കഠിനതപസ്സിലൂടെയും ദൃഢനിശ്ചയത്തിലൂടെയും ലക്ഷ്യം നേടുന്നതിനുള്ള ഉദാഹരണമാണ് പുരാണകഥയിലെ ധ്രുവന്‍. മനുവംശത്തിലെ ഉത്താനപാദ മഹാരാജാവിന്റെ മകനാണ് ധ്രുവന്‍. മഹാരാജാവിനു രണ്ടു ഭാര്യമാരുണ്ടായിരുന്നു. സുനീതിയും സുരുചിയും. സുരുചിയോടായിരുന്നു രാജാവിനു പ്രിയം. അവള്‍ കൂടുതല്‍ സുന്ദരിയായിരുന്നു. സുരുചിയുടെ നിയന്ത്രണത്തിലായി രാജാവ്. സുരുചിയുടെ മകന്‍ ഉത്തമനും സുനീതിയുടെ മകന്‍ ധ്രുവനുമായിരുന്നു.
ഒരു ദിവസം രണ്ടുകുട്ടികളും കളിച്ചുകൊണ്ടിരിക്കേ ഉത്തമന്‍ ഓടിച്ചെന്ന് സിംഹാസനത്തിലിരിക്കുന്ന മഹാരാജാവിന്റെ മടിയില്‍ കയറിയിരുന്നു. പിന്നാലെ ഓടിവന്നു മടിയില്‍ കയറാന്‍ ശ്രമിച്ച ധ്രുവനെ സുരുചി തടഞ്ഞു. ഉത്താനപാദമഹാരാജാവിനു ധ്രുവനെ മടിയിലിരുത്താന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും സുരുചിയെ ധിക്കരിക്കാന്‍ ധൈര്യം വന്നില്ല. മടിയിലിരുത്താത്തതില്‍ സങ്കടം വന്ന ധ്രുവന്‍ കരഞ്ഞപ്പോള്‍ സുരുചി പറഞ്ഞു: ‘എന്റെ വയറ്റില്‍ വന്നു പിറന്നാല്‍ നിനക്ക് രാജാവിന്റെ മടിയില്‍ ഇരിക്കാം.’
സങ്കടം സഹിക്കവയ്യാതെ ധ്രുവന്‍ അമ്മയുടെ അടുത്തേക്കോടി. സുനീതി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞശേഷം കണ്ണീര്‍ തുടച്ച് അവനെ ആശ്വസിപ്പിച്ചു. എങ്ങലടിച്ചുകരയുന്ന കുട്ടിയോട് ആ അമ്മയ്ക്ക് ഒന്നേ പറയാനുണ്ടായിരുന്നുള്ളു. ‘നമ്മളുടെ സങ്കടം മുഴുവന്‍ ഭഗവാന്‍ വിഷ്ണു കാണുന്നുണ്ട്. ഭഗവാന്‍ എല്ലാത്തിനും പരിഹാരം കാണും.’
‘ഭഗവാന്‍ എല്ലാം കാണുന്നുണ്ടെങ്കില്‍ എന്തുകൊണ്ട് എനിയ്ക്കു നീതി വാങ്ങിത്തരുന്നില്ല?’
‘ഭാഗവാനെ പ്രാര്‍ത്ഥിച്ചാല്‍ എല്ലാം ശരിയാകും’ എന്ന് അമ്മ സമാധാനിപ്പിച്ചു. അതുകൊണ്ടൊന്നും ധ്രുവന്‍ തൃപ്തനായില്ല. തനിക്കു നേരിട്ട അനീതി
ഭഗവാനെ നേരില്‍ കണ്ട് ബോധിപ്പിച്ചേ പറ്റൂ എന്നു അവന്‍ ശഠിച്ചു.
ഭഗവാനെ കാണണമെങ്കില്‍ തപസു ചെയ്തു പ്രത്യക്ഷപ്പെടുത്തണം എന്ന് അമ്മ പറഞ്ഞു.
‘അമ്മ എന്നെ അനുഗ്രഹിയ്ക്കു. ഞാന്‍ തപസ്സിനു പോകുകയാണ്’ എന്ന് ധ്രുവപന്‍ തീര്‍ത്തു പറഞ്ഞു. സുനീതി നിറകണ്ണോടെ അവനെ അനുഗ്രഹിച്ചു. ധ്രുവന്‍ തപസുചെയ്യാന്‍ ഇറങ്ങിത്തിരിച്ചു.
