Monday, June 23, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

മാതൃഭൂമിക്കുവേണ്ടി ബലിദാനികളായവര്‍

മാത്യൂസ് അവന്തി

Print Edition: 4 December 2020
മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ മാതാപിതാക്കള്‍

മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ മാതാപിതാക്കള്‍

2008 നവംബര്‍ 26 ന് 10 ഇസ്ലാമിക തീവ്രവാദികള്‍ മുംബൈയിലെത്തി. കാശ്മീര്‍ ആസ്ഥാനമാക്കിയ ലഷ്‌കര്‍ ഇ തോയ്ബയിലെ അംഗങ്ങള്‍. അവര്‍ അടിമുടി ആയുധം ധരിച്ചിരുന്നു. പാകിസ്ഥാന്‍ സൈന്യം ഉപയോഗിക്കുന്ന അത്യാധുനിക തോക്കുകളും ഗ്രനേഡുകളും ടൈം ബോംബുകളും ഉപയോഗിച്ച് അവര്‍ നഗരത്തിലെ 12 കേന്ദ്രങ്ങളില്‍ ആസൂത്രിതമായ ആക്രമണങ്ങള്‍ നടത്തി. മുംബൈ നഗരം കിടിലം കൊണ്ടു. നഗരത്തിലെമ്പാടും നാലുദിവസം അവര്‍ കിരാതവാഴ്ച നടത്തി. 2008 നവംബര്‍ 26 ബുധനാഴ്ച മുതല്‍ 29-ന് ശനിയാഴ്ച വരെയുള്ള ദിവസങ്ങള്‍ ഭാരത ചരിത്രത്തിലെ കറുത്ത അദ്ധ്യായമാണ്.

9 ആക്രമണകാരികള്‍ ഉള്‍പ്പെടെ 174 പേര്‍ക്കു മരണം സംഭവിച്ചു. 300 പേര്‍ക്കാണ് ഗുരുതരമായ പരുക്കേറ്റത്. അവരില്‍ പലരും പിന്നീട് സ്വസ്ഥജീവിതം നയിക്കാന്‍ കഴിയാത്തവണ്ണം അംഗഹീനരായി.

തെക്കന്‍ മുംബൈയിലെ ഛത്രപതി ശിവജി ടെര്‍മിനസ്, ഒബ്‌റോയ് ട്രൈഡന്റ്, താജ്പാലസ് ആന്‍ഡ് ടവര്‍, ലിയോപോള്‍ഡ് കഫെ, കാമാ ഹോസ്പിറ്റല്‍, നരിമാന്‍ഹൗസ് ജൂതകേന്ദ്രം, മെട്രോ സിനേമ, ടൈംസ് ഓഫ് ഇന്ത്യാ ബില്‍ഡിങ്ങിനു പിന്നിലുള്ള ഇടവഴി, സെന്റ് സേവ്യേഴ്‌സ് കോളേജ് എന്നിവിടങ്ങളിലാണ് ആക്രമണമുണ്ടായത്.

മുംബൈ പോലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായത് ഈ ഭീകരാക്രമണങ്ങള്‍ക്കെല്ലാം പിന്നില്‍ ലഷ്‌കര്‍ ഇ തോയ്ബ, സിമി എന്നീ ഭീകര സംഘടനകളാണെന്നാണ്. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈ നഗരത്തെ ശവപ്പറമ്പാക്കിമാറ്റാന്‍ കരുതിക്കൂട്ടി ഇറങ്ങിയ കാപാലികന്മാര്‍ 1993 മുതല്‍ ആ നഗരത്തിനു മുകളില്‍ കഴുകന്മാരെപ്പോലെ വട്ടമിട്ടു പറന്നിരുന്നു.

ഭീകര പരിശീലനം
പാകിസ്ഥാന്‍ അധീന കാശ്മീരിലെ മുസ്സഫറാബാദ് നഗരത്തിനു സമീപമുള്ള പര്‍വ്വത മേഖലയിലാണ് ഭീകരജീവികളെ പരിശീലനം കൊടുത്തു മുളപ്പിച്ചെടുത്തത്. 24-26 അംഗങ്ങളുള്ള ഒരു ബാച്ചിന് സമുദ്ര യുദ്ധത്തിലും മറ്റു യുദ്ധരീതികളിലും തീവ്ര പരിശീലനം കൊടുക്കുന്നു.

ഇന്ത്യയിലെയും അമേരിക്കയിലെയും മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പരിശീലനത്തിന്റെ വിവിധ ഘട്ടങ്ങള്‍ ഇപ്രകാരമാണ്:

* ഇന്ത്യയിലും ചെച്‌നിയയിലും പലസ്തീനിലും ഇസ്ലാം മതവിശ്വാസികള്‍ അനുഭവിച്ച പീഡനങ്ങളുടെ (?) ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് ഇസ്ലാമിക് ജിഹാദിന്റെ (വിശുദ്ധയുദ്ധം) പാഠങ്ങള്‍ പരിശീലനാര്‍ത്ഥി കളുടെ തലച്ചോറില്‍ കുത്തിവയ്ക്കുന്നു.
* പോരാട്ടത്തിന്റെ അടിസ്ഥാന പരിശീലനം. ഇതിനെ ദൗരാ ആം (Daura Aam) എന്നു പറയുന്നു.
* രണ്ടാം ഘട്ട പരിശീലനം. ദൗരാ ഘാസ് എന്നു വിളിക്കപ്പെടുന്ന അടുത്ത പരിശീലന ഘട്ടത്തില്‍ സങ്കീര്‍ണ്ണമായ ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും ഉപയോഗിക്കുന്ന രീതി പരിശീലിപ്പിക്കുന്നു. പാകിസ്ഥാന്‍ സൈന്യത്തില്‍ നിന്നു റിട്ടയര്‍ ചെയ്ത വിദഗ്ദ്ധരാണ് പരിശീലകര്‍. കൂടാതെ അതീവ പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കുന്നതിനുള്ള പരിശീലനവും.
* പ്രത്യേക ലക്ഷ്യങ്ങള്‍ക്കുവേണ്ടി തെരഞ്ഞെടുക്കുന്ന ചെറിയ ചാവേര്‍ സംഘങ്ങള്‍ക്ക് കമാന്‍ഡോ പരിശീലനവും സമുദ്രയാത്രാ പരിശീലനവും കൊടുക്കുന്നു. മുംബൈ ആക്രമണത്തിനു തിരഞ്ഞെടുത്തവര്‍ക്ക് ഈ പരിശീലനമൊക്കെ ലഭിച്ചിരുന്നു.

ആക്രമണം
2008 നവംബര്‍ 26-ന് രാത്രി 8 മണിയോടെ വായു നിറച്ച റബ്ബര്‍ സ്പീഡ് ബോട്ടുകളില്‍ കുറേ ചെറുപ്പക്കാര്‍ കൊളാബാ ഭാഗത്ത് കടല്‍ത്തീരത്തു വന്നിറങ്ങി. നിങ്ങള്‍ ആരാണ്?”
പോയി പണിനോക്ക്. ഇതായിരുന്നു അവരുടെ മറുപടി. തുടര്‍ന്ന് അവര്‍ രണ്ടായി പിരിഞ്ഞ് വളരെവേഗം തീരംവിട്ടുപോയി.

ഛത്രപതി ശിവജി ടെര്‍മിനസ്
അജ്മല്‍ കസബ്, ഇസ്മായില്‍ ഖാന്‍ എന്നീ ഭീകരര്‍ ഛത്രപതി ശിവജി റെയില്‍വേ സ്റ്റഷനുനേരെ പാഞ്ഞു. അവരുടെ തോള്‍സഞ്ചിയില്‍ എ.കെ. 47 റൈഫിളുകളും ഇഷ്ടംപോലെ ബുള്ളറ്റുകളും ഉണ്ടായിരുന്നു. രാത്രി 9.30 ന് അവര്‍ റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരുടെ വിശ്രമ മുറിയിലെത്തി. അവിടെ നിറയെ ആളുകള്‍ ഉണ്ടായിരുന്നു. ചിലര്‍ ഉറക്കെ സംസാരിക്കുന്നു. അന്നു മാറ്റിനിഷോ കണ്ട ഒരു സിനിമയുടെ കഥ പറയുകയാണ് ഒരു സംഘം ചെറുപ്പക്കാര്‍. സ്റ്റേഷനില്‍നിന്നു വാങ്ങിയ ഏതോ മാസിക വായിക്കുന്നു ചിലര്‍. കപ്പലണ്ടി വില്ക്കുന്ന ഒരു പയ്യന്‍ പൊതികളുമായി വന്ന് ഉറക്കെ വിളിച്ചു. പ്ലാറ്റ്‌ഫോമില്‍ തിങ്ങിനിറഞ്ഞു നീങ്ങിക്കൊണ്ടിരിക്കുന്ന ജനം. ഉടന്‍ എത്താന്‍ പോകുന്ന ഏതോ തീവണ്ടിയുടെ അനൗണ്‍സ്‌മെന്റ് ഉച്ചഭാഷിണിയില്‍ മുഴങ്ങുന്നു. ആ സമയം രണ്ടു ഭീകരരും വിശ്രമ മുറിയിലേയ്ക്കു കടന്നുവന്നു. അവരില്‍ പ്രത്യേകതകളൊന്നും തോന്നാതിരുന്നതുകൊണ്ടാകാം ആരും അവരെ ശ്രദ്ധിച്ചില്ല. അവര്‍ നിന്നുകൊണ്ടുതന്നെ പുറത്തെ സഞ്ചിയില്‍നിന്ന് എ.കെ. 47 റൈഫിള്‍ പുറത്തെടുത്തു. തൊട്ടടുത്ത സിമന്റു ബഞ്ചിലിരുന്നു മാസിക വായിച്ചുകൊണ്ടിരുന്ന മദ്ധ്യപ്രായമുള്ള മനുഷ്യന്റെ തലയ്ക്കുനേരെ തോക്കുചൂണ്ടി ഒരാള്‍ കാഞ്ചിവലിച്ചു. അയാള്‍ മുന്‍പിലേയ്ക്കു കമിഴ്ന്നു വീണു. പിന്നെ രണ്ടു ഭീകരരും പുറത്തോടുപുറം തിരിഞ്ഞു നിന്ന് കണ്ണില്‍കണ്ടവരുടെയൊക്കെ നേരെ വെടിയുണ്ടകള്‍ പമ്പു ചെയ്തു. ഛത്രപതി ശിവാജി ടെര്‍മിനസ്‌പോലെ ജനസഹസ്രങ്ങള്‍ സദാ പ്രവഹിക്കുന്ന ഒരു റെയില്‍വേസ്റ്റേഷനില്‍ ശബ്ദങ്ങള്‍ ആരും പെട്ടെന്നു ശ്രവിക്കുകയില്ല. അതുകൊണ്ടുതന്നെ മാലപ്പടക്കം പൊട്ടുന്നതുപോലുള്ള വെടിയൊച്ചകളും ജനങ്ങളുടെ കൂട്ട നിലവിളിയും പരക്കം പാച്ചിലും എല്ലാം ചേര്‍ന്ന് അന്തരീക്ഷം ബീഭത്സമായി രൂപാന്തരപ്പെട്ടതിനുശേഷം മാത്രമാണ് അവിടെ നരകവാതില്‍ തുറന്നകാര്യം പൊതുവേ ശ്രദ്ധയില്‍പെട്ടത്. വിശ്രമ മുറിയില്‍ നിന്നു വെടികൊണ്ട ഏതാനുംപേര്‍ ചോര ഒലിപ്പിച്ചുകൊണ്ട് പ്ലാറ്റ്‌ഫോമിലേയ്ക്കു വന്നു പിടഞ്ഞുവീണു. അവര്‍ വിശ്രമ മുറിയിലേയ്ക്കു ചൂണ്ടി അലറിക്കരഞ്ഞു. കാര്യം തിരക്കാന്‍ ലാത്തിയും വീശി രണ്ടു പോലീസുകാര്‍ അങ്ങോട്ടോടി. വെടികൊണ്ടു നെഞ്ചിന്‍കൂടു തകര്‍ന്ന് അവര്‍ നിലംപതിച്ചു.

