ദാര്‍ശനിക- രാജനൈതിക മണ്ഡലത്തില്‍ തേജോമയമായി ജ്വലിച്ചു നില്‍ക്കുകയായിരുന്ന ഒരു നക്ഷത്രം പൊലിഞ്ഞുവിണ ദിവസം, മനുഷ്യകുലത്തിനാകെ വെളിച്ചം വീശിയ ഒരു മഹാത്മാവ് – പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായ ഇഹലോകവാസം വെടിഞ്ഞ ദിവസം ഓരോ മനുഷ്യസ്‌നേഹിക്കും വേദനയോടെ മാത്രം ഓര്‍ക്കാന്‍ സാധിക്കുന്ന ദിവസം, അതാണ് ഫെബ്രുവരി 11.
ഇന്ന് ഭാരതം ലോകത്തിന്റെ മുന്നില്‍ ആത്മാഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കുകയാണ്. കഴിഞ്ഞ ആറുവര്‍ഷക്കാലമായി ഭാരതത്തിന്റെ ഭരണകൂടം രാജ്യത്തിനകത്തും പുറത്തും നടപ്പില്‍വരുത്തിക്കൊണ്ടിരിക്കുന്ന മഹത്തായ പ്രവര്‍ത്തനങ്ങളുടെ പരിണിതിയാല്‍ ഉടലെടുത്തതാണ് ഈ അംഗീകാരം. പ്രശസ്തിയുടെ ഉച്ചസ്ഥായിയിലേക്ക് ഭാരതത്തെ കൈപിടിച്ചുയര്‍ത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സാദ്ധ്യമാകുന്നത് അദ്ദേഹത്തിന്റെ അനിതരസാധാരണമായ വ്യക്തിപ്രഭാവം കൊണ്ട് മാത്രമല്ല. ഈ അതുല്യ പ്രതിഭയ്ക്ക് പ്രേരണയേകുന്നത് ഭാരതീയ ജനതാ പാര്‍ട്ടിയുടെ പൂര്‍വ്വരൂപമായ ഭാരതീയ ജനസംഘമെന്ന മഹത്തായ പ്രസ്ഥാനത്തിന് ഊടും പാവും നെയ്ത പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായ, ഡോ: ശ്യാമപ്രസാദ് മുഖര്‍ജി തുടങ്ങിയ ദാര്‍ശനിക തപസ്വികളുടെ മഹാശക്തി വിശേഷങ്ങളുടെയും ഉല്‍കൃഷ്ട ആശയ സംഹിതയുടെയും പിന്‍ബലം കൂടിയാണ്. കേന്ദ്രസര്‍ക്കാറിന്റെ ഓരോ ചുവടുവെയ്പ്പിലും ഏകാത്മമാനവദര്‍ശനമെന്ന മഹത്തായ ആശയത്തിന്റെയും വിശിഷ്യ അന്ത്യോദയ ആശയങ്ങളുടെയും സാക്ഷാത്ക്കാരമാണ് പ്രകടമാകുന്നത്. അതിനുമപ്പുറത്ത് പ്രസ്ഥാനത്തിന്റെ ആരംഭത്തിന് ഹേതുവായ സംഭവവികാസങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞ തിരുത്തല്‍ നയങ്ങളുടെ കാഴ്ച്ചപ്പാടും പ്രതിഫലിക്കുന്നു.
