ആദര്‍ശ രാഷ്ട്രീയത്തിന്റെ ദീനദയാല്‍ മാര്‍ഗ്ഗം (കേസരി നവംബര്‍ 27 ലക്കം) എന്ന യു.ഗോപാല്‍ മല്ലറിന്റെ ലേഖനം, ഹൃദയത്തില്‍ തൊടുന്നതാണ്.
രാഷ്ട്രീയം എന്നത് രാഷ്ട്ര കാര്യത്തിനുവേണ്ടി ആകണം എന്ന് സ്വജീവിതത്തിലൂടെ കാണിച്ചുതന്ന സ്വര്‍ഗ്ഗീയ ദീനദയാല്‍ജിയെക്കുറിച്ചുള്ള ലേഖനത്തിന് വര്‍ത്തമാനകാല പ്രസക്തി ഏറെയാണ്. അധികാര രാഷ്ട്രീയത്തില്‍നിന്നും എന്നും ഒഴിഞ്ഞു നിന്നിട്ടുള്ള അദ്ദേഹത്തിന്റെ ജീവിതം പൊതു പ്രവര്‍ത്തകര്‍ വീണ്ടും വീണ്ടും പഠിക്കേണ്ട ഒന്നാണ്. ഞാനൊരു സാധാരണ സ്വയംസേവകന്‍ എന്ന് ഗുരുജി പറഞ്ഞിട്ടുള്ളത് ദീനദയാല്‍ജിയിലും കാണാന്‍ കഴിയും. ഈ ഒരു സാധാരണക്കാരനായ മനുഷ്യനാണ് ഏകാത്മ മാനവദര്‍ശനം എന്ന തത്വവിചാരം മുന്നോട്ട് വെച്ചത് എന്നോര്‍ക്കുമ്പോള്‍ അത്ഭുതവും അതിലേറെ ആദരവും തോന്നിപ്പോകും. അദ്ദേഹത്തിന്റെ ഉള്ളില്‍ ഉണ്ടായിരുന്ന സര്‍വ്വ സാധാരണക്കാരനായ പൗരനെക്കുറിച്ചുള്ള ചിന്തകളെത്തന്നെയാണ് ഭാരതീയ ദര്‍ശനത്തോടൊപ്പം ചേര്‍ത്തുവെച്ചത് എന്ന തിരിച്ചറിവ് നമ്മുടെ ഉള്ളില്‍ ഉണ്ടാക്കാന്‍ ആ ജീവിതത്തിലൂടെ കടന്നു പോകുമ്പോള്‍ സാധിക്കുന്നുണ്ട്. കാലഹരണപ്പെട്ട പ്രത്യയശാസ്ത്രങ്ങളുടെ ആശയ സ്വപ്നങ്ങള്‍ക്ക് ഇന്നലെ വരെ നല്‍കാന്‍ കഴിയാത്തത് അദ്ദേഹം വിഭാവനം ചെയ്ത ഒരു പ്രായോഗിക ജീവിത പദ്ധതിയിലൂടെ ഇന്ന് ഭാരതത്തിലെ ഓരോ സാധാരണക്കാരനും അറിഞ്ഞോ അറിയാതെയോ അനുഭവിക്കാന്‍ സാധിക്കുന്നുണ്ട് എന്നുള്ളത് തന്നെയാണ് അദ്ദേഹത്തിന്റെ ജീവിത സന്ദേശം. ഇത് പൂര്‍ണ്ണമാകുമ്പോള്‍ തന്നെയാണ് ഭാരതത്തിന്റെ ആത്മാവ് നിര്‍ഭരമാകുക.