നരേന്ദ്ര മോദി സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതി ഒരു വിധത്തിലും രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ക്ക് എതിരായിരുന്നില്ല. നിയമഭേദഗതിയിലൊരിടത്തും ഇങ്ങനെയൊരു വ്യവസ്ഥയുള്ളതായി വിമര്‍ശകര്‍ക്കാര്‍ക്കും ചൂണ്ടിക്കാട്ടാനും കഴിഞ്ഞില്ല. പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ ഇസ്ലാമിക രാജ്യങ്ങളില്‍നിന്ന് മതപീഡനങ്ങള്‍ സഹിക്കാനാവാതെ ഭാരതത്തിലേക്ക് പലായനം ചെയ്യുന്ന ഹിന്ദുക്കളും സിഖുകാരും ജൈനമതക്കാരും ക്രൈസ്തവരുമായ ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കുന്നതിനുള്ള നിയമനിര്‍മാണമായിരുന്നു അത്. പക്ഷേ രാജ്യത്തെ മുസ്ലിങ്ങള്‍ക്കെതിരായ, അവരെ ആട്ടിപ്പായിക്കാനുള്ള നിയമനിര്‍മാണമാണ് ഇതെന്ന് പ്രചരിപ്പിച്ചാണ് അക്രമാസക്തമായ പ്രക്ഷോഭങ്ങള്‍ നടത്തിയതും, ദല്‍ഹിയില്‍ അത് വര്‍ഗീയ കലാപമായി മാറിയതും.
സമാനമായ സംഭവ വികാസങ്ങളാണ് മോദി സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക പരിഷ്‌കരണ നിയമങ്ങളെ കര്‍ഷക വിരുദ്ധമായി മുദ്രകുത്തി അതിനെതിരെയുള്ള സമരങ്ങളിലും അരങ്ങേറിയത്. ബഹുഭൂരിപക്ഷം വരുന്ന സാധാരണ കര്‍ഷകരെ പ്രതികൂലമായി ബാധിക്കുന്ന വ്യവസ്ഥകളൊന്നും ഇല്ലാത്ത നിയമങ്ങള്‍ ബോധപൂര്‍വം കര്‍ഷക വിരുദ്ധമായി ചിത്രീകരിക്കപ്പെട്ടു. പൗരത്വ നിയമഭേദഗതിക്കെതിരായ പ്രക്ഷോഭം വര്‍ഗീയ കലാപമായി മാറാനിടയാക്കിയ ദല്‍ഹിയിലെ ഷഹീന്‍ബാഗ് ഉപരോധം പോലെയാണ് പഞ്ചാബിലെ കര്‍ഷകരെ ദല്‍ഹിയില്‍ അണിനിരത്തിയുള്ള സമരം. ഇസ്ലാമിക തീവ്രവാദികളുമായി ചേര്‍ന്ന് പൗരത്വ നിയമ വിരുദ്ധ പ്രക്ഷോഭം ആളിക്കത്തിക്കാന്‍ ശ്രമിച്ച ഇടത് ലിബറലുകളിലും അര്‍ബന്‍ നക്‌സലുകളിലും ഉള്‍പ്പെട്ട യോഗേന്ദ്ര യാദവിനെയും ചന്ദ്രശേഖര്‍ ആസാദിനെയും മേധാപട്കറെയും പോലുള്ള ചിലര്‍ കര്‍ഷക പ്രക്ഷോഭത്തിന്റെയും വക്താക്കളായി രംഗപ്രവേശം ചെയ്തത് ഇതിന് തെളിവാണ്.