പ്ലാറ്റ്‌ഫോമില്‍ ന്യൂസ്‌പേപ്പര്‍ വില്ക്കുന്ന ഒരു പയ്യന്‍ ഇടതു കൈകൊണ്ട് നെഞ്ചില്‍ ചേര്‍ത്തുപിടിച്ച പേപ്പര്‍കെട്ടുമായി അവിടെ എന്താണു നടക്കുന്നതെന്നറിയാന്‍ വിശ്രമ മുറിയിലേയ്ക്കു പാഞ്ഞുചെന്നു. അവന്റെ ഇടതുകൈത്തണ്ടയില്‍ കൊണ്ട വെടിയുണ്ട കൈ ഒടിച്ചുകൊണ്ടു പാഞ്ഞ് പേപ്പര്‍കെട്ടില്‍ തുളച്ചുകയറി നിന്നു. അവനു കാര്യം പിടികിട്ടി.

”ഭീകരാക്രമണം (ആതംഗവാദി ഹമലാ) ഭീകരാക്രമണം” വിളിച്ചു പറഞ്ഞുകൊണ്ട് അവന്‍ റെയില്‍വേ അനൗണ്‍സറുടെ മുറിയിലേയ്‌ക്കോടി. അനൗണ്‍ സര്‍ വിഷ്ണു ദത്താറാം സെന്‍ ഡേയ്ക്കു കാര്യം പെട്ടെന്നു പിടികിട്ടി. അദ്ദേഹം സമചിത്തത കൈവിടാതെ ഇപ്രകാരം അനൗണ്‍സ് ചെയ്തു.

“ജനങ്ങള്‍ ശ്രദ്ധിക്കുക. ഛത്രപതി ശിവജി ടെര്‍മിനസ് റെയില്‍വേ സ്റ്റേഷനില്‍ ഭീകരാക്രമണം നടക്കുകയാണ്. പ്ലാറ്റ്‌ഫോമിലുള്ളവര്‍ ഏതെങ്കിലും വഴികളിലൂടെ പുറത്തേയ്‌ക്കോടുക. പുറത്തുനിന്നാരും പ്ലാറ്റ്‌ഫോമിലേയ്ക്കു കടന്നു വരരുത്.”
അനൗണ്‍സ്‌മെന്റ് തുടര്‍ന്നു.
വിശ്രമമുറിയില്‍ ആരും ജീവനോടെ ഇല്ലെന്നു തീര്‍ച്ചവന്നപ്പോള്‍ കൊലയാളികള്‍ പ്ലാറ്റ്‌ഫോമിലേയ്ക്കു നോക്കി. പ്ലാറ്റ്‌ഫോം കാലിയാകുന്നു. ഇരകള്‍ രക്ഷപ്പെടുന്നു. കൊലയാളികള്‍ അലറിക്കൊണ്ട് പ്ലാറ്റ്‌ഫോമിലേയ്ക്കു ചാടിവീണു. പുറത്തേയ്ക്കുള്ള ഗേറ്റുകടന്നു മറയുന്ന ജനക്കൂട്ടത്തിനു നേരെ ഭ്രാന്തന്മാരെപ്പോലെ നിറയൊഴിച്ചുകൊണ്ട് ഘാതകര്‍ പിന്നാലെ പാഞ്ഞു.
റെയില്‍വേസ്റ്റേഷനില്‍ 58 പേരെ വധിക്കുകയും 104 പേരെ മാരകമായി മുറിവേല്പിക്കുകയും ചെയ്തതിനുശേഷം കൊലയാളികള്‍ പുറത്തേയ്ക്കു പാഞ്ഞു. അപ്പോള്‍ സമയം രാത്രി 10.45. ഒന്നേകാല്‍ മണിക്കൂര്‍ സമയം കൊലയാളികള്‍ അവിടെ നരനായാട്ടു നടത്തി. ഇതിനിടയ്ക്കു ഒരു പോലീസുകാരനും ഓടിയെത്തിയില്ല. കൊലയാളികള്‍ക്കുനേരെ ഒളിഞ്ഞിരുന്നു വെടിവച്ചില്ല. ഇതൊക്കെ അത്ഭുതം ഉളവാക്കുന്ന സത്യങ്ങളാണ്.
തെരുവിലിറങ്ങിയ കൊലയാളികള്‍ കണ്ണില്‍ കണ്ടവരെയൊക്കെ വെടിവച്ചുകൊണ്ട് തെരുവിലൂടെ പാഞ്ഞു. അനേകം കാല്‍നട യാത്രക്കാരും 8 പോലീസുകാരും വെടികൊണ്ടു വീണു.
ഘാതകര്‍ പിന്നീട് പാഞ്ഞത് കാമാ ഹോസ്പിറ്റലി(Cama Hospital)ലേയ്ക്കാണ്. രോഗികളെ കൊന്നു കളയുകയാണ് അവരുടെ ലക്ഷ്യം. പക്ഷേ ആശുപത്രി അധികൃതര്‍ രോഗികള്‍ കിടക്കുന്ന വാര്‍ഡുകളിലേയ്ക്കുള്ള എല്ലാ വാതിലുകളും അടച്ചുപൂട്ടി.

