ആ പന്ത് നിമിഷങ്ങള്‍, കാല്‍പ്പന്തിനെ നെഞ്ചേറ്റുന്നവര്‍ ഇന്നും ഗൃഹാതുരതയോടെ മനസ്സിന്റെ ഫ്രെയിമിനുള്ളില്‍ പ്രിയമോടെ സൂക്ഷിക്കുന്നുണ്ട്. അതൊരു മായക്കാഴ്ച തന്നെയായിരുന്നു. തുടക്കത്തിനും ലക്ഷ്യത്തിനുമിടയില്‍ നിറഞ്ഞുപൊലിഞ്ഞ കാല്‍പ്പന്തുകളിയിലെ ലാവണ്യമായിരുന്നു അത്. അത്രയും ചാരുതയാര്‍ന്ന ഫുട്‌ബോള്‍ സര്‍ഗ്ഗാത്മകതയുടെ ആവിഷ്‌കാരം കണ്ടറിയാനായിരുന്നില്ല, പലര്‍ക്കും അന്നുവരെ. അതുകൊണ്ടുതന്നെ സമ്മോഹനങ്ങളായ ആ പത്ത് നിമിഷങ്ങള്‍ കൊഴിഞ്ഞുപോയിട്ടും, വീര്‍പ്പ് വിടാതെ, അവിശ്വസനീയതയോടെ മിഴിച്ചിരിക്കുകയായിരുന്നു ചരിത്രദൃശ്യം കണ്ടവരിലേറെയും.
മൈതാനത്തിന്റെ മദ്ധ്യവരയ്ക്കപ്പുറത്തുനിന്നും നാമ്പെടുത്ത ഒരു നിരുപദ്രവനീക്കം. വിക്ടര്‍ എന്റിക്ക് എന്ന സ്വന്തം സഹചാരിയില്‍ നിന്നും ആ പന്ത്, പാദങ്ങളിലേയ്ക്ക് മാത്രമല്ല, മനസ്സിലേയ്ക്ക് കൂടി ഏറ്റുവാങ്ങുകയായിരുന്നു, മറഡോണ. നൃത്തച്ചുവടുകളുടെ താളനിബദ്ധതയോടെ, ദൈവം തുറന്നു നല്‍കിയ വഴികളിലൂടെ, ലക്ഷ്യത്തിലേക്ക് മുന്നേറിയ, മറഡോണയുടെ പാദങ്ങളുടെ സ്‌നേഹസ്പര്‍ശം വിട്ട്, ഇംഗ്ലീഷ് ഗോള്‍വലയിലേക്ക് പന്ത് സ്വാസ്ഥ്യം കൊള്ളുമ്പോള്‍, ചരിത്രം പിറക്കുകയായിരുന്നു. ഗോളിലേക്കുള്ള വഴികളില്‍ ആ അര്‍ജന്റീനക്കാരന് തടസ്സം നില്‍ക്കേണ്ടിയിരുന്നത് ചില്ലറക്കാരായിരുന്നില്ല; പ്രതിരോധത്തിലെ പെരുംപേരുകാരായിരുന്ന പീറ്റര്‍ ബെയര്‍സിലിയും ടെറിബുച്ചറും പീറ്റര്‍ റീഡും ടെറി ഫെന്‍വിക്കും പിന്നെ ഗോള്‍ ചെറുക്കുന്നതില്‍ പേരുകേട്ട സാക്ഷാല്‍ പീറ്റര്‍ ഷില്‍ട്ടനുമായിരുന്നു. ഇടത്തൊഴിഞ്ഞും വലതുമാറിയും ഗതിവേഗം കുറച്ചും കൂട്ടിയും കണ്‍ചലനങ്ങളാല്‍ കബളിപ്പിച്ചുമുള്ള, നൂറ്റാണ്ടിന്റെ തന്നെ ആ പഥസഞ്ചലനത്തെ തടയാന്‍ അവര്‍ക്കാര്‍ക്കുമായില്ല. ഓരോരുത്തരും തലങ്ങും വിലങ്ങുമായി നിപതിക്കുകയായിരുന്നു. കളിയിടങ്ങളില്‍ അത്യപൂര്‍വ്വമായി മാത്രം കാണുന്ന നിസ്സഹായതയുടെ പ്രതിരൂപങ്ങളായി അവര്‍.
അതെ, അങ്ങനെയാണ് 1986ല്‍ മെക്‌സിക്കോയിലെ ആസ്റ്റക് സ്റ്റേഡിയത്തിലെ പുല്‍ത്തകിടിയില്‍ ഇംഗ്ലണ്ടിനെതിരെ അര്‍ജന്റീനയുടെ രണ്ടാം ഗോള്‍ സാക്ഷാല്‍ മറഡോണയിലൂടെ പിറന്നത്. ആ ഗോള്‍ വീഴ്ത്തിയ കാലുകളില്‍ ദൈവസ്പര്‍ശമുണ്ടായിരുന്നുവെന്ന് എല്ലാവരും വാഴ്ത്തുന്നു. അമ്മാതിരിയായിരുന്നു ആ ഗോള്‍ വന്നവഴി. കളിക്കളത്തില്‍ കവിത പിറക്കുകയായിരുന്നു. പതിറ്റാണ്ട് നാലാകാറായിട്ടും പുതുമ വിടാതെ നില്‍ക്കുകയാണ് ആ മനോഹരദൃശ്യം.