ഇക്കഴിഞ്ഞ സപ്തംബറിലാണ് മൂന്ന് കാര്‍ഷിക പരിഷ്‌കരണ ബില്ലുകള്‍ പാര്‍ലമെന്റ് പാസ്സാക്കിയത്. രാഷ്ട്രപതി ഒപ്പുവച്ച് നിയമമാവുകയും ചെയ്തു. ജൂണില്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സിന് പകരമായാണ് ബില്ലുകൊണ്ടുവന്ന് നിയമനിര്‍മാണം നടത്തിയത്. ഇത് ഭരണസഖ്യമായ എന്‍ഡിഎയില്‍ തന്നെ ചില ഭിന്നതകളുണ്ടാക്കി. എന്‍ഡിഎയിലെ ഏറ്റവും പഴയ സഖ്യകക്ഷിയായ ശിരോമണി അകാലിദള്‍ സഖ്യം വിട്ടു. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചകള്‍ ചെയ്ത് അകാലിദളിനെ ഒപ്പം നിര്‍ത്തേണ്ടതില്ലെന്ന് ബിജെപി തീരുമാനിച്ചു. കാരണം തികഞ്ഞ ഉദ്ദേശ്യ ശുദ്ധിയോടെയാണ് നിയമനിര്‍മാണം നടത്തിയത്. പഞ്ചാബിലെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 177 സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ബിജെപി പ്രഖ്യാപിക്കുകയും ചെയ്തു.
ബില്ലുകള്‍ നിയമമായതു മുതല്‍ പ്രതിപക്ഷ പാര്‍ട്ടികളും ചില മാധ്യമങ്ങളും തെറ്റിദ്ധാരണ പരത്താന്‍ തുടങ്ങി. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് താങ്ങുവില നല്‍കുന്ന രീതി ഇല്ലാതാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നായിരുന്നു പ്രധാന ആരോപണം. പക്ഷേ ഇങ്ങനെയൊരു വ്യവസ്ഥ നിയമത്തില്‍ ഒരിടത്തുമില്ല. നെല്ലും ഗോതമ്പും ഏറ്റവും കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനം പഞ്ചാബാണ്. കര്‍ഷകര്‍ക്ക് താങ്ങുവില നല്‍കി കേന്ദ്ര സര്‍ക്കാരാണ് ഇവ വാങ്ങി സംഭരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ താങ്ങുവില ഉപേക്ഷിക്കുകയാണെന്ന പ്രചാരണം കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബിലെ കര്‍ഷകര്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടാക്കി. മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ഇതിനെ പിന്തുണച്ചു. കേന്ദ്രം കൊണ്ടുവന്ന നിയമങ്ങളെ എതിര്‍ക്കുന്ന പ്രമേയം നിയമസഭയില്‍ അവതരിപ്പിച്ചു.
തെറ്റിദ്ധാരണ പടരാന്‍ തുടങ്ങിയതോടെ കേന്ദ്ര സര്‍ക്കാര്‍ സത്വര നടപടികളെടുത്തു. താങ്ങുവില ഉപേക്ഷിക്കുന്ന പ്രശ്‌നമില്ലെന്ന് പ്രധാനമന്ത്രിയും മറ്റ് മന്ത്രിമാരും വ്യക്തമാക്കി. ആരോപണത്തെ പ്രധാനമന്ത്രി ആവര്‍ത്തിച്ച് നിഷേധിച്ചു. സെപ്തംബര്‍ 20 ന് മോദി ഇങ്ങനെ ട്വീറ്റ് ചെയ്തു. ”ഞാന്‍ ഇത് മുന്‍പ് പറഞ്ഞിട്ടുള്ളതാണ്. ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുകയും ചെയ്യുന്നു. താങ്ങുവില സംവിധാനം തുടരും. കര്‍ഷകരില്‍നിന്ന് സര്‍ക്കാര്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുകയും ചെയ്യും. കര്‍ഷകരെ സേവിക്കാനുള്ളവരാണ് ഞങ്ങള്‍. അവരെ സഹായിക്കാന്‍ സാധ്യമായതെല്ലാം ചെയ്യും. അവരുടെ ഭാവിതലമുറയ്ക്ക് മെച്ചപ്പെട്ട ജീവിതം ഉറപ്പുവരുത്തും.”
