മനുഷ്യവര്‍ഗ്ഗത്തിന്റെ ഉല്‍പ്പത്തി എവിടെയാണ്? കൃത്യമായി ഉത്തരം കണ്ടെത്താനാവാത്ത ചോദ്യങ്ങളിലൊന്നാണിത്. നരവംശം പിച്ചവെച്ചത് മധ്യേഷ്യയിലാണെന്നു ചിലരും ആഫ്രിക്കയിലാണെന്ന് വേറെ ചിലരും ദക്ഷിണ ഭാരതത്തിലാണെന്ന് മറ്റുചിലരും അഭിപ്രായപ്പെടുന്നു. ഇതല്ല, ഒരേ സമയം പലഭാഗങ്ങളിലാണ് മനുഷ്യസംസ്‌കാരത്തിന്റെ ഉല്‍പ്പത്തിയെന്ന് പറയുന്നവരുമുണ്ട്.
വാദങ്ങള്‍ പലവിധമുണ്ടെങ്കിലും മനുഷ്യന്റെ ആദിമവാസങ്ങളിലൊന്ന് ഭാരതമാണെന്നതില്‍ തര്‍ക്കമില്ല. ദക്ഷിണ ഭാരതത്തിലാണ് ആദിമ മനുഷ്യന്‍ താമസിച്ചിരുന്നതെന്ന് വിശ്വസിക്കുന്ന ധാരാളം നരവംശ ശാസ്ത്രജ്ഞന്മാരും ഭൗമശാസ്ത്രജ്ഞന്മാരും ഉണ്ട്. ഇതിന് സഹായകമായ പല തെളിവുകളും അവര്‍ ഹാജരാക്കുന്നുമുണ്ട്. ഹിമാലയവും ഉത്തരഭാരതത്തിന്റെ പല ഭാഗങ്ങളും കടലില്‍ നിന്ന് ഉയര്‍ന്നുവരുന്നതിനുമുന്‍പ് തന്നെ ദക്ഷിണഭാരതത്തില്‍ പഴക്കംചെന്ന ഭൂഭാഗങ്ങളുണ്ടായിരുന്നുവത്രെ. അന്നേ അവിടെ മനുഷ്യര്‍ താമസിച്ചിരുന്നുവെന്നും അഭിപ്രായപ്പെടുന്നു.
ഡക്കാന്‍ പ്രദേശമാണ് മനുഷ്യന്റെ ആദ്യത്തെ വാസസ്ഥാനങ്ങളിലൊന്നെന്ന് ചില പണ്ഡിതന്മാര്‍ ഊഹിക്കുന്നു. ഭൂഗര്‍ഭ ശാസ്ത്രപരമായ പഴക്കവും അവിടത്തെ അനുകൂലമായ കാലാവസ്ഥയും നദീതാഴ്‌വരകളിലെ ഉയര്‍ന്ന ഭാഗത്ത് നിന്ന് കണ്ടെത്തിയിട്ടുള്ള ശിലാവശിഷ്ടങ്ങളും മറ്റും ഈ അഭിപ്രായത്തിന് അടിവരയിടുന്നു.
റോബര്‍ട്ട് ബ്രൂസ് ഫൂട്ട് എന്ന ഭൂഗര്‍ഭ ശാസ്ത്രജ്ഞന്‍ 1863-ല്‍ ഭാരതത്തിലാദ്യമായി ഒരു ശിലായുഗ കന്മഴു കണ്ടെടുത്തത് ചെന്നൈക്കടുത്തുള്ള പല്ലാവരത്തില്‍ നിന്നാണ്. പ്രാചീന ശിലായുഗത്തിലേയും മദ്ധ്യശിലായുഗത്തിലേയും ആയുധങ്ങള്‍ ബ്രൂസ് ഫൂട്ടും പിന്നീട് ഡോ: എ. അയ്യപ്പനും തിരുനല്‍വേലി കടല്‍ തീരത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. ശിലകള്‍ കൊണ്ടുള്ള പണിയായുധങ്ങള്‍ നിര്‍മ്മിച്ചിരുന്ന ഒരു കൂറ്റന്‍ വ്യവസായശാലയുടെ അവശിഷ്ടങ്ങള്‍ മൈസൂരിലെ ബല്ലാരി ജില്ലയില്‍ കണ്ടെത്തി. അതില്‍നിന്ന് ശിലായുധ സാമഗ്രികളുടെ വിവിധ നിര്‍മ്മാണഘട്ടങ്ങള്‍ മനസ്സിലാക്കാം.
സിന്‍ജി മനുഷ്യന്‍, ജാവാ മനുഷ്യന്‍, പീക്കിംഗ് മനുഷ്യന്‍ എന്നിവര്‍ ഉപയോഗിച്ചിരുന്നതിനേക്കാള്‍ പ്രാചീനമായ ആയുധങ്ങള്‍ ദക്ഷിണഭാരതത്തില്‍നിന്നും ആഫ്രിക്കയില്‍നിന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ദക്ഷിണഭാരതത്തില്‍നിന്ന് അത്രയും പഴക്കമുള്ള മനുഷ്യാവശിഷ്യങ്ങള്‍ കണ്ടുകിട്ടിയിട്ടില്ല. ശാസ്ത്രീയമായ വ്യാപക ഖനനത്തിന്റെ അഭാവമായിരിക്കാം അതിന് കാരണം.
ദക്ഷിണഭാരതവും പൂര്‍വ്വേഷ്യന്‍ ദ്വീപുകളും ശ്രീലങ്കയും ആഫ്രിക്കയും ആസ്‌ട്രേലിയയും തെക്കെ അമേരിക്കയുമൊക്കെ ചേര്‍ന്ന വലിയൊരു ഭൂഖണ്ഡം ഒരിക്കലുണ്ടായിരുന്നെന്ന് ഭൂഗര്‍ഭ ശാസ്ത്രജ്ഞന്മാര്‍ അഭിപ്രായപ്പെടുന്നു. ഈ ഭൂഖണ്ഡമായിരുന്നത്രേ ഏറ്റവും പ്രാചീനമായ മനുഷ്യസംസ്‌കാരത്തിന്റെ കളിത്തൊട്ടില്‍.
