1965ല്‍ പാകിസ്ഥാന്‍ ഭാരതത്തെ ആക്രമിച്ചപ്പോള്‍, മഹാരാഷ്ട്രയില്‍ പര്യടനത്തിലായിരുന്ന ശ്രീ ഗുരുജിയെ പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രി സ്വയം ഫോണില്‍ ബന്ധപ്പെട്ട് അടുത്ത ദിവസം ദില്ലിയില്‍ നടക്കുന്ന എല്ലാ വിഭാഗത്തിലുംപെട്ട നേതാക്കന്മാരുടെ യോഗത്തില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. ഈ ക്ഷണപ്രകാരം യോഗത്തില്‍ പങ്കെടുത്ത ശ്രീ ഗുരുജി സംഘത്തിന്റെ എല്ലാ പിന്തുണയും സര്‍ക്കാരിന് വാഗ്ദാനം ചെയ്തതോടൊപ്പം ”സൈന്യത്തിന്റെ കൈകള്‍ തളച്ചിടാതെ, പ്രതിരോധത്തിനുപകരം പ്രത്യാക്രമണപരമായ തന്ത്രം ആവിഷ്‌ക്കരിക്കാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം സൈന്യത്തിന് നല്‍കണം” എന്നും ആവശ്യപ്പെട്ടു. യോഗത്തില്‍ പങ്കെടുത്ത ഒരു രാഷ്ട്രീയ നേതാവ് ശാസ്ത്രിജിയോട് നിങ്ങളുടെ സൈന്യം എന്ന് ആവര്‍ത്തിച്ചു പറഞ്ഞു. അപ്പോള്‍ ശ്രീ ഗുരുജി ”നമ്മുടെ സൈന്യമെന്നു പറയൂ” എന്ന് പറഞ്ഞുകൊണ്ട് ആ നേതാവിനെ തിരുത്തിയത് മറ്റുള്ളവരുടെയും പ്രശംസ പിടിച്ചുപറ്റി.
1965 സപ്തംബര്‍ 8ന് ദില്ലിയില്‍ നിന്ന് പുറപ്പെടുവിച്ച പ്രസ്താവനയില്‍ ശ്രീ ഗുരുജി പറഞ്ഞു: ”പാകിസ്ഥാന്‍ ആക്രമണത്തിന്റെ ഫലമായി നമ്മുടെ മേല്‍ അടിച്ചേല്പിക്കപ്പെട്ട യുദ്ധം ഗുരുതരമായ സ്ഥിതിവിശേഷത്തിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. നാമെല്ലാം സാഹചര്യങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളി സ്വീകരിച്ചുകൊണ്ട് ദൃഢതയോടെയും ധൈര്യത്തോടെയും മുമ്പോട്ടുനീങ്ങി പൂര്‍ണ വിജയം കൈവരിക്കണം എന്നതിനാല്‍ ഞാന്‍ എല്ലാ ദേശവാസികളോടും, വിശേഷിച്ചും രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സ്വയംസേവകരോടും, എവിടെ എന്തെല്ലാം പ്രശ്‌നങ്ങളുണ്ടായാലും അവ പരിഹരിക്കാന്‍ സര്‍ക്കാരിന് പൂര്‍ണമായ പിന്തുണ നല്‍കണം എന്നഭ്യര്‍ത്ഥിക്കുന്നു. നാം പൊരുതുന്നത് സത്യത്തിനും നമ്മുടെ മാതൃഭൂമിയുടെ അഖണ്ഡതക്കും ആദരവിനും വേണ്ടിയാണ്. നമ്മുടെ വിജയവും സുനിശ്ചിതമാണ്.”