സപ്തംബര്‍ 27 ലെ ‘മന്‍കി ബാത്’ പരിപാടിയില്‍ കാര്‍ഷിക പരിഷ്‌കാരങ്ങളുടെ നേട്ടങ്ങളെക്കുറിച്ചും, അത് എങ്ങനെയാണ് കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാന്‍ പോകുന്നതെന്നും പ്രധാനമന്ത്രി വിവരിച്ചു. സെപ്തംബര്‍ 29 ന് ഉത്തരാഖണ്ഡില്‍ ‘നമാമി ഗംഗെ’ പദ്ധതി ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗത്തിലും താങ്ങുവിലയെക്കുറിച്ച് ചിലയാളുകള്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ”രാജ്യത്ത് താങ്ങുവില സംവിധാനം തുടരും. കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ രാജ്യത്ത് എവിടെ വേണമെങ്കിലും വില്‍ക്കാം.” മോദി വ്യക്തമാക്കി.
പുതിയ നിയമനിര്‍മാണം വഴി കര്‍ഷകര്‍ക്ക് ലഭിക്കുന്ന വന്‍ നേട്ടത്തിലേക്കാണ് പ്രധാനമന്ത്രി മോദി ഇവിടെ വിരല്‍ചൂണ്ടുന്നത്. വന്‍കിടക്കാര്‍ നിയന്ത്രിക്കുന്ന അഗ്രികള്‍ച്ചര്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റീസ് എന്ന എ പി എം സിയിലെ മണ്ഡികള്‍ അഥവാ ചന്തകളിലൂടെ മാത്രമേ ഇതുവരെ കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. കര്‍ഷകരില്‍നിന്ന് കുറഞ്ഞ വിലയ്ക്ക് ഉല്‍പ്പന്നങ്ങള്‍ വാങ്ങി മണ്ഡിയിലെത്തിക്കുന്നത് ഇടനിലക്കാരാണ്. അവിടെ ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കുകയും ചെയ്യുന്നു. എപി എം സി ഇല്ലാതാകുന്ന പുതിയ നിയമനിര്‍മ്മാണത്തിലൂടെ മണ്ഡികള്‍ നിലനില്‍ക്കുമെങ്കിലും അവയ്ക്കു പുറത്ത് രാജ്യത്ത് എവിടെ വേണമെങ്കിലും ഏതു ഉല്‍പ്പന്നവും കര്‍ഷകര്‍ക്ക് വില്‍ക്കാനാവും. വലിയ ലാഭമാണ് ഇതുവഴി ലഭിക്കുക. ഇതുവരെ ഇങ്ങനെയൊരു സ്വാതന്ത്ര്യം കര്‍ഷകര്‍ക്ക് ഉണ്ടായിരുന്നില്ല. ബഹുഭൂരിപക്ഷം വരുന്ന കര്‍ഷകര്‍ ഇക്കാരണത്താല്‍ മോദി സര്‍ക്കാരിനോട് കടപ്പെട്ടിരിക്കുന്നു.
പുതുതായി കൊണ്ടുവന്ന നിയമത്തില്‍ താങ്ങുവിലയെക്കുറിച്ച് പറയുന്നില്ല എന്നതു ശരിതന്നെയാണ്. ഇതിനര്‍ത്ഥം അത് റദ്ദാക്കുന്നു എന്നല്ല. പുതിയ നിയമം താങ്ങുവിലയുമായി ബന്ധപ്പെട്ടതല്ല. മണ്ഡിക്കു പുറത്ത് കര്‍ഷകര്‍ക്കും കച്ചവടക്കാര്‍ക്കും ഉല്‍പ്പന്നങ്ങള്‍ വാങ്ങാനും വില്‍ക്കാനും കൂടുതല്‍ സ്വാതന്ത്ര്യം അനുവദിക്കുന്ന നിയമമാണിത്. താങ്ങുവില ഒരു പ്രത്യേക പ്രശ്‌നമാണ്. താങ്ങുവില നേരത്തെയും ഏതെങ്കിലും ഒരു നിയമത്തിന്റെ ഭാഗമായിരുന്നില്ല. ഇപ്പോഴുമല്ല എന്നതാണ് സത്യം. സര്‍ക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് താങ്ങുവില. ഈ വിലയ്ക്കുതന്നെ കര്‍ഷകരില്‍നിന്ന് സര്‍ക്കാര്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങും. പുതിയ നിയമം ഈ നിലയ്ക്കു യാതൊരു മാറ്റവും വരുത്തുന്നില്ല. ഇക്കാര്യം മറച്ചുപിടിച്ചുകൊണ്ടാണ് നിയമം താങ്ങുവിലയ്‌ക്കെതിരാണെന്ന് ചിലര്‍ കുപ്രചാരണം നടത്തിയത്.