പരിഷ്‌കൃത മനുഷ്യന്‍ ആദ്യം താമസമുറപ്പിച്ചത് നദികളുടെ തീരത്തായിരിക്കണം. ദക്ഷിണഭാരതത്തില്‍ കാവേരി, ഗോദാവരി തീരങ്ങളില്‍ താമസിച്ചിരുന്ന പരിഷ്‌കൃത ജനത, പിന്നീട് വടക്കു പടിഞ്ഞാറോട്ട് നീങ്ങി സിന്ധുവിന്റെയും പോഷകനദികളുടെയും തീരങ്ങളില്‍ താമസമുറപ്പിച്ചു. പില്ക്കാലത്ത് പ്രസിദ്ധമായ സിന്ധുനദീതട സംസ്‌ക്കാരത്തിന്റെ സ്രഷ്ടാക്കള്‍ ഇവരാകാം.
സിന്ധു നദീതട സംസ്‌കാരം
പ്രഗല്ഭരായ ആധുനിക എന്‍ജിനീയര്‍മാരെപ്പോലും അതിശയിപ്പിക്കുന്ന നഗര സംവിധാനമാണ് അയ്യായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭാരതത്തില്‍ ഉണ്ടായിരുന്നത്. അതിന്റെ പ്രത്യക്ഷ തെളിവുകളാണ് 1921-ല്‍ പഞ്ചാബിലെ ഹരപ്പായില്‍നിന്നും 1922-ല്‍ സിന്ധിലെ മൊഹെന്‍ജൊദാരോവില്‍നിന്നും ലഭിച്ചിട്ടുള്ളത്. നൈല്‍ നദിയുടെയും യൂഫ്രട്ടീസ്, ടൈഗ്രീസ് നദികളുടെയും തീരങ്ങളിലായിരുന്നു സംസ്‌കാരത്തിന്റെ ആദ്യാങ്കുരങ്ങള്‍ വിരിഞ്ഞതെന്ന ധാരണ തിരുത്തിക്കുറിക്കാന്‍ പര്യാപ്തമായ തെളിവുകളാണ് ഇവിടങ്ങളില്‍നിന്ന് ലഭിച്ചിട്ടുള്ളത്. ഈജിപ്തിലെയും ഇറാക്കിലെയും മറ്റും പ്രാചീന സംസ്‌കാര കേന്ദ്രങ്ങള്‍ നിലനിന്നിരുന്ന കാലത്ത് തന്നെ മികച്ച സംസ്‌കാരകേന്ദ്രങ്ങള്‍ ഭാരതത്തിലുണ്ടായിരുന്നുവെന്ന് ഹരപ്പായിലും മൊഹന്‍ജൊദാരോവിലും മറ്റും നടത്തിയ ഖനനങ്ങളില്‍നിന്ന് തെളിഞ്ഞിരിക്കുന്നു. ലോകം കണ്ട ഒന്നാമത്തെ ഏറ്റവും പരിഷ്‌കൃതമായ നാഗരികയുടെ വക്താക്കളായിരുന്നു പ്രാചീനഭാരതീയര്‍.
മൊഹന്‍ജൊദാരോവിലെയും ഹരപ്പായിലെയും സംസ്‌കാരങ്ങള്‍ ആ രണ്ട് നഗരങ്ങളില്‍ മാത്രം ഒതുങ്ങി നിന്നിരുന്നവയല്ല, ഭാരതത്തിന്റെ ഇതരഭാഗങ്ങളിലും അത് വ്യാപിച്ചിരുന്നു. ഈ സംസ്‌കാരകാലത്തെ നൂറിലേറെ നഗരങ്ങള്‍ പുരാവസ്തു ഗവേഷകന്മാര്‍ കണ്ടെത്തിയിട്ടുണ്ട്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടത് മൊഹന്‍ജൊദാരോ, ഹരപ്പാ എന്നിവയാണെന്നുമാത്രം. പശ്ചിമ ഏഷ്യയിലെ ഏറ്റവും വലുതും ശക്തിമത്തും പുരാതനവുമായ സാമ്രാജ്യമായിരുന്നു അത്. അതിന്റെ യഥാര്‍ത്ഥപേര്‍ ഇന്ന് അജ്ഞാതമാണ്. ഹരപ്പാ, മൊഹന്‍ജോദാരോ എന്നീ പേരുകള്‍ പുതിയതാണ്. ആ പഴയ സംസ്‌കാരത്തിന്റെ അവശിഷ്ടങ്ങള്‍ ആദ്യമായി കണ്ടെത്തിയ സ്ഥലത്തിന്റെ പേരാണ് ഇപ്പോള്‍ നല്കിയിട്ടുള്ളത്. സൗകര്യത്തിനായി നമുക്കതിനെ ഹരപ്പാ സാമ്രാജ്യം എന്നു വിളിക്കാം. ഇത് എന്ന് തുടങ്ങിയെന്നോ എന്നു നശിച്ചുവെന്നോ വ്യക്തമായി പറയുവാനുള്ള തെളിവുകള്‍ ലഭിച്ചിട്ടില്ലെങ്കിലും അയ്യായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് അത് അത്യുച്ചനിലയെ പ്രാപിച്ചിരുന്നുവെന്നതിന് വ്യക്തമായ തെളിവുകളുണ്ട്. ബി.സി. 1500-നടുത്ത് അജ്ഞാതമായ കാരണങ്ങളാല്‍ അവ നശിച്ചുവെന്നാണ് പുരാവസ്തു ഗവേഷകന്മാര്‍ ഊഹിക്കുന്നത്. കറാച്ചിയില്‍നിന്ന് നാനൂറ് നാഴിക പടിഞ്ഞാറ് മക്രാന്‍ സമുദ്രതീരത്തുള്ള സുക്തജെന്‍ദോര്‍ തൊട്ട് കിഴക്ക് ബിക്കാനീര്‍ വരെയും ഹിമവാന്റെ അടിവാരത്തിലുള്ള റൂപാര്‍ നഗരം തൊട്ട് തെക്ക് ദക്ഷിണഭാരതം വരെയും ഈ സാമ്രാജ്യം വ്യാപിച്ചിരുന്നുവെന്ന് ഇതേവരെ നടത്തിയിട്ടുള്ള ഖനനങ്ങളില്‍ നിന്ന് തെളിഞ്ഞിട്ടുണ്ട്.
