ചില പ്രിയപ്പെട്ടവരുടെ വേര്‍പാട് വേദനയോടെ മാത്രമേ സ്വീകരിക്കാന്‍ പറ്റുകയുള്ളൂ. ആതുരസേവനം കര്‍മ്മയോഗമാക്കിമാറ്റിയ ഹോമിയോ ഡോക്ടര്‍ സി.പദ്മനാഭന്‍ (വെങ്ങര കണ്ണൂര്‍) വിട്ടു പിരിഞ്ഞത് ഒരു ശൂന്യത സൃഷ്ടിച്ചുകൊണ്ടാണ്. തന്റെ കൊച്ചു ഭവനത്തില്‍ രാപ്പകല്‍ ഭേദമില്ലാതെ നൂറുകണക്കിന് പാവപ്പെട്ടവരും ഇടത്തരക്കാരുമായ രോഗികളെ പരിശോധിച്ച് അവരുടെ പ്രശ്‌നങ്ങള്‍ കേട്ടും പതിഞ്ഞസ്വരത്തില്‍ പരിഹാര നിര്‍ദ്ദേശങ്ങള്‍ നല്‍കിയും തുച്ഛമായ പ്രതിഫലം വാങ്ങി മരുന്നു നല്‍കിയും സാമൂഹ്യസേവനം ചെയ്ത മഹാത്മാവായിരുന്നു ഡോ.പദ്മനാഭന്‍. അതിരാവിലെ മുതല്‍ അര്‍ദ്ധരാത്രിവരെ അദ്ദേഹത്തിന്റെ വീട്ടിനു മുന്നില്‍ രോഗികളുടെ നീണ്ടവരി തന്നെ ഉണ്ടാകുമായിരുന്നു.
മകന്റെ ചികിത്സയ്ക്കായി അദ്ദേഹത്തെ സന്ദര്‍ശിക്കുമായിരുന്ന എനിക്ക് അദ്ദേഹത്തിന്റെ വിയോഗത്താല്‍ നഷ്ടമായത് പ്രതിമാസം രണ്ടു സത്സംഗങ്ങളാണ്. പുറത്തു രോഗികള്‍ കാത്തിരിക്കുമ്പോഴും സ്‌നേഹപൂര്‍വ്വം ‘മാഷേ’ എന്നു വിളിച്ച് ചുരുക്കം വാക്കുകളില്‍ സ്‌നേഹപൂര്‍വ്വം സംസാരിക്കുന്ന രീതി വളരെ അടുപ്പത്തിന് കാരണമായി. മകനെ യോഗാസന പ്രാണായാമങ്ങള്‍ ചെയ്യിക്കുന്ന കാര്യം പറഞ്ഞപ്പോള്‍ ചെറിയ പുഞ്ചിരി തൂകി പപ്പന്‍ ഡോക്ടര്‍ പറഞ്ഞു- ‘യോഗ ചിത്തത്തെ ശുദ്ധീകരിക്കും. സത്വഗുണം വര്‍ദ്ധിപ്പിക്കും. ആധുനികയുഗത്തില്‍ സത്വഗുണങ്ങള്‍ മുന്‍നിര്‍ത്തി ജീവിക്കാന്‍ പറ്റുമെന്നു ഉറപ്പുണ്ടെങ്കില്‍ യോഗ ശീലിക്കാം’. എന്തൊരു പ്രായോഗിക നിര്‍ദ്ദേശം! എന്തുതരം അറിവിനെയും ധനസമ്പാദനത്തിനുളള മാര്‍ഗമാക്കുന്ന നവലോകക്രമത്തില്‍ ശുദ്ധാത്മാക്കള്‍ നേരിടുന്ന സമസ്യകള്‍ സൂചിപ്പിച്ചപ്പോള്‍ സ്വാനുഭവത്തിന്റെ സ്പര്‍ശം അതില്‍ തെളിഞ്ഞു. അതെ, അതൊരു തപസ്വിയുടെ വാക്കാണ്. സത്യത്തെ ഉപാസിച്ചവന്റെ വാക്ക് രഥ്യാപുരുഷവചനമല്ല.
സംഘപ്രസ്ഥാനങ്ങള്‍ക്ക് വലിയൊരു തണലായിരുന്നു പപ്പന്‍ ഡോക്ടര്‍. ഏത് സമയത്തും ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് സഹായിക്കുമായിരുന്നു. സാമ്പത്തികമായി പിന്നാ ക്കം നില്‍ക്കുന്നവരെ സൗജന്യമായി ചികിത്സിക്കുകയും അവര്‍ക്ക് സാമ്പത്തിക സ ഹായം ചെയ്യുക പോലും ഉണ്ടായിരുന്നു. സംഘകുടുംബാംഗമായ ഡോ.പദ്മനാഭനില്‍ ബാല്യം തൊട്ടുതന്നെ സാമൂഹ്യസേവനവും മനുഷ്യസ്‌നേഹവും സംഘസ്ഥാനില്‍ വച്ച് രൂപംകൊണ്ടിരുന്നു. സഹോദരങ്ങളായ സി.നാരായണന്‍ ബിജെപി കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായും സി.ഭാസ്‌കരന്‍ തപസ്യയുടെ ജില്ലാസെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സിങ്കപ്പൂരില്‍ വച്ച് നേതാജിയുടെ ആദര്‍ശങ്ങളില്‍ ആകൃഷ്ടനായ അച്ഛന്‍ കുഞ്ഞിരാമന്‍ സ്വാതന്ത്ര്യലബ്ധിക്കു ശേഷം ഐ. എന്‍.എ.ഭടന്മാര്‍ക്കു കൊടുത്തു വന്ന പെന്‍ഷന്‍ ത്യജിച്ച് മാതൃകകാട്ടി. മക്കള്‍ അച്ഛന്റെ നിസ്വാര്‍ത്ഥത പിന്തുടര്‍ന്നു വന്നതില്‍ അതിശയമില്ല. നാട്ടുകാരുടെ പ്രിയപ്പെട്ട പപ്പന്‍ ഡോക്ടര്‍ അവരെ കണ്ണീരണിയിച്ചു കൊണ്ട് വിടവാങ്ങി.