മോദി സര്‍ക്കാരിന്റെ കാര്‍ഷിക പരിഷ്‌കരണ നിയമങ്ങള്‍ക്കെതിരെ ചിലര്‍ രംഗത്തുവരാനുള്ള യഥാര്‍ത്ഥ കാരണം മറ്റൊന്നാണ്. ‘ഒരു രാജ്യം ഒരൊറ്റ വിപണി’ എന്ന ലക്ഷ്യം മുന്‍നിര്‍ത്തി എ പിഎം സിയുടെ അധികാരക്കുത്തക അവസാനിപ്പിച്ചതാണ് പ്രശ്‌നം. എപി എം സിക്കു കീഴിലെ ചന്തകളില്‍നിന്നുള്ള ലാഭം കര്‍ഷകരെക്കാള്‍ ഇടനിലക്കാര്‍ക്കാണ് ലഭിച്ചിരുന്നത്. സംസ്ഥാന സര്‍ക്കാരുകള്‍ക്കും അതില്‍നിന്ന് നികുതി ലഭിച്ചിരുന്നു. പുതിയ നിയമപ്രകാരം കര്‍ഷകനാണ് രാജാവ്. എ പി എംസിക്കു കീഴിലുള്ള ചന്തകള്‍ക്ക് പുറത്ത് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും കര്‍ഷകന് ലഭിക്കുമ്പോള്‍ ഇടനിലക്കാരുടെ പിടി ഇല്ലാതാവുന്നു.
കര്‍ഷകപ്രേമം പറയുന്ന പല രാഷ്ട്രീയ പാര്‍ട്ടികളും ഇക്കാലമത്രയും അവരെ ചൂഷണംചെയ്യുന്ന വ്യവസ്ഥിതിയുടെ സംരക്ഷകരായിരുന്നു. സമ്പന്നകര്‍ഷകരുടെ ലാഭക്കൊതിക്ക് നിന്നുകൊടുക്കാന്‍ വിധിക്കപ്പെട്ട പാവപ്പെട്ട കര്‍ഷകരെ മോചിപ്പിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് അനുവദിക്കില്ലെന്ന കര്‍ഷക ലോബിയുടെ ഭീഷണിയാണ് പുതിയ നിയമത്തിനെതിരായ പ്രക്ഷോഭത്തിന്റെ രൂപമാര്‍ജിച്ചത്. ചില രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയുള്ള സമ്പന്ന കര്‍ഷകര്‍ തങ്ങളുടെ സ്ഥാപിതതാല്‍പര്യം മുന്‍നിര്‍ത്തി പാവപ്പെട്ട കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കി.
