ഏതാനും ദിവസം മുന്നേ അമേരിക്കയുടെ ക്യാപിടോള്‍ ഹില്‍സില്‍ (പാര്‍ലമെന്റ്‌സമുച്ചയം) അരങ്ങേറിയ പ്രക്ഷോഭം രണ്ടുനൂറ്റാണ്ടു പഴക്കമുള്ള അവരുടെ ജനാധിപത്യ പാരമ്പര്യത്തിനു തന്നെ ഒരു കനത്ത പ്രഹരമായി. ലോകത്തിലെ ഏറ്റവുംപഴക്കംചെന്ന, എഴുത്തുരൂപത്തിലുള്ള ഭരണ സംവിധാനം (written constitution)ഈ തരത്തില്‍ അപകീര്‍ത്തിപ്പെടുമെന്ന് ജനാധിപത്യ വിശ്വാസികളാരും കരുതിയിട്ടുണ്ടാവില്ല. ചൈനയടക്കമുള്ള കമ്മ്യൂണിസ്റ്റ് ഏകാധിപതികള്‍ക്ക്, ജനാധിപത്യവ്യവസ്ഥിതിയെ ചോദ്യംചെയ്യുവാനുള്ള ഒരു അവസരമായിതന്നെ ഈ സംഭവത്തെ വിലയിരുത്തണം. ഞങ്ങള്‍ നിങ്ങളെക്കാളും പവിത്രരാണ് (holier than though) എന്ന് പെരുമ്പറ കൊട്ടുവാന്‍ സഖാക്കള്‍ക്ക് ഒരവസരം കിട്ടിയിരിക്കുന്നു.
പരാജയപ്പെട്ടു സ്ഥാനമൊഴിയേണ്ടിവരുന്ന പ്രസിഡന്റിനെ അനുകൂലിക്കുന്നവര്‍ പ്രതിഷേധം സംഘടിപ്പിച്ചത് തിരഞ്ഞെടുപ്പിലെ അപാകത ചൂണ്ടിക്കാണിച്ചായിരുന്നു. അവരില്‍ ചിലര്‍ ജനാധിപത്യമര്യാദവിട്ട് അക്രമാസക്തരായി എന്നാണ് പരമാര്‍ത്ഥം. ജനവിധി വെളിപ്പെട്ടതിനുശേഷം തിരഞ്ഞെടുപ്പിനെ തന്നെ ചോദ്യംചെയ്യുന്നത് ആട്ടം അറിയാത്തപെണ്ണ് അരങ്ങിന്റെ കുറ്റം കാണുന്നതു പോലെയല്ലേ? പ്രക്ഷോഭകരുടെ ജനാധിപത്യമര്യാദയെ കളങ്കപ്പെടുത്തുവാന്‍ ആരെങ്കിലും മനഃപൂര്‍വ്വം നുഴഞ്ഞുകയറി സംഘടിപ്പിച്ചതാണോ ഈ ദുരന്തനാടകം? ഈ ചോദ്യങ്ങള്‍ക്കൊക്കെ ഉത്തരം അന്വേഷണത്തിനു ശേഷമേ കിട്ടുകയുള്ളൂ. എങ്കിലും ആധുനിക ജനാധിപത്യത്തില്‍ അമേരിക്കയുടെ പകുതിപോലും പാരമ്പര്യം അവകാശപ്പെടാനില്ലാത്ത, പക്ഷെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യ ലോകത്തിന് കാഴ്ചവെച്ച മാതൃക ഈ സന്ദര്‍ഭത്തില്‍ സ്മരണീയമാണ്.
