1943ല്‍ കര്‍ണ്ണാടകയില്‍ നടന്ന ആര്‍.എസ്.എസ്. പ്രാന്ത സംഘശിക്ഷാവര്‍ഗ്ഗില്‍ അനൗപചാരിക പരിപാടിയില്‍ ഒരു കോടതി രംഗം ഉണ്ടായിരുന്നു. ശിബിരത്തില്‍ കൂടുതല്‍ ഭക്ഷണം കഴിച്ചയാളെ വിചാരണ ചെയ്യല്‍ എന്ന രസികന്‍ പരിപാടി. പിന്നീട് സര്‍കാര്യവാഹ് ആയ എച്ച്.വി. ശേഷാദ്രിയായിരുന്നു ജഡ്ജി. കുറ്റക്കാരനുവേണ്ടി വാദിച്ച ചെറുപ്പക്കാരന്റെ വാദം ജഡ്ജി അംഗീകരിച്ചു. രാമാജോയ്‌സ് ആയിരുന്നു അന്നു വാദിച്ച വക്കീല്‍. ശിബിരത്തിനുശേഷം അവന്റെ വീട്ടിലെത്തിയ പ്രാന്ത പ്രചാരക് യാദവറാവുജോഷി അവനെ വക്കീല്‍ഭാഗം പഠിക്കാന്‍ പ്രേരിപ്പിച്ചു. അവന്‍ പഠിച്ച് സുപ്രീംകോടതി വക്കീലും പഞ്ചാബ്, ഹരിയാന ഹൈക്കോടതി ചീഫ്ജസ്റ്റിസും കര്‍ണ്ണാടകയില്‍ നിന്നുള്ള രാജ്യസഭാംഗവും ബീഹാര്‍, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങളുടെ ഗവര്‍ണറുമായി.
1932ലാണ് ഷിമോഗയില്‍ അദ്ദേഹം ജനിച്ചത്. ചെറുപ്രായത്തില്‍ സ്വയംസേവകനായി. 1975-ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ കര്‍ണ്ണാടക ഹൈക്കോടതി വക്കീലായിരുന്നു. ബംഗ്ലൂരില്‍ അടല്‍ജിയും അദ്വാനിജിയും അറസ്റ്റിലായപ്പോള്‍ അവര്‍ക്കുവേണ്ടി കോടതിയില്‍ വാദിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ അവരെ ദല്‍ഹിയിലെ ജയിലിലേയ്ക്ക് മാറ്റി. തുടര്‍ന്നു മിസപ്രകാരം രാമാജോയ്‌സും അറസ്റ്റിലായി.
നിരവധി നിയമപുസ്തകങ്ങളും നിയമചരിത്ര പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. ചീഫ് ജസ്റ്റിസ് ആയിരിക്കെ, തനിക്ക് പോസ്റ്റുകാര്‍ഡില്‍ വന്ന ഒരു പരാതി ഫയലില്‍ സ്വീകരിച്ച് നിയമപരിരക്ഷ നല്‍കിയയാളാണദ്ദേഹം. കോണ്‍ഗ്രസ് ഭരണകാലത്ത് അദ്ദേഹത്തിന്റെ യോഗ്യത മറികടന്ന് മറ്റൊരാളെ സുപ്രീംകോടതി ജഡ്ജിയാക്കിയതില്‍ പ്രതിഷേധിച്ച് കര്‍ണാടക ഹൈക്കോടതി ജഡ്ജി സ്ഥാനത്തുനിന്നു രാജിവെച്ചു. നീതിക്കൊപ്പം നിന്ന മഹാനായ നിയമജ്ഞനായിരുന്നു ജസ്റ്റിസ് രാമാ ജോയ്‌സ്.