ഇന്ത്യയില്‍ ആധുനിക രാഷ്ട്രീയ ഇസ്ലാമിന്റെ രംഗപ്രവേശം അരംഭിക്കുന്നത് വഹാബിപ്രസ്ഥാനത്തിന്റെ നേതൃത്വത്തിലാണ്. 1830-കളില്‍ ഉത്തര്‍പ്രദേശ്-ബീഹാര്‍ പ്രദേശത്ത് ശക്തരായ വഹാബികള്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ ജിഹാദിന് ആഹ്വാനം നടത്തി. എന്നാല്‍ 1870-കളോടെ ബ്രിട്ടീഷ്‌കോളനി സര്‍ക്കാര്‍ ആയുധശക്തികൊണ്ടും, കരിനിയമങ്ങളിലൂടെയും വഹാബികളെ അടിച്ചമര്‍ത്തി. ഇതിനിടയില്‍ 1867-ല്‍ ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരില്‍ ദിയോബന്ദ് ഇസ്ലാമിക് മദ്രസ അരംഭിച്ചതോടെ ഇസ്ലാമിക മതപഠനത്തിന് പുതിയ മാനം കൈവന്നു. ലോകത്തില്‍ തന്നെ ഏറ്റവും വലിയ ഇസ്ലാമിക മതപഠനകേന്ദ്രമായി അതുമാറി. മുസ്ലീം മതമൗലികവാദത്തിന്റെയും യാഥാസ്ഥിതികരുടെയും സിരാകേന്ദ്രമായി അത് വളര്‍ന്നു. മുകളില്‍ പറഞ്ഞ രണ്ട് പ്രസ്ഥാനങ്ങളില്‍ നിന്നും വിഭിന്നമായി ബ്രിട്ടീഷുകാരെ മാനിക്കുന്ന പുരോഗമന ഇസ്ലാമിന്റെ ഭാഗമായാണ് സയ്യദ് അഹമ്മദ്ഖാന്‍ 1875-ല്‍ അലിഗഡിന്റെ വിദ്യാലയം സ്ഥാപിച്ചു അലിഗഡ്പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്. പില്‍ക്കാലത്ത് സര്‍വ്വകലാശാലയായി അത് മാറിയെങ്കിലും താമസിയാതെ ഇസ്ലാമിക മത മൗലികവാദത്തിന്റെയും, ദ്വിരാഷ്ട്രവാദത്തിന്റെയും ഉറവിടമായി അലിഗഡ്പ്രസ്ഥാനം വളര്‍ന്നു. 1906-ല്‍ മുസ്ലീംലീഗ് ജന്മംകൊണ്ടതോടെ ഇസ്ലാമിക വിഭാഗീതയുടെ രാഷ്ട്രീയവും മുസ്ലീംസ്വത്വരാഷ്ട്രീയവും അരംഭിച്ചു. ബ്രിട്ടീഷ്ഭരണകൂടം 1905-ല്‍ ബംഗാള്‍ വിഭജിച്ച് ഇസ്ലാം ഭൂരിപക്ഷ കിഴക്കന്‍ ബംഗാള്‍ രൂപീകിച്ചതോടെ ഇസ്ലാമിക സ്റ്റേറ്റ് എന്ന വാദത്തിന് കരുത്തായി. 1909-ല്‍ പ്രവിശ്യ കൗണ്‍സിലുകളില്‍ മതാടിസ്ഥാനത്തില്‍ കമ്മ്യൂണല്‍ ഇലക്ടറേറ്റ് സംവരണം ചെയ്ത് ബ്രിട്ടീഷ് സര്‍ക്കാര്‍ ഇസ്ലാമിക വിഭാഗീയതയ്ക്ക് പിന്തുണ നല്‍കി. എന്നാല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് കമ്മ്യൂണല്‍ ഇലക്ടറേറ്റ് എന്ന ആശയത്തെ എതിര്‍ത്തു. ബംഗാള്‍ വിഭജനവും കോണ്‍ഗ്രസ്സ് അംഗീകരിച്ചില്ല. 1916-വരെ മുസ്ലീംലീഗുമായി ഒരു സഹകരണത്തിനും കോണ്‍ഗ്രസ്സ് തയ്യാറല്ലായിരുന്നു.