1996 ലെ തിരഞ്ഞെടുപ്പില്‍ ഒരുകക്ഷിക്കും വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്നില്ല. ഏറ്റവും വലിയ ഒറ്റകക്ഷിയായ ഭാരതീയ ജനതാ പാര്‍ട്ടിയുടെ നേതാവായിരുന്ന സ്വര്‍ഗ്ഗീയ അടല്‍ ബിഹാരിവാജ്‌പേയിയെ, രാഷ്ട്രപതി മന്ത്രിസഭ രൂപീകരിക്കുവാന്‍ ക്ഷണിച്ചു. പരസ്പരം പോരടിച്ചു കഴിഞ്ഞിരുന്ന ഇടതുപക്ഷ കക്ഷികളും കോണ്‍ഗ്രസ്സും യോജിച്ചു. ഒരുതരത്തിലും ജനാധിപത്യമര്യാദ ലംഘിക്കുവാന്‍ തയ്യാറല്ലായിരുന്ന വാജ്‌പേയി സര്‍ക്കാര്‍ പതിമൂന്നു ദിവസത്തിനുശേഷം സ്ഥാനമൊഴിഞ്ഞു. തുടര്‍ന്നു അധികാരത്തിലേറിയ കോണ്‍ഗ്രസ്സും സഖാക്കളും ചമച്ചെടുത്ത മുന്നണി സംവിധാനം ഒരുവര്‍ഷത്തില്‍ രണ്ടുപേരെ പ്രധാനമന്ത്രി പദവിയില്‍ അരങ്ങേറ്റി ഭരിച്ചെങ്കിലും സ്ഥിരത നല്‍കാനാകാതെ ഒഴിഞ്ഞുപോയി. തുടര്‍ന്നുണ്ടായ 1997ലെ തിരഞ്ഞെടുപ്പില്‍ അടല്‍ജിയുടെ നേതൃത്വത്തില്‍ എന്‍.ഡി.എ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്നു.
പതിമൂന്നു മാസങ്ങള്‍ക്കുശേഷം വാജ്പായ് സര്‍ക്കാര്‍ വീണ്ടും പരീക്ഷണം നേരിട്ടു. സഖ്യകക്ഷിയായ ജയലളിതയുടെ എഐഡിഎംകെ കരുണാനിധിയുടെ സര്‍ക്കാറിനെ പുറത്താക്കണമെന്നൊരു ആവശ്യം മുന്നോട്ടുവെച്ചു. ജനാധിപത്യ രീതിക്ക് ഉചിതമല്ലാത്തതിനാല്‍ വാജ്‌പേയി അതു നിരസിച്ചു. ജയലളിത പിന്തുണ പിന്‍വലിച്ചു. നിലവിലെ രാഷ്ട്രപതി കെ.ആര്‍.നാരായണന്‍ പ്രധാനമന്ത്രിയോട് സഭയില്‍ ഭൂരിപക്ഷം തെളിയിക്കുവാന്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷത്തെ ഭിന്നതകാരണം അവിശ്വാസപ്രമേയത്തിന് ഭൂരിപക്ഷപിന്തുണ ഉറപ്പില്ലായിരുന്നു. രാഷ്ട്രപതി ചിലപ്രതിപക്ഷകക്ഷികളുടെ ഉപദേശം സ്വീകരിച്ച് സര്‍ക്കാറിനോട് ഭൂരിപക്ഷം തെളിയിക്കുവാന്‍ ആവശ്യപ്പെടുകയായിരുന്നു. ഒരുവോട്ടിന് സര്‍ക്കാര്‍ പരാജയപ്പെട്ടു. ഈ ഒരു വോട്ടു കോണ്‍ഗ്രസ്സിന്റെ എം.പിയുടേതായിരുന്നു. ഗിരിധര്‍ കാനന്‍ഗോ, ഒറീസ്സയുടെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. രാജി സമര്‍പ്പിച്ചിട്ടില്ലായിരുന്നു. ചട്ടങ്ങളനുസരിച്ച് ഒരാള്‍ക്ക് രണ്ടു പദവികള്‍ വഹിക്കുവാന്‍ സാധിക്കില്ല. പ്രശ്‌നം സഭയില്‍ ഉന്നയിച്ചപ്പോള്‍ രാജിവക്കാത്തതുകാരണം അദ്ദേഹത്തിനു വോട്ടുചെയ്യാമെന്ന് വിധിച്ചു. അനീതിയാണെന്ന് ബോധ്യമുണ്ടായിട്ടും