പത്തുകൊല്ലം തുടര്‍ച്ചയായി ഖനനം നടത്തിയിട്ടും മൊഹന്‍ജൊദാരോവിലെ കന്നി മണ്ണ് കണ്ടെത്താനായില്ല. ഉറവുവെള്ളത്തിന്റെ ലെവല്‍, പട്ടണം പണ്ടുണ്ടാക്കിയതിനേക്കാള്‍ പൊങ്ങിയിട്ടുള്ളതുകൊണ്ട് പഴയനിലംവരെ ഖനനം ചെയ്യാന്‍ കഴിയുന്നില്ല.
പശ്ചിമ പഞ്ചാബില്‍ മോണ്ട് ഗോവറി ജില്ലയിലെ പലവീടുകളും ഉണ്ടാക്കിയിട്ടുള്ളത് ഹരപ്പായിലെ പ്രാചീന നഗരത്തിന്റെ ഇഷ്ടികകള്‍ കുഴിച്ചെടുത്തിട്ടാണ്. വളരെ കിലോമീറ്റര്‍ നീളത്തില്‍ മുല്‍ട്ടാനില്‍നിന്ന് ലാഹോറിലേയ്ക്കുള്ള റെയില്‍പ്പാത ഇട്ടിട്ടുള്ളത് ഹരപ്പായില്‍ നിന്ന് അടര്‍ത്തിക്കൊണ്ടുവന്നിട്ടുള്ള ഇഷ്ടികകളുടെയും മറ്റവശിഷ്ടങ്ങളുടെയും മീതെയാണ്. ഗ്രാമീണരും റെയില്‍വേ കോണ്‍ട്രാക്ടര്‍മാരും അടര്‍ത്തിക്കൊണ്ടു പോയതിന് ശേഷമുള്ള അവശിഷ്ടങ്ങളാണ് പുരാവസ്തു ശാസ്ത്രജ്ഞന്മാര്‍ക്ക് ലഭിച്ചിട്ടുള്ളത്. പഴയ പാത്രങ്ങളും മറ്റും ശേഖരിക്കുവാനായി ഹരപ്പായിലും, മൊഹന്‍ജൊദാരോവിലും ഗ്രാമീണര്‍ സ്വകാര്യഖനനം നടത്തിയിട്ടുണ്ട്. പുരാവസ്തുശാസ്ത്രജ്ഞന്മാര്‍ക്ക് ലഭിച്ചിട്ടുള്ളതിനെക്കാള്‍ എത്രയോ മടങ്ങ് സ്വകാര്യവ്യക്തികള്‍ സംഭരിച്ചിട്ടുണ്ട്. ഇതിനെല്ലാം ശേഷവും അവശേഷിച്ചിട്ടുള്ള നഗരാവശിഷ്ടങ്ങള്‍ ഏവരെയും അത്ഭുതപ്പെടുത്തുന്നവയാണ്.
അതിസൂക്ഷ്മമായ കലാസൃഷ്ടികളുടെ നിര്‍മ്മിതിയില്‍ ഇവര്‍ പ്രത്യേക പ്രാവീണ്യം നേടിയിരുന്നു. മൊട്ടുസൂചികളുടെ അറ്റത്തും ജപമാലകളുടെ കുരുക്കുകളിലും മറ്റും മൃഗങ്ങളുടെയും പക്ഷികളുടെയും രൂപങ്ങള്‍ കൊത്തിയുണ്ടാക്കിയിരുന്നു. കമനീയമായ കളിക്കോപ്പുകള്‍ കളിമണ്ണില്‍ ചുട്ടെടുത്തിരുന്നു.
നഗരസംവിധാനം
ഹരപ്പായിലെയും മൊഹന്‍ജൊദാരോവിലെയും നഗരങ്ങള്‍ വലുതായിരുന്നു. അവ ഒരേ രീതിയിലാണ് സംവിധാനം ചെയ്തിട്ടുള്ളത്. പരിഷ്‌കാരത്തിന്റെ ഉന്നത ശ്രേണിയിലെത്തിയിട്ടുള്ള ആധുനിക നഗരങ്ങളിലുള്ള ശുചീകരണ സൗകര്യങ്ങള്‍ മാത്രമല്ല ആഡംബരങ്ങളും സുഖസൗകര്യങ്ങളും യഥേഷ്ടം അനുഭവിച്ചുപോന്ന ജനതയാണ് അയ്യായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവിടെ താമസിച്ചിരുന്നതെന്ന് പ്രസ്തുത നഗരങ്ങളുടെ ജീര്‍ണ്ണാവശിഷ്ടങ്ങളില്‍നിന്ന് തെളിയുന്നു. നഗര സംവിധാനവും ആരോഗ്യ കാര്യങ്ങളിലുള്ള ശ്രദ്ധയും ഭവനനിര്‍മ്മാണകലയും പൂര്‍ണ്ണതയുടെ ഉച്ചകോടിയിലെത്തിയിരുന്നു അന്ന്.
പ്രാചീന ഈജിപ്തിലും മറ്റും ദേവന്മാര്‍ക്കുള്ള കുറ്റന്‍ ക്ഷേത്രങ്ങളും രാജകൊട്ടാരങ്ങളും ശവകുടീരങ്ങളും പണിയാനാണ് മുഴുവന്‍ സമ്പത്തും ഉപയോഗപ്പെടുത്തിയിരുന്നത്. സാധാരണ ജനങ്ങള്‍ക്ക് മണ്‍കുടില്‍ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ഭാരതത്തില്‍ നേരെ മറിച്ചായിരുന്നു. പൗരന്മാര്‍ക്ക് താമസിക്കുവാനായിട്ടാണ് മികച്ച സൗകര്യങ്ങളോടുകൂടിയ കൂറ്റന്‍ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്.