അന്ത്യോദയത്തിലൂടെ സര്‍വ്വോദയം
സ്വര്‍ഗ്ഗീയ ദീനദയാല്‍ജി മുന്നോട്ടുവെച്ച മഹദ് ദര്‍ശനത്തിന്റെ ചുവടുപിടിച്ച് മുന്നോട്ടു പോകുന്നത് തന്നെയാണ് ഭാരതത്തിലിന്ന് നിലനില്‍ക്കുന്ന ശ്രേയസ്സിനും പ്രേയസ്സിനും ഹേതു എന്നത് അഭിമാനകരമാണ്. ഭാരതസര്‍ക്കാര്‍ ആത്മനിര്‍ഭര്‍ ഭാരത് എന്ന സങ്കല്പത്തിലൂടെ മുന്നോട്ടുപോകുമ്പോള്‍ അതില്‍ ഊന്നല്‍ നല്‍കപ്പെടുന്നത് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനസമൂഹത്തിനും അവരെ ഉയര്‍ത്തിക്കൊണ്ടുവരുന്ന പദ്ധതികള്‍ക്കുമാകുന്നത് ഈ ദര്‍ശനത്തിന്റെ വെളിച്ചം വീശുന്നതുകൊണ്ടാണ്. ഓരോ വ്യക്തിയുടെയും അടിസ്ഥാന ജീവിതാവശ്യങ്ങള്‍ തൃപ്തിപ്പെടുന്നതും രാഷ്ട്രത്തിന്റെ സംരക്ഷണശക്തി വ്യവസ്ഥ ചെയ്യുന്നതുമായ അര്‍ത്ഥവ്യവസ്ഥയാണ് ഏകാത്മമാനവദര്‍ശനത്തിന്റെ കാതല്‍. നമ്മുടെ രാജ്യത്തെ സാമൂഹിക സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ളവരെ കൈപിടിച്ചുയര്‍ത്തുന്നതിനായി മുന്നോട്ടുവെച്ച പ്രധാനമന്ത്രി ആവാസ് യോജന, ജന്‍ധന്‍ അക്കൗണ്ട്, ഉജ്വല്‍ യോജന, കിസാന്‍ സമ്മാന്‍ നിധി, സുകന്യ സമൃദ്ധിയോജന തുടങ്ങി നൂറുകണക്കായ പദ്ധതികള്‍ ദീനദയാല്‍ജിയുടെ അന്ത്യോദയത്തിലൂടെ സര്‍വ്വോദയം’ എന്ന ആശയത്തിന്റെ പുനരാവിഷ്‌ക്കാരമാണ്.
1963 ലെ ചൈനീസ് ആക്രമണത്തിനുശേഷം നടന്ന ജനസംഘം യോഗത്തില്‍ അവതരിപ്പിക്കപ്പെട്ട പാര്‍ട്ടി പ്രമേയത്തില്‍ ദീനദയാല്‍ജി മുന്നോട്ടുവെച്ച ആശയങ്ങള്‍ ദിശാസൂചകമാക്കി അഞ്ചര പതിറ്റാണ്ടിനുശേഷവും നയപരിപാടികള്‍ ആവിഷ്‌ക്കരിച്ചതിന്റെ ഫലമായാണ് ചൈനയ്‌ക്കെതിരെ വന്‍ശക്തികളായ ലോകരാഷ്ട്രങ്ങളുടെ ഒരു നിരയെ തന്നെ അണിനിരത്താന്‍ നമുക്കു സാധിച്ചത്. പ്രതിരോധവും വിദേശനയവും കൂട്ടിക്കുഴയ്ക്കരുതെന്ന അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടിനെ പിന്തുടര്‍ന്നതും ഇതിന് സഹായകമായി. ആത്മനിര്‍ഭര്‍ ഭാരതത്തിന്റെ മറ്റൊരു ഊന്നല്‍ ഭാരതത്തെ തകര്‍ക്കാനുള്ള അയല്‍ക്കാരുടെ ശ്രമത്തെ ചെറുത്തു നില്‍ക്കുന്നതിലും അവരെ നിലയ്ക്ക് നിര്‍ത്തുന്നതിലുമായതും യാദൃശ്ചികമല്ല എന്നു സാരം.