അടല്‍ജി രാജി സമര്‍പ്പിച്ചു. രാഷ്ട്രപതി കീഴ്‌വഴക്കത്തിനു വിപരീതമായിതന്നെയാണ് സഭയുടെ വിശ്വാസം തേടുവാന്‍ നിര്‍ദ്ദേശിച്ചതെന്നും, സഭയില്‍ വോട്ട്‌ചെയ്യുവാന്‍ അവകാശമില്ലാത്ത ഒരു അംഗത്തിന്റെ വോട്ട്കാരണം ഭൂരിപക്ഷം നഷ്ടപ്പെട്ടത് പരമോന്നത ന്യായപീഠത്തില്‍ ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും ബോധ്യമുണ്ടായിട്ടും അടല്‍ജി, രാജിസമര്‍പ്പിക്കുകയാണുണ്ടായത്. സഭയിലെ അദ്ദേഹത്തിന്റെ പ്രസംഗം സ്മരണീയമാണ്. ഹം സഥാ മെ രഹെം, ന രഹെം, സംവിധാന്‍ ചല്‍നാ ചാഹിയെ (ഞങ്ങളുടെ ഭരണം ഉണ്ടെങ്കിലും ഇല്ലെങ്കിലും, ഭരണഘടന നിലനില്‍ക്കണം.) കാരണം ഭരണഘടനാ സ്തംഭനം അടല്‍ജി ഇഷ്ടപ്പെട്ടിരുന്നില്ല. നിയമം തലനാരിഴകീറി വ്യക്തത വരുത്തിയാലും അത് രാഷ്ട്രത്തിന്റെ മനഃസ്സാക്ഷിക്ക് പകരമാവില്ല. ഭാരതീയ ജനാധിപത്യവ്യവസ്ഥിതിക്ക് അന്ന് കേവലം നാലുദശകത്തിന്റെ പാരമ്പര്യമേ അവകാശപ്പെടാനുണ്ടായിരുന്നുള്ളൂ . പക്ഷെ ഭരണത്തിന്റെ സാരഥി ജനാധിപത്യത്തില്‍ വിശ്വാസമര്‍പ്പിച്ചവനും പരിണതപ്രജ്ഞനുമായിരുന്നു. ട്രംപിനും അനുയായികള്‍ക്കും ഇല്ലാതെ പോയത് ആ ജനാധിപത്യമര്യാദയാണ്.
സര്‍ക്കാര്‍ രാജിസമര്‍പ്പിച്ചതിനു ശേഷമാണ് ബജറ്റ് പാസ്സായിട്ടില്ല എന്ന് രാഷ്ട്രപതി ഓര്‍ത്തത്. അദ്ദേഹം പ്രധാനമന്ത്രിയോട് സഭ വിളിച്ച് ബജറ്റ് പാസ്സാക്കുവാന്‍ നിര്‍ദ്ദേശിച്ചുവെങ്കിലും, സഭയില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ട തന്റെ സര്‍ക്കാറിന് അതിന് അവകാശമില്ല എന്ന് മറുപടികൊടുത്തതായി അടല്‍ജി തന്നെ ഒരു ചാനലിന് അനുവദിച്ച ആഭിമുഖത്തില്‍ വ്യക്തമാക്കുകയും ചെയ്തു. ഇവിടെ പ്രസക്തമായൊരു ചോദ്യം ബാക്കി നില്‍ക്കുന്നു. എന്തുകൊണ്ട് രാഷ്ട്രപതി ബജറ്റ് ലോകസഭയില്‍ പാസ്സാകുന്നതു വരെയെങ്കിലും വിശ്വാസവോട്ട് നീട്ടിക്കൊടുത്തില്ല? സഭയില്‍ അവിശ്വാസപ്രമേയം ഉണ്ടായിരുന്നില്ലല്ലോ.
പ്രതിപക്ഷനേതാവായ സോണിയാഗാന്ധിയെ കീഴ്‌വഴക്കമനുസരിച്ച് ഭൂരിപക്ഷം തെളിയിക്കുവാന്‍ ക്ഷണിച്ചു. പക്ഷെ സോണിയാഗാന്ധിക്ക് ഒരുമാസത്തെ സമയമാണ് അനുവദിച്ചത്. രാഷ്ട്രപതിയുടെ നിര്‍ണ്ണയങ്ങള്‍ നിഷ്പക്ഷമായിരുന്നോ എന്ന് ആരാനും ശങ്കിച്ചാല്‍ കുറ്റംപറയുവാന്‍ പറ്റുമോ? അതും ചരിത്രം വിലയിരുത്തട്ടെ.
