വിദ്യാര്‍ത്ഥികളോട് സംസാരിക്കുമ്പോള്‍ അവനവന്‍ സ്വയം സംവിധാനം ചെയ്ത് ജീവിതത്തിന്റെ ഒരു ഭാഗമാക്കിത്തീര്‍ക്കേണ്ട മൂന്നു കാര്യങ്ങളെക്കുറിച്ച് ഞാന്‍ പറയാറുണ്ട്. ഇതെക്കുറിച്ചൊന്ന് ചിന്തിക്കുമ്പോള്‍ അതിന്റെ ഗുണങ്ങള്‍ അവനവനില്‍ വന്നുചേരും: ഭാവന ചെയ്യുന്ന കാര്യങ്ങളാണ് പ്രാവര്‍ത്തികമാകുക. ഐശ്വര്യം എന്ന അവസ്ഥ സ്വയം ഉണ്ടാക്കണം. പ്രഭുത്വവും സമ്പത്തും സ്വഭാവശുദ്ധികൊണ്ട് താനെ വന്നുചേരും. മനസ്സ് അതിനോട് ചേരുമ്പോള്‍ സ്വഭാവികമായും ശരീരഭാഷ അതിന് അനുയോജ്യമാകും. ആളുകള്‍ ഹൃദയംകൊണ്ട് നമ്മെ അംഗീകരിക്കണം. പണം ഉണ്ടാക്കിയാല്‍ നാട്ടുകാര്‍ ഭയംകൊണ്ട് ബഹുമാനിച്ചെന്നു വരും. അതൊന്നും ഐശ്വര്യത്തിന്റെ പട്ടികയില്‍ വരില്ല. അത് ഈശ്വരീയമായ ഒരു ഭാവമാണ്. രണ്ടാമത്തെ കാര്യം മാധുര്യമാണ്. ചിന്തയും വാക്കും പ്രവൃത്തിയും മധുരതരമാകണം. അതിന് അകത്ത് സ്‌നേഹം നിറയണം. ചുറ്റുപാടുമുള്ള വ്യക്തികളോട് സ്‌നേഹമുള്ളവരാണെങ്കില്‍ അവരുടെ പെരുമാറ്റം ഹൃദ്യമായിരിക്കും. സ്‌നേഹത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഭാരതീയര്‍ മാതൃകയായി പറയുക രാധാകൃഷ്ണന്മാരുടെ പ്രണയത്തെക്കുറിച്ചാണ്. ഇത്രയും ഘടകങ്ങള്‍ നമ്മുടെ ആന്തരികശക്തിയില്‍ ജ്വലിച്ചു നില്‍ക്കുമ്പോള്‍ മൂന്നാമനായ സൗന്ദര്യം താനെ വന്നു ചേരും. ഈ സൗന്ദര്യം മൈക്കപ്പുകൊണ്ട് കിട്ടുകയില്ല. ഈ മൂന്ന് ഗുണങ്ങള്‍ ചേര്‍ന്ന എത്രയോ വ്യക്തികള്‍ നമ്മുടെ പശ്ചാത്തലത്തിലുണ്ട്. എന്തിനധികം. നമ്മുടെ ഗൃഹങ്ങളില്‍ ഉണ്ട്. അവരെ ആദരിക്കുമ്പോള്‍ ഐശ്വര്യവും മാധുര്യവും സൗന്ദര്യവും നമ്മില്‍ വന്നുചേരും. ഇത് മഹത്തായ ഒരു അനുഭവമാണ്.