വഴിയില്‍ അവന്‍ തേജോമയനായ ഒരു സന്യാസിയെ കണ്ടു. നാരദമുനിയായിരുന്നു അത്. മുനി അവനെ പിന്തിരിപ്പിക്കാന്‍ പല ഉപായങ്ങളും പറഞ്ഞുനോക്കി. ധ്രുവനെ അവന്റെ ലക്ഷ്യത്തില്‍നിന്ന് ഇളക്കാനാവില്ലെന്ന് മനസ്സിലായതോടെ നാരദന്‍ തപസ്സിനുള്ള വഴികളെല്ലാം ഉപദേശിച്ചുകൊടുത്തു.
മധുവനത്തിലെത്തിയ ധ്രുവന്‍ തപസ്സാരംഭിച്ചു. ഫലം കാണാതെ വന്നപ്പോള്‍ തപസ്സിലെ വ്രതങ്ങള്‍ കഠിനമാക്കി. ദിവസവും ഒരു നേരം ആഹരിക്കുക എന്നത് മൂന്നുദിവസത്തില്‍ ഒരിക്കല്‍ ഭക്ഷണം കഴിക്കുക എന്നാക്കി. പിന്നീട് ആഹാരം ഉപേക്ഷിച്ചു ജലപാനം മാത്രം ചെയ്തു. അതും ഉപേക്ഷിച്ചു. പ്രാണായാമം മാത്രം ചെയ്തു. കഠിനതപസ്സിന്റെ ഭാഗമായി ശ്വാസമടക്കിപ്പിടിച്ച് ഭഗവാനില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചു.
അതോടെ ജീവജാലങ്ങള്‍ ക്കെല്ലാം ശ്വസിക്കാന്‍ ബുദ്ധിമുട്ടുവാന്‍ തുടങ്ങി. അതോടെ ദേവന്മാര്‍ ഇടപെട്ടു. ബ്രഹ്മാവുള്‍പ്പെടെയുള്ളവര്‍ മഹാവിഷ്ണുവിനെ കണ്ട് ധ്രുവന്റെ തപസ് അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടു.
ഗുരുഡന്റെ പുറത്തുകയറി മഹാവിഷ്ണു ധ്രുവന്റെ മുമ്പില്‍ പ്രത്യക്ഷനായി. ഭക്തിപരവശനായ ധ്രുവന്‍ ഭഗവാന്റെ കാല്‍ക്കല്‍ നമസ്‌കരിച്ചു. ഒരു സ്ഥലത്തും അവന് അനീതിയെ നേരിടേണ്ടി വരില്ലെന്നു ഭഗവാന്‍ അനുഗ്രഹിച്ചു. തനിക്ക് ആത്മീയ ജ്ഞാനമുണ്ടാകണമെന്നു ധ്രുവന്‍ ഭഗവാനോട് ആവശ്യപ്പെട്ടു. അതും അനുഗ്രഹിച്ചു നല്‍കിയശേഷം മഹാവിഷ്ണു അപ്രത്യ
ക്ഷനായി. ദേവന്മാര്‍ പുഷ്പവൃഷ്ടിചൊരിഞ്ഞു.
മധുവനത്തില്‍ നിന്നിറങ്ങിയ ധ്രുവനെ സന്യാസിവര്യന്മാര്‍ വണങ്ങി. വഴിയിലുള്ള രാജ്യങ്ങളിലെ രാജാക്കന്മാര്‍ രാജകൊട്ടാരത്തിലേയ്ക്ക് സ്വീകരിച്ചാനയിച്ചു. എല്ലാവര്‍ക്കും സദുപദേശങ്ങള്‍ ചൊരിഞ്ഞ ശേഷം ധ്രുവന്‍ സ്വന്തം രാജ്യത്തെത്തി. ധ്രുവനെ ദര്‍ശിക്കാന്‍ ജനങ്ങള്‍ കാത്തിരുന്നു.
ഉത്താനപാദ മഹാരാജാവും പത്‌നിമാരും അദ്ദേഹത്തിന്റെ വചനങ്ങള്‍ കേള്‍ക്കാന്‍ തയ്യാറായി. എല്ലാവരുടെ മനസ്സിലും നന്മകള്‍ നിറച്ച ധ്രുവന്‍ ദീര്‍ഘകാലം രാജ്യം ഭരിച്ചശേഷം ഉടലോടെ ആകാശത്തേയ്ക്ക് ഉയര്‍ന്നുപോയി. ആകാശത്ത് നമുക്ക് വഴികാട്ടിയായി ചന്ദ്രനുമുമ്പ് ഉദിക്കുകയും ചന്ദ്രനു ശേഷം അസ്തമിക്കുകയും ചെയ്യുന്ന നക്ഷത്രമായി ധ്രുവന്‍ പരിശോഭിക്കുന്നു.