വിസ്തൃതവും കമനീയവുമായ വീഥികള്‍ തെക്കും വടക്കും സമാന്തരമായി സ്ഥിതിചെയ്യുന്നു. ഉപവീഥികള്‍, അവയില്‍ സമകോണുകളുണ്ടാക്കത്തക്കവണ്ണം പിരിഞ്ഞ് നഗരത്തെ പ്രത്യേക കക്ഷ്യകളായി വേര്‍തിരിക്കുന്നു. ഓരോ പൊതുവഴിയുടെയും ആരംഭത്തില്‍ ഒരോകക്ഷ്യയും സമചതുരമോ ദീര്‍ഘ ചതുരമോആയിരുന്നു. ഓരോന്നിന്റെ അകത്ത് അനേകം ഇടവഴികളും ഭവനങ്ങളുമുണ്ട്. ഓരോ പൊതുവഴിയുടെയും ആരംഭത്തില്‍ ഓരോ പൊതു കിണറുണ്ട്. അതിനും പുറമെ ഓരോ വീടിനും പ്രത്യേക കിണറുണ്ട്. കുളിമുറി കിണറിനും വീഥിക്കും ഇടയ്ക്കാണ്. വ്യാപകമായ അഴുക്കുചാല്‍ പദ്ധതി ഉണ്ടായിരുന്നു. അഴുക്കുചാല്‍ ഭദ്രമായി മൂടിയിരുന്നു. വലുതും ചെറുതുമായ അനവധി കെട്ടിടങ്ങള്‍ ക്രമം തെറ്റാതെ നിരന്നുനിന്നിരുന്നു. അവയില്‍ രണ്ടുമുറികള്‍ മാത്രമുളള സാധാരണ തൊഴിലാളികളുടെ ഭവനങ്ങള്‍ മുതല്‍ രണ്ടോ മൂന്നോ നിലകളും അനേകം മുറികളുമുള്ള ധനവാന്മാരുടെ കൂറ്റന്‍ കെട്ടിടങ്ങളും വരെ ഉണ്ട്. ഉയര്‍ന്ന തൂണുകളുള്ള വളരെ വിശാലമായ കെട്ടിടങ്ങളുണ്ട് കൂട്ടത്തില്‍. അവ ആരാധനാലയങ്ങളോ പൊതുസമ്മേളനവേദിയോ ഭരണാധികാരികളുടെ കാര്യാലയങ്ങളോ ആയിരിക്കണം. വീടുകള്‍ക്ക് വിശാലമായ മുറ്റങ്ങള്‍ ഉണ്ട് . മുറ്റം സമനിരപ്പാക്കി ഇഷ്ടിക പാകി ഉറപ്പിച്ചതാണ്. തെരുവില്‍ നിന്ന് വീട്ടിലേയ്ക്ക് പ്രവേശിക്കാന്‍ കവാടങ്ങളുണ്ട്. പല വലുപ്പത്തിലുള്ള ചുട്ട ഇഷ്ടികകളാണ് കെട്ടിടനിര്‍മ്മാണത്തിന് ഉപയോഗിച്ചിട്ടുള്ളത്. ഉറപ്പുളള ചാന്തിലാണ് ഇഷ്ടികകള്‍ ഉറപ്പിച്ചിട്ടുള്ളത്. ആവശ്യാനുസരണം വാതിലുകളും ജനലുകളുമുണ്ട്. മുകള്‍ത്തട്ടിലേയ്ക്ക് കയറാന്‍ കോവണികളും.
രണ്ടു നഗരങ്ങളിലും കൂറ്റന്‍ കോട്ടകളുണ്ട്. ചുട്ട ഇഷ്ടികകള്‍ കൊണ്ടാണ് അവ പണിതിട്ടുള്ളത്. മതിലിന് മീതെ പട്ടാളക്കാര്‍ക്ക് ആയുധ പരിശീലനത്തിനും വിശ്രമത്തിനുമുള്ള സങ്കേതങ്ങളുണ്ട്. കോട്ടയ്ക്ക് പുറത്ത് രണ്ടുവരിയായി കുറെയേറെ വീടുകളുണ്ട്. ഈരണ്ട് മുറികള്‍ വീതമുള്ള ഈ ഭവനങ്ങള്‍ തൊഴിലാളികളുടേതായിരിക്കും. ധാന്യങ്ങള്‍ ഉമി കളയുന്നതിന് ഇഷ്ടികകൊണ്ട് കെട്ടിയ തളങ്ങള്‍ ഈ വീടുകളുടെ മുന്‍വശത്തുണ്ട്. ഇവയ്ക്ക് സമീപം കുറ്റന്‍ ധാന്യ സംഭരണികളും കാണുന്നു. ഒരു വരിയില്‍ ആറുവീതമുള്ള 12 സംഭരണികളുണ്ട് ഹരപ്പായില്‍. ഓരോന്നിനും 50 അടി നീളവും 20 അടി വീതിയുമുണ്ട്. നിലത്ത് പലക വിരിച്ചിരിക്കുന്നു. മൊഹന്‍ജൊദാരോവിലെ കോട്ടയ്ക്കകത്തുണ്ടായിരുന്ന പത്തായങ്ങളുടെ വലിപ്പവും ഇതേ അളവിലാണ്. ജല മാര്‍ഗ്ഗമായി കൊണ്ടുവന്നിരുന്ന ധാന്യങ്ങള്‍ ഇറക്കുന്നതിന് പുഴയ്ക്കും പത്തായങ്ങള്‍ക്കും ഇടയില്‍ പ്‌ളാറ്റ് ഫോം ഉണ്ടായിരുന്നു. രണ്ടു നഗരങ്ങളുടെയും സംവിധാനത്തിലുള്ള സമാനതയില്‍നിന്ന് ഈ രണ്ടു നഗരങ്ങളുടെയും ഭരണാധികാരി ഒരാള്‍ തന്നെയായിരുന്നുവെന്ന് അനുമാനിക്കാം.