ലോകത്തെ തന്നെ അതിശീഘ്രം വളര്‍ന്നുകൊണ്ടിരിക്കുന്ന സാമ്പത്തികശക്തിയായി ഭാരതം ഉയരുന്നതും മുതലാളിത്തത്തിന്റെയും സോഷ്യലിസത്തിന്റെയും പരിമിതികളെ മറികടക്കാന്‍ കെല്പുള്ള ഭാരതീയമായ ഈ കാഴ്ച്ചപ്പാടിലൂടെ മുന്നോട്ടുപോകുന്നതുകൊണ്ടുതന്നെയാണ്.
ആസൂത്രണ കമ്മീഷന്റെയും അതിന്റെ നേതൃത്വത്തില്‍ നടന്ന പഞ്ചവത്സര പദ്ധതികളുടെയും സ്ഥാനത്ത് വിശാലമായ കാഴ്ച്ചപ്പാടോടെ നീതി ആയോഗി (National Institution for Transforming India) നെ കൊണ്ടുവന്നതും ഇതേ ദര്‍ശനത്തെ മുറുകെ പിടിച്ചാണ്. ഒന്നാം പഞ്ചവത്സരപദ്ധതി കാര്‍ഷികമേഖലയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് ആവിഷ്‌ക്കരിച്ചതായിരുന്നു, എന്നാല്‍ ഇതിന് മാതൃകയായി സ്വീകരിച്ച Harrod – Domer Model തീര്‍ത്തും വൈദേശിക സാമ്പത്തിക ശാസ്ത്രത്തിലധിഷ്ഠിതമാണ്.
റോയ്. എഫ.് ഹാറോഡ് എന്ന ബ്രിട്ടീഷ് സാമ്പത്തിക ശാസ്ത്രജ്ഞനും ഈവ്‌സേ ഡോമര്‍ എന്ന റഷ്യന്‍ സാമ്പത്തികശാസ്ത്രജ്ഞനും വിഭാവനം ചെയ്ത സാമ്പത്തിക പദ്ധതിയാണ് ഒന്നാം പഞ്ചവത്സര പദ്ധതിയ്ക്ക് ആധാരമായി ഭവിച്ചത്. അവിടിന്നിങ്ങോട്ട് പഞ്ചവത്സര പദ്ധതികളിലെല്ലാം മുഴച്ചു നിന്നത് പ്രധാനമായും റഷ്യയുടെ സാമ്പത്തിക വീക്ഷണമായിരുന്നു. രാഷ്ട്രത്തിന്റെ സാമ്പത്തിക മുന്നേറ്റത്തിന് പദ്ധതിയൊരുക്കുമ്പോള്‍ പ്രാദേശികമായ അഭിപ്രായങ്ങളുടെ സ്വരൂപണവും അതത് മേഖലകളിലെ തദ്ദേശീയരായ വിദഗ്ധരുടെ കാഴ്ച്ചപ്പാടുകളും കൂടുതല്‍ പരിഗണിക്കേണ്ടതുണ്ട് എന്ന ആശയമാണ് നീതി ആയോഗ് മുന്നോട്ടു വെക്കുന്നത്. അതിനനുസൃതമായ ഘടനയിലാണ് നീതി ആയോഗിന്റെ ആവിഷ്‌ക്കാരം.
രാഷ്ട്രത്തിലെ ഉത്പാദനത്തിന്റെ ഉപാദാനങ്ങളെപ്പറ്റി ചിന്തിച്ച് അനുകൂലമായ ഭാരതീയ സാങ്കേതിക രീതി വികസിപ്പിക്കുക എന്ന ദീനദയാല്‍ ഉപാദ്ധ്യായയുടെ മഹത്തായ വീക്ഷണത്തിന്റെ പ്രയോഗവല്‍ക്കരണം തന്നെയാണ്’മെയ്ക്ക് ഇന്‍ ഇന്ത്യ’പദ്ധതി.
