ശ്രീമന്നാരായണീയം ലളിത വ്യാഖ്യാനം
എ.കെ.ബി.നായര്‍
അനന്യ പബ്ലിക്കേഷന്‍സ്
കോഴിക്കോട്
പേജ് : 937 വില : 900 രൂപ
സ്‌തോത്ര രത്‌നഖനിയിലെ കൗസ്തുഭമാണ് നാരായണീയം. പന്ത്രണ്ടു സ്‌ക്കന്ധങ്ങളും പതിനെണ്ണായിരം ശ്ലോകങ്ങളുമുള്ള ശ്രീഭാഗവതത്തെ ആയിരം സുസംസ്‌കൃതശ്ലോകപുഷ്പങ്ങളായി പുനഃസൃഷ്ടിച്ച് ശ്രീ ഗുരുവായൂരപ്പനു സമര്‍പ്പിച്ചത് മേല്പുത്തൂര്‍ നാരായണ ഭട്ടതിരിപ്പാടാണ്. കൊ.വ. 763 വൃശ്ചികം 28 ഞായറാഴ്ച (1587 ഡിസംബര്‍ 13) യാണ് ഇതു പൂര്‍ത്തിയായതെന്ന് കരുതപ്പെടുന്നു. ആ രോഗാര്‍ത്തന്റെ സഖ്യഭക്തി അന്നുമുതല്‍ അനേകര്‍ക്ക് ആധിവ്യാധി പ്രശമനൗഷധമായിത്തീര്‍ന്നിരിക്കുന്നു. നാരായണീയത്തിന് ധാരാളം വ്യാഖ്യാനങ്ങളും പരിഭാഷകളുമുണ്ട്. ആദ്ധ്യാത്മികാചാര്യന്‍ ഗുരുശ്രേഷ്ഠ എ.കെ.ബി.നായരുടെ ലളിത വ്യാഖ്യാനം അദ്യതമമാണ്.
ആധുനിക വിദ്യാഭ്യാസവും ഗവേഷണ രീതി ശാസ്ത്രവും പരിചയിച്ചവര്‍ക്ക് ഏറ്റവും ഇഷ്ടപ്പെടുന്നതാണ് ഈ ഗ്രന്ഥം. ലളിതമായ ഭാഷാ പട്ടികകളും രേഖാചിത്രങ്ങളുമുപയോഗിച്ചുള്ള വിശദീകരണം, വൃത്തശാസ്ത്രപരിചയം ശ്ലോകങ്ങളുടെ അകാരാദിക്രമം എന്നിങ്ങനെ പുതിയകാലത്തിന്റെ അഭിരുചിക്കിണങ്ങുന്ന ഘടകങ്ങള്‍ ഇതില്‍ സമ്മേളിക്കുന്നു. ഈ ലാളിത്യം പ്രകരണശുദ്ധിക്കു കോട്ടം വരുത്തുന്നതാവരുതെന്ന് നിഷ്‌ക്കര്‍ഷിച്ചിട്ടുണ്ട്. പദച്ഛേദം, പദാര്‍ത്ഥോക്തി, വിഗ്രഹം, വാക്യയോജന, യുക്തിയുക്തങ്ങളായ പൂര്‍വ്വപക്ഷങ്ങളും അവയുടെ സംശയച്ഛേദികളായ സമാധാനങ്ങളും എന്നിങ്ങനെ വ്യാഖ്യാനത്തിന്റെ ലക്ഷണങ്ങളഞ്ചും ചേര്‍ന്നു കാണാം. തന്വാവാചാധിയാ, തേജോസംഹാരി, മൂലപ്രകൃതി, ഉപനിഷത് സുന്ദരീമണ്ഡലം, സാന്ദ്രമോദസ്വരൂപം തുടങ്ങിയ പദങ്ങള്‍ വ്യാഖ്യാനിക്കുമ്പോള്‍ പ്രസ്ഥാനത്രയം വ്യാഖ്യാനിച്ച കൃതഹസ്തത തുണയാകുന്നു. പതഞ്ജലിയുടെ യോഗസൂത്രവും ആചാര്യസ്വാമികളുടെ പ്രപഞ്ചസാരവും തൊട്ട് എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ടുവരെയുള്ള ഗ്രന്ഥങ്ങള്‍ വ്യാഖ്യാനത്തിനുപയോഗിച്ചിട്ടുണ്ട്.
