ഭരണം തീരാന്‍ ഇനി മാസങ്ങള്‍ മാത്രമേയുള്ളൂ. മൂന്നോ നാലോ മാസത്തിനകം മുഖ്യമന്ത്രി വീണ്ടും ജനവിധി തേടണം. പക്ഷേ, അഞ്ചുവര്‍ഷം കൊണ്ട് മുഖ്യമന്ത്രി എന്ത് പഠിച്ചു എന്ന ചോദ്യത്തിന്റെ ഉത്തരം ബാക്കിയാണ്. മുഖ്യമന്ത്രി ഒന്നും പഠിച്ചില്ല എന്നു മാത്രമല്ല, തെറ്റുകളും പിഴവുകളും ആവര്‍ത്തിക്കുകയുമാണ്. ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് വാളയാര്‍ പെണ്‍കുട്ടികളുടെ ദുരൂഹമരണത്തിലെ കോടതിവിധിയ്ക്കു ശേഷം വ്യാഴാഴ്ച പെണ്‍കുട്ടികളുടെ അച്ഛനമ്മമാര്‍ മുഖ്യമന്ത്രിയെ കാണാന്‍ എത്തിയ സംഭവം. കാണാന്‍ മുഖ്യമന്ത്രി അനുമതി കൊടുത്തില്ലെന്നു മാത്രമല്ല, സംഭംവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അവര്‍ കൊണ്ടുവന്ന നിവേദനം മുഖ്യമന്ത്രിയുടെ ഓഫീസില്‍ കൊടുത്ത് പോകേണ്ടിയും വന്നു. ഒരു മുഖ്യമന്ത്രി എന്ന നിലയില്‍ മാത്രമല്ല, ഒരു ഭരണകൂടത്തിന്റെ പരാജയം കൂടിയാണിത്.
വാളയാറില്‍ കൊല്ലപ്പെട്ടത് പട്ടികജാതിയില്‍പ്പെട്ട 9 ഉം 13 ഉം വയസ്സ് പ്രായമുള്ള രണ്ടു പെണ്‍കുട്ടികളാണ്. ഹൈക്കോടതി ചൂണ്ടിക്കാട്ടിയതു പോലെ ഒരു മനുഷ്യനും സഹിക്കാത്ത കിരാതമായ പീഡനത്തിനാണ് ഈ പിഞ്ചുകുഞ്ഞുങ്ങള്‍ ഇരയായത്. സ്ത്രീപീഡനത്തിനെതിരെ നിലപാടെടുത്ത് സ്ത്രീസുരക്ഷ ഉറപ്പാക്കുമെന്ന വാഗ്ദാനത്തിലാണ് പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. എല്‍ഡിഎഫ് വരും എല്ലാം ശരിയാകും എന്ന മുദ്രാവാക്യം പരസ്യ ഏജന്‍സി എഴുതിയതാണെങ്കിലും മുഖ്യമന്ത്രി മറന്നുകാണാന്‍ ഇടയില്ല. ഈ സമൂഹത്തിലെ ഏറ്റവും അധഃസ്ഥിതരായ, പാവങ്ങളില്‍ പാവങ്ങളായ കുടുംബത്തിലെ അംഗങ്ങളാണ് ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത്. പോലീസ് അന്വേഷണം അട്ടിമറിയ്ക്കുകയായിരുന്നു എന്ന കാര്യം ഹൈക്കോടതി സംശയലേശമെന്യേ അടിവരയിട്ടു പറഞ്ഞിട്ടുണ്ട്. ഈ കേസില്‍ പാലക്കാട്ടെ ഉന്നത സിപി എം നേതാക്കള്‍ പോലീസിനെ സ്വാധീനിച്ചിട്ടുണ്ട് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. പ്രതികളായി വന്നവര്‍ക്ക് പോലീസിനെ സ്വാധീനിക്കാനുള്ള സാമ്പത്തികശേഷിയോ അധികാരമോ ഇല്ല. പക്ഷേ, സിപിഎമ്മുകാര്‍ ആണെന്ന ഒറ്റ ശക്തി മാത്രമേ അവര്‍ക്കുണ്ടായിരുന്നുള്ളൂ. പാര്‍ട്ടിയുടെ ബലത്തിലാണ് ഈ കേസ് അട്ടിമറിക്കപ്പെട്ടത്. കേസ് അന്വേഷിച്ച ഡിവൈഎസ്പി സോജന്‍ ഭേദപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു. ഈ കേസില്‍ എന്തുകൊണ്ട് അദ്ദേഹത്തിന് വഴി പിഴച്ചു എന്നത് അന്വേഷണ വിധേയമാക്കേണ്ടതാണ്.
