രാഷ്ട്രസേവനത്തിനായി സ്വന്തം ജീവിതകാലം ചെലവഴിച്ച രാഷ്ട്രസേവികാസമിതിയുടെ മുന്‍ കേരള പ്രാന്ത കാര്യവാഹിക ഡോ.ബാലസരസ്വതിയുടെ വിയോഗം ദേശസ്‌നേഹികളെ വേദനിപ്പിക്കുന്നതാണ്. 1982 മുതല്‍ 2012 വരെ നീണ്ട മുപ്പതുവര്‍ഷം സമിതിയുടെ പ്രാന്തകാര്യവാഹികയായിരുന്നു അവര്‍. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ബയോകെമിസ്ട്രി വിഭാഗം മേധാവിയായിട്ടാണ് ഔദ്യോഗിക ജീവിതത്തില്‍ നിന്നു വിരമിച്ചത്. വിരമിക്കുന്നതിനു മുമ്പും വിരമിച്ച ശേഷവും ഏകദേശം ഒരു മുഴുവന്‍ സമയപ്രവര്‍ത്തകയപ്പോലെ കേരളത്തില്‍ അങ്ങോളമിങ്ങോളം യാത്ര ചെയ്ത് സേവികാസമിതിയുടെ അടിത്തറ ശക്തിപ്പെടുത്തുകയുണ്ടായി.
നിരന്തരമായ യാത്രകളും ശിബിരങ്ങളിലെ സീമിതമായ ജീവിത സൗകര്യങ്ങളും തന്റെ ആരോഗ്യത്തെ ബാധിച്ചിരുന്നുവെങ്കിലും അതൊന്നും അത്ര കാര്യമായെടുക്കാതെയാണ് അവര്‍ ജീവിച്ചത്. സംസ്ഥാനത്ത് രാഷ്ട്ര സേവികാ സമിതിയുടെ വളര്‍ച്ചക്ക് വളരെ ഗതിവേഗം കിട്ടിയ കാലമായിരുന്നു അത്. സമിതി സ്ഥാപകയായ വന്ദനീയ മൗസിജിയുടെ നൂറാം ജന്മവാര്‍ഷികം നാഗ്പൂരില്‍ നടന്ന സമയത്ത് (2005ല്‍) കേരളത്തില്‍ നിന്ന് നൂറോളം പേരെ പങ്കെടുപ്പിച്ചു എന്നതും സമിതിയുടെ അറുപതാം വാര്‍ഷികം ദല്‍ഹിയില്‍ നടന്നപ്പോള്‍ ഒരു ഘോഷ് ഗണം കേരളത്തിന്റേതായി റൂട്ട് മാര്‍ച്ചില്‍ ഉണ്ടായിരുന്നു എന്നതും സരസ്വതി ചേച്ചിയുടെ നേതൃപാടവത്തിന്റെ ഉത്തമ ഉദാഹരണങ്ങളാണ്. അക്കാലത്ത് കേരളത്തില്‍ മൊത്തം നൂറ്റി ഇരുപതു നിത്യശാഖ ഉണ്ടായിരുന്നുവെന്നതും അഭിമാനകരം തന്നെ.
കോഴിക്കോട് തിരുവണ്ണൂരിലും ഭട്ട്‌റോഡിലുമുള്ള സരസ്വതിചേച്ചിയുടെ വീട് പരിവാര്‍ സംഘടനയില്‍ ഏതിലും വരുന്ന മുഴുവന്‍ സമയ മഹിളാ പ്രവര്‍ത്തകര്‍ക്ക് സ്വന്തം വീടുതന്നെയായിരുന്നു. സ്‌നേഹവാത്സല്യങ്ങളും, മാതൃസഹജമായ കരുതലും സംഘടനാ പ്രവര്‍ത്തനത്തില്‍ അവരുടെ മുഖമുദ്രയായിരുന്നു. അവരുടെ കൂടെ പ്രവര്‍ത്തിക്കുന്ന സേവികമാര്‍ക്ക് സാന്ത്വനവും സുരക്ഷിതത്വവും നല്‍കുക എന്നത് അവരുടെ സ്വഭാവമായിരുന്നു.
ഭര്‍തൃഗൃഹത്തിലെ സംഘാന്തരീക്ഷമാണ് അവരുടെ സംഘടനാ ജീവിതത്തിന്റെ വളര്‍ച്ചക്ക് സഹായകമായത്. ആര്‍.എസ്.എസ്സ് പ്രാന്ത വ്യവസ്ഥാപ്രമുഖായിരുന്ന സി.പി. ചന്ദ്രശേഖരനെന്ന മണിയേട്ടന്റെ മാര്‍ഗ്ഗദര്‍ശനം എന്നും അവരുടെ കരുത്തായിരുന്നു.
വളര്‍ന്നതും പഠിച്ചതും ജോലി ചെയ്തതും എല്ലാം വിപരീത സാഹചര്യത്തിലായിട്ടും സംഘത്തിന്റെ ആദര്‍ശം ഉള്‍ക്കൊള്ളാനും അതിന്റെ മാതൃവേദിയായ സേവികാസമിതിക്കുവേണ്ടി ദീര്‍ഘകാലം വഴികാട്ടിയായി മുമ്പില്‍ നടക്കാനും സാധിച്ചത് ആ ജീവിതം ധന്യമാക്കുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് കാമ്പസ്സിലെ തന്റെ വീട്ടില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ഒത്തുകൂടല്‍ സംഘടിപ്പിക്കുകയും അവരെ ദേവറസ്ജിയുടെ തലശ്ശേരി പരിപാടിയില്‍ പങ്കെടുപ്പിക്കുകയും ചെയ്തിരുന്നു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍മാരെ സംഘ പരിപാടികളിലേക്ക് ക്ഷണിച്ചുകൊണ്ടുവരുവാനും സംഘആദര്‍ശവുമായി അടുപ്പിക്കാനും അവര്‍ താല്‍പര്യമെടുത്തിരുന്നു.
(രാഷ്ട്രസേവികാസമിതി പ്രാന്തകാര്യവാഹികയാണ് ലേഖിക)