അടുത്ത പ്രഭാതം. സ്വഭവനത്തിന്റെ മുറ്റത്ത് ഉല്‍ക്കണ്ഠയോടെ നടക്കുകയാണ് സത്രാജിത്ത്. ബന്ധുക്കളോടും സഹായികളോടുമായി അയാള്‍ വിഷമത്തോടെ പറഞ്ഞു:
”ഇന്നലെ കാട്ടില്‍ നായാട്ടിനു പോയ എന്റെ അനിയന്‍ ഇതുവരെ തിരിച്ചുവന്നില്ല. സഹായികളേയും കാണുന്നില്ല. അപകടം വല്ലതും പറ്റിയോ ആവോ!”
”മൂന്നു പേരുണ്ടല്ലോ.
എന്തെങ്കിലും തടസ്സങ്ങള്‍ പറ്റിയതാവും. കാത്തിരിക്കാം.”
മറ്റുള്ളവര്‍ സമാധാനിപ്പിച്ചു.
ഉച്ചയാകാറായപ്പോള്‍ ഒരു സഹായിവന്നു. ഉള്‍ക്കാട്ടില്‍ അവര്‍ കൂട്ടം പിരിഞ്ഞുപോയി എന്നും കുറേ അന്വേഷിച്ചു കാണാത്തതിനാല്‍ യജമാനന്‍ ഇവിടെ എത്തിയിരിക്കുമെന്നു കരുതി മടങ്ങിപ്പോന്നതാണെന്നുമായിരുന്നു അവന്റെ മറുപടി.വൈകുന്നേരമാകും മുമ്പ് മറ്റേ സഹായിയും തിരിച്ചെത്തി. അയാളും അതേ കാര്യമാണ് പറഞ്ഞത്.ഇനി എന്തു ചെയ്യും?രാത്രിയാവുകയല്ലേ? കാത്തിരിക്കുക തന്നെ. പ്രസേനജിത്ത് ഏതു
നിമിഷവും തിരിച്ചെത്താം എന്ന പ്രതീക്ഷയോടെ സത്രാജിത്തും കൂട്ടരും ഉറക്കമിളച്ചിരുന്നു.
പക്ഷെ, ഫലമുണ്ടായില്ല. പുതിയ പ്രഭാതത്തില്‍ സത്രാജിത്ത് അനുജനെ അന്വേഷിച്ചു കാട്ടില്‍ പോകാന്‍ തീരുമാനിച്ചു. തലേ ദിവസം തിരിച്ചുവന്ന രണ്ടു സഹായികളേയും വേറെ ചിലരേയും കൂട്ടിയായിരുന്നു ആ യാത്ര. സഹായികള്‍ വഴികാട്ടികളായി.
സത്രാജിത്തും സംഘവും കാട്ടിലെങ്ങും സൂക്ഷ്മമായി അന്വേഷിച്ചു. കൂട്ടംപിരിഞ്ഞുപോയ സ്ഥലത്തിനപ്പുറവും വളരെ ദൂരം അവര്‍ തിരഞ്ഞുനോക്കി. പ്രസേനജിത്തിന്റേതായ ഒരു അടയാളവും കാണുവാന്‍ കഴിഞ്ഞില്ല. ഒടുവില്‍, നിരാശയോടെ അവരെല്ലാം നാട്ടില്‍ ഇരുട്ടും മുമ്പ് തിരിച്ചെത്തി.
പുതിയ പ്രഭാതത്തില്‍ ആളുകള്‍ ഓരോരുത്തരായും കൂട്ടായും സത്രാജിത്തിന്റെ ഭവനത്തില്‍ കാര്യങ്ങളറിയാന്‍ വന്നുകൊണ്ടിരുന്നു.