പോലീസ് ഉഴപ്പിയ കേസില്‍ പ്രോസിക്യൂട്ടര്‍ അദ്ദേഹത്തിന്റെ ഭാഗം മനോഹരമാക്കി. പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ കഴിയുന്ന രീതിയില്‍ കേസ് മൊത്തമായി തകര്‍ത്ത് വഴി തെറ്റിച്ചത് പ്രോസിക്യൂഷനായിരുന്നു. ഒരു കേസ് എങ്ങനെ നടത്തരുത് എന്നതിന്റെ മികച്ച ഉദാഹരണമാണ് വാളയാര്‍ പെണ്‍കുട്ടികളുടെ കേസ് നടത്തിപ്പ് എന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പോക്‌സോ കേസ് നടത്തുന്നതു സംബന്ധിച്ച് ജഡ്ജിമാര്‍ക്ക് പരിശീലനം പോലും വേണമെന്ന് കോടതി പറയുമ്പോള്‍ എന്തായിരുന്നു ഈ കേസില്‍ നടന്നതെന്ന് ബോദ്ധ്യപ്പെടും. പിണറായി സര്‍ക്കാര്‍ രാഷ്ട്രീയത്തിനു വേണ്ടി മാനവികതയും നീതിബോധവും സത്യവും ധര്‍മ്മവും പൂര്‍ണ്ണമായും ബലികഴിച്ച സംഭവമാണ് വാളയാറില്‍ നടന്നത്. പാവപ്പെട്ടവരില്‍ പാവപ്പെട്ടവരായ, പട്ടികജാതിക്കാരായ പിഞ്ചുകുഞ്ഞുങ്ങളെ ബലാത്സംഗം ചെയ്ത് കൊന്ന് തൂക്കിയവര്‍ക്ക് നിര്‍ബാധം സമൂഹത്തില്‍ വിഹരിക്കാന്‍ അവസരം ഉണ്ടാക്കിയതിന്റെ പാപത്തിന്റെ കറ തീര്‍ക്കാന്‍, കൈകള്‍ ശുദ്ധീകരിക്കാന്‍ സപ്ത സമുദ്രങ്ങളിലെയും വെള്ളം പോരാ. രാഷ്ട്രീയത്തിനുവേണ്ടി, പാര്‍ട്ടിക്കാര്‍ക്കു വേണ്ടി കൊലചെയ്യാന്‍ മടിക്കാത്തവര്‍ക്ക് ഇതും ഇതിനപ്പുറവും ചെയ്യാന്‍ ഉളുപ്പുണ്ടാകില്ല. പക്ഷേ, പഴയ മുദ്രാവാക്യം ഒരു ബൂമറാങ് പോലെ നിങ്ങളെ തേടിവരും. വിചാരണ കോടതിയുടെ വിധി റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് ഈ സംസ്ഥാന സര്‍ക്കാരിന്റെ കരണത്തുള്ള അടിയാണ്.
