ഭാരതത്തിന്റെ ആദ്യരാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദ് സോമനാഥക്ഷേത്രത്തിന്റെ പ്രതിഷ്ഠാകര്‍മ്മം ഉദ്ഘാടനം ചെയ്യാന്‍ പോയപ്പോള്‍ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ഒരു മുന്നറിയിപ്പു നല്‍കിയിരുന്നു; ‘പോകണ്ട; ഇതുകൊണ്ട് പല കുഴപ്പങ്ങളും വരാന്‍ പോകുന്നു’ എന്ന് ഇപ്പോള്‍ കണ്ടില്ലേ, കുഴപ്പങ്ങളുടെ പ്രളയം തന്നെ! അദ്ദേഹം സ്വപ്‌നം കണ്ടിരുന്ന അയോദ്ധ്യയിലെ അടിമത്ത സ്മാരകം തകര്‍ന്നുവീണു. അവിടെ ക്ഷേത്രം നിര്‍മ്മിക്കാന്‍ സുപ്രീംകോടതി അനുമതിയും നല്‍കിക്കഴിഞ്ഞു. ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്രമോദി ആര്‍.എസ്. എസ്. സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന്റെ സാന്നിദ്ധ്യത്തില്‍ നടത്തുകയും ചെയ്തു. ഇപ്പോഴിതാ, മകരസംക്രമനാളില്‍ ആ ക്ഷേത്രനിര്‍മ്മാണത്തിനുള്ള സംഭാവന നല്‍കുന്ന ആദ്യയാളായി ഇന്നത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് മാറിയിരിക്കുന്നു. ഇങ്ങനെപോയാല്‍ നെഹ്‌റുവിന്റെ മതേതര സ്വപ്‌നം വെള്ളത്തിലാവില്ലേ?
മുകളിലിരുന്ന് നെഹ്‌റു പല്ലിറുമ്മുന്നത് മോദിയ്ക്കു നേരെയോ രാംനാഥ് കോവിന്ദിനു നേരെയോ അല്ല; സ്വന്തം പേരക്കുട്ടിയുടെ മകന്‍ രാഹുലിനുനേരെയാണ്. 2017 നവംബര്‍ 29ന് രാഹുല്‍ അഹമ്മദ് പട്ടേലിനെയും കൂട്ടി സോമനാഥക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പൂജയും ചെയ്തു. സ്വന്തം പേരക്കുട്ടിയുടെ മകന്‍ പോലും വഴിപിഴച്ചുപോയാല്‍ ഈ മുത്തച്ഛന്‍ സഹിക്കുമോ? ഇതെല്ലാം കണ്ട് അവിടെയിരുന്നു പൊട്ടിച്ചിരിക്കുന്ന ഒരാളുണ്ട്. നെഹ്‌റു തടഞ്ഞിട്ടും സോമനാഥ ക്ഷേത്രപ്രതിഷ്ഠ നിര്‍വ്വഹിച്ച രാജേന്ദ്രപ്രസാദ്. ആ ക്ഷേത്രനിര്‍മ്മാണത്തിന് ഹിന്ദുക്കളുടെ സംഭാവന സ്വീകരിച്ചാല്‍ മതി എന്നായിരുന്നു ഗാന്ധിജിയുടെ നിര്‍ദ്ദേശം. ഇന്ന് രാമക്ഷേത്രനിര്‍മ്മാണത്തിന് തങ്ങളുടേതായ ദക്ഷിണ സമര്‍പ്പിക്കുന്നത് കേവലം ഹിന്ദുക്കള്‍ മാത്രമല്ല, ഭാരതജനത മൊത്തത്തിലാണ്. ഭാരതപ്രഥമ പൗരനും കുടുംബവും ഇതിലും ഒന്നാമതായി.