1916 ഇന്ത്യന്‍ രാഷ്ട്രീയത്തിന് ഏറെ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച വര്‍ഷമാണ്. മഹാത്മാഗാന്ധി ദേശീയ രാഷ്ട്രീയത്തിലേയ്ക്ക് കടന്നുവന്നു. കോണ്‍ഗ്രസ്സ് മുസ്ലീംലീഗിനോടുളള സമീപനം മാറ്റി. 1916-ല്‍ ലീഗുമായി സഹകരിക്കാന്‍ ലക്‌നൗ കരാര്‍ ഒപ്പുവച്ചു. മുസ്ലീംങ്ങള്‍ക്ക് പ്രത്യേകം മാറ്റിവച്ച മണ്ഡലങ്ങള്‍ എന്ന ആശയം കോണ്‍ഗ്രസ്സുകാര്‍ അംഗീകരിച്ചു. മുഹമ്മദാലിജിന്നയെ ഹിന്ദു-മുസ്ലീം ഐക്യത്തിന്റെ അംബാസിഡറായി സരോജനിനായിഡു പ്രഖ്യാപിക്കുന്നത് ലക്‌നൗപാക്ട് ഒപ്പുവച്ച പശ്ചാത്തലത്തിലാണ്. മുസ്ലീംന്യൂനപക്ഷത്തിന് ജനസംഖ്യാ അനുപാതത്തിലും കൂടുതലായി സീറ്റുകള്‍ മാറ്റിവയ്ക്കാന്‍ ധാരണയായി. കോണ്‍ഗ്രസ്സിന്റെ പ്രീണനരാഷ്ട്രീയത്തിന്റെ തുടക്കവും, ഭാവിയില്‍ രൂപം കൊള്ളാന്‍ പോകുന്ന പാകിസ്ഥാന്റെ ബീജാവാപവും നടക്കുന്നത് ലക്‌നൗ കരാറിലൂടെയാണ്. ലക്‌നൗ കരാറിന്റെ പശ്ചാത്തലത്തിലാണ് 1979-ല്‍ ഖിലാഫത്ത് പ്രസ്ഥാനം അരംഭിക്കുന്നത്. മുസ്ലീം സമൂഹത്തെ ദേശീയ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെടുത്താന്‍ ഖിലാഫത്ത് പ്രസ്ഥാനത്തെ പിന്തുണച്ചാല്‍ സാധിക്കും എന്ന ധാരണയാണ് ഗാന്ധിജിയെ ഖിലാഫത്ത് പ്രസ്ഥാനവുമായി അടുപ്പിച്ചത്. നിര്‍ഭാഗ്യവശാല്‍ ഒരിക്കലും ഒന്നിക്കാത്ത തരത്തില്‍ രാജ്യവ്യാപകമായ കലാപങ്ങള്‍ക്കും, ക്ഷേത്രധ്വംസന ങ്ങള്‍ക്കും, ഹിന്ദു കൂട്ടക്കൊലയ്ക്കും ഖിലാഫത്ത് പ്രസ്ഥാനം കാരണമായി. ഇന്ത്യാവിഭജനത്തിനും, പാകിസ്ഥാന്റെ ജനനത്തിനും അത് എളുപ്പവഴിയായി മാറി.
