കുപ്പിവളകള്‍, റിബണ്‍
ക്ലിപ്പ്, മോതിരം, മാല
കമ്മല്‍, പുത്തനുടുപ്പുകള്‍
………………………….
എന്നെടുത്തുതരും?
മകള്‍ കെഞ്ചി ചോദിക്കുന്നു.
അവള്‍ക്ക് ചോദിക്കാന്‍
ഞാനെന്ന അച്ഛനുണ്ടല്ലോ.
വാച്ച്, പാന്റ്
ടീഷര്‍ട്ട്, സ്മാര്‍ട്ട്‌ഫോണ്‍
ബൈക്ക്, ഫീസ്
ഇനിയെന്നു തരും?
മകന്‍ സ്വരഭേദങ്ങളോടെ
ചോദിക്കുന്നു.
അവന് ചോദിക്കാനും
ഞാനെന്ന അച്ഛനുണ്ടല്ലോ.
അരി, ഉഴുന്ന്
തേയില, പഞ്ചസാര
ഉപ്പ്, ഉലുവ, കടുക്, ജീരകം
സകലതും തീര്‍ന്നു!
നാളെ ചായ മധുരമില്ലാതെ കുടിക്കാം.
പലവ്യഞ്ജനം വാങ്ങണ്ടെ?
ഭാഗ്യലക്ഷ്മി ചോദിക്കുന്നു.
ഭാഗ്യത്തിന് ചോദിക്കാനും
ഞാനെന്ന ഭര്‍ത്താവുണ്ടല്ലോ.
കടം, പലിശ
കുടിശ്ശിക, അനാരോഗ്യം,
ആശങ്കകള്‍, ഒഴിഞ്ഞ മടിശ്ശീല
ജീവിതം.
ആരെയും ഒന്നുമറിയിക്കാതൊരു
ജംബോ സര്‍ക്കസിലെ ഞാണ്‍കളി.
ഇല്ലൊരു താങ്ങ്.
ഞാന്‍ ആരോട് ചോദിക്കും.
എന്തു ചോദിക്കും?
പൊടുന്നനെ
മൂളിപ്പാട്ടുമായൊരു കാറ്റ്.
”ദൈവമേ കൈവിടാതിങ്ങ്
ഞങ്ങളെ….”