യുദ്ധം 22 ദിവസം നീണ്ടുനിന്നു. ആ ദിവസങ്ങളിലെല്ലാം ദില്ലിയിലെ ഗതാഗത നിയന്ത്രണം മുതലായ, സാധാരണഗതിയില്‍ പോലീസ് നിര്‍വ്വഹിക്കുന്ന കാര്യങ്ങള്‍, പോലീസിന് മറ്റ് പ്രധാനപ്പെട്ട കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി സ്വയംസേവകരെയാണ് ഏല്പിച്ചത്. പട്ടാളത്തെ സംബന്ധിച്ചും പൗരന്മാരുടെ ഭാഗത്തുനിന്നും എന്തെങ്കിലും സഹായം ആവശ്യമായി വരുമ്പോഴെല്ലാം അവര്‍ ഉടന്‍ ബന്ധപ്പെട്ടിരുന്നത് ദില്ലിയിലെ സംഘകാര്യാലയത്തെയാണ്. ഒരു ദിവസം അര്‍ദ്ധരാത്രി സമയത്തായിരുന്നു രക്തദാനം ചെയ്യാന്‍ ആളുകള്‍ വേണമെന്നറിയിച്ച് ഒരു പട്ടാള ഉദ്യോഗസ്ഥന്റെ ഫോണ്‍ സന്ദേശം വന്നത്. അടുത്ത ദിവസം നേരം വെളുക്കുന്നതിന് മുമ്പ് തന്നെ 500 സ്വയംസേവകര്‍ രക്തദാനത്തിനായി സൈനിക ആശുപത്രിയിലെത്തി. ആശുപത്രിയിലെ വ്യവസ്ഥയനുസരിച്ച് ഓരോ രക്തദാതാവിനും 10 രൂപ നല്‍കാന്‍ ആശുപത്രി അധികൃതര്‍ ശ്രമിച്ചുവെങ്കിലും സ്വയംസേവകര്‍ അതു വാങ്ങാന്‍ കൂട്ടാക്കാതെ ആ തുക ജവാന്മാരുടെ ക്ഷേമത്തിനുവേണ്ടി വിനിയോഗിക്കാനായി അഭ്യര്‍ത്ഥിക്കുകയാണ് ചെയ്തത്.
1965 ഡിസംബര്‍ 12ന് ഓര്‍ഗനൈസര്‍ വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ഭാരത പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രി താഷ്‌കന്റിലേക്ക് പോകുന്നതിനെ സംബന്ധിച്ച് ശ്രീ ഗുരുജി പ്രകടിപ്പിച്ച അഭിപ്രായം ഇപ്രകാരമായിരുന്നു: ”എന്റെ അഭിപ്രായത്തില്‍ പ്രധാനമന്ത്രി താഷ്‌കന്റിലേക്ക് പോകുന്നത് ഉചിതമല്ല. കാരണം, ആക്രമണകാരിയേയും ആക്രമണത്തിന് വിധേയരായവരേയും ഒരുപോലെ കണ്ടുകൊണ്ടാണ് ചര്‍ച്ചകള്‍ക്കായി ക്ഷണിച്ചിരിക്കുന്നത്. താഷ്‌കെന്റില്‍ എന്തെങ്കിലും ഒത്തുതീര്‍പ്പ് ഉണ്ടായെങ്കില്‍ തന്നെ അത് ഭാരതവര്‍ഷത്തിന്റെ ഹിതത്തിന് അത്യന്തം ഘാതകമായിരിക്കും. പാകിസ്ഥാന്‍ ഇപ്പോഴും ആക്രമണത്തിന്റെ കാഴ്ചപ്പാടാണ് വെച്ചുപുലര്‍ത്തുന്നത്. അതുകൊണ്ട് വലിയൊരളവോളം വീണ്ടും യുദ്ധം അനിവാര്യമാകും.” ശ്രീ ഗുരുജിയുടെ പ്രവചനം എത്രമാത്രം ശരിയായിരുന്നുവെന്ന് കാലം തെളിയിക്കുകയും ചെയ്തു.
ദേശത്തിലെ ഓരോ പ്രദേശത്തിന്റെയും ഭൂമിശാസ്ത്രപരവും ഭൂരാഷ്ട്രതന്ത്രപര (ജിയോപൊളിറ്റിക്കല്‍) വുമായ പ്രാധാന്യത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് ശ്രീ ഗുരുജിക്ക് ഉണ്ടായിരുന്നു. 1966 മാര്‍ച്ച് 24ന് ഒരു വാര്‍ത്താ ഏജന്‍സിക്ക് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പ്രകടിപ്പിച്ച അഭിപ്രായം ഈ വസ്തുതയെ വ്യക്തമാക്കുന്നതാണ്. ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ ആകസ്മിക മരണം, താഷ്‌കെന്റ് ഉടമ്പടി എന്നിവയെല്ലാം ഈ അഭിമുഖത്തില്‍ വിഷയങ്ങളായിരുന്നു. അഭിമുഖത്തില്‍ ശ്രീ ഗുരുജി പറഞ്ഞു: ”ശ്രീ ശാസ്ത്രിജിക്ക് എഴുത്തയച്ച് ജാഗ്രത പുലര്‍ത്തണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഹാജീപീര്‍ മുതലായ പ്രദേശങ്ങള്‍ വിട്ടുകൊടുക്കില്ലെന്നും, കാശ്മീര്‍ പ്രശ്‌നം ചര്‍ച്ചയുടെ ഭാഗമായിരിക്കില്ലെന്നും അദ്ദേഹം വാക്കാല്‍ എനിക്ക് സന്ദേശം അയച്ചിരുന്നു. രാഷ്ട്രപതി രാധാകൃഷ്ണനും ഹാജീപീറില്‍ നിന്ന് പിന്‍വാങ്ങുന്ന പ്രശ്‌നമില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഹാജീപീര്‍ വിട്ടുകൊടുക്കില്ലെന്നും, പാക് അധീന കാശ്മീരിന്റെ അതിര്‍ത്തിരേഖ നിശ്ചയിച്ച് അവിടംവരെ ഭാരതസേന പിന്മാറുമെന്നുമുള്ള നിലപാടില്‍ ഉറച്ചുനിന്ന് ആയിരിക്കും പാകിസ്ഥാനുമായി ഒത്തുതീര്‍പ്പുകരാറുണ്ടാക്കുക എന്നതായിരുന്നു പൊതുവായുണ്ടായിരുന്ന ധാരണ. എന്നാല്‍ സംഭവിച്ചത് അങ്ങനെയായിരുന്നില്ല. റഷ്യന്‍ നേതാക്കന്മാരുടെ സമ്മര്‍ദ്ദത്തിനു ശാസ്ത്രിജിക്ക് വഴങ്ങേണ്ടിവന്നു.” (സ്മൃതി പാരിജാത്, പുറം 108)
ദേശം നേരിടാനിരിക്കുന്ന വിപത്തുകളെക്കുറിച്ച് മുന്‍കൂട്ടി അറിയാന്‍ ശ്രീ ഗുരുജിക്ക് സാധിച്ചിരുന്നു. ഇതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞിരുന്നത് ”മാതൃഭൂമിയോട് അനന്യമായ ഭക്തി ഹൃദയത്തിലുണ്ടെങ്കില്‍, മാതൃഭൂമി നേരിടാനിരിക്കുന്ന സുഖകരവും ദുഃഖകരവുമായ സംഭവങ്ങളെക്കുറിച്ചുള്ള അനുഭൂതി സഹജമായും ഉണ്ടാകും” എന്നാണ്.
1971 ജൂലായ് 11ന് സംഘത്തിന്റെ കേന്ദ്രീയ കാര്യകാരി മണ്ഡല്‍ അംഗീകരിച്ച ‘ബംഗ്ലാദേശില്‍ പാകിസ്ഥാന്റെ പൈശാചിക നൃത്തം’ എന്ന പേരോടുകൂടിയ പ്രമേയത്തില്‍ ”ബംഗ്ലാദേശില്‍ ഹിന്ദുക്കളെ ഉന്മൂലനം ചെയ്യുന്ന പ്രവര്‍ത്തനം പാകിസ്ഥാന്‍ ആരംഭിച്ചു കഴിഞ്ഞു. അതിന്റെ ഫലമായി 70 ലക്ഷം ഹിന്ദുക്കള്‍ ഭാരതത്തിലെത്തിക്കഴിഞ്ഞു. വളരെ വൈകാതെ അവിടെയുള്ള അവശേഷിക്കുന്ന ഹിന്ദുക്കളും എത്താന്‍ സാധ്യതയുണ്ട്” എന്ന് വ്യക്തമാക്കിയിരുന്നു. (ആര്‍.എസ്.എസ്. റിസോള്‍വ്‌സ് – പുറം 68)