പക്ഷെ രാഷ്ട്രപതിയുടെ അനുഗ്രഹാശിസ്സുകളുണ്ടായിട്ടും സോണിയാഗാന്ധിയുടെ സ്വപ്‌നം പൂവണിഞ്ഞില്ല. ഭൂരിപക്ഷം തികക്കുവാന്‍ മുലായംസിംഗ്‌യാദവ് നയിക്കുന്ന സമാജ്‌വാദി പാര്‍ട്ടിയുടെ പിന്തുണ വേണ്ടിയിരുന്നു. എന്‍.ഡി.എ സര്‍ക്കാറിനുവേണ്ടി വോട്ടുചെയ്തില്ലെങ്കിലും, പകരം ഒരു വിദേശിവനിതയെ അധികാരത്തിലേറ്റുവാന്‍ അദ്ദേഹത്തിനു താല്‍പര്യമില്ലായിരുന്നു. കോണ്‍ഗ്രസ്സുകാരും കമ്മ്യൂണിസ്റ്റുകാരുമടക്കം എല്ലാവരും കിണഞ്ഞു ശ്രമിച്ചിട്ടും അതു നേടാനായില്ല. മുലായംസിംഗ് അപ്രത്യക്ഷനായി. പ്രത്യക്ഷപ്പെടുന്നത് വിശ്വാസവോട്ടിനു അനുവദിച്ച സമയം തീര്‍ന്നതിനു ശേഷം മാത്രം.
ട്രംപും മോദിയും സുഹൃത്തുക്കളാണെന്നും ഒരേ ചിന്താഗതിക്കാരാണെന്നും ആക്ഷേപിക്കുന്നവര്‍ പ്രതിപക്ഷനിരയിലുണ്ട്. ഏഴാംകടലിനക്കരെ തികച്ചും വ്യത്യസ്തമായ സാഹചര്യത്തില്‍ ജനിച്ച്‌വളര്‍ന്ന് രാഷ്ട്രീയക്കാരനായ ട്രംപും ഭാരതത്തില്‍ രാഷ്ട്രസേവനത്തിനു ജീവിതം സമര്‍പ്പിച്ച മോദിയും പൂര്‍വ്വകാല സുഹൃത്തുക്കളല്ല. നയതന്ത്രപരമായി രാഷ്ട്രത്തലവന്മാര്‍ ഇടപെടുവാനും, സുഹൃദ്ബന്ധം പുലര്‍ത്തുവാനും ബാധ്യസ്ഥരാണ്. ഇവിടുത്തെ പ്രതിപക്ഷത്തിന്റെ അപേക്ഷ പരിഗണിച്ച്, ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ, വിസ നിഷേധിക്കപ്പെട്ട മോദിക്ക്, അതേ അമേരിക്കതന്നെ വിസ കൊടുക്കുകയും അമേരിക്കയില്‍ ഊഷ്മളമായ വരവേല്‍പ്പുകൊടുക്കുകയും ചെയ്തുവല്ലോ? കാരണം വ്യക്തിപരമായ നിഗമനങ്ങള്‍ എന്ത് തന്നെയായാലും ജനാധിപത്യരീതിയില്‍ അധികാരത്തിലെത്തിയ ഒരു നേതാവിനെ പരിഗണിക്കാതിരിക്കാന്‍ അതൊന്നും പര്യാപ്തമല്ല. ഗുജറാത്തിലെ ഭൂരിപക്ഷംവരുന്ന ജനങ്ങള്‍ തിരഞ്ഞെടുത്ത ഒരു മുഖ്യമന്ത്രിക്ക് വിസ നിഷേധിച്ച പഴയതെറ്റ് തിരുത്തുകയാണ് അമേരിക്ക ചെയ്തത്. രാഷ്ട്രത്തലവന്മാരുടെ ബന്ധം വ്യക്തിപരമല്ല എന്ന് താല്‍പര്യം.