ഡോ. ബി.അര്‍. അംബേദ്കറുടെ “Pakistan or Partition of India” എന്ന ഗ്രന്ഥം വായിക്കുന്നതിനുളള പശ്ചാത്തലമാണ് മുകളില്‍ പറഞ്ഞത്. വളരെ ശാസ്ത്രീയമായ സമീപനമാണ് അംബേദ്കര്‍ മുസ്ലീം മതരാഷ്ട്രീയം പഠിക്കാന്‍ സ്വികരിച്ചത്. അഖണ്ഡഭാരതം എന്ന സ്വപ്‌നം വൈകാരികമായി സ്വീകിരിക്കുന്നതിന് പകരം യാഥാര്‍ത്ഥ്യബോധത്തോടെയാണ് ഹിന്ദു മുസ്ലീം ഐക്യത്തെ അദ്ദേഹം വിശകലനം ചെയ്യുത്. മുസ്ലീം രാഷ്ട്രീയ പ്രസ്ഥാനങ്ങളെ പ്രീണിപ്പിച്ച് കൂടുതല്‍ ഇളവുകള്‍ നല്‍കി ഹിന്ദുമുസ്ലീം ഐക്യം രൂപപ്പെടത്താം എന്ന ഗാന്ധിയന്‍ സമീപനം എത്രപരാജയമായിരുന്നു എന്ന് ലക്‌നൗ കരാറിലും ഖിലാഫത്ത് വിഷയത്തിലും രാജ്യം കണ്ടതാണ്. ഇസ്ലാം കേവലം മതമല്ല, അത് രാഷ്ട്രീയമാണ്, പ്രത്യേക ദേശീയതയാണ്. പ്രാദേശികവും ദേശീയവുമായ സാംസ്‌കാരിക ഏകതകൊണ്ട് ഇസ്ലാമിക മതബോധത്തെ അതിജീവിക്കാനാവില്ല, പകരം അഗോള ഇസ്ലാമിന്റെ ഭാഗമായേ അതിന് നിലനില്‍ക്കാനാവൂ എന്ന സത്യം അംബേദ്കര്‍ തുറന്നു കാണിക്കുന്നുണ്ട്. പച്ചയായ സത്യം പറയുന്നതിനാല്‍ വായനക്കാര്‍ക്ക് പരാതിയുണ്ടാകാം, പക്ഷെ വസ്തുതയാണ് താന്‍ പറയുന്നത്. അതു വായനക്കാര്‍ ക്ഷമിക്കുക എന്ന് പറഞ്ഞുകൊണ്ടാണ് പുസ്തകത്തിന്റെ ആമുഖം അംബേദ്കര്‍ അവസാനിപ്പിക്കുന്നത്. (B.R. Ambedkar, ‘Pakistan or Partition of India’ Samyak Prakasan, Delhi 2013, Page30). സ്വാഭാവികമായും വായനക്കാര്‍ മുന്‍വിധി ഇല്ലാതെ വേണം ഈ ഗ്രന്ഥത്തെ സമീപിക്കേണ്ടത്. അഖണ്ഡ ഭാരത സങ്കല്പത്തിന് എതിരാണ് എന്ന കാഴ്ചപ്പാടും ഇവിടെ അസ്ഥാനത്താണ്. ഒരു ശരിയായ ഭിഷഗ്വരനെപ്പോലെ അത്മനിഷ്ഠമല്ലാതെ രോഗിയെ വസ്തുനിഷ്ഠമായാണ് ഇവിടെ ഡോ. അംബേദ്കര്‍ സമീപിക്കുന്നത്. ഇന്ത്യയിലെ ഇസ്ലാമിന്റെ ചരിത്രത്തെ സൂക്ഷ്മമായി വിലയിരുത്തുന്ന ആദ്യഗ്രന്ഥം കൂടിയാണിത്. ഒരു പക്ഷെ നിര്‍ഭയമായി പറയാന്‍ അംബേദ്കറെ പോലുള്ള ഒരാളിനു മാത്രമേ കഴിയൂ. ഈ ഗ്രന്ഥത്തിന്റെ മേന്മയും ഈ സത്യാന്വേഷണമാണ്.
1940-ന്റെ അവസാന മാസത്തിലാണ് ഡോ. ബി.ആര്‍. അംബേദ്കറുടെ “Thoughts on Pakistan” പ്രകാശനം ചെയ്യുന്നത്. മഹാത്മാഗാന്ധിയും ജിന്നയും ഒരുപോലെ ഈ ഗ്രന്ഥം എടുത്തുപറയുന്നുണ്ട്. മുസ്ലീംലീഗിന്റെ ലാഹോര്‍ സമ്മേളനം 1940 മാര്‍ച്ച് 24-ന് സ്വതന്ത്ര പാകിസ്ഥാന്‍ എന്ന പ്രമേയം പാസ്സാക്കിയ പശ്ചാത്തലത്തിലാണ് ഡോ. അംബേദ്കര്‍”Thoughts on Pakistan” എഴുതിയത്. തുടര്‍ന്ന് 1945-ല്‍ അതേ ഗ്രന്ഥത്തിന്റെ വിപുലീകരിച്ച രണ്ടാം പതിപ്പ് “Pakistan or Partition of India” എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി.