പൊതുസ്‌നാന ഘട്ടം
അടിയിലും പാര്‍ശ്വങ്ങളിലും വെള്ളം അശേഷം ചോരാത്ത വിധത്തില്‍ അതിവിദഗ്ദ്ധമായി കെട്ടിയുണ്ടാക്കിയ ഹൃദയഹാരിയായ ഒരു പൊതു കുളമുണ്ട് ഹരപ്പാ നഗരിയില്‍. ഈ കുളത്തിന്റെ നീളം 55 മീറ്ററും വീതി 33മീറ്ററും പുറം ചുവരുകളുടെ കനം 2.4 മീറ്ററുമാണ്. ഇതിന്റെ നടുവില്‍ 2.4 മീറ്റര്‍ താഴ്ചയും 12 മീറ്റര്‍ നീളവും 7 മീറ്റര്‍ വീതിയുമുള്ള ഒരു ഭാഗം നീന്തലിനായി ഒഴിച്ചിട്ടിട്ടുണ്ട്. അതിനടുത്ത് ഉഷ്ണവായു സ്‌നാനത്തിനുള്ള സൗകര്യമുണ്ടായിരുന്നു. തെക്കുഭാഗത്തും വടക്കുഭാഗത്തും ഇറങ്ങുവാന്‍ ഇഷ്ടികകൊണ്ടുള്ള പടികളുണ്ട്. പടികളില്‍ പലക വിരിച്ചിട്ടുണ്ട്. അയ്യായിരം വര്‍ഷത്തിനുശേഷവും കുളത്തിന് യാതൊരു കേടുപാടുകളും പറ്റിയിട്ടില്ല. ഒരു തുള്ളി വെളളം പോലും ചോര്‍ന്നു പോകുന്നില്ല. അത്ര ഭദ്രമായിട്ടാണ് അതിന്റെ നിര്‍മ്മിതി. കുളത്തിന്റെ അടിയില്‍ ജിപ്‌സംപ്ലാസ്റ്ററില്‍ കുത്തനെവെച്ച ഇഷ്ടിക ഒരു നിരപ്പും അതിന് താഴെ ഒരിഞ്ച് കനത്തില്‍ പരത്തിയ കന്‍മദവും അതിന് താഴെ ഒരു നിരപ്പ് ചുട്ട ഇഷ്ടികയും അതിനുതാഴെ ചുടാത്ത ഇഷ്ടികയും വിരിച്ചിരിക്കുന്നു. നാല് ഭാഗത്തും ചോര്‍ച്ചയെ തടുക്കുവാനുള്ള സംവിധാനത്തോടുകൂടിയ ഭിത്തികളുണ്ട്.
കുളത്തിന്റെ തെക്കുപടിഞ്ഞാറെ മൂലയില്‍ അടിയില്‍ക്കൂടി അഴുക്കുവെള്ളം പോകാനുള്ള ഓടയുണ്ട്. ഇഷ്ടികകള്‍ കമാനാകൃതിയില്‍ വച്ചാണ് ഓടയുടെ മേല്‍ഭാഗം മൂടിയിരിക്കുന്നത.് കുളത്തിന്റെ മൂന്ന് ഭാഗത്തും നിരനിരയായി കുളിമുറികളാണ്. അവയിലെ അശുദ്ധജലം പുറത്തേയ്ക്ക് പോകാന്‍ മൂടിയ ചാലുകളുണ്ട്. കുളത്തിനടുത്തുള്ള തെരുവീഥിയില്‍ ഇതേ മാതൃകയിലുള്ള രണ്ടുവരി കുളിമുറികളുണ്ട്. ഓരോ കുളിമുറിയില്‍നിന്നും മുകള്‍നിലയിലേയ്ക്ക് കയറുവാന്‍ ഇഷ്ടികകൊണ്ട് പടുത്ത കോണികളുണ്ട്. ഒരു മുറിയില്‍നിന്ന് നോക്കിയാല്‍ എതിരേയുള്ള മുറിയുടെ അകം കാണാത്തവിധത്തിലാണ് വാതിലുകളുടെ സ്ഥാനം. കുളത്തിലേയ്ക്ക് വെള്ളം നിറച്ചിരിക്കുന്നത് തെക്കേഭാഗത്തുള്ള വലിയ കിണറില്‍ നിന്നാണ്. ഇത് ക്ഷേത്രക്കുളമായിരിക്കാം.
അഴുക്കുചാല്‍ പദ്ധതി
ഓരോ തെരുവീഥിയുടെയും അരികില്‍ മുകള്‍ഭാഗം ഭദ്രമായി അടച്ച വലിയ ഓടകളുണ്ടായിരുന്നു. വീടുകളില്‍നിന്ന് മൂടിയ ചാല്‍വഴി ഒഴുക്കിലായിരുന്ന അഴുക്കുജലം ഈ ഓടകളിലാണ് എത്തുക. വെള്ളം ചോരാത്ത രീതിയില്‍ ഇഷ്ടികകൊണ്ട് ഉണ്ടാക്കി മേല്‍ഭാഗം മൂടിയിരിക്കുന്ന ഇത്തരം അഴുക്കുചാലുകള്‍ പുരാതന കാലത്ത് ഭാരതത്തിലൊഴികെ ലോകത്തില്‍ മറ്റൊരിടത്തും ഉണ്ടായിരുന്നില്ല. ഈ അഴുക്കുചാലുകള്‍ പരിശോധിക്കുന്നതിനും ശുദ്ധമാക്കുന്നതിനും ഇടയ്ക്കിടയ്ക്ക് ശോധനക്കുഴികള്‍ ഉണ്ടായിരുന്നു. വീടുകളില്‍നിന്ന് തെരുവീഥിയിലെ വലിയ ഓടകളിലേയ്ക്ക് ഒഴുക്കിയിരുന്ന മലിനജലത്തോടൊപ്പം ചപ്പു ചവറുകള്‍ ഒഴുകിവന്ന് ഓടകളില്‍തടസ്സം ഉണ്ടാകാതിരിക്കാനുള്ള മുന്‍ കരുതലുകളും ഇവര്‍ ചെയ്തിരുന്നു. വീടുകളില്‍നിന്നുള്ള അഴുക്കുവെള്ളം നേരെ തെരുവീഥികളിലെ ഓടകളിലേയ്ക്ക് വിടില്ല. അവ ആദ്യം വലിയൊരു മണ്‍പാത്രത്തിലേയ്ക്കാണ് ഒഴുക്കുക. അതില്‍ നിന്ന് വെള്ളം മാത്രമേ തെരുവീഥികളിലെ ഓടകളിലേയ്ക്ക് വിടൂ. എല്ലാവീടുകളിലും കിണറും കുളിമുറികളും കക്കൂസും ഉണ്ടായിരുന്നു. ചില വീടുകളില്‍ ഇപ്പോഴത്തെ യൂറോപ്യന്‍ മാതൃകയിലുള്ള കക്കൂസുകളും ഉണ്ടായിരുന്നു.