പ്രതിരോധം
2008 നവംബര്‍ 26-ന് രാത്രി 9.45 ന് ഹേമന്ത് കാര്‍ക്കറേ ദാദറിലെ തന്റെ വസതിയില്‍ ഡിന്നര്‍ കഴിക്കാനിരുന്നു. മുംബൈ ഭീകര വിരുദ്ധ സ്‌ക്വാഡിന്റെ മേധാവിയാണ് അദ്ദേഹം. വൈകാതെ അദ്ദേഹത്തിനൊരു ഫോണ്‍കോള്‍ കിട്ടി. ഛത്രപതി ശിവജി ടെര്‍മിനസ് ഭീകരര്‍ ആക്രമിക്കുന്നു. അദ്ദേഹം ഉടന്‍തന്നെ ഡ്രൈവറെയും ബോഡി ഗാര്‍ഡുകളെയും കൂട്ടി ടെര്‍മിനസിലേയ്ക്കു പുറപ്പെട്ടു. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും ഹെല്‍മറ്റും ധരിച്ചുകൊണ്ട് അദ്ദേഹം 1-ാം നമ്പര്‍ പ്ലാറ്റ്‌ഫോമിലേയ്ക്കു കയറി. പക്ഷേ അവിടം ശൂന്യമായിരുന്നു. ഭീകരര്‍ അവിടെ നിന്നു കാമാ (Cama) ആശുപത്രിയിലേയ്ക്കു പുറപ്പെട്ടിരിക്കുന്നതായി അറിവു കിട്ടിയതനുസരിച്ച് അദ്ദേഹം അങ്ങോട്ടു പുറപ്പെട്ടു. രാത്രി ആയതുകൊണ്ടും ഭീകരര്‍ ചാവേറുകളായതുകൊണ്ടും നടപടി ദുഷ്‌കരമാണെന്നദ്ദേഹം കണ്ടു. എങ്കിലും ഏതാനും കോണ്‍സ്റ്റബിള്‍മാരെയും കൂട്ടി അദ്ദേഹം കാമാ ഹോസ്പിറ്റലിന്റെ പിന്‍ഭാഗത്തെത്തി. രണ്ടു കോണ്‍സ്റ്റബിള്‍മാരെ പിന്നിലെ ഗേറ്റില്‍ കാവല്‍ നിര്‍ത്തിയശേഷം ബാക്കിയുള്ളവര്‍ പോലീസ് ജീപ്പില്‍ കയറി. സീനിയര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ വിജയ് സലാസ്‌കര്‍ ആണ് ജീപ്പോടിച്ചത്. അപ്പോള്‍ വീണ്ടും വയര്‍ലെസ്സ് സന്ദേശം കിട്ടി, ഭീകരര്‍ രംഗഭവനു സമീപം ഒരു ചുവന്ന കാറിനു പിന്നില്‍ ഒളിച്ചിരിക്കുന്നു എന്ന്. പോലീസ് സംഘം ഉടന്‍തന്നെ ക്രൈംബ്രാഞ്ച് ഓഫീസിനു സമീപത്തുനിന്ന് രംഗഭവനിലേയ്ക്കു തിരിച്ചു. കോര്‍പ്പറേഷന്‍ ബാങ്ക് എ.ടി.എമ്മിനു സമീപം ചെന്നപ്പോള്‍ ഭീകരരില്‍ ഒരാള്‍ ഓടുന്നതുകണ്ടു. മുംബൈ ഈസ്റ്റിലെ എ.സി.പി അശോക് കാംതെ, സീനിയര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ വിജയ് സലാസ്‌കര്‍ എന്നിവര്‍ ഒരേസമയം വെടിവച്ചു. അജ്മല്‍ കസബ് എന്ന ഭീകരനായിരുന്നു അത്. കൈത്തണ്ടയില്‍ വെടിയേറ്റ് അവന്റെ കൈയില്‍നിന്ന് എ.കെ.47 താഴെവീണു. പോലീസ് സംഘം ജീപ്പുനിര്‍ത്തി ഇറങ്ങാന്‍ തുടങ്ങവേ രണ്ടാമതൊരു ഭീകരന്‍ പ്രത്യക്ഷപ്പെട്ടു. ആയുധപരിശീലനം നന്നായി നേടിയിട്ടുള്ള അവന്‍ എ.കെ. 47 ന്റെ ഒരു മുഴുവന്‍ മാഗസിനും ഈ പോലീസ് ഓഫീസര്‍മാരുടെ മേല്‍ നിമിഷംകൊണ്ടു വെടിവച്ചു തീര്‍ത്തു. എ.ടി.എസ് ചീഫ് ഹേമന്ത് കാര്‍ക്കറെ, അശോക് കാംതെ, വിജയ് സലാസ്‌കര്‍ എന്നീ ഓഫീസര്‍മാരും ജീപ്പിലുണ്ടായിരുന്ന പോലീസുകാരും ഈ വെടിവയ്പില്‍ മരിച്ചു. അവശേഷിച്ചത് ഒരാള്‍ മാത്രം, അസിസ്റ്റന്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ അരുണ്‍ ജാഥവ്. പരുക്കേറ്റ അജ്മല്‍ കസബ് എന്ന ഭീകരനെ പിന്നീട് പോലീസ് പിടികൂടി.