എന്നിട്ടും ആ അച്ഛനമ്മമാര്‍ വന്നപ്പോള്‍ ദൂരെ നിന്നെങ്കിലും ദര്‍ശനം നല്‍കാതിരിക്കാനുള്ള എന്ത് തിരക്കായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്? അഞ്ചുലക്ഷം കോടി ആസ്തിയുള്ള പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഉടയോനായിരുന്ന ശ്രീ ചിത്തിര തിരുന്നാള്‍ മഹാരാജാവ് കാറ് കേടായപ്പോള്‍ ഓട്ടോറിക്ഷ പിടിച്ചു പോയ നാടാണിത്. പത്മനാഭന്റെ മണല്‍ത്തരികള്‍ പോലും കാലില്‍ പറ്റാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്ന ഭരണാധികാരി. പ്രജാഹിതം മാത്രം മാനിച്ചു ജീവിച്ചിരുന്ന അവരുടെ മണ്ണിലാണ് പണ്ട് ജിഷ്ണു പ്രണോയിയുടെ അമ്മയോട് കാണിച്ച അതേ അഹങ്കാരം ആവര്‍ത്തിക്കുന്നത്. അനുഭവങ്ങളില്‍ നിന്ന് പഠിക്കുന്നില്ല എന്നു മാത്രമല്ല, പിടിപ്പുകേടു കൊണ്ട് കോടികള്‍ നഷ്ടമായ മറ്റൊന്നു കൂടി പറയാനുണ്ട്. അത് ശബരി പാതയുടെ കാര്യമാണ്.
സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ ശബരി റെയില്‍പ്പാതയ്ക്ക് റെയില്‍വേ നിര്‍ദ്ദേശിച്ചതനുസരിച്ച് മൊത്തം ചെലവിന്റെ പകുതി ചെലവഴിക്കാന്‍ തീരുമാനിച്ചു. അങ്കമാലിയില്‍ നിന്ന് എരുമേലി വഴിയുള്ള ശബരി റെയില്‍പ്പാത 1997-98 ലെ റെയില്‍വേ ബജറ്റിലാണ് പ്രഖ്യാപിച്ചത്. അന്ന് മൊത്തം ചെലവ് 517 കോടി രൂപയായിരുന്നു. ചെലവിന്റെ പകുതി വഹിക്കണമെന്ന കേന്ദ്ര നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാര്‍ അന്ന് തള്ളുകയായിരുന്നു. ഇപ്പോള്‍ പദ്ധതിയുടെ ചെലവ് 2815 കോടി രൂപയായി ഉയര്‍ന്നു. ഇതിന്റെ പകുതി എന്നുപറയുമ്പോള്‍ 1407 കോടി രൂപയെങ്കിലും സംസ്ഥാന സര്‍ക്കാര്‍ വഹിക്കണം. 1997-98 ല്‍ പറഞ്ഞ തുകയുടെ മൂന്നിരട്ടിയോളമാണ് ഇപ്പോള്‍ വരുന്ന ബാധ്യത.
കിഫ്ബി വഴി ഇതിന് പണം കണ്ടെത്തുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിസഭാ യോഗത്തിനുശേഷം അറിയിച്ചത്. അവശേഷിക്കുന്ന ചോദ്യം എന്തുകൊണ്ട് ഇത് നേരത്തെ ചെയ്തില്ല എന്നതാണ്. നേരത്തെ തന്നെ ഈ തീരുമാനം എടുത്തിരുന്നെങ്കില്‍ വെറും 259 കോടി രൂപയ്ക്ക് പകരം 1400 കോടിയിലേറെ രൂപ നല്‍കേണ്ടി വരില്ലായിരുന്നു. എരുമേലി വഴിയുള്ള ശബരി പാത ദേശീയ തീര്‍ത്ഥാടനകേന്ദ്രമായ ശബരിമലയിലേക്ക് എത്തുന്ന ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ക്ക് അനുഗ്രഹമാകും. ഇപ്പോള്‍ ചെങ്ങന്നൂരിലും കോട്ടയത്തും എറണാകുളത്തും ഒക്കെ വന്നിറങ്ങുന്ന ആയിരക്കണക്കിന് അയ്യപ്പഭക്തര്‍ ബസ്സിലും കാറിലും ഒക്കെയാണ് പമ്പയിലേക്ക് എത്തുന്നത്. ഈ റെയില്‍വേ പദ്ധതി വരുന്നതോടെ ശബരിമലയിലേക്കുള്ള തീര്‍ത്ഥാടകര്‍ക്ക് വളരെയേറെ ഗുണം ചെയ്യും. ദേശീയ തീര്‍ത്ഥാടനകേന്ദ്രം എന്ന നിലയില്‍ റെയില്‍വേ തന്നെ പദ്ധതിയുടെ ചെലവ് വഹിക്കണം എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ പറഞ്ഞത്. എന്നാല്‍ ചെലവിന്റെ പകുതി സംസ്ഥാനം ഏറ്റെടുക്കണം എന്ന നിലപാടില്‍ റെയില്‍വേ ഉറച്ചുനിന്നു.