പരിഷ്‌കാരത്തിന്റെ എത്രയോ പടവുകള്‍ കടന്നിട്ടായിരിക്കണം ഹരപ്പാ സാമ്രാജ്യത്തില്‍ കാണുന്ന രീതിയിലുള്ള ഏറ്റവും പരിഷ്‌കൃതമായ നഗരങ്ങള്‍ സംവിധാനം ചെയ്യാവുന്ന ജനതയായി വളര്‍ന്നിട്ടുള്ളത്. ഈ നഗരങ്ങള്‍ക്ക് പുറത്ത് വിശാലമായ കൃഷി സ്ഥലങ്ങളും ഗ്രാമങ്ങളുമുണ്ടായിരുന്നു. സുഖ സമ്പൂര്‍ണ്ണമായ ജീവിതം നയിച്ചിരുന്ന ഗ്രാമീണര്‍ മിച്ചമുള്ള ധാന്യങ്ങള്‍ ക്രയവിക്രയത്തിനും മറ്റുമായി നഗരങ്ങളിലെത്തിച്ചിരുന്നു.
പരുത്തി
ആദ്യമായി പരുത്തിക്കൃഷി ആരംഭിച്ചതും പരുത്തിത്തുണികള്‍ നെയ്തിരുന്നതും ധരിച്ചിരുന്നതും ഹരപ്പാ സാമ്രാജ്യവാസികളാണ്. മൊഹന്‍ജൊദാരോവില്‍നിന്ന് ചുവന്ന ചായം തേച്ച പരുത്തിത്തുണികിട്ടിയിട്ടുണ്ട്. ഇവിടെനിന്ന് വിദേശങ്ങളിലേയ്ക്ക് പരുത്തിത്തുണി കയറ്റി അയച്ചിരുന്നു. യവനര്‍ പരുത്തിത്തുണിയ്ക്ക് കൊടുത്തിരുന്ന പേര് ‘സിന്ധോന്‍’ എന്നായിരുന്നു. ഈജിപ്തും ഇറാക്കും പരുത്തിത്തുണി നെയ്ത് തുടങ്ങിയത് വളരെ നൂറ്റാണ്ടുകള്‍ക്ക് ശേഷമാണ്.
വസ്ത്രധാരണരീതി
ഏതാനും ആള്‍രൂപങ്ങള്‍ അവിടെനിന്ന് ലഭിച്ചിട്ടുണ്ട്. അതില്‍നിന്ന് മനസിലാകുന്നത് ഹരപ്പന്‍ ജനത ദോത്തി ഉടുക്കുകയും മേല്‍മുണ്ട് ഉപയോഗിക്കുകയും ചെയ്തിരുന്നുവെന്നാണ്. പുരുഷന്മാര്‍ താടിയും മുടിയും കത്രിക്കുകയും മീശ വടിച്ച് കളയുകയും ചെയ്തിരുന്നു. സ്ത്രീകള്‍ തലമുടി പിന്‍ഭാഗത്ത് ഒരു ഉണ്ടയാക്കി ഒതുക്കിക്കെട്ടിയിരുന്നു. പലവിധ ആഭരണങ്ങള്‍ അണിയുകയും ചെമ്പുകൊണ്ട് മിനുസപ്പെടുത്തിയ വാല്‍ക്കണ്ണാടികള്‍, ആനക്കൊമ്പുകൊണ്ടുള്ള ചീര്‍പ്പുകള്‍ എന്നിവയും ഉപയോഗിച്ചിരുന്നു. കുശവന്റെ ചക്രത്തില്‍ ഉണ്ടാക്കിയ മനോഹരമായ മണ്‍പാത്രങ്ങളും ചെമ്പ്, പിച്ചള, വെള്ളി എന്നിവ കൊണ്ടുള്ള പാത്രങ്ങളുമായിരുന്നു ഗൃഹോപകരണങ്ങള്‍. അന്നത്തെ തൂക്കങ്ങള്‍ കല്ലുകൊണ്ടായിരുന്നു. 1,2,4,8,16 എന്നീ മട്ടില്‍. മുഴമായിരുന്നു നീളമളക്കുവാനുള്ള ഉപാധി. കാള, എരുമ, ആട് ആന എന്നിവയെ ഇണക്കി വളര്‍ത്തിയിരുന്നു. കോടാലി, കുന്തം, കഠാര, കവിണ ഉലക്ക അമ്പും വില്ലും എന്നിവയായിരുന്നു യുദ്ധോപകരണങ്ങള്‍. ധാന്യങ്ങളും മാംസവും ഭക്ഷിച്ചിരുന്നു.
സാക്ഷരത
ജനത സാക്ഷരര്‍ ആയിരുന്നു. എഴുത്തുകള്‍ ചിത്രങ്ങളാണ്. വളരെയേറെ മുദ്രകള്‍ ലഭിച്ചിട്ടുണ്ട്. അവയെല്ലാം കളിമണ്ണും മണലും ചേര്‍ത്ത് ഉണ്ടാക്കി ചുട്ടെടുത്തിട്ടുള്ളതാണ്. ഇങ്ങനെയുള്ള നാനൂറോളം ചിത്രാക്ഷരങ്ങള്‍ പ്രചാരത്തിലുണ്ടായിരുന്നു. ഇതേവരെ ആ ലിപികള്‍ കൃത്യമായി വായിക്കാന്‍ കഴിഞ്ഞിട്ടില്ല. എഴുത്തിന്റെ ഉദ്ഭവം ചിത്രകലയില്‍ നിന്നാകാം. വാക്കുകള്‍ ജനിക്കുന്നതിന് മുന്‍പ് ചിത്രങ്ങളിലൂടെയായിരിക്കും മനോഗതം മറ്റുള്ളവരെ അറിയിച്ചിരുന്നത്. ആ അക്ഷരങ്ങളുടെ കന്നിമുളകളാകാം ഹരപ്പാ ലിപികള്‍.
വിദേശബന്ധങ്ങള്‍
ഹരപ്പായിലെ ഒരു മുദ്രയില്‍ കപ്പലിന്റെ ചിത്രണമുണ്ട്. ഈ ജനത കപ്പലുണ്ടാക്കിയിരുന്നുവെന്നതിന്റെയും സമുദ്രസഞ്ചാരം നടത്തിയിരുന്നുവെന്നതിന്റെയും തെളിവാണത്. ഇതിനു പുറമെ മെസപ്പെട്ടോമിയന്‍ മുദ്രകള്‍ ഇവിടെയും ഇവിടുത്തെ മുദ്രകള്‍ മെസപ്പെട്ടോമിയയില്‍നിന്നും കണ്ടെത്തിയിട്ടുള്ളതില്‍നിന്ന് ഈ രണ്ടു ജനതയും വ്യാപാരബന്ധത്തിലേര്‍പ്പെട്ടിരുന്നുവെന്ന് മനസ്സിലാക്കാം. ഭാരതീയ ശില്പികള്‍ സുമേരിയര്‍ക്ക് ഉണ്ടാക്കിക്കൊടുത്ത പാത്രങ്ങളില്‍ ഇവിടത്തെ കാളകളുടെ ചിത്രം വരച്ചിരുന്നു.