ഇസ്ലാമിക ചരിത്ത്രിന്റെ പശ്ചാത്തലത്തില്‍ യാഥാര്‍ത്ഥ്യ ബോധത്തോടെയാണ് പാകിസ്ഥാന്‍ വിഷയത്തില്‍ അംബേദ്കര്‍ ഈ രചന നിര്‍വ്വഹിച്ചത്. കോണ്‍ഗ്രസ്സിന്റെയും, മഹാത്മാഗാന്ധിയുടെയും നിലപാടുകളെയും, വീര്‍സവര്‍ക്കറിന്റെ നിലപാടുകളെയും സ്വീകരിക്കാതെ ഇസ്ലാമിന്റെ അക്രമ സ്വഭാവം നിരത്തിയും, മതബോധത്തെയും സ്വത്വചിന്തയെയും അവലോകനം ചെയ്തും ഇസ്ലാംമതത്തിന്റെ ജൈവസ്വഭാവത്തെ വിശകലനം ചെയ്തുമാണ് അംബേദ്കര്‍ ‘പാകിസ്ഥാന്‍’ എഴുതുന്നത്. എ.ഡി. 711-ല്‍ സിന്ധ് ആക്രമിച്ചു കീഴടക്കി ഹിന്ദുക്കളെ ഉന്മൂലനം ചെയ്ത ക്രൂരനായ മുഹമ്മദ് ബിന്‍ കാസിമിന്റെ ആക്രമണം മുതല്‍ നടന്ന വൈദേശിക ഇസ്ലാമിക ആക്രമണങ്ങളും, ഖിലാഫത്ത് പ്രസ്ഥാനത്തില്‍ തുടങ്ങി 1921-ലെ മാപ്പിള കലാപം മുതല്‍ 1940-വരെ ഒരുവിഭാഗം ഇസ്ലാം മതസ്ഥര്‍ നടത്തിയ ഹിന്ദു കൂട്ടക്കൊലയുടെയും ക്ഷേത്രധ്വംസനങ്ങളുടെയും നിര്‍ബ്ബന്ധിത മതപരിവര്‍ത്തനത്തിന്റെയും നേര്‍സാക്ഷ്യം ഡോ.അംബേദ്കര്‍ വരച്ചു കാട്ടുന്നു.
ഇസ്ലാമിന്റെ മതവീക്ഷണവും, അതിന്റെ വ്യാപനത്തിന് സ്വീകരിച്ച ഏകപക്ഷീയമായ സായുധ നടപടികളും അതിന് ഭാരതജനത നല്‍കേണ്ടിവന്ന വലിയ വിലയും സൂക്ഷ്മമായി പഠിച്ചതിനു ശേഷമാണ് പാകിസ്ഥാന്‍ വാദത്തെ അംബേദ്കര്‍ വിലയിരുത്തുന്നത്. ഇസ്ലാമിക ചരിത്രകാരന്മാരുടെ വിവരങ്ങളെയാണ് അംബേദ്കര്‍ ആശ്രയിച്ചിരിക്കുന്നത്.
ഖിലാഫത്തിന് പിന്തുണ നല്‍കി, ഇസ്ലാമിനെ പ്രീണിപ്പിച്ചു നിര്‍ത്താന്‍ ശ്രമിച്ച ഗാന്ധിജിയുടെ നിലപാടും, ഒപ്പം ഇസ്ലാമികരാഷ്ട്രവാദത്തെ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞ ദേശീയവാദികളുടെ നിലപാടുകളും അംബേദ്കര്‍ക്ക് സ്വീകാര്യമായിരുന്നില്ല. വസ്തുതാപരമായ നിലപാടായതിനാല്‍ അതിന് പ്രത്യേക ലക്ഷ്യങ്ങളുമുണ്ടായിരുന്നില്ല. ആമുഖത്തില്‍ അംബേദ്കര്‍ ഇങ്ങനെ പറയുന്നു. ‘പാകിസ്ഥാന്‍ എന്ന മതരാഷ്ട്രം കേവലം ഒരു രാഷ്ട്രീയ വിഭ്രാന്തിയുടേയോ, അധികാരമോഹത്തിന്റെയോ ഫലമല്ലെന്നും, തികച്ചും അന്തര്‍ലീനമായ മതബോധത്തിന്റെയും, സ്വത്വ ചിന്തയുടെയും കാലാകാലങ്ങളായുള്ള വിശ്വാസപ്രമാണങ്ങളെയും അടിസ്ഥാനമാക്കിയുളളതാണെന്നും എനിക്ക് തികച്ചും ബോധ്യമുണ്ടായിരുന്നു. മുസ്ലിം എന്ന സ്വത്വബോധം ജീവശാസ്ത്രപരമായി തന്നെ ആ സമൂഹത്തില്‍ വളരെയധികം ആഴത്തില്‍ വേരിറങ്ങിയ ഒരു ചിന്ത തന്നെയാണ്. ഈ ചിന്തയാണ് ഒരു മതരാഷ്ട്രത്തിന് അടിസ്ഥാനമായി നിലകൊളളുന്നത്.’ ഒരു കേന്ദ്രീകൃത ഭരണസംവിധാനത്തിന് കീഴില്‍, അതായതു ഹിന്ദുഭൂരിപക്ഷത്തിന്റെ കീഴില്‍ ജീവിക്കാന്‍ ഭാരതത്തിലെ മുസ്ലീംങ്ങള്‍ തയ്യാറല്ലായിരുന്നു.
