പേരുകേട്ട ചെറുകഥാകൃത്തോ ഇടതുസര്‍ക്കാറിനെ പുകഴ്ത്തുന്നയാളോ ഒന്നുമായിട്ട് ഒരു കാര്യവുമില്ല, ഈ പ്രത്യേക ജനുസ്സിനെക്കുറിച്ച് ഒരു ചുക്കുമറിയില്ല. സ്പീക്കര്‍ക്കെതിരായ പ്രമേയം നിയമസഭയില്‍ ചര്‍ച്ചചെയ്യവെ മുഖ്യന്‍ വിജയന്‍ സഖാവ് പറഞ്ഞില്ലേ, താന്‍ പ്രത്യേക ജനുസ്സാണെന്ന്. ആ വകുപ്പില്‍ പെട്ടതാണ് സംസ്ഥാന വനിതാകമ്മീഷന്‍ അദ്ധ്യക്ഷ എം.സി. ജോസഫൈന്‍. പാര്‍ട്ടിയിലൂടെ വളര്‍ന്നു സെന്‍ട്രല്‍ കമ്മറ്റിയംഗം വരെയായവള്‍. പാര്‍ട്ടിയാണ് തന്റെ പോലീസ്സും കോടതിയും എന്ന് ഉറച്ചുവിശ്വസിക്കുന്നവള്‍. അത്തരമൊരാളെ സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍മാനാക്കി പാര്‍ട്ടി നിശ്ചയിക്കുകയും ഇടതു മുന്നണി അംഗീകരിക്കുകയും ചെയ്താല്‍ ആ പ്രത്യേക ജനുസ്സില്‍ പെട്ടയാള്‍ എന്തു ചെയ്യണം? തന്റെ പോലീസും കോടതിയുമായ പാര്‍ട്ടിക്കാര്‍ക്കുവേണ്ടിമാത്രം ആ കസേരയിലിരുന്ന് പണിയെടുക്കുക. ആത്മാര്‍ത്ഥമായിതന്നെ അതു ചെയ്യുമ്പോള്‍ പെരുമാറ്റത്തിലും മനസ്സിലും ദയയില്ല, ഇത്തരക്കാരെ കാറും വലിയ ശമ്പളവും നല്‍കി നിയമിച്ചതെന്തിനാണ് എന്ന് ചോദിക്കുന്നതുപോയിട്ട് ചിന്തിക്കാന്‍ പോലും പാടില്ലാത്തതാണ്. ആ വലിയ അപരാധമാണ് ടി. പത്മനാഭന്‍ ചെയ്തത്. അതും പാര്‍ട്ടിയുടെ നേതാവ് പി. ജയരാജന്റെ മുഖത്തുനോക്കി സകല പത്രക്കാരും കേള്‍ക്കെ പറയുക എന്നത് മാപ്പര്‍ഹിക്കാത്ത അപരാധമാണ്. ജോസഫൈന്റെ സ്റ്റാലിനിസ്റ്റ് ഹൃദയവിശാലതമൂലം ടി. പത്മനാഭന്‍ ജീവനോടെ ഇരിക്കുന്നു എന്നെങ്കിലും തിരിച്ചറിയണം.
അയല്‍വാസിയുടെ അക്രമത്തില്‍ പരിക്കേറ്റ് കിടപ്പിലായ വൃദ്ധയായ സ്ത്രീ തന്റെ മുമ്പില്‍ നേരിട്ട് വന്നു പരാതി നല്‍കണമെന്നാണ് സഖാവ് ജോസഫൈന്‍ എന്ന പാവങ്ങളുടെ മിശിഹ കല്പിച്ചത്. പാര്‍ട്ടിക്കാരനല്ലാത്ത ആര്‍ക്കും അത്രയേ പരിഗണനവേണ്ടു. അതാണ് ഈ ജനുസ്സിന്റെ സവിശേഷത. ഡിഫി പ്രവര്‍ത്തകയെ പീഡിപ്പിച്ച ഷൊര്‍ണ്ണൂര്‍ എം.എല്‍.എ. ശശിയ്‌ക്കെതിരെ സുമോട്ടോ കേസ്സെടുക്കാത്തതും കഠിനംകുളം യുവതി പീഡനക്കേസ്സില്‍ പാര്‍ട്ടി നേതാക്കള്‍ പ്രതിയായപ്പോള്‍ കണ്ണടച്ചതും തന്റെ കോടതിയും പോലീസ്സും പാര്‍ട്ടിയായതിനാലാണ്. വാളയാര്‍ കേസ്സിന്റെ സ്ഥിതിയും അതുതന്നെ. എന്നാല്‍ പാലത്തായിക്കേസ് വന്നപ്പോള്‍ എന്താവേശമായിരുന്നു ജോസഫൈന്. കാരണം പ്രതി എന്നാരോപിക്കപ്പെടുന്നയാള്‍ ബിജെപിക്കാരനാണ്. പോളിങ്ങ് ഓഫീസറുടെ കാലുവെട്ടുമെന്നു ഭീഷണപ്പെടുത്തിയ കുഞ്ഞിരാമന്‍ എം. എല്‍.എയ്ക്ക് നിയമസഭയില്‍ പഞ്ചപാവം എന്നു സ്വഭാവസര്‍ട്ടിഫിക്കറ്റു നല്‍കിയ മുഖ്യന്‍ നിയോഗിച്ച വനിതാകമ്മീഷന്‍ ചെയര്‍പേഴ്‌സ്‌ന് ഇത്തരം യോഗ്യതയില്ലെങ്കില്‍ പിന്നെ എന്തു പാര്‍ട്ടി പ്രവര്‍ത്തക? ഇതൊന്നുമറിയാത്ത പത്മനാഭന് കഥയെഴുതാനേയറിയൂ; പാര്‍ട്ടിയുടെ കഥയറിയില്ല.