കേരളത്തിന്റെ എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളുടെയും മലയോരപ്രദേശങ്ങളുടെയും സമഗ്ര വികസനത്തിന് ഈ പദ്ധതി വഴിതുറക്കും. മാത്രമല്ല, അങ്കമാലി-ശബരി പാത കൊല്ലം ജില്ലയിലെ പുനലൂരിലേക്ക് നീട്ടുകയാണെങ്കില്‍ ഭാവിയില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്കും ഗുണമാകും. ഇക്കാര്യം സംസ്ഥാന സര്‍ക്കാര്‍ പരിഗണിച്ചിട്ടുണ്ട് എന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇപ്പോഴത്തെ ധാരണയനുസരിച്ച് ശബരി പാതയുടെ നടത്തിപ്പും പരിപാലനവും റെയില്‍വേ മന്ത്രാലയം തന്നെ ഏറ്റെടുക്കും. പാതയില്‍ ഉള്‍പ്പെടുന്ന റെയില്‍വേ സ്റ്റേഷനുകളുടെ വികസം പൊതു-സ്വകാര്യ പങ്കാളിത്തമുള്ള പ്രത്യേക കമ്പനി വഴിയാണ് നടപ്പാക്കുക. വരുമാനത്തില്‍ ചെലവ് കഴിച്ചുള്ള ലാഭം സംസ്ഥാനവും റെയില്‍വേയും പകുതി വീതം പങ്കിടും.
സംസ്ഥാന മന്ത്രിസഭയുടെ കാലാവധി അവസാനിക്കാന്‍ വെറും മൂന്നോ നാലോ മാസം മാത്രം അവശേഷിക്കുമ്പോഴാണ് ഈ തീരുമാനം എടുക്കാനുള്ള വിവേകം മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരിനും ഉണ്ടാകുന്നത്. ഇന്നത്തെ സാഹചര്യത്തില്‍ ഇത് എത്രമാത്രം മുന്നോട്ട് പോകും എന്നത് കണ്ടറിയണം. കാരണം, പണത്തിന് സ്രോതസ്സായി കാണുന്ന കിഫ്ബി തന്നെയാണ്. ഭരണാധികാരികള്‍ക്ക് ആര്‍ജ്ജവം ഉണ്ടെങ്കിലേ നാട്ടില്‍ സമാധാനം മാത്രമല്ല, വികസനവും വരൂ. രാജഭരണകാലത്ത് ചിത്തിര തിരുന്നാള്‍ മഹാരാജാവും സര്‍ സിപിയും ചെയ്തതിനപ്പുറം എന്ത് ചെയ്യാന്‍ നമ്മുടെ ഭരണകൂടങ്ങള്‍ക്ക് കഴിഞ്ഞു എന്ന ചോദ്യം ഉയരുമ്പോഴാണ് നമ്മുടെ നേതാക്കളുടെ പാപ്പരത്തം മനസ്സിലാവുക. തലസ്ഥാനത്തെ ആശുപത്രികള്‍, കേരള സര്‍വ്വകലാശാല, വിമാനത്താവളം, കെഎസ്ആര്‍ടിസി, ട്രാവന്‍കൂര്‍ ടൈറ്റാനിയം, ജലവൈദ്യുത പദ്ധതി തുടങ്ങി മിക്ക പദ്ധതികളും വ്യവസായ സ്ഥാപനങ്ങളും അന്ന് വന്നതാണ്. അതുതന്നെയാണ് അവരുടെ മഹത്വവും. സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ട് സാധാരണ ജനങ്ങളുടെ കോടിക്കണക്കിന് രൂപയാണ് നഷ്ടമാകുന്നത്. മാത്രമല്ല, ഒരു പദ്ധതി വൈകുമ്പോള്‍ അതുണ്ടാക്കുന്ന കോടികളുടെ നഷ്ടം ആര് വഹിക്കും? അതിന്റെ ഉത്തരവാദി ആര് എന്ന ചോദ്യവും ബാക്കി നില്‍ക്കുന്നു.