മുസ്ലീം വിഭാഗീയതയുടെ കാരണം അംബേദ്കര്‍ കണ്ടെത്തുന്നുണ്ട്… ‘ദേശീയത എന്നത് ഒരു സാമൂഹിക വികാരമാണ്. കൂടെ അധിവസിക്കുന്നവര്‍ തങ്ങളുടെ ബന്ധുജനങ്ങളാണെന്നുളള വികാരം. കൂടെ ജീവിക്കുന്നവര്‍ സ്വന്തം ആളുകളെല്ലെങ്കില്‍, സഹോദരങ്ങള്‍ അല്ലെന്ന തോന്നല്‍ വരുന്നപക്ഷം അവിടെ ദേശീയതയുടെ അന്ത്യമാണ്. അങ്ങനെയുളള ഒരു ജനസമൂഹത്തിന് സഹവര്‍ത്തിത്വത്തില്‍ ജീവിക്കാനാവില്ല. നമ്മള്‍ അന്യരാണെന്ന തോന്നല്‍ മനസ്സില്‍ ഉദിച്ചുകഴിഞ്ഞാല്‍ ഏതൊരു ജനതയുടെയും ഇടയില്‍ സംഘര്‍ഷം സംഭവിക്കും. അപരവല്‍ക്കരിക്കപ്പെട്ട ഒരു ജനസമൂഹത്തിന് സഹവര്‍ത്തിത്വം അന്യമാകും.’ മാത്രമല്ല, അംബേദ്കര്‍ മുസ്ലീം മതശാസ്ത്രം കൂടെ തിരിച്ചറിയുന്നുണ്ട്. ‘ഒരേസ്ഥലത്തും ഒന്നിച്ചു അധിവസിച്ചതുകൊണ്ടോ, ഒരേ വംശീയപാരമ്പര്യത്തില്‍ നിന്നും വന്നവരായതുകൊണ്ടോ, ഒരേ ഭാഷ സംസാരിച്ചതുകൊണ്ടോ ഒന്നും ഒരുമ വരണമെന്നില്ല. ആയതിനാല്‍, തമ്മില്‍ യാതൊരു പൊരുത്തവും ഇല്ലാതെ, പരസ്പര സഹിഷ്ണുതയില്ലാതെ, പൊതുവായ എത്രയോ ഘടകങ്ങള്‍ ഉണ്ടെങ്കിലും, ഒരു ജനവിഭാഗത്തിന് ഒരുമിച്ച് ജീവിക്കാന്‍ കഴിയില്ല എന്നതിന്റെ ഉത്തമ ഉദാഹരണമാണ് മുസ്ലീംങ്ങള്‍ അവരുടെ മതരാഷ്ട്രം ഉയര്‍ത്തുന്നതിലൂടെ നമുക്ക് കാട്ടിത്തരുന്നത്.’