നരിമാന്‍ ഹൗസ്


നരിമാന്‍ ഹൗസ് എന്നറിയപ്പെടുന്ന ജൂതകേന്ദ്രം കൊളാബയിലാണ്. രണ്ടു ഭീകരര്‍ ഈ കെട്ടിടത്തിലേയ്ക്ക് ഓടിക്കയറി തുടരെ വെടിവച്ചു. ഒരാളെയും പുറത്തേയ്ക്കു വിടാതെ അകത്തുള്ളവരെ മുഴുവന്‍ ബന്ദികളാക്കി. ചുറ്റുമുള്ള കെട്ടിടങ്ങളില്‍ നിന്നെല്ലാം താമസക്കാരെ ഒഴിപ്പിച്ചശേഷം അവിടെയൊക്കെ സ്‌നൈപ്പര്‍ (സൂക്ഷ്മവെടി) തോക്കുകളുമായി പോലീസ് കാത്തിരുന്നു. ഭീകരരുടെ ഏതൊരു ചലനത്തിനും നേരെ പോലീസ് വെടിവച്ചുതുടങ്ങി. ഭീകരര്‍ അടുത്തുള്ള ഇടനാഴിയിലേയ്ക്ക് ഒരു ഗ്രനേഡ് എറിഞ്ഞു. പക്ഷേ ആരെയും പരുക്കേല്പിക്കാതെ അതു പൊട്ടിത്തെറിച്ചു. ആദ്യദിവസം കെട്ടിടത്തിന്റെ 1-ാം നിലയില്‍നിന്ന് 9 തടവുകാരെ പോലീസ് മോചിപ്പിച്ചു. രണ്ടാം ദിവസം നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് (N.S.G) കമാന്‍ഡോകള്‍ ദല്‍ഹിയില്‍ നിന്നെത്തി. അവരുടെ ഹെലികോപ്ടര്‍ നരിമാന്‍ ഹൗസിനു മുകളിലൂടെ ഒന്നുരണ്ടുവട്ടം ചുറ്റിപ്പറന്നു രംഗനിരീക്ഷണം നടത്തി. അനന്തരം കെട്ടിടത്തിനു മുകളില്‍ കയറില്‍ തൂങ്ങി (Fastroping) കമാന്‍ഡോകളെ ഇറക്കാന്‍ തീരുമാനിച്ചു. ഹെലികോപ്റ്ററുകളില്‍ നിന്നു മിന്നല്‍വേഗത്തില്‍ കയറില്‍ത്തൂങ്ങിയ കമാന്‍ഡോകള്‍ കെട്ടിടത്തിന്റെ ടെറസിലേയ്ക്കു ചാടി. ഒട്ടും വൈകാതെ അവര്‍ ടെറസില്‍നിന്നു താഴേയ്ക്കുളള ഇടനാഴിയിലൂടെ കുതിച്ചു. ഏതു മുറികളിലൊക്കെയാണു ഭീകരര്‍ ഉള്ളതെന്നോ എവിടെയൊക്കെയാണു തടവുകാരെ പാര്‍പ്പിച്ചിരിക്കുന്നതെന്നോ മുന്‍ധാരണകളില്ലാത്ത തിരച്ചിലാണ് കമാന്‍ഡോകള്‍ നടത്തേണ്ടത്. തടവുകാരെ രക്ഷാകവചമായി മുന്നില്‍ നിര്‍ത്തിക്കൊണ്ട് പിന്നില്‍നിന്ന് ഭീകരര്‍ വെടിവച്ചേക്കാം. ഒരു മുറിയുടെ ജനാല തുറന്ന് ഒരു സ്ത്രീ ഉറക്കെ നിലവിളിച്ചു. അവര്‍ ഇതിനകത്തുണ്ട്. ഞങ്ങളെ തടഞ്ഞു വച്ചിരിക്കുകയാണ്. ഹവില്‍ദാര്‍ ഗജേന്ദര്‍സിങ് ബിഷ്ട് അതിസമര്‍ത്ഥനായ എന്‍. എസ്.ജി. കമാന്‍ഡോയാണ്. ജനാലയിലൂടെ ഒരുനോക്കു കാണാനേ കഴിഞ്ഞുള്ളൂ. അവിടെ അനേകം സ്ത്രീകളും ഒരു ഭീകരനുമുണ്ടെന്നു മനസ്സിലായി. ഗജേന്ദ്രസിങ് ജനാലയിലൂടെ തോക്കു ചൂണ്ടിയ നിമിഷത്തില്‍ ഭീകരന്‍ അലറി.

