ഉത്തരേന്ത്യയിലെ, പ്രത്യേകിച്ച് ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഏതെങ്കിലും കുഗ്രാമത്തില്‍ വധുവിന്റെ അമ്മാവന്‍മാര്‍ വരനെ അക്രമിച്ചാല്‍ അതു ദുരഭിമാന അക്രമമായി മാറും. പ്രതികള്‍ ഹിന്ദുക്കളാണെങ്കില്‍ സംശയമില്ല ദുരഭിമാന അക്രമം തന്നെ! ഇത് ഇങ്ങ് കേരളത്തില്‍ മുസ്ലിം സമുദായത്തില്‍ സംഭവിച്ചാല്‍ അതു നിസ്സാരമായ കശപിശയും അടിപിടിയുമായി ഒതുങ്ങും. ഡിസംബര്‍ 3ന് കൊയിലാണ്ടിയിലെ കീഴരിയൂരില്‍ കണ്ണോത്ത് നിക്കാഹിനെത്തിയെ മുസ്ലിം യുവാവിനെ വധുവിന്റെ അമ്മാവന്മാര്‍ വടിവാള്‍ കൊണ്ട് അക്രമിച്ചത് അവര്‍ക്ക് ഈ വിവാഹം ഇഷ്ടമല്ലാത്തതിനാലായിരുന്നു. ലക്ഷണമൊത്ത ദുരഭിമാന അക്രമവും വധശ്രമവുമായിരുന്നു അത്. ഭാഗ്യത്തിനു മുഹമ്മദ് സലാഹ് എന്ന യുവാവ് രക്ഷപ്പെട്ടു. കൂട്ടുകാര്‍ക്ക് പരിക്കേറ്റു. നേരത്തെ രജിസ്റ്റര്‍ വിവാഹം ചെയ്തു സലാഹിന്റെ വീട്ടിലെത്തിയ യുവതിയെ ഈ അമ്മാവന്മാര്‍ വീടുകയറി അക്രമിച്ചു തട്ടിക്കൊണ്ടുപോയിരുന്നു. ഇത്രയൊക്കെയായിട്ടും അതിനെ ദുരഭിമാന അക്രമത്തിന്റെ പട്ടികയില്‍ പെടുത്താന്‍ നമ്മുടെ നാട്ടിലെ രാഷ്ട്രീയക്കാരും പത്രക്കാരും പോലീസും തയ്യാറായിട്ടില്ല.
ഒരു വര്‍ഷം മുമ്പാണ് കെവിന്‍ പി. ജോസഫ് എന്ന ദളിത് ക്രിസ്ത്യന്‍ യുവാവിനെ, അദ്ദേഹം പ്രണയിച്ച നീനു എന്ന യുവതിയുടെ അച്ഛനും സഹോദരനും കൂട്ടുകാരും ചേര്‍ന്ന് നദിയില്‍ മുക്കിക്കൊന്നത്. ലക്ഷണമൊത്ത ഈ ദുരഭിമാനക്കൊലയെ നിസ്സാരവല്‍ക്കരിച്ചത് ഇടതു സര്‍ക്കാരിന്റെ പോലീസാണ്. ഹിന്ദുക്കളെ അവഹേളിക്കാന്‍ ഉപയോഗിക്കുന്ന പദാവലികള്‍ മറ്റുള്ളവര്‍ക്കെതിരെ ഉപയോഗിക്കാനുള്ള ദുരഭിമാനമൊന്നും നമ്മുടെ നാട്ടിലെ മതേതരക്കാര്‍ക്കില്ല.