ആര്‍ജിത മഹത്വത്തിന്റെ മകുടോദാഹരണം
ഇത്തരത്തില്‍ ദശകങ്ങള്‍ക്ക് ശേഷവും ഭാരതത്തിന്റെ വളര്‍ച്ചയ്ക്കായി സഞ്ചരിക്കേണ്ട പാത കാട്ടിത്തന്ന, ഇനി നൂറ്റാണ്ടുകള്‍ക്കുശേഷവും മുന്നോട്ടുള്ള കുതിപ്പിന് പ്രചോദനമാകുന്ന മഹത്തായ ദര്‍ശനത്തെ ലോകത്തിനു സംഭാവനചെയ്ത ഈ ഋഷിവര്യന്റെ ജീവിതം പുതുതലമുറ പഠനവിഷയമാക്കേണ്ടതാണ്. 1916 സപ്തംബര്‍ 25ന് മഥുര ജില്ലയിലെ നഗ്‌ലചന്ദ്രഭാനില്‍ ഒരു സാധാരണ ജ്യോതിഷ കുടുംബത്തില്‍ ഭഗവതി പ്രസാദ് – രാംപ്യാരി ദമ്പതികളുടെ മകനായി ദീനദയാല്‍ ജനിച്ചു. തന്റെ മൂന്നാം വയസ്സില്‍ പിതാവും അധികം താമസിയാതെ മാതാവും നഷ്ടപ്പെട്ട് അനാഥത്വത്തിലകപ്പെട്ട ദീനദയാലിന് ബാല്യത്തില്‍ തന്നെ ഏക അനുജനെയും നഷ്ടമായി. മുത്തശ്ശിയുടെയും അമ്മാവന്റെയും സംരക്ഷണത്തില്‍ വളര്‍ന്ന ദീനദയാല്‍ തീക്ഷ്ണമായ ജീവിതാനുഭവങ്ങളെ അതിജീവിച്ച് പഠനത്തില്‍ ഏറെ മികവുകാട്ടി. കൊച്ചുനാളില്‍ തന്നെ തന്റെയുള്ളിലെ സംഘാടകത്വത്തിന്റെ ലക്ഷണം പുറത്തുകാട്ടിയ ദീനദയാല്‍ പിന്നീട് ലോകത്തിന് വഴികാട്ടുമാറ് ഒരു ദര്‍ശനം രൂപപ്പെടുത്തിയെടുത്തു. മാത്രമല്ല ആ ദര്‍ശനത്തെ നെഞ്ചേറ്റുന്ന വക്താക്കളെയും പ്രയോക്താക്കളെയും വളര്‍ത്തിയെടുക്കുന്നതില്‍ വിജയം കൈവരിച്ചു. ആര്‍ജിത മഹത്വത്തിന്റെ ഈ മകുടോദാഹരണം അകാലത്തില്‍ പൊലിഞ്ഞില്ലായിരുന്നെങ്കില്‍ 1968 ന് ശേഷമുള്ള ഇന്ത്യയുടെ ചരിത്രം തന്നെ മറ്റൊന്നാകുമായിരുന്നു. തന്റെ നിതാന്ത തപസ്സാല്‍ നേടിയെടുത്ത ജ്ഞാനശക്തിയുടെയും ക്രിയാശക്തിയുടെയും പ്രയോഗമാരംഭിക്കുന്നതിനു മുമ്പുതന്നെ അദ്ദേഹം മൃതിയടഞ്ഞു എന്നത് ലോകത്തിന്റെ തന്നെ ദൗര്‍ഭാഗ്യമാണ്.”രണ്ട് ദീനദയാല്‍ജിമാരെക്കൂടി ലഭിച്ചിരുന്നുവെങ്കില്‍ ഞാന്‍ രാഷ്ട്രത്തിന്റെ ഭൂപടം മാറ്റി വരയ്ക്കുമായിരുന്നു-”ദീനദയാല്‍ ഉപാദ്ധ്യായ പ്രകടമാക്കിയ കര്‍മ്മശേഷിയും സംഘാടകത്വവും ധൈഷണികതയും കണ്ട് ഡോ: ശ്യാമപ്രസാദ് മുഖര്‍ജി പറഞ്ഞ ഈ വാക്കുകള്‍ എന്തായിരുന്നു ദീനദയാല്‍ജി