കോണ്‍ഗ്രസ്സിന്റെ ജനാധിപത്യപാരമ്പര്യം കൂടി ഒന്നുപരിശോധിക്കേണ്ടേ? അടിയന്തിരാവസ്ഥ യെ മാറ്റി നിര്‍ത്തിയാലും ഈ പാര്‍ട്ടിയുടെ ചില ചെയ്തികള്‍ ജനാധിപത്യ വിരുദ്ധമായിരുന്നു എന്നുകാണാം. ഉദാഹരണത്തിന് 1966ല്‍ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കേ ഡല്‍ഹിയില്‍ സന്യാസിമാരുടെ റാലിയെ നേരിട്ടരീതി. സന്യാസിമാര്‍ ഭരണഘടന അനുശാസിക്കുന്നതുപോലെ ഗോവധത്തിന് നിയമനിര്‍മ്മാണം ആവശ്യപ്പെട്ട് ലോക്‌സഭയിലേക്ക് മാര്‍ച്ച് നടത്തുകയായിരുന്നു. അക്രമം ആരോപിച്ച് പോലീസ് റാലി തടഞ്ഞു. സന്യാസിമാര്‍ പിന്മാറിയില്ല. പോലീസ ്‌വെടിവെപ്പുണ്ടായി. ലോക്‌സഭാ മന്ദിര പരിസരത്ത് സന്യാസിമാരുടെ ചോരവീണു. കുറച്ചുപേര്‍ കൊല്ലപ്പെട്ടു. ആഭ്യന്തരമന്ത്രിയായിരുന്ന ഗുല്‍സാരിലാല്‍ നന്ദ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെച്ചു. രാഷ്ട്രത്തിന് സത്യസന്ധനും നീതിമാനുമായിരുന്ന ഒരു ഭരണാധികാരിയെ നഷ്ടപ്പെട്ടു. ഇന്ദിരാഗാന്ധി ഒരുവെടിക്ക് രണ്ടുപക്ഷികളെ വീഴ്ത്തി. ഹൈന്ദവരുടെ നൂറ്റാണ്ടുപഴക്കമുള്ള ഒരു ആവശ്യം നിരാകരിച്ചു. തനിക്ക് ഉള്‍ക്കൊള്ളുവാന്‍ കഴിയാത്ത ഒരു സഹപ്രവര്‍ത്തകനെ ഒഴിവാക്കുകയും ചെയ്തു. ഇന്ന് അരങ്ങേറുന്ന കര്‍ഷകസമരത്തേയും ഇന്നലെയിലെ ഷാഹിന്‍ബാഗ്കലാപത്തേയും എത്ര സംയമനത്തോടെയാണ് മോദി സര്‍ക്കാര്‍ നേരിട്ടത് എന്നുനോക്കണം. പ്രക്ഷോഭകാരികളെ ബലംപ്രയോഗിച്ച് നേരിടുവാനോ പ്രക്ഷോഭംതന്നെ അടിച്ചമര്‍ത്തുവാനോ മോദിസര്‍ക്കാര്‍ തുനിഞ്ഞിട്ടില്ല. രണ്ടുപ്രക്ഷോഭങ്ങളും അതിരുവിട്ടിരിക്കുന്നു എന്ന് പൊതുജനത്തിനു ബോധ്യപ്പെട്ടു തുടങ്ങിയെങ്കിലും പ്രതിപക്ഷത്തിന്റെ ആരോപണങ്ങളുടെ അര്‍ത്ഥശൂന്യത ഈരണ്ടുമാതൃകകളേയും തുലനംചെയ്യുമ്പോള്‍ മാത്രമേ മനസ്സിലാവുകയുള്ളൂ.
മോദി സര്‍ക്കാര്‍ ഭരണഘടനയെ ലംഘിക്കുന്നു, ജനാധിപത്യത്തെ തകര്‍ക്കുന്നുവെന്നു കള്ള പ്രചരണം നടത്തുന്നവര്‍ ഈ വസ്തുതകളെ പഴമുറം കൊണ്ട് മറയ്ക്കുകയാണ്. ഒരു കാര്യം വ്യക്തമാണ്. പ്രായോഗികരാഷ്ട്രീയത്തിലും ധാര്‍മ്മികത നിലനിര്‍ത്തുവാന്‍ ഭാരതീയ ഭരണഘടനക്ക് സാധിച്ചു. കാരണം അന്നത്തെ ഭാരതീയനേതൃനിരക്ക് അതായത് അടല്‍ജിക്കും മോദിയ്ക്കും അധികാരം ജനസേവനത്തിനുള്ള ഉപാധി മാത്രമായിരുന്നു. അവിടെയാണ് ഭാരതം മാതൃകയാവുന്നത്. ഭാരതത്തിലെ പാരമ്പര്യത്തിന്റെ അഭാവമാണ് അമേരിക്കയില്‍ കണ്ടത്. ജനാധിപത്യസംവിധാനം പടുത്തുയര്‍ത്തി യിരിക്കുന്നത് മഹത്തായ ധാര്‍മ്മിക, സാംസ്‌കാരിക പാരമ്പര്യത്തിന്റെ അടിത്തറയിന്മേലാണ് അതാണ് ഭാരതം വിശ്വഗുരുവാണ് എന്നു പറയാന്‍ കാരണം.