ഫുട്‌ബോള്‍ ചരിത്രത്തില്‍ മറക്കാനാകാത്ത പ്രതിഭകള്‍ അനവധിയുണ്ടായിട്ടുണ്ട്. പക്ഷേ അവര്‍ക്കോരോരുത്തര്‍ക്കുമൊപ്പം, താന്‍ പോരിമയുള്ള സഹകളിക്കാരുമുണ്ടായിട്ടുണ്ട്. ഒരു ടീമില്‍ അത്തരക്കാര്‍ ഒത്തുചേര്‍ന്നപ്പോഴാണ് മഹത്തായ വിജയങ്ങള്‍ അവയ്ക്കുണ്ടായിട്ടുള്ളത്. ഫ്രങ്ക് പുഷ്‌കാസിനൊപ്പം കോസിസും ഹിഡാക്കുറ്റിയുമുണ്ടായിരുന്നു. ഗരിഞ്ചയ്‌ക്കൊപ്പം ദീദിയും വാവയും നില്‍ട്ടന്‍ സാന്റോസുമുണ്ടായിരുന്നു. പെലെയോടൊത്ത് ജര്‍സനും ജയര്‍സിഞ്ഞോയും കാര്‍ലോസ് ആല്‍ബര്‍ട്ടോയുമുണ്ടായിരുന്നു. യോഹാന്‍ ക്രൈഫിന്റെ നിഴലായി യോഹാന്‍ നീസ്‌കെന്‍സുണ്ടായിരുന്നു. മഹാരഥന്മാര്‍ക്ക് ഒരിക്കലും ഒറ്റയ്ക്ക് ഇഴയേണ്ടി വന്നിരുന്നില്ല. കഥ വ്യത്യസ്തമായിരുന്നു മറഡോണയുടെ കാര്യത്തില്‍. 1986ല്‍ ലോകകപ്പ് നേടിയപ്പോഴും 1990ല്‍ ഫൈനലിലെത്തിയപ്പോഴും പ്രതിഭാസമ്പന്നരുടെ ഒരു നിരയായിരുന്നില്ല, മറഡോണയ്‌ക്കൊപ്പമുണ്ടായിരുന്നത്. വള്‍ഡാനോയും, ബുറഷാഗയും ബാറ്റിസ്റ്റിയൂട്ടയുമെല്ലാം നല്ല സഹായികള്‍ മാത്രമായിരുന്നു. ഒറ്റയ്ക്ക് ടീമിനെ ജയത്തിലേക്കെത്തിക്കാന്‍ മറഡോണയല്ലാതെ പ്രാപ്തരാരുമുണ്ടായിരുന്നില്ലായെന്നര്‍ത്ഥം. അത്തരമൊരു ശരാശരി ടീമിനെയാണ് അസാമാന്യ തന്ത്രങ്ങളിലൂടെ രൂപപ്പെടുത്താന്‍ മറഡോണയിലെ നായകന്‍ വിജയിച്ചത്.
തന്റെ പിന്‍വാങ്ങലിന് ശേഷം മൂന്നു പതിറ്റാണ്ടു കഴിഞ്ഞിട്ടും, ലയണല്‍ മെസ്സിയെപ്പോലെ അസാധാരണ പ്രതിഭയുടെ സാന്നിദ്ധ്യമുണ്ടായിട്ടും ഒരു ലോകകപ്പ് വിജയം നേടാന്‍ അര്‍ജന്റീനക്കായില്ലെന്നതും ഓര്‍ക്കേണ്ടതുണ്ട്. അകാലത്തില്‍ പൊലിഞ്ഞ ഈ മഹാപ്രതിഭയുടെ തിളക്കം പലപ്പോഴും ചോര്‍ത്തിയത്, വ്യക്തിജീവിതത്തിലെ പ്രശ്‌നങ്ങളായിരുന്നു. കേളിബാഹ്യങ്ങളായ വിഷയങ്ങളില്‍ നിന്നും രൂപപ്പെട്ട വിവാദങ്ങളാണ് മറഡോണയുടെ കളിജീവിതത്തിന് വിരാമമിട്ടത്. ഇറ്റലിയില്‍ നാപ്പോളി ക്ലബ്ബിന് വേണ്ടി അന്നത്തെ ഏറ്റവും ഉയര്‍ന്ന പ്രതിഫലത്തിനാണ് കരാറുണ്ടായത്. അതിന്റെ ഫലവും നാപ്പോളിക്ക് ലഭിച്ചു. ക്ലബ്ബ് ചരിത്രത്തിലാദ്യമായി രണ്ടു തവണ (1986-87, 1989-90) ഇറ്റാലിയന്‍ സീരി എ കപ്പ് നേടാനും ഒരു തവണ യുവേഫാ കപ്പ് (88-89) കരസ്ഥമാക്കാനും മറഡോണയുടെ സാന്നിദ്ധ്യം കൊണ്ട് ക്ലബ്ബിന് കഴിഞ്ഞു. എന്നാല്‍ ഇറ്റലിയില്‍ വച്ചുള്ള മയക്കുമരുന്നുപയോഗത്തിലൂടെ കളിക്കാരനെന്ന നിലയിലുള്ള പതനവും ആരംഭിച്ചിരുന്നു.