ഏതൊരു ദേശരാഷ്ട്രത്തിനും അനിവാര്യമായ അടിത്തറയുണ്ടാകേണ്ടതുണ്ട്. ചരിത്രത്തിന്റെ ഒഴുക്കില്‍ പലപ്പോഴും ആ അടിത്തറ ശിഥിലമാകാറുണ്ട്. ആധുനികദേശരാഷ്ട്രങ്ങള്‍ ആ തരത്തില്‍ രൂപപ്പെട്ടതാണ്. അംബേദ്കര്‍ പറയുന്നു ‘ഒരു രാഷ്ട്രമെന്നാല്‍ ജീവിക്കുന്ന ഒരു സത്യമാണ്, അത് ഒരു പൊതു ആത്മീയ തത്വമാണ്. അതിന് ഒരു ആത്മാവുണ്ട്. സമ്പന്നമായ ഒരു പൈതൃകവും ഒരു രാഷ്ട്രത്തിന്റെ അടിസ്ഥാനമാണ്. ഇതു മനസ്സിലാക്കി അതിനെ ശരിയായ രീതിയില്‍ ഉള്‍ക്കൊണ്ടുകൊണ്ട്, ഒരേ മനസ്സോടെ ഒന്നിച്ചു ജീവിക്കാന്‍ സമ്മതമുളള ഒരു ജനസമൂഹത്തിന് മാത്രമേ ഒരു രാഷ്ട്രമായി മാറാന്‍ കഴിയൂ. ഇച്ഛാശക്തിയോടുകൂടി മാറിമാറി വന്ന പൈതൃക പാരമ്പര്യങ്ങള്‍ തുടര്‍ന്ന് പോകാന്‍ ഒരു സമൂഹം തയ്യാറാകുമ്പോള്‍ മാത്രമേ ആ സമൂഹം ഒരു രാഷ്ട്രമാവുകയുളളൂ. ഒരു രാഷ്ട്രം അതിലെ ഓരോ വ്യക്തിയുടേയും, കൂട്ടായ ത്യാഗങ്ങളുടെയും, ഭക്തിയുടെയും പരിശ്രമത്തിന്റെയും, ആത്മസമര്‍പ്പണത്തിന്റെയും പരിണത ഫലമാണ്. അതിന്റെ പൂര്‍വ്വിക ആരാധന ഓരോ രാഷ്ട്രത്തിന്റേയും മൂല്യത്തില്‍ അടങ്ങിയിരിക്കുന്നു. നമ്മുടെ പൂര്‍വ്വികരുടെ ത്യാഗത്തിന്റെ ആ സൗഭാഗ്യമാണ് നാമെന്ന രാഷ്ട്രം. അവരുടെ വീരോചിതമായ ഭൂതകാലം ഓരോരുത്തരിലും അഭിമാനം ഉണര്‍ത്തുന്നു. ഇതായിരിക്കണം ഒരു രാഷ്ട്രം എന്ന ആശയത്തിന്റെ മൂലധനം… ഇന്ത്യയില്‍ ഹിന്ദുവിന്റെയും, മുസ്ലീംമിന്റെയും ഭൂതകാലം പരിശോധിച്ചാല്‍ അത്തരം ഒരു കൂട്ടായ പ്രവര്‍ത്തന ചരിത്രമില്ല.’
