കാര്‍ഷിക സര്‍വ്വകലാശാലയിലെ പ്രൊഫസറും ഇടതു അദ്ധ്യാപകസംഘടനയുടെ യൂണിറ്റ് പ്രസിഡന്റുമൊക്കെ ആയിരുന്നിട്ടും ഈ സഖാവിന് അസാരം കാര്യബോധമില്ല എന്നത് കഷ്ടം തന്നെ! ഇവരെയൊക്ക മനസ്സില്‍ കണ്ടിട്ടാവാം പാര്‍ട്ടി സെക്രട്ടറിയായിരിക്കെ പിണറായി വിജയന്‍ സഖാവ് പറഞ്ഞത് ഈ പാര്‍ട്ടിയെക്കുറിച്ച് നിങ്ങള്‍ക്ക് ഒരു ചുക്കും അറിയില്ല എന്ന്. ചുകുപ്പുകോട്ടയില്‍ പ്രിസൈഡിങ്ങ് ഓഫീസറായി വരുന്ന ഉദ്യോഗസ്ഥര്‍ക്ക് പാര്‍ട്ടി ലോക്കല്‍ സെക്രട്ടറിയുടെ വക ഒരു തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ട ക്ലാസുണ്ട്. ക്ലാസിനു വരുമ്പോള്‍ സെക്രട്ടറി സഖാവ് ഒരു ആമയെ കൊണ്ടുവന്ന് മേശപ്പുറത്ത് വെക്കും. ക്ലാസ് തുടങ്ങുമ്പോള്‍ സഖാവ് ആമയുടെ പുറത്തൊന്നു തട്ടും. ആമ തലയും കാലും അകത്തേയ്ക്ക് വലിക്കും. ”സഖാക്കളെ, പ്രിസൈഡിങ്ങ് ഓഫീസറുടെ കസേരയില്‍ ഇരിക്കുമ്പോള്‍ നിങ്ങള്‍ ഇതുപോലെ ചെയ്യണം. കുട്ടി സഖാക്കളും സഖാവത്തിമാരും ആരുടെയെങ്കിലും ഐ.ഡി.കാര്‍ഡുമായി വരുമ്പോള്‍ നിങ്ങള്‍ അവിടെ ഇങ്ങനെ വെറുതെയിരുന്നാല്‍ മതി. ബാക്കി കാര്യം ഞങ്ങള്‍ ചെയ്യും.” കാര്യം മനസ്സിലാക്കി കൊടുത്തതോടെ ക്ലാസ് അവസാനിച്ചു.
ഈ ക്ലാസില്‍ പങ്കെടുക്കാത്ത കെ.എം.ശ്രീകുമാര്‍ എന്ന പ്രിസൈഡിങ്ങ് ഓഫീസര്‍ തങ്ങളുടെ യൂണിയന്റെ സഖാവായതിനാലാണ് ബ്ലോക്ക് സ്ഥാനാര്‍ത്ഥി കെ.മണിക്കണ്ഠനും എം.എല്‍.എ. കെ.കുഞ്ഞിരാമനും ബൂത്തില്‍ നേരിട്ടുവന്നു പ്രത്യേകം പ്രത്യേകം ക്ലാസെടുത്തത്. സര്‍ജറി സ്‌പെഷ്യലിസ്റ്റു വന്നാല്‍ ഓപ്പറേഷനു ഉപദേശിക്കുന്നതുപോലെ എം.എല്‍.എ വന്നപ്പോള്‍ കാലുവെട്ടുമെന്നു പറഞ്ഞത് സഖാവിന്റെ ഗ്രേഡിനു ചേര്‍ന്ന പ്രയോഗം മാത്രം. അതിനെ വലിയ ഭീഷണിപ്പെടുത്തലായൊന്നും കരുതേണ്ടതില്ല. എന്നിട്ടും സഖാവ് ശ്രീകുമാറിന് ഇതൊന്നും മനസ്സിലായില്ല. സഖാവല്ലേ എന്നു കരുതി പാര്‍ട്ടിയ്ക്ക് ക്ഷമിക്കുന്നതിനും ഒരതിരുണ്ട് എന്ന് ശ്രീകുമാര്‍ മനസ്സിലാക്കുന്നത് നല്ലത്.