“നീ ഒരു തവണ വെടിവച്ചാല്‍ ഇതിലുള്ള മുഴുവന്‍ സ്ത്രീകളെയും ഞാന്‍ കൊല്ലും.”
ഗജേന്ദ്രസിങ്ങിന്റെ മനസ്സില്‍ കനലുകള്‍ എരിഞ്ഞു. അവന്‍ തന്റെ ശരീരഭാരം മുഴുവനും കൊണ്ട് മുറിയുടെ വാതിലില്‍ ആഞ്ഞുപ്രഹരിച്ചു. വാതില്‍ പാളി പറിഞ്ഞ് അകത്തേയ്ക്കു തെറിച്ചതും ഭീകരന്റെയും ഗജേന്ദ്ര സിങ്ങിന്റെയും തോക്കുകള്‍ ഒരേ നിമിഷം ഗര്‍ജ്ജിച്ചു. മുറിയില്‍ നിറയുന്ന വെടിപ്പുകയും കൂട്ടനിലവിളിയും. ഒടുവില്‍ വെടി നിലച്ചപ്പോള്‍ ഗജേന്ദ്രസിങ് വീണു കിടപ്പുണ്ടായിരുന്നു. ഭീകരന്റെ നെറ്റി തുളച്ച വെടിയുണ്ട അവന്റെ തലച്ചോര്‍ ചിതറിച്ചിരുന്നു.

കൂട്ടത്തില്‍ ഒരാള്‍ ബലിയായെന്നറിഞ്ഞപ്പോള്‍ മറ്റു കമാന്‍ഡോകളുടെ ഹൃദയം പൊട്ടി. സ്വന്തം ജീവന്‍ മറന്നുകൊണ്ട് അവര്‍ എല്ലാ മുറികളിലും കയറി തെരഞ്ഞു. തീവ്രമായ വെടിവയ്പിനു ശേഷം രണ്ടാമത്തെ ഭീകരനെയും കൊന്നു. മരിച്ചവരുടെ കണക്കെടുത്തപ്പോള്‍ റാബ്ബി ഗവ്‌റിയേല്‍ ഹോള്‍ട്‌സ് ബെര്‍ഗും അദ്ദേഹത്തിന്റെ ഭാര്യ, ആറുമാസം ഗര്‍ഭിണിയായ റിവ്ക ഹോള്‍ട്‌സ് ബെര്‍ഗും കൂടാതെ 6 ജാമ്യത്തടവുകാരും മരിച്ചതായി കണ്ടു.

സന്ദീപ് ഉണ്ണികൃഷ്ണന്റെ ബലിദാനം
സൈന്യ സേവനത്തിലൂടെ രാജ്യസേവനം ചെയ്യുകയെന്ന സ്വപ്‌നം ചെറുപ്രായത്തില്‍തന്നെ താലോലിച്ച അസാധാരണ വ്യക്തിത്വമാണ് സന്ദീപ് ഉണ്ണികൃഷ്ണന്റേത്.
കോഴിക്കോടു ജില്ലയിലെ ചെറുവണ്ണൂരില്‍ നിന്ന് ബംഗളൂരിലേയ്ക്കു താമസം മാറിയ കുടുംബമാണ് സന്ദീപ് ഉണ്ണികൃഷ്ണന്റേത്. പിതാവ് ഐ.എസ്.ആര്‍.ഒ ഉദ്യോഗസ്ഥനായിരുന്ന ഉണ്ണികൃഷ്ണന്‍, മാതാവ് ശ്രീമതി ധനലക്ഷ്മി.

1995ല്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ പൂന നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ ചേര്‍ന്നു. അക്കാദമിയില്‍ നമ്പര്‍ 4 ഓസ്‌കാര്‍ സ്‌ക്വാഡ്രന്റെ ഭാഗമായിരുന്നു അദ്ദേഹം. എന്‍.ഡി.എയുടെ 94-ാം കോഴ്‌സില്‍ അദ്ദേഹം ബിരുദംനേടി. തുടര്‍ന്ന് ബീഹാര്‍ റെജിമെന്റിലെ 7-ാം ബറ്റാലിയനില്‍ ലഫ്റ്റനന്റായി 1999 ജൂലായ് 12 ന് അദ്ദേഹം നിയമിക്കപ്പെട്ടു. ജമ്മുകാശ്മീരിലും രാജസ്ഥാനിലും നുഴഞ്ഞു കയറ്റങ്ങള്‍ക്കെതിരെ നടത്തിയ പ്രതിരോധ പോരാട്ടങ്ങളില്‍ അദ്ദേഹം ശ്രദ്ധേയനായി. തുടര്‍ന്ന് നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിലേയ്ക്ക് (N.S.G) സന്ദീപ് ഉണ്ണികൃഷ്ണനെ തിരഞ്ഞെടുത്തു. പരിശീലനം പൂര്‍ത്തിയാക്കിയ ശേഷം എന്‍.എസ്.ജി യുടെ സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പില്‍ (SAG) സന്ദീപ് ഉണ്ണികൃഷ്ണന്‍ നിയോഗിക്കപ്പെട്ടു. അതായത് ഏറ്റവും തീവ്രമായ അര്‍പ്പണബോധവും കര്‍ക്കശമായ പോരാട്ടവും ആവശ്യംവരുന്ന മേഖലകളില്‍ നിയോഗിക്കപ്പെടാന്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ യോഗ്യത നേടി എന്നര്‍ത്ഥം. അതായിരുന്നുവല്ലോ അദ്ദേഹത്തിന്റെ സ്വപ്‌നം.