ഇസ്ലാമിക അധിനിവേശത്തിന്റെ ഭീകരമായ ചരിത്രം അംബേദ്കര്‍ വരച്ചുകാട്ടുന്നുണ്ട്. വടക്കു പടിഞ്ഞാറു ഭാഗത്ത് നിന്ന് ഇസ്ലാമിക രാഷ്ട്രീയ-മത അധിനിവേശം ഏതാണ്ട് ആയിരം വര്‍ഷം നീണ്ടുനിന്നു. എ.ഡി. 711-ല്‍ സിന്ധ് ആക്രമിച്ച മുഹമ്മദ് ബിന്‍ കാസിമില്‍ തുടങ്ങി 1761-ല്‍ അഹമ്മദ്ഷാ അബ്ദാലി നടത്തിയ ആക്രമണംവരെയുള ഒരായിരം വര്‍ഷത്തെ ആക്രമണങ്ങള്‍ അംബേദ്കര്‍ വിവരിക്കുന്നു. എ.ഡി. 711-ല്‍ മുഹമ്മദ്ബിന്‍ കാസിം സിന്ധില്‍ നടത്തിയ ഹിന്ദുകൂട്ടക്കൊല, ക്ഷേത്രധ്വംസനം, കൊളള, മതപരിവര്‍ത്തനം, എ.ഡി. 1001-ല്‍ ആരംഭിച്ച ഗസ്‌നിയിലെ ക്രൂരനായ ഏകാധിപതി മുഹമ്മദിന്റെ മുപ്പതുവര്‍ഷത്തിനിടെ പതിനേഴുതവണ നടത്തിയ കൊളളയും, ഭീകരമായ ആക്രമണങ്ങള്‍, 1173-ല്‍ ക്രൂരമായ ഹിന്ദുകൂട്ടക്കൊലയ്ക്കും, കൊള്ളയ്ക്കും നേതൃത്വം നല്‍കിയ മുഹമ്മദ്‌ഗോറി, 1221-ല്‍ ചെങ്കിസ്‌കാന്റെ അതിശക്തമായ ആക്രമണം, 1398-ല്‍ തൈമൂറിന്റെ കണ്ണില്‍ചോരയില്ലാത്ത അധിനിവേശം, അതിനുശേഷം ക്രൂരനായ ബാബര്‍ 1526-ല്‍ ഭാരതം ആക്രമിച്ചു കീഴടക്കി. 1738-ലെ പേര്‍ഷ്യന്‍ ഭരണാധികാരിയായ നാദിര്‍ഷായുടെ ആക്രമണം, തുടര്‍ന്ന് 1761-ല്‍ അഹമ്മദ്ഷാ അബ്ദാലി നടത്തിയ ശക്തമായ ആക്രമണം തുടങ്ങിയവയൊക്കെ പ്രത്യേകം എടത്തുപറയേണ്ടതാണ്. ഇത്രയധികം ആക്രമണങ്ങള്‍ കൊളളയ്ക്കുവേണ്ടിയോ, അധിനിവേശത്തിന് വേണ്ടിയോ മാത്രമായിരുന്നില്ല ഇസ്ലാമിക ആക്രമണകാരികള്‍ നടത്തിയത്. അതിനു പിന്നില്‍ ശക്തമായ മത-രാഷ്ട്രവികാരമുണ്ടായിരുന്നു. അതുകൊണ്ടാണ് ആയിരക്കണക്കിന് ക്ഷേത്രങ്ങള്‍ തകര്‍ത്ത് പള്ളികള്‍ പണിതത്. ആയിരം വര്‍ഷത്തെ ഇസ്ലാമിക അധിനിവേശത്തിന്റെ ചരിത്രം ആക്രമണകാരികളുടെ ചരിത്രരേഖകളെ ഉദ്ധരിച്ചുകൊണ്ടാണ് ഡോ. അംബേദ്കര്‍ വിവരിക്കുന്നത്. വിഗ്രഹാരാധകരുടെ നാടായ ഹിന്ദുദേശത്തെ വാള്‍കൊണ്ട് ശുദ്ധീകരിച്ച്, അവിശ്വാസികളെ ഉന്മൂലനം ചെയ്യേണ്ടത് ഇസ്ലാമിന്റെ കടമയാണെന്ന് വിശ്വസിച്ചവരാണ് എല്ലാ ആക്രമണകാരികളും. ദല്‍ഹിയിലെ ജുമാമസ്ജിദ് ഈ രീതിയില്‍ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ക്കുമേല്‍ പണികഴിപ്പിച്ചതാണ് എന്നും അംബേദ്കര്‍ രേഖപ്പെടുത്തുന്നു. കുത്തബുദ്ദീന്‍ ഐബക് ആയിരത്തോളം ക്ഷേത്രങ്ങള്‍ പൊളിച്ച് അവിടെയെല്ലാം പള്ളികള്‍ പണിതു. അലാവുദ്ദീന്‍ ഖില്‍ജി, ഫിറോസ് ഷാ തുഗ്ലക്, ഷാജഹാന്‍, ഔറംഗസീബ് തുടങ്ങിയവര്‍ നടത്തിയ ക്രൂരതകള്‍ അംബേദ്കര്‍ ഇസ്ലാമികചരിത്രകാരന്മാരുടെ രേഖകളെ ഉദ്ധരിച്ചുകൊണ്ടാണ് രേഖപ്പെടുത്തുന്നത്.
(തുടരും)