അനുജന്‍ മരണപ്പെട്ടു എന്ന നിശ്ചയത്തോടെ ഉദകക്രിയകള്‍ക്കുള്ള ഒരുക്കമായി സത്രാജിത്ത്. കര്‍മ്മങ്ങളെല്ലാം പൂര്‍ത്തിയാക്കി ഒരിടത്തു തളര്‍ന്നിരിക്കെ ആ ഹൃദയം വിങ്ങിപ്പൊട്ടി; ആരോടെന്നില്ലാതെ കരയാനും പറയാനും
തുടങ്ങി:
”സൂര്യദേവനെ ഏറെക്കാലം ഉപാസിച്ചവനാണ് ഞാന്‍. ദേവന്‍ പ്രസാദിച്ചു എനിക്കു സ്യമന്തകം തന്നു. അതിപ്പോള്‍ താങ്ങാനാവാത്ത ദുഃഖവും തന്നുവല്ലോ ദൈവമേ! എന്റെ പ്രാണനു തുല്യമായ അനിയനെ എനിക്കു നഷ്ടമാക്കിയില്ലേ….?
”ഇങ്ങനെയൊക്കെ സംഭവിക്കാന്‍ ഞാന്‍ എന്തു പാപമാണ് ചെയ്തത്? എനിക്കിപ്പോള്‍ സ്യമന്തകരത്‌നവുമില്ല, പ്രാണന്റെ പ്രാണനായ അനുജനുമില്ല എന്ന അവസ്ഥയായില്ലേ…?”
”കരയാതിരിക്കൂ….” ഒരു ബന്ധു സത്രാജിത്തിനെ ആശ്വസിപ്പിച്ചു. ”കുമാരന് ദൈവം അത്രയേ ആയുസ്സു നിശ്ചയിച്ചിട്ടുണ്ടാവൂ. അല്ലാതെ ഇങ്ങനെ രത്‌നമണിഞ്ഞു നായാട്ടിനു പോകാന്‍ തോന്നണമോ?”
”അതിന് എന്നെത്തന്നെ വേണം കുറ്റം പറയാന്‍! കുറച്ചുനാള്‍ മുമ്പ് സ്യമന്തകമാലയണിഞ്ഞു എനിക്കു ദ്വാരകയില്‍ പോകേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ?” സത്രാജിത്തിന്റെ കരച്ചില്‍ ഉറക്കെയായി!
”അതിനെന്താ? ദ്വാരകയിലേയ്ക്കു പോയതല്ലേ?” ഒരാള്‍ ചോദിച്ചു
”അതെയതെ! ദ്വാരകയിലേയ്ക്കു പോയതു തന്നെ! പക്ഷെ, കൃഷ്ണന്‍ ഈ രത്‌നം എനിക്കു തരാമോ എന്നു ചോദിച്ചുവല്ലോ…. അതോടെ രത്‌നത്തിന് കൃഷ്ണന്റെ കണ്ണു തട്ടീന്നാണ്; കൊതിപറ്റി എന്നാണ് ഇപ്പോള്‍ എന്റെ ബലമായ സംശയം.” സത്രാജിത്ത് പറഞ്ഞു.
”അതു ശരിയായിരിക്കാം. കൊതിപറ്റിയാല്‍ അങ്ങനെയാണ്. അധികം വാഴൂല….” ഒരാള്‍ സത്രാജിത്തിന്റെ സംശയത്തെ അനുകൂലിച്ചു.
”ഛെ! അങ്ങനെ പറയല്ലേ. കൃഷ്ണനെന്തിനാണ് രത്‌നം? രാജാവല്ലേ? രത്‌നങ്ങള്‍ വേണ്ടുവോളമില്ലേ?” മറ്റൊരാള്‍ എതിര്‍ത്തു.
”കൊള്ളാം: പ്രഭുത്വമൊന്നും പ്രശ്‌നമല്ല. ഉള്ളവര്‍ക്കു പിന്നേം പിന്നേം വേണം എന്ന കൊതിയുണ്ടാകുന്നതു സ്വാഭാവികമാണ്.” വേറൊരാള്‍ പറഞ്ഞു.
അങ്ങനെ ഓരോ സംഭാഷണങ്ങള്‍ക്കിടയില്‍ പലരും സ്വന്തം ഗൃഹങ്ങളിലേയ്ക്കു മടങ്ങി. സത്രാജിത്തിന്റെ ഭവനം ദുഃഖത്തിന്റെ ഇരുള്‍പ്പുതപ്പില്‍ അമര്‍ന്നു.
(തുടരും)