2008 നവംബര്‍ 27 രാത്രി 51-ാം സ്‌പെഷല്‍ ആക്ഷന്‍ ഫോഴ്‌സിലെ 10 കമാന്‍ഡോകളെ നയിച്ചുകൊണ്ട് ടീം കമാന്‍ഡര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ ഹെലികോപ്ടറില്‍ താജ്മഹല്‍ പാലസ് ഹോട്ടലിനു മുകളിലിറങ്ങി. സ്റ്റെയര്‍ കെയ്‌സിലൂടെ അവര്‍ അതിവേഗം 6-ാം നിലയിലെത്തി. 3-ാം നിലയില്‍ ഭീകരര്‍ തമ്പടിച്ചിട്ടുണ്ടെന്ന് സൂചന കിട്ടിയതനുസരിച്ച് അവര്‍ അങ്ങോട്ടു പാഞ്ഞു. ഒരു മുറിയില്‍ ഏതാനും സ്ത്രീകളെ അടച്ചശേഷം അതിനുള്ളില്‍ ഭീകരര്‍ നിലയുറപ്പിച്ചിരിക്കുന്നു. മുറി അകത്തുനിന്നു പൂട്ടിയിരിക്കുകയാണെന്നു മനസ്സിലായി. ചെറിയൊരു ഡൈനാമിറ്റ് പ്രയോഗം കൊണ്ട് വാതില്‍ തകര്‍ത്തു. പക്ഷേ തല്‍ക്ഷണം ഉള്ളിലെ ഭീകരര്‍ വെടിവയ്പു തുടങ്ങി. അകത്തു ജാമ്യത്തടവുകാര്‍ ഉള്ളതിനാല്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ സൈന്യത്തിന് സൂക്ഷിച്ചേ വെടിവയ്ക്കാന്‍ കഴിയൂ. എന്നാല്‍ മരണത്തിന്റെ മൊത്തവ്യാപാരികളായ ഭീകരര്‍ക്ക് ഒന്നും നോക്കേണ്ടതില്ലല്ലോ. അതിനിടെ സന്ദീപ് ഉണ്ണികൃഷ്ണന്റെ സഹപോരാളി സുനില്‍യാദവ് വെടിയേറ്റുവീണു. അദ്ദേഹം വീണതു മുറിയിലേയ്ക്കാണ്. രണ്ടാമതൊരു വെടിവയ്ക്കാന്‍ ഭീകരര്‍ക്ക് അവസരം കിട്ടിയാല്‍ അവര്‍ സുനില്‍ യാദവിനെ കൊല്ലും. റാപ്പിഡ്ഫയറില്‍ തന്റെ മെഷീന്‍ഗണ്‍ ക്രമീകരിച്ച് മഴപോലെ വെടി ഉതിര്‍ത്തുകൊണ്ട് സന്ദീപ് ഉണ്ണികൃഷ്ണന്‍ മുറിയില്‍ക്കയറി സുനില്‍ യാദവിനെ ഇടനാഴിയിലേയ്ക്കു വലിച്ചിഴച്ചുകൊണ്ടുവന്നു. ഈ ചെറിയ ഇടവേളയില്‍ ഭീകരര്‍ പുറത്തിറങ്ങി ഇടനാഴിയിലൂടെ പാഞ്ഞു. സന്ദീപ് ഉണ്ണികൃഷ്ണന്‍ വെടിവച്ചു കൊണ്ട് പിന്നാലെ പാഞ്ഞു.

തുടര്‍ന്ന് അങ്ങോട്ടുമിങ്ങോട്ടും നടന്ന ലക്കും ലഗാനുമില്ലാത്ത വെടിവയ്പില്‍ സന്ദീപ് ഉണ്ണികൃഷ്ണനെന്ന ധീരപോരാളി വെടിയേറ്റു വീണു.
നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിലെ ഓഫീസര്‍മാരുടെ മനസ്സില്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ അവസാന വാക്കുകള്‍ മായാതെ കിടക്കുന്നു.
“മുകളിലേയ്ക്കു വരരുത് സര്‍. ഇതു ഞാന്‍ കൈകാര്യം ചെയ്തു കൊള്ളാം.”