ഗുരുവായൂരപ്പനുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളും ക്ഷേത്രത്തിലെ ആട്ടവിശേഷങ്ങളുടെ പ്രത്യേകതകളും സ്മരിച്ചുകൊണ്ടാണ് ഭട്ടതിരിപ്പാടിന്റെ സ്വാതന്ത്ര്യബോധത്തെ വിലയിരുത്തുന്നത്. നാളിതുവരെ മറ്റൊരു വ്യാഖ്യാതാവും ഈ സാദ്ധ്യത ഉപയോഗപ്പെടുത്തിയിരുന്നില്ല. ശ്രീമന്നാരായണീയ ജ്ഞാനയജ്ഞത്തില്‍ പങ്കെടുക്കുന്ന അനുഭൂതിയാണ് വായനക്കാര്‍ക്കു ലഭിക്കുന്നത്. ഈ ഗ്രന്ഥകാരന്റെ മുപ്പതിലധികം മലയാളം ഇംഗ്ലീഷ് ഗ്രന്ഥങ്ങള്‍ക്കു കിട്ടിയ സ്വീകാര്യത ഈ നാരായണീയ ലളിത വ്യാഖ്യാനത്തിനും ഉണ്ടാകട്ടെ. ഇന്ന് ഭൂമണ്ഡലത്തെയാകെ ക്ലേശിപ്പിക്കുന്ന രോഗമഹാമാരി തടയാന്‍ നാരായണീയം ഒരു ഗോവര്‍ദ്ധനമാകട്ടെയെന്ന എ.കെ.ബി.നായരുടെ പ്രാര്‍ത്ഥന നമ്മുടേതു കൂടിയാകട്ടെ.
കൊല്ലൂരില്‍ വാഴും മൂകാംബിക
തഴവ എസ്.എന്‍. പോറ്റി
ചെറുകോട്ടുമഠം (മൂകാംബിക)
പേജ്: 30 വില: 30 രൂപ
തഴവ എസ്.എന്‍.പോറ്റി തയ്യാറാക്കി, കൊട്ടാരക്കര, പെരുങ്കുളം ചെറുകോട്ടു മഠത്തില്‍ നിന്ന് പ്രസിദ്ധീകരിച്ച ലഘുപുസ്തകമാണ് ‘കൊല്ലൂരില്‍ വാഴും മൂകാംബിക’. കേരളത്തിനു പുറത്താണെങ്കിലും മലയാളികള്‍ക്ക് ഏറ്റവും അടുപ്പമുള്ള ക്ഷേത്രമാണ് കര്‍ണാടകയിലെ കൊല്ലൂരിലുള്ള മൂകാംബികാ ക്ഷേത്രം. ശങ്കരാചാര്യരുമായി ബന്ധപ്പെട്ട ഐതിഹ്യമായിരിക്കാം ഈ ഗാഢബന്ധത്തിന്റെ അടിസ്ഥാനം. കേരളത്തിന്റെ എഴുത്തിനിരുത്തുന്ന പാരമ്പര്യവും കലോപാസകരുടെ ആശ്രയകേന്ദ്രമായ സരസ്വതീ മണ്ഡപവും കൊല്ലൂരിലേക്ക് കേരളത്തിലെങ്ങുമുള്ള ദേവീഭക്തരെ ആകര്‍ഷിക്കുന്നു.
കൊല്ലൂരിലെ മൂകാംബികാ ക്ഷേത്രത്തെ കുറിച്ച് വായനക്കാര്‍ അറിയാനാഗ്രഹിക്കുന്ന എല്ലാ വസ്തുതകളും ഈ ലഘുപുസ്തകത്തില്‍ സംഗ്രഹിച്ചിരിക്കുന്നു. ക്ഷേത്രത്തിന്റെ ഐതിഹ്യം, പൂജകളുടെയും വഴിപാടുകളുടെയും വിവരങ്ങള്‍, കുടജാദ്രിയെ കുറിച്ചുള്ള വിവരണം എന്നിവ ഈ പുസ്തകത്തിലുണ്ട്. ഗ്രന്ഥകാരനെ കുറിച്ചുള്ള ആമുഖത്തോടൊപ്പം കൈതപ്രത്തിന്റെ ഗാനരൂപത്തിലുള്ള ആശംസ, സപ്താഹാചര്യനായ പള്ളിക്കല്‍ സുനിലിന്റെ ആശംസ എന്നിവയും ചേര്‍ത്തിരിക്കുന്നു.