കോണ്‍ഗ്രസ്സുകാരും മാര്‍ക്‌സിസ്റ്റുകാരും മമത ബാനര്‍ജിയും പറയുന്നത് അസറുദ്ദീന്‍ ഒവൈസിയും അബ്ബാസ് സിദ്ധിഖിയുമൊക്കെ നരേന്ദ്രമോദിയുടെ ബിനാമികളാണെന്നാണ്. കഴിഞ്ഞ ബീഹാര്‍ തിരഞ്ഞെടുപ്പില്‍ ഒവൈസിയുടെ എഐഎംഐഎം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി അഞ്ച് സീറ്റുനേടി. ഫലമോ, മുസ്ലിം വോട്ടില്‍ കണ്ണുനട്ട് വിജയം സ്വപ്‌നം കണ്ട വിശാല ഖഡ്ബന്ധനത്തിന്റെ പെട്ടിയില്‍ വീഴേണ്ട മുസ്ലിംവോട്ട് എന്ന മീന്‍ കഷണം ഒവൈസി എന്ന പൂച്ച കടിച്ചുകൊണ്ടുപോയി. അതേ സംഗതി ബംഗാളിലും ആവര്‍ത്തിക്കാന്‍ പോകുന്നു.
ബംഗാളില്‍ ഹുഗ്‌ളിയിലെ മുസ്ലിം മതപണ്ഡിതനായ അബ്ബാസ് സിദ്ധിഖി ‘ഇന്ത്യന്‍ സെക്കുലര്‍ പാര്‍ട്ടി’ എന്ന പേരില്‍ ഒരു മുസ്ലിം പാര്‍ട്ടി ഉണ്ടാക്കി മത്സരിക്കാന്‍ പോകുന്നു. സംസ്ഥാന വോട്ടര്‍മാരില്‍ 31 ശതമാനം മുസ്ലിങ്ങളാണെന്നും 125 ന്യൂനപക്ഷ ആധിപത്യ മണ്ഡലങ്ങള്‍ ഉണ്ടെന്നും 85 മണ്ഡലങ്ങളില്‍ 35 ശതമാനത്തില്‍ അധികമാണെന്നുമാണ് സിദ്ധിഖിയുടെ വാദം. തന്റെ പാര്‍ട്ടിയിലെ മന്ത്രിമാരും എം.എല്‍. എമാരും രാജിവെച്ചു ബിജെപിയിലേക്ക് ചേക്കേറുമ്പോള്‍ ഈ മുസ്ലിം വോട്ടിന്റെ ബലത്തിലായിരുന്നു മമത വീരസ്യം വിളമ്പിയിരുന്നത്. ബീഹാറില്‍ ഖഡ്ബന്ധന് പറ്റിയത് ബംഗാളില്‍ മമതയ്ക്കും സംഭവിക്കാന്‍ പോകുന്നു. അതുകൊണ്ടുള്ള ഭയം കൊണ്ടാവാം സിദ്ധിഖി ബിജെപിയുടെ ബിനാമിയാണെന്ന് മമത പറയുന്നത്. മുസ്ലിം വോട്ടുബാങ്ക് എന്ന തീക്കൊള്ളിക്കൊണ്ട് തല ചൊറിഞ്ഞവരൊക്കെ ഇപ്പോള്‍ അനുഭവിക്കുകയാണ്.