സന്ദീപ് ഉണ്ണികൃഷ്ണന്റെ ബംഗളൂരിലെ വസതിയില്‍ അദ്ദേഹത്തിന് അന്തിമോപചാരങ്ങളര്‍പ്പിക്കാന്‍ ആയിരക്കണക്കിനു ജനങ്ങള്‍ തടിച്ചുകൂടി. സന്ദീപ് ഉണ്ണികൃഷ്ണന്‍ അമര്‍ രഹേ വിളികള്‍ അന്തരീക്ഷത്തില്‍ പ്രകമ്പനങ്ങളായി. എല്ലാ സൈനിക ബഹുമതികളോടും കൂടി മൃതദേഹം സംസ്‌കരിക്കപ്പെട്ടു. ബംഗളൂരു നഗരത്തില്‍ 4.5 കി.മീ. നീളമുള്ള ഒരു റോഡ് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ റോഡ് എന്നു പുനര്‍നാമകരണം ചെയ്യപ്പെട്ടു. രാമമൂര്‍ത്തി നഗര്‍ ഔട്ടര്‍ റിങ്‌റോഡ് ജംഗ്ഷനില്‍ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ അര്‍ദ്ധകായ പ്രതിമ സ്ഥാപിക്കുകയുണ്ടായി. 2009 ജനുവരി 26-ന് മരണാനന്തര ബഹുമതിയായി അദ്ദേഹത്തിന് അശോക് ചക്ര നല്‍കി ആദരിച്ചു.

നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡുകള്‍ 250 ജാമ്യത്തടവുകാരെ ഹോട്ടല്‍ ഒബ്‌റോയ് ട്രൈഡന്റില്‍ നിന്നും 300 പേരെ താജ്പാലസ് ഹോട്ടലില്‍നിന്നും 60 പേരെ നരിമാന്‍ ഹൗസില്‍നിന്നും രക്ഷപ്പെടുത്തി. മാസഗോണ്‍ ഡോക്കിനു സമീപം മുംബൈ ഹാര്‍ബറില്‍ നിന്നു പോലീസ് പിടിച്ചെടുത്ത ഒരു ബോട്ടില്‍ നിറയെ ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും ഉണ്ടായിരുന്നു.

പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞ മറ്റൊരു വസ്തുത ഏറെ ഉല്‍ക്കണ്ഠാജനകമാണ്. 10 ഭീകരര്‍ പാകിസ്ഥാനിലെ കറാച്ചിയില്‍ നിന്നു പുറപ്പെട്ടു. ഒരു ചെറിയ ബോട്ടില്‍ അറബിക്കടലിലൂടെ മുംബൈ ലക്ഷ്യമാക്കി സഞ്ചരിച്ച അവര്‍ കുബേർ  (kuber) എന്ന ഇന്ത്യന്‍ മത്സ്യബന്ധന ബോട്ടു പിടിച്ചെടുത്ത് അതിലെ ജോലിക്കാര്‍ നാലുപേരെയും വെടിവച്ചുകൊന്ന് കടലില്‍ തള്ളി. അതിന്റെ ക്യാപ്റ്റന്‍ അമര്‍സിങ് സോളങ്കിയെ നിര്‍ബന്ധിച്ച് ബോട്ട് മുംബൈയിലേയ്ക്കു തിരിച്ചുവിട്ടു. മുംബൈയ്ക്കു സമീപമെത്തിയപ്പോള്‍ അമര്‍സിങ് സോളങ്കിയെയും വെടിവച്ചുകൊന്നശേഷം റബ്ബര്‍ ബോട്ടുകളില്‍ മുംബൈ തീരത്തു പ്രവേശിച്ചു.

2008 നവംബര്‍ 26-ന് രാത്രിമുതല്‍ മുംബൈ നഗരം മുഴുവന്‍ 10 യുവാക്കളായ ഭീകരരുടെ കൈവശമായിരുന്നു. ജീന്‍സും ടീഷര്‍ട്ടും ധരിച്ച യുവ ഭീകരര്‍ ആസ്വദിച്ചു ചിരിച്ചുകൊണ്ടാണ് ഓരോ വ്യക്തിയെയും വെടിവച്ചു വീഴ്ത്തിക്കൊണ്ടിരുന്നത്. നവംബര്‍ 29 ന് 9 ഭീകരരെയും കൊല്ലുകയും അജ്മല്‍ കസബ് എന്ന പത്താമനെ പിടികൂടുകയും ചെയ്തുകൊണ്ട് ആ നരനായാട്ട് അവസാനിച്ചു.

അജ്മല്‍ കസബിനെ 2012 ല്‍ യര്‍വാദാ ജയിലില്‍ തൂക്കിക്കൊന്നു.

Tags: Shivaji TerminusCama Hospital Mumbai26/11Mumbai Terror AttackSandeep UnnikrishnanAjmal KasabKarkare
Share32TweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

സാവര്‍ക്കറുടെ വിപ്ലവ ആശയങ്ങള്‍

പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന പാര്‍ട്ടി

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

മതം കെടുത്തുന്ന ലോകസമാധാനം

കുഞ്ഞനന്തന്റെ ചോരക്ക് പകരംവീട്ടേണ്ടേ സഖാവേ?

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വായനാദിനാചരണം നടത്തി

നൈജീരിയയിലെ ക്രിസ്ത്യൻ കൂട്ടക്കൊല: ജിഹാദി ആക്രമണത്തെ അപലപിച്ച് മാര്‍പാപ്പാ

കേന്ദ്ര ബാലസാഹിത്യപുരസ്‌കാരം ശ്രീജിത്ത് മൂത്തേടത്തിന് 

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies