്രഞ്ച് വിപ്ലവം, ഡാന്റണ്‍ (1900), ദി ഫോര്‍ട്ടീന്‍ത്ത് ഓഫ് ജൂലായ് എന്നീ നാടകങ്ങള്‍ ഉപയോഗിച്ച് റോളണ്ട് തന്റെ സിദ്ധാന്തം പ്രയോഗത്തില്‍ വരുത്താന്‍ ശ്രമിച്ചു.
രാമകൃഷ്ണപരമഹംസര്‍ മുതല്‍ ഗാന്ധിജി വരെയുള്ള ഭാരതത്തിലെ മഹാപുരുഷന്മാരെ ആരാധിച്ചിരുന്ന റൊമൈന്‍ റോളണ്ടിനെ ചെറുപ്പത്തില്‍ പ്രചോദിപ്പിച്ചത് ടോള്‍സ്റ്റോയിയുടെ ആദര്‍ശങ്ങളായിരുന്നു. ”കൂടുതല്‍ ദയാമയനും സംതൃപ്തനുമായ ടോള്‍സ്റ്റോയി” എന്നാണ് ഗാന്ധിജിയെ അദ്ദേഹം വിശേഷിപ്പിച്ചത്.
”ഹിന്ദുമതം ഒരിക്കലും ശാസ്ത്രത്തിന് എതിരല്ല. അജ്ഞേയവാദിക്കും നിരീശ്വരവാദിക്കും സ്വന്തം വഴികളില്‍ സത്യത്തെ കണ്ടെത്താനുള്ള അവസരം അതില്‍ ഒരുപോലെ ലഭിക്കുന്നു.” എന്നാണ് വിവേകാന്ദനെക്കുറിച്ചുള്ള പുസ്തകത്തില്‍ റോളണ്ട് അഭിപ്രായപ്പെടുന്നത്.
യുദ്ധത്തെ അങ്ങേയറ്റം എതിര്‍ത്തിരുന്ന ഈ മഹാന്‍ രണ്ടാംലോകമഹായുദ്ധത്തിന്റെ കൊടുംഭീകരത കണ്‍പാര്‍ത്തുകൊണ്ടാണ് അന്തരിച്ചത്. 1944 ഡിസംബര്‍ 30 ന്.