ഓര്‍ഡിനന്‍സ് പുറത്തിറക്കിയപ്പോഴും ബില്ലുകള്‍ പാര്‍ലമെന്റ് പാസാക്കിയപ്പോഴും ചര്‍ച്ചയ്ക്ക് വേണ്ടത്ര സാവകാശമുണ്ടായിരുന്നു. എന്നാല്‍ സ്വതന്ത്രമായ ചര്‍ച്ച നടന്നാല്‍ എതിര്‍പ്പുകള്‍ക്ക് അടിസ്ഥാനമില്ലെന്ന സത്യം വെളിപ്പെടും. ഇതൊഴിവാക്കാന്‍ സര്‍ക്കാരുമായി ഏറ്റുമുട്ടലിന്റെ പാത സ്വീകരിക്കുകയായിരുന്നു. ബില്ലുകള്‍ പാസാക്കുന്നതിനിടെ പാര്‍ലമെന്റില്‍ അക്രമപ്പേക്കൂത്തുകള്‍ നടത്തുകയാണല്ലോ ചില പ്രതിപക്ഷ പാര്‍ട്ടികള്‍ ചെയ്തത്.
കര്‍ഷകപ്രേമം നടിച്ച് പ്രതിപക്ഷം സര്‍ക്കാരിനെതിരെ സ്വീകരിക്കുന്ന നിലപാടുകളെ ജനങ്ങള്‍ അംഗീകരിക്കുന്നില്ലെന്ന് ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലും, രാജ്യവ്യാപകമായി നടന്ന ഉപതിരഞ്ഞെടുപ്പുകളിലും ബിജെപിയും എന്‍ഡിഎയും നേടിയ വിജയം സാക്ഷ്യപ്പെടുത്തുന്നു. ഈ തിരഞ്ഞെടുപ്പുകളില്‍ കനത്ത തോല്‍വി സംഭവിച്ചതാണ് കാര്‍ഷിക പരിഷ്‌കരണ നിയമങ്ങള്‍ക്കെതിരെ രംഗത്തുവരാന്‍ പ്രതിപക്ഷത്തെ പ്രേരിപ്പിച്ചത്. ബീഹാറില്‍ കോണ്‍ഗ്രസ്സ് ഉള്‍പ്പെടുന്ന മഹാസഖ്യം വിജയിച്ചിരുന്നെങ്കില്‍ ഇങ്ങനെയൊരു സമരംതന്നെ ഉണ്ടാകുമായിരുന്നില്ല.
ജനാധിപത്യവിരുദ്ധമായി സര്‍ക്കാരിനെ നേരിടാനുള്ള മറയായി കര്‍ഷകരെ ഉപയോഗിക്കുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ചെയ്യുന്നത്. അടിക്കടിയുള്ള തെരഞ്ഞെടുപ്പ് പരാജയങ്ങളിലൂടെ രാഷ്ട്രീയമായി അപ്രസക്തമാവുകയും, സംഘടനാപരമായി തകര്‍ന്നിരിക്കുകയും ചെയ്യുന്ന കോണ്‍ഗ്രസ്സാണ് തെറ്റായ മാര്‍ഗങ്ങളിലൂടെ ഈ സമരത്തിന് തുടക്കംകുറിച്ചത്. കോണ്‍ഗ്രസ്സ് ഭരണമുള്ള പഞ്ചാബില്‍ കേടുവന്ന ഒരു ട്രാക്ടര്‍ കത്തിച്ചശേഷം അത് ദല്‍ഹിയില്‍ കൊണ്ടുവന്ന് വീണ്ടും കത്തിച്ച് കര്‍ഷക പ്രതിഷേധം കൃത്രിമമായി കുത്തിപ്പൊക്കുകയാണ് സമരാനുകൂലികള്‍ ചെയ്തത്.
കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാതെ ദല്‍ഹിയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച പഞ്ചാബില്‍നിന്നുള്ള കര്‍ഷകരെ ഹരിയാനയില്‍ തടയുകയുണ്ടായി. ഇതോടെ വലിയ അക്രമസംഭവങ്ങളാണ് അരങ്ങേറിയത്. സമരം ശക്തമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ അക്രമങ്ങള്‍ കുത്തിപ്പൊക്കുകയായിരുന്നു. രാജ്യതലസ്ഥാനത്ത് പ്രതിഷേധിക്കാനായി പ്രത്യേകം സ്ഥലം അനുവദിക്കാമെന്നു അറിയിച്ചിട്ടും അതിനു നില്‍ക്കാതെ ദല്‍ഹിയുടെ പ്രവേശന കവാടങ്ങള്‍ അടച്ചുകൊണ്ടുള്ള സമരരീതികളാണ് അവലംബിച്ചത്. എങ്ങനെയും സര്‍ക്കാരുമായി ഏറ്റുമുട്ടുകയെന്ന ഗൂഢോദ്ദേശ്യമായിരുന്നു ഇതിനു പിന്നില്‍.