എന്ന് വെളിവാക്കുന്നതായിരുന്നു. ആഗ്രയിലെ കോളേജ് വിദ്യാഭ്യാസകാലത്ത് ബല്‍വന്ത് മഹാശബ്‌ദെ എന്ന സുഹൃത്താണ് ദീനദയാല്‍ജിയെ തന്റെ നിയോഗമെന്തെന്ന് തിരിച്ചറിയുന്നതിന് സഹായിച്ചത്. അദ്ദേഹം മുഖാന്തരമാണ് ദീനദയാല്‍ജി രാഷ്ട്രീയ സ്വയംസേവക സംഘവുമായി ബന്ധം സ്ഥാപിക്കുന്നത്. 1942 ല്‍ ആര്‍.എസ്.എസ്സിന്റെ പ്രചാരകനായി സമര്‍പ്പിത ജീവിതമാരംഭിച്ച ഈ ധിഷണാശാലി രാഷ്ട്രധര്‍മ്മ, പാഞ്ചജന്യ, തരുണ്‍ ഭാരത് എന്നിങ്ങനെ മൂന്ന് പ്രസിദ്ധീകരണങ്ങളാണ് സംഘഗംഗയുടെ പ്രവാഹത്തിന് ഗതിവേഗം കൂട്ടാനായി സമര്‍പ്പിച്ചത്.
പൊതുപ്രവര്‍ത്തകന് ഒരു പാഠപുസ്തകം
ജീവിച്ചു നേടിയ കരുത്തും രാഷ്ട്രീയ സ്വയംസേവക സംഘം പകര്‍ന്നു നല്‍കിയ ആര്‍ജവവും കൈമുതലാക്കി ഭാരതീയ ജനസംഘമെന്ന മഹത്തായ ഒരു പ്രസ്ഥാനത്തിനെ പടുത്തുയര്‍ത്തിയ ദീനദയാല്‍ ഉപാദ്ധ്യായ എന്ന ആ മഹാത്മാവിന്റെ ഓരോ ജീവിതമുഹൂര്‍ത്തവും പൊതുപ്രവര്‍ത്തകനെ സംബന്ധിച്ച് ഓരോ പാഠപുസ്തകമാണ്. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ സ്വാതന്ത്ര്യം നേടിത്തന്ന പാര്‍ട്ടി എന്ന കോണ്‍ഗ്രസ്സിന്റെ ഖ്യാതി, നെഹ്‌റു-പട്ടേല്‍ തുടങ്ങിയ നൂറുകണക്കായ നേതാക്കളുടെ പിന്‍ബലം, അധികാരവും അര്‍ത്ഥവുമെല്ലാം നല്‍കുന്ന കരുത്തിലൂടെയുള്ള മുന്നേറ്റം- ഇത്തരത്തില്‍ വിരാജിക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയ്ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുന്ന രാഷ്ട്രീയ പ്രസ്ഥാനമായി ഭാരതീയ ജനസംഘത്തെ വളര്‍ത്തിയെടുക്കുന്നതിന് സഹായകമായത് ദീനദയാല്‍ജിയുടെ ഈ സ്വഭാവ വൈശിഷ്ട്യവും വ്യക്തിപ്രഭാവവുമാണ്.
ഒരു മാതൃകാ പ്രവര്‍ത്തകന് അനിവാര്യമായി വേണ്ട ഗുണങ്ങളില്‍ ഏറ്റവും പ്രധാനമെന്ന് അദ്ദേഹം വിശേഷിപ്പിച്ച 3 ഗുണങ്ങള്‍ ഇവയാണ് –
1) ആരോടും വിദ്വേഷവും വെറുപ്പുമില്ലാതെയുള്ള പ്രവര്‍ത്തനം.
2) സഹജീവികളോട് സ്‌നേഹവും ഉത്തരവാദിത്തവും കാണിക്കുക. ജനങ്ങളുടെ സുഹൃത്തും വഴികാട്ടിയും അദ്ധ്യാപകനുമാകുന്ന പ്രവര്‍ത്തനശൈലി.
