വിഷയം ഉന്നത വിദ്യാഭ്യാസത്തിന്റെ ഭാവി എന്നതും സംവദിക്കുന്നതു സര്‍വ്വകലാശാലാ വിദ്യാര്ത്ഥികളുമൊക്കെയാവാം; പക്ഷേ ചോദ്യം മുഖ്യന് വിജയന് സഖാവിനോട് വേണ്ട. പഠിക്കുന്ന കുട്ടികള്‍ പോയിട്ട് പി.ബിയിലെ അംഗങ്ങള്‍ പോലും സഖാവിനോട് ചോദ്യം ചോദിക്കാന്‍ വളര്‍ന്നിട്ടില്ല. അതു അറിയുന്നതു കൊണ്ടാണ് ഉന്നത വിദ്യാഭ്യാസകാര്യമന്ത്രി കെ.ടി. ജലീല്‍, സംവാദം നടക്കുന്ന കാലിക്കറ്റ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളുടെ മുന്നില്‍ ചില നിബന്ധന വെച്ചത്. നിബന്ധന ഒന്ന്: ചോദ്യം വേണ്ട, നിര്‍ദ്ദേശം മതി. നിബന്ധന രണ്ട്: എസ്.എഫ്.ഐക്കാര്‍ സ്ക്രീന്‍ ചെയ്തുവിടുന്ന 200 പേര്‍ക്ക് മാത്രം സംവാദസ്ഥലത്ത് പ്രവേശനം. നിബന്ധന മൂന്ന്: ചോദ്യം ചോദിക്കാന്‍, അല്ല നിര്‍ദ്ദേശം സമര്‍പ്പിക്കാന്‍ 15 പേര്‍ക്കു മാത്രം അനുമതി. നിബന്ധന നാല്: വിജയന് സഖാവ് ‘മതി’ എന്ന് എപ്പോള്‍ പറയുന്നുവോ പിന്നെ ആര്‍ക്കും വായതുറക്കാന്‍ അനുമതിയില്ല. ഇതൊക്കെ കര്‍ശനമായി പാലിക്കണം.
കഴിഞ്ഞ ദിവസം സ്കൂള്‍ വിദ്യാര്‍ത്ഥികളുമായി സഖാവിന് ഒരു സംവാദമുണ്ടായിരുന്നു. ചോദ്യം അത്ര ഇഷ്ടപ്പെടാതെ വന്നപ്പോള്‍ സഖാവ് പറഞ്ഞു: ‘മതി, മതി, ഇന്ന് ഇത്ര മതി.’ അതോടെ മൈക്ക് ഓഫാക്കി. കുട്ടികള്‍ക്ക് എന്തുതോന്നും എന്നതു സഖാവിനു പ്രശ്നമേയല്ല. അതാണ് അടിയുറച്ച കമ്മ്യൂണിസ്റ്റ്! കോവിഡ് കാലത്തെ സായാഹ്ന പത്രസമ്മേളന പ്രഹസനത്തില്‍ സഖാവ് സ്വീകരിക്കുന്ന കമ്മ്യൂണിസ്റ്റ് ശൈലിയാണത്. പത്രക്കാരനായാലും സ്കൂള്‍ വിദ്യാര്‍ത്ഥിയായാലും സര്‍വ്വകലാശാല വിദ്യാര്‍ത്ഥിയായാലും പി.എസ്.സി.റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാര്‍ത്ഥിയായാലും സഖാവിന് മുന്നില്‍ എല്ലാവരും ഒരുപോലെ. സംവദിക്കുന്നവരുടെ അഭിപ്രായം കേട്ട്, ചോദ്യങ്ങള്‍ക്ക് മതിയായ ഉത്തരം നല്കി അവരുടെ കയ്യടി വാങ്ങാന്‍ വിജയന് സഖാവ് നരേന്ദ്രമോദിയല്ല എന്ന് കൂടി നിങ്ങള്‍ മനസ്സിലാക്കണം.