മനുഷ്യരൂപത്തിന്റെ മനോജ്ഞ ശില്പമാതൃകകള്‍
നെഞ്ചിന്റെ മേല്‍ഭാഗം ചിത്രീകരിച്ച ചുണ്ണാമ്പുകല്ലിലുള്ള ഒരു പുരുഷ ശില്പം മൊഹന്‍ജൊദാരോവില്‍നിന്ന് ലഭിച്ചിട്ടുണ്ട്. വളരെയെറെ പ്രാധാന്യമര്‍ഹിക്കുന്ന ശില്പമാണിത്. മേല്‍മീശ അല്പവും ശേഷിക്കാതെ വടിച്ചുകളഞ്ഞിരിക്കുന്നു. താടി വെറും വരകള്‍ മാത്രമാണ്. തലമുടി തലയോടിനോട്‌ചേര്‍ത്ത് ഒരു നാടകൊണ്ട് നെറ്റിക്ക് മുകളിലൂടെ മുറുക്കിക്കെട്ടിയിരിക്കുന്നു. ഇടത്തെ തോളും നെഞ്ചും ക്ലാവര്‍പുള്ളികളുള്ള ഒരു ഉത്തരീയത്താല്‍ ആച്ഛാദനം ചെയ്തിരിക്കുന്നു. അശ്വമേധത്തിന് ഹിന്ദുചക്രവര്‍ത്തിമാര്‍ ഈ ശില്പത്തില്‍ കാണുന്നതുപോലെ ഉപവീത രീതിയില്‍ ഉത്തരീയം ധരിക്കുകയും മേല്‍മീശ വടിച്ചുകളകയുകയും നെറ്റിയിലും കൈയിലും സ്വര്‍ണ്ണ നാണ്യമുള്ള നാടകള്‍ കെട്ടുകയും വേണമെന്ന് വിധിയുണ്ട്. അന്നത്തെ ഒരു ഭരണാധികാരിയുടേതാണോ ഈ ശിലപമെന്ന് നിശ്ചയമില്ല.
ഒരു നര്‍ത്തകിയുടെ ഓട്ടു പ്രതിമയും ലഭിച്ചിട്ടുണ്ട്. നഗ്നയായ ആ നര്‍ത്തകിയുടെ ഇടത് കൈമേല്‍ തോളുതൊട്ട് മണികണ്ഠം വരെ വളയുണ്ട്. മനുഷ്യരൂപത്തിന്റെ മനോജ്ഞ മാതൃകയായിട്ടാണ് ശില്പകലാവിമര്‍ശകന്മാര്‍ ഈ പ്രതിമയെ വിശേഷിപ്പിക്കുന്നത്. പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ മനുഷ്യശരീരത്തിന്റെ ഓരോ ഭാഗത്തിനും സംഭവിക്കാവുന്ന മാറ്റങ്ങള്‍ ഒരു ശില്പിക്ക് ലോഹത്തില്‍ എങ്ങനെ കാണിക്കാന്‍ കഴിയും എന്നതിന്റെ ഉത്തമോദാഹരണമാണ് ഈ ശില്പമെന്ന് അവര്‍ അഭിപ്രായപ്പെടുന്നു.
മതം
ഹരപ്പാന്‍ സാമ്രാജ്യത്തിലെ മതം പില്ക്കാലത്ത് നിലവില്‍ വന്ന ഹിന്ദുമതത്തിന്റെ മുന്‍ഗാമിയായിരുന്നു. മാതൃദേവതയായിരുന്നു പ്രധാന ആരാധനാമൂര്‍ത്തി. ഇത് കൂടാതെ മൂന്ന് ശിരസ്സോടുകൂടിയ ഒരു പുരുഷദേവനുമുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം പശുപതിയെന്ന പേരില്‍ അറിയപ്പെട്ടിരുന്ന ശിവന്റെ മുന്‍ഗാമിയാണ് ഈ ദേവന്‍. കല്ലുകൊണ്ടുള്ള ലിംഗങ്ങളും യോനീരൂപങ്ങളും ധാരാളം ലഭിച്ചിട്ടുണ്ട്. ദക്ഷിണ ഭാരതീയരെപോലെ അരയാല്‍, നദി, കാള, എന്നിവയെയും ആരാധിച്ചിരുന്നു.
ഭാരതീയ സംസ്‌കാരവും ആര്യന്മാരും
ലോകത്തിലെ ഏറ്റവും പ്രാചീനമായ നഗര സംസ്‌കാരത്തിന്റെ ഉടമയായ ഭാരതത്തിന്റെ വളര്‍ച്ച പഴമയും പുതുമയും നിലനിര്‍ത്തിക്കൊണ്ടാണ്. എന്നാല്‍ മറ്റു രണ്ടു സംസ്‌കാരകേന്ദ്രങ്ങളായിരുന്ന ഇറാഖും ഈജിപ്തും മുന്നോട്ട് കുതിച്ചത് പഴമയുടെ എല്ലാ കണ്ണികളും മുറിച്ചു കളഞ്ഞുകൊണ്ടാണ്. പുരാതനസംസ്‌കാരങ്ങള്‍ മണ്‍മറഞ്ഞതിന്റെയും തല്‍സ്ഥാനത്ത് പുതിയ സംസ്‌കാരങ്ങള്‍ ഉയര്‍ന്നുവന്നതിന്റെയും ഉദാഹരണങ്ങള്‍ ലോകചരിത്രത്തില്‍ ധാരാളമുണ്ട്. പക്ഷെ, ഭാരതത്തിലുള്ളതുപോലെ ഒരു തുടര്‍ച്ച കണ്ടെത്താന്‍ കഴിയില്ല. ഭാരതീയ സംസ്‌കാരം ഒരു മഹാപ്രവാഹമായിരുന്നു. വ്യക്തമായ കാരണം കണ്ടെത്താന്‍ കഴിയാത്ത ഏതോ മഹാനാശത്തിന്റെ ഫലമായി ഹരപ്പായിലെയും മൊഹന്‍ജൊദാരോയിലെയും നഗരങ്ങള്‍ നശിച്ചുപോയിരിക്കാം. എന്നാല്‍ അനേകായിരം വര്‍ഷങ്ങളിലൂടെ വികാസം പ്രാപിച്ച ആ സംസ്‌കാരവും അതിന്റെ ശില്പികളും ഒന്നോ രണ്ടോ പട്ടണങ്ങളില്‍മാത്രം ഒതുങ്ങിനിന്നിരുന്നില്ല. ഭാരതത്തിന്റെ വിശാലമായ ഭാഗങ്ങളില്‍ അതിന്റെ അലകള്‍ എത്തിയിരുന്നു. അവയെല്ലാം ഒരു നിമിഷം കൊണ്ട് നശിച്ചുനാമാവശേഷമായെന്ന് വിശ്വസിക്കാനാവില്ല. പല കാരണങ്ങള്‍ കൊണ്ട് അവയ്ക്ക് തളര്‍ച്ച സംഭവിച്ചിരിക്കാം എന്നു മാത്രം.