ഷഹീന്‍ ബാഗില്‍ നടന്ന പൗരത്വ നിയമ വിരുദ്ധ സമരത്തില്‍ ഇസ്ലാമിക തീവ്രവാദ സംഘടനകളുടെ ഇടപെടലുണ്ടായതും, പ്രതിഷേധം ആളിക്കത്തിക്കാന്‍ വിദേശ ഫണ്ട് ലഭിച്ചതും അന്വേഷണത്തില്‍ കണ്ടെത്തുകയുണ്ടായി. കേന്ദ്ര സര്‍ക്കാരിനെ എതിര്‍ക്കുന്ന ബിജെപി വിരുദ്ധരായ രാഷ്ട്രീയ നേതാക്കളുടെ പലതരത്തിലുള്ള പങ്കാളിത്തവും കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കര്‍ഷകരെ മുന്‍നിര്‍ത്തി ഇതേ ശക്തികള്‍ രാജ്യതലസ്ഥാനത്ത് അരാജകത്വം സൃഷ്ടിക്കാനാണ് ശ്രമിച്ചത്. കര്‍ഷകരെന്നു പറയുന്നവര്‍ക്കിടയില്‍നിന്ന് ഖാലിസ്ഥാന്‍ മോഡല്‍ മുദ്രാവാക്യം ഉയര്‍ന്നത് ഇതിന്റെ സൂചനയാണ്. കര്‍ഷക പ്രശ്‌നങ്ങളുമായി പറയത്തക്ക ബന്ധമൊന്നുമില്ലാത്ത രാഷ്ട്രീയക്കാരനായ യോഗേന്ദ്ര യാദവ് സമരക്കാരുടെ നേതാവായി സര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ കയറിപ്പറ്റാന്‍ ശ്രമിച്ചതും, ഷഹീന്‍ ബാഗ് സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ടൈം മാഗസിന്‍ പ്രശംസിച്ച ഇസ്ലാമിക മതമൗലികവാദി വനിത ബില്‍ക്കീസ് ദാദി സമരക്കാര്‍ക്കൊപ്പം ചേരാന്‍ ശ്രമിച്ചതുമൊക്കെ അണിയറയില്‍ എന്തു നടക്കുന്നു എന്നതിന്റെ സൂചനകളാണ്. എല്ലാറ്റിനുമുപരിയാണ് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ സമരക്കാരുടെ കാര്യത്തില്‍ ആശങ്ക രേഖപ്പെടുത്തി നടത്തിയ പരാമര്‍ശങ്ങള്‍. ‘കനേഡിയന്‍ പപ്പു’ എന്നറിയപ്പെടുന്ന ട്രൂഡോയുടെ ഇടപെടലും സ്വാഭാവികമായി സംഭവിച്ചതാണെന്ന് കരുതാനാവില്ല.
തീര്‍ച്ചയായും കാര്‍ഷിക നിയമങ്ങളുടെ കാര്യത്തില്‍ കര്‍ഷകര്‍ക്കിടയില്‍ ചില ആശങ്കകള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ അത് ആശങ്കകള്‍ മാത്രമാണ്. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാവുന്നതേയുള്ളൂ. കര്‍ഷകര്‍ക്കൊപ്പം നിലകൊള്ളുന്ന മോദി സര്‍ക്കാര്‍ ഇതിന് സദാ സന്നദ്ധമാണ്. ഈ വഴിക്ക് കാര്യങ്ങള്‍ നീങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.