ഓരോ തൊട്ടി വെള്ളം
കോരിയെടുക്കുമ്പോഴും
കിണര്‍ കൂടെവരുന്നുണ്ട്
പറഞ്ഞൊഴിയാത്ത കഥകളുമായി.
അടുക്കളയില്‍
അമ്മയോടാണ്
കിണറിനേറെയിഷ്ടം.
രണ്ടുപേരുടെയും
മനസ്സുകള്‍ക്കുള്ളില്‍
പാതാളത്തോളം പോവുന്ന
നൊമ്പരയാഴങ്ങളുണ്ട്.
പാത്രം കഴുകുമ്പോഴും
അരിമണികള്‍
പെറുക്കിയിടുമ്പോഴും
അമ്മയുടെ നോട്ടത്തിലെ മൗനം
കിണറിനോളം
മറ്റാര്‍ക്കറിയാം.
അതുകൊണ്ടാണവ
തിളച്ചുതൂവിക്കരയുന്നതും.
ഒരുനാള്‍
അമ്മയൊഴിഞ്ഞ അടുക്കളയില്‍
കിണര്‍ ആദ്യമായി
തണുപ്പിന്റെ നോവറിഞ്ഞു.
അന്നുമുതലാണ്
കിണര്‍
പതുക്കെപ്പതുക്കെ
വറ്റിത്തുടങ്ങിയതും
പാതാളയാഴങ്ങളില്‍
അമ്മയ്ക്കുള്ളില്‍
ഒരുനുള്ളു നൊമ്പരമായി
അലിഞ്ഞൊടുങ്ങിയതും.