വീണ്ടും 1971 ഒക്‌ടോബര്‍ 17ന് കാര്യകാരി മണ്ഡല്‍ ‘ബംഗ്ലാദേശിനോട് ഭാരതത്തിനുള്ള കര്‍ത്തവ്യം’ എന്ന പേരില്‍ അംഗീകരിച്ച മറ്റൊരു പ്രമേയത്തില്‍ ഇങ്ങനെ ആവശ്യപ്പെട്ടിരുന്നു: ”ഭാരതത്തെ ആക്രമിക്കാനുള്ള ദുഃസാഹസം പാകിസ്ഥാന്‍ കാണിക്കുന്ന സാഹചര്യത്തില്‍, ഭരണകൂടം ധൈര്യത്തോടെയും ദൃഢതയോടെയും ഭാരതീയ സൈന്യത്തിലെ വിജിഗീഷുക്കളും പരാക്രമികളുമായ ജവാന്മാരുടെ സഹായത്തോടെ വീണ്ടുമൊരു സാഹസത്തിനു തുനിയാന്‍ അവര്‍ക്ക് സാധിക്കാത്തവണ്ണം അവരുടെ ശക്തി ഇല്ലാതാക്കി പാകിസ്ഥാനെ നല്ലൊരു പാഠം പഠിപ്പിക്കണം. അതോടൊപ്പം അവിടെ നിന്ന് എത്തിയവര്‍ക്കെല്ലാം സമാധാനത്തോടെയും ആദരവോടെയും അവരവരുടെ വീടുകളിലേക്ക് തിരിച്ചുപോകാന്‍ സാഹചര്യം സൃഷ്ടിക്കുംവിധം ബംഗ്ലാദേശിലെ പ്രശ്‌നം ശരിയാവണ്ണം പരിഹരിക്കണം.” (ആര്‍.എസ്.എസ്. റിസോള്‍വ്‌സ് – പുറം 70)
ഡിസംബര്‍ 3ന് യുദ്ധപ്രഖ്യാപനം ഉണ്ടായതിനെ തുടര്‍ന്ന് ഡിസംബര്‍ 8ന് നാഗപ്പൂരില്‍ നടത്തിയ പ്രസ്താവനയില്‍ ”രാഷ്ട്രഹിതം സര്‍വോപരിയാണ്. വ്യക്തി, രാഷ്ട്രീയകക്ഷി എന്നിവയെക്കുറിച്ച് ചിന്തിക്കുന്നത് അപ്രസക്തമാണ്. അതുകൊണ്ട്, ഇപ്പോള്‍ നമ്മുടെ രാഷ്ട്രം യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കപ്പെട്ട സാഹചര്യത്തില്‍, ഓരോ സ്വയംസേവകനും, ഓരോ സംഘപ്രേമിയും വ്യക്തിപരമായും സംഘത്തിനുവേണ്ടിയും ദേശരക്ഷക്കുവേണ്ടിയുള്ള എല്ലാ കാര്യങ്ങളിലും സര്‍ക്കാരിന് ആത്മാര്‍ത്ഥമായ സഹായം നല്‍കേണ്ടത് സ്വാഭാവികം മാത്രമാണ്.” ഈ പ്രസ്താവനയുടെ ലക്ഷക്കണക്കിന് പ്രതികള്‍ സ്വയംസേവകര്‍ വീടുകള്‍തോറും വിതരണം ചെയ്യുകയും സാമൂഹ്യസംഘടനകള്‍, വ്യക്തികള്‍ എന്നിവരുമായി സഹകരിച്ച് അവര്‍ രാഷ്ട്രരക്ഷാ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുകയും ചെയ്തു.
കഴിഞ്ഞ യുദ്ധസമയങ്ങളിലെന്നപോലെ സ്വയംസേവകര്‍ ഈ യുദ്ധസമയത്തും രാജസ്ഥാന്‍, വടക്കന്‍ പഞ്ചാബ്, ജമ്മു-കാശ്മീര്‍, ഉത്തര്‍പ്രദേശ്, ബീഹാര്‍, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ അധികാരികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുകയും ജനങ്ങളുടെ സഹകരണം ഉറപ്പാക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ നിര്‍വ്വഹിക്കുകയും ചെയ്തു. ഉത്തര്‍പ്രദേശില്‍ ജനജാഗരണ പ്രവര്‍ത്തനം വ്യവസ്ഥാപിതമായ രീതിയില്‍ നടത്തി അഞ്ചാംപത്തികളുടെ ഗതിവിഗതികളുടെ കാര്യത്തില്‍ ആവശ്യമായ ജാഗരൂകത പുലര്‍ത്താനുള്ള വ്യവസ്ഥയും ഒരുക്കി. ദില്ലിയില്‍ റേഡിയോ കോളനിയില്‍, ആകാശവാണി നിലയം തുടങ്ങിയ തന്ത്രപ്രധാനമായ പ്രതിഷ്ഠാപനങ്ങള്‍, നജീരാബാദിലെ ജലാശയം എന്നിവയുടെ സുരക്ഷയുടെ ഉത്തരവാദിത്തം കിങ്ങ്‌സ്‌വേ ക്യാമ്പ് പോലീസ് സ്റ്റേഷന്‍ അധികാരികള്‍ സ്വയംസേവകരെയാണ് ഏല്പിച്ചത്.