1986 ലോകകപ്പില്‍ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം ലഭിച്ച മറഡോണ തുടര്‍ന്ന് നൂറ്റാണ്ടിന്റെ ഫുട്‌ബോളര്‍ ആയും തെരഞ്ഞെടുക്കപ്പെടുകയുണ്ടായി.1982 മുതല്‍ 1994 വരെ നാലു ലോകകപ്പുകള്‍ കളിച്ചുവെങ്കിലും ആകെ 21 കളികളിലായി 8 ഗോള്‍മാത്രമാണ് നേടാനായത്. ഇതില്‍ അഞ്ചെണ്ണവും അര്‍ജന്റീന വിജയിച്ച 1986 ലോകകപ്പിലായിരുന്നു. പലപ്പോഴും, ഗോള്‍ നേടുന്നതിനുപരി മറ്റുള്ളവര്‍ക്ക് ഗോളടിക്കാനാകുംവിധം കൃത്യമായി പന്തെത്തിച്ചു നല്‍കുന്നതിലായിരുന്നു മറഡോണ ശ്രദ്ധപുലര്‍ത്തിയത്. 1986, 90 ലോകകപ്പുകളില്‍ ബുറഷാഗ, വര്‍ഡാനോ എന്നിവര്‍ നേടിയ ഗോളുകള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. മറഡോണ എന്ന കളിക്കാരന്‍ ഫുട്‌ബോള്‍ ലോകത്തിന് നല്‍കിയ സംഭാവനകള്‍ രണ്ടുതരത്തില്‍ വിലയിരുത്താനാകും. കളിക്കാരനെന്ന നിലയിലും നായകനായും അര്‍ജന്റീനയെ ലോക ഫുട്‌ബോളിന്റെ അമരത്തേക്ക് വീണ്ടും കൊണ്ടുവരാന്‍ കഴിഞ്ഞുവെന്നത് മറഡോണയുടെ നേട്ടമാണ്. ഫാക്‌ലന്റിലെ പടനിലത്തില്‍ ഇംഗ്ലണ്ടില്‍ നിന്നേറ്റ യുദ്ധപരാജയത്തിന്, ഫുട്‌ബോള്‍ കളിയിടത്തിലൂടെ പകരം വീട്ടിയ വീരനായകനായാണ് അര്‍ജന്റീന അദ്ദേഹത്തെ വരവേറ്റത്. സ്വന്തം വിഭവശേഷിയും പ്രതിഭാസ്പര്‍ശവും ഒരു ടീമിലേക്ക് സന്നിവേശിപ്പിച്ച് മികവുറ്റതാക്കാമെന്ന് തെളിയിച്ചതാണ് മറഡോണയുടെ വിജയം.
തന്റെ അസാമാന്യ പ്രകടനങ്ങളിലൂടെ ലോകഫുട്‌ബോളില്‍ പുതിയൊരാവേശമുണ്ടാക്കാനും അദ്ദേഹത്തിനായി. ഒരു നായകന്‍, ഒരു ടീമിന് ആരാകണമെന്നും, എങ്ങനെയാകണമെന്നും മറഡോണ മറ്റുള്ളവര്‍ക്ക് പാഠമായി. വ്യക്തിഗത മികവുകള്‍ക്കപ്പുറം ടീമിന്റെ കെട്ടുറപ്പാണ് പ്രധാനമെന്ന് കണ്ടതിന്റെ ഫലമായിരുന്നു 1986, 90 കളിലെ അര്‍ജന്റീനിയന്‍ മികവുകള്‍.
ലോകം കണ്ട എക്കാലത്തേയും മികച്ച ഫുട്‌ബോള്‍ കളിക്കാരന്‍ ആരെന്ന തര്‍ക്കം ഇനിയും അവസാനിച്ചിട്ടില്ല. അന്തിമ ഫലം കുറിക്കേണ്ടുന്ന പണ്ഡിതന്മാര്‍ അവരുടെ ജോലിയില്‍ തീര്‍പ്പുണ്ടാക്കട്ടെ! പക്ഷേ, കാല്‍പ്പന്ത് കളിയില്‍ സൗന്ദര്യം കാണുന്നവരുടെ, ഈ കളിയെ ഹൃദയം കൊണ്ടളക്കുന്നവരുടെ മനസ്സില്‍ ആദ്യമുയരുന്ന പേര് ഡീഗോ അര്‍മാന്റോ മറഡോണ എന്നാകും…