3) മാതൃകാ പ്രവര്‍ത്തകന്‍ സാമൂഹ്യമാറ്റത്തിനായാണ് പ്രവര്‍ത്തിക്കേണ്ടത് എന്ന കാഴ്ചപ്പാട്.
രാഷ്ട്രീയ അധികാരമെന്നത് ദീനദയാല്‍ജിയുടെ കാഴ്ച്ചപ്പാടില്‍ ലക്ഷ്യമായിരുന്നില്ല മറിച്ച് മാര്‍ഗ്ഗമായിരുന്നു – സാമൂഹിക പരിവര്‍ത്തനത്തിനുതകുന്ന മാര്‍ഗ്ഗം.
സഹപ്രവര്‍ത്തകരുടെ മനംകവര്‍ന്ന നേതാവ്
ദീനദയാല്‍ജിയ്ക്ക് വിശാലമായ ഹൃദയവും ശാന്തമായ തലച്ചോറുമാണുള്ളത് എന്നാണ് പൂജനീയ ഗുരുജി അദ്ദേഹത്തെക്കുറിച്ച് പ്രതിപാദിച്ചത്. ഈ വിശാലഹൃദയത്തില്‍ നിന്ന് ബഹിര്‍ഗമിക്കുന്ന സ്‌നേഹവും അനുകമ്പയും പ്രവര്‍ത്തകരില്‍ ചൊരിയുന്നതായിരുന്നു ദീനദയാല്‍ജി എന്ന ദാര്‍ശനികന്‍ പ്രവര്‍ത്തകര്‍ക്ക് പ്രിയപ്പെട്ട നേതാവായി പരിണമിക്കുന്നതിന് നിദാനം. പ്രവര്‍ത്തകനെ ഒരു വ്യക്തി എന്ന നിലയില്‍ മനസ്സിലാക്കാനും അംഗീകരിക്കാനും അവരോട് സഹാനുഭൂതിയോടെ പെരുമാറാനും കഴിഞ്ഞു എന്നതാണ് അദ്ദേഹത്തിന്റെ വിജയം.
പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായയുടെ ജീവിതം ഓരോ പ്രവര്‍ത്തകനും മാതൃകയാണ്. മുഴുവന്‍ ലോകത്തിലെയും വരാനിരിക്കുന്ന രാഷ്ട്രീയ നേതൃത്വത്തിന് മാതൃകയാക്കാവുന്ന മൂല്യാധിഷ്ഠിത ജീവിതമാണ് അദ്ദേഹം നയിച്ചത്. അത്തരമൊരു മഹാത്മാവിനാല്‍ ക്രോഡീകരിക്കപ്പെട്ട നൈതികശാസ്ത്രം ഭാരതത്തിലിന്ന് പ്രയോഗിച്ച് വിജയിച്ചുകൊണ്ടിരിക്കുന്നു. ഇത് ലോകത്തിന് അനുഭവവേദ്യമാകുന്നു. ഇതിന്റെ എല്ലാ നന്മകളെയും ലോകം സ്വാംശീകരിക്കുന്നതിന്റെ ലക്ഷണങ്ങളും കണ്ടു തുടങ്ങിയിരിക്കുന്നു. ഇത് ഭാരതത്തിന് വേണ്ടി മാത്രമുള്ള തത്വസംഹിതയല്ല, മറിച്ച് ലോകനന്മയ്ക്കായി ഉടലെടുത്തതാണ്. ഇത് കാലാനുവര്‍ത്തിയാണ്. ഈ ദര്‍ശനദ്രഷ്ടാവിന്റെ താരശോഭയ്ക്ക് മുമ്പില്‍ അനന്തകോടി പ്രണാമങ്ങള്‍..
(ബി. ജെ. പി കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റാണ് ലേഖകന്‍)