1971 ഡിസംബര്‍ 7ന് പാക് വിമാനങ്ങള്‍ രാജസ്ഥാനിലെ ബാഡ്‌മേര്‍ റെയില്‍വെ സ്റ്റേഷനില്‍ ബോംബാക്രമണം നടത്തിയപ്പോള്‍, 50 ഓളം സ്വയംസേവകര്‍ ഉടന്‍തന്നെ സ്വന്തം സുരക്ഷ വകവെക്കാതെ അപകടം പതിയിരിക്കുന്ന ആ സ്ഥലത്തെത്തി. പെട്രോള്‍ വീപ്പകള്‍ കയറ്റിയ ഒരു ഗുഡ്‌സ്‌വണ്ടി അവിടെ ഉണ്ടായിരുന്നു. നിരന്തരം നടക്കുന്ന ബോംബാക്രമണത്തെ അവഗണിച്ച് സ്വയംസേവകര്‍ ആ പെട്രോള്‍ വീപ്പകള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത് വന്‍നാശനഷ്ടം ഒഴിവാക്കുന്നതിന് സഹായകമായി.
പഞ്ചാബില്‍ പാകിസ്ഥാന്റെ അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന ഫാജില്‍ക നഗരത്തില്‍ പെട്ടെന്ന് ആക്രമണവും ബോംബ് വര്‍ഷവുമുണ്ടായപ്പോള്‍ ബഹുഭൂരിപക്ഷം ജനങ്ങളും സുരക്ഷിത സ്ഥാനങ്ങളിലേക്ക് നീങ്ങാന്‍ തുടങ്ങി. ജില്ലാ കളക്ടറും മറ്റ് ഉദ്യോഗസ്ഥന്മാരും അവിടം വിട്ടുപോകാന്‍ തയ്യാറെടുത്ത് തുടങ്ങി. ഇത് മനസ്സിലാക്കിയ സംഘത്തിന്റെ അവിടത്തെ ജില്ലാ സംഘചാലക് കളക്ടര്‍ക്ക് പഞ്ചാബി ദേശഭക്തിഗാനം കേള്‍പ്പിച്ച് അദ്ദേഹത്തിന്റെ ഉത്സാഹവും ആത്മധൈര്യവും വളര്‍ത്തി. കൂടുതല്‍ സൈന്യമെത്തി നഗരത്തിന്റെ സുരക്ഷ ഉറപ്പാക്കി.
ബംഗാളിലാകട്ടെ, സംഘകാര്യകര്‍ത്താക്കന്മാര്‍ സാന്‍ഡ്വിച്ച് അടങ്ങിയ 15000 പാക്കറ്റുകള്‍ സൈനിക അധികാരികള്‍ക്ക് കൈമാറി. ”ബംഗ്ലാദേശില്‍ മനുഷ്യത്വരഹിതമായ അതിക്രമങ്ങള്‍ കാണിച്ച പാകിസ്ഥാന്‍ പട്ടാളത്തെ ഇത്രയും പെട്ടെന്ന് പരാജയപ്പെടുത്തി നിങ്ങള്‍ അനന്യമായ പരാക്രമം പ്രകടമാക്കിയതോടൊപ്പം ഭാരതത്തിന്റെ പുരാതനമായ, പ്രേരണാദായകമായ ശൗര്യത്തിന്റെ പാരമ്പര്യത്തെ മുമ്പോട്ടു കൊണ്ടുപോവുകയും ചെയ്തിട്ടുണ്ട്. മുഴുവന്‍ രാഷ്ട്രവും നിങ്ങളെയോര്‍ത്ത് അങ്ങേയറ്റം അഭിമാനിക്കുന്നു” എന്ന സന്ദേശം ഓരോ പാക്കറ്റിലും അടക്കം ചെയ്തിരുന്നു.
ഭാരതം ബാഹ്യവും ആന്തരികവുമായ വെല്ലുവിളികള്‍ നേരിട്ടപ്പോഴെല്ലാം സര്‍വ്വസ്വവും ത്യജിച്ച് ഭാരതമാതാവിന്റെ രക്ഷയ്ക്കുവേണ്ടി, തിരിച്ചു യാതൊന്നും പ്രതീക്ഷിക്കാതെ സമര്‍പ്പണ ബോധത്തോടെ സംഘപ്രവര്‍ത്തകര്‍ യാതൊരു ബാഹ്യപ്രേരണയും കൂടാതെ ഉണര്‍ന്നു പ്രവര്‍ത്തിച്ചതിനു പിന്നില്‍ ശ്രീഗുരുജിയുടെ പ്രേരണയായിരുന്നു എന്ന് നിസ്സംശയം പറയാനാകും.
(അവസാനിച്ചു)
Comments