സിന്ധുനദീതട സംസ്‌കാരകാലത്തെ നഗരങ്ങള്‍ നശിക്കുകയും പകരം പുതിയ ജനവാസകേന്ദ്രങ്ങളും കൃഷിസ്ഥലങ്ങളും അഭിവൃദ്ധിപ്പെടുകയും ചെയ്തപ്പോള്‍ ജനങ്ങളുടെ വീക്ഷണത്തിലും ജീവിതരീതികളിലും പല മാറ്റങ്ങളും വന്നു. പരിഷ്‌കൃത നഗരങ്ങള്‍ കെട്ടിപ്പൊക്കുന്നതിലല്ല, കാര്‍ഷികാഭിവൃദ്ധിയിലാണ് പില്ക്കാലത്തെ ആളുകള്‍ കൂടുതല്‍ ശ്രദ്ധിച്ചത്. അവര്‍ പ്രകൃതി ശക്തികളെ സ്‌നേഹിക്കാനും ആരാധിക്കാനും തുടങ്ങി. ധര്‍മ്മത്തിലും തത്ത്വചിന്തയിലും അധിഷ്ഠിതമായ ജീവിതരീതിക്കാണ് അവര്‍ പ്രാധാന്യം നല്കിയത്. വലിയകെട്ടിടങ്ങള്‍ കെട്ടിപ്പൊക്കുന്നതിലോ പരിഷ്‌കൃത നഗരങ്ങള്‍ സംവിധാനം ചെയ്യുന്നതിലോ ശ്രദ്ധിച്ചില്ല, മനുഷ്യമനസ്സിന്റെ നിഗൂഢരഹസ്യങ്ങള്‍ മനസിലാക്കിയെടുക്കാനാണ് അവര്‍ ശ്രമിച്ചത്.
ഭൗതികജീവിതത്തിലെ സുഖഭോഗങ്ങളില്‍ താല്‍പര്യമില്ലാതിരുന്ന അന്നത്തെ പണ്ഡിത ശ്രേഷ്ഠന്മാര്‍ക്ക് ആവശ്യമായിരുന്നത് നഗരങ്ങളിലെ ബഹളങ്ങളോ കൊട്ടാരസദൃശമായ ഭവനങ്ങളോ അല്ലായിരുന്നു. കാനനങ്ങളുടെ സുഖശീതളമായ അന്തരീക്ഷവും ആശ്രമങ്ങളുമായിരുന്നു. ഭൗതിക പുരോഗതിയില്‍ അത്യധികം ശ്രദ്ധചെലുത്തിയിരുന്നവരായിരുന്നു സിന്ധൂനദീതട സംസ്‌കാരകാലത്തെ ജനത. എന്നാല്‍ പില്ക്കാല ജനത അതിന് വേണ്ടത്ര പ്രധാന്യം കൊടുക്കാതെ ആത്മീയ ചിന്തകള്‍ക്ക് മുന്‍തൂക്കം കൊടുത്തു. കെട്ടിടങ്ങളില്‍ എങ്ങനെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാമെന്നല്ല, ജീവാത്മാവിനെയും പരമാത്മാവിനെയും കുറിച്ചാണ് അവര്‍ ചിന്തിച്ചത്.
സിന്ധൂനദീതട സംസ്‌കാരത്തിന്റെ പതനത്തിനു ശേഷം ഭാരതത്തില്‍ മുന്നണിയിലെത്തിയ ജനവിഭാഗമാണ് ആര്യന്മാര്‍. അനാദിയായ ഭാരതീയ സംസ്‌കാരത്തിന്റെ ദീപശിഖ ഏറ്റുവാങ്ങി അണയാതെ കാത്തുസൂക്ഷിച്ചവര്‍. അവര്‍ പുറത്തുനിന്നു വന്നവരല്ല. ഭാരതത്തിന്റെ ഈ സാംസ്‌കാരിക ദൂതന്മാര്‍ ഏഷ്യയുടെ മറ്റുഭാഗങ്ങളിലും യൂറോപ്പിലുമൊക്കെ ആധിപത്യം സ്ഥാപിച്ചിട്ടുണ്ട്. ഇവര്‍ക്ക് പുറമെ മറ്റു പല ജനവിഭാഗങ്ങളും ഭാരതത്തിലുണ്ടായിരുന്നു. ഭാരതത്തിലെ അനസ്യൂതമായ മഹാസംസ്‌കാരത്തിന്റെ അസ്തമിക്കാത്ത വെളിച്ചമാണ് വേദങ്ങളും ഉപനിഷത്തുക്കളും ഇതിഹാസങ്ങളുമൊക്കെ. ലോകത്തിന്റെ പല ഭാഗങ്ങളും അജ്ഞതയുടെ കൂരിരുട്ടില്‍ തപ്പിത്തടയുമ്പോള്‍ അറിവിന്റെ സര്‍വ്വജ്ഞപീഠത്തിലിരുന്ന് ‘തമസോ മാ ജ്യോതിര്‍ഗമയ’ എന്ന് ഉരുവിട്ടിരുന്നവരാണ് നമ്മുടെ പൂര്‍വ്വികര്‍.
(തുടരും)