തൊഴിലാളിവര്‍ഗ്ഗസമരത്തിന്റെ പരിണതഫലങ്ങളില്‍ മുഖ്യമായ ഒന്ന് ഭരണകൂടത്തിന്റെ കൊഴിഞ്ഞുപോക്കാണെന്ന് ഫ്രെഡ്രറിക് എംഗല്‍സ് പറഞ്ഞിട്ടുണ്ട്. 2019ന് ശേഷം ഭരണകൂടം ഭാരതത്തില്‍ പൂര്‍വ്വാധികം ശക്തിയോടെ ഉയര്‍ന്നുവരികയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ യഥാര്‍ത്ഥത്തില്‍ കൊഴിഞ്ഞുപോകുകയും ചെയ്യുന്നു. സമീപകാല ലോകസഭാ തിരഞ്ഞെടുപ്പിനു ശേഷം കോണ്‍ഗ്രസ്സിന്റെ ദാരുണമായ പ്രകടനത്തിലായിരുന്നു മുഖ്യശ്രദ്ധയെങ്കിലും ഭാരതത്തിലെ രണ്ടു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നാശോന്മുഖമാകുന്ന ഭാഗധേയമാണ് യഥാര്‍ത്ഥത്തില്‍ വലിയ വാര്‍ത്ത.
സ്വാതന്ത്ര്യത്തിനു ശേഷമുള്ള ആദ്യപതിറ്റാണ്ടുകളില്‍ പല സംസ്ഥാനങ്ങളിലും ഇടതുപാര്‍ട്ടികള്‍ക്ക് മാന്യമായ സാന്നിധ്യമുണ്ടായിരുന്നു. 1951-52 ലെ ആദ്യ ലോകസഭാ തിരഞ്ഞെടുപ്പില്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (സി.പി.ഐ) 16 സീറ്റുകള്‍ നേടി. 1962ല്‍ അതു 29 ആയി ഉയര്‍ന്നു. പോള്‍ ചെയ്ത വോട്ടുകളില്‍ 9 ശതമാനത്തോളം പാര്‍ട്ടിക്ക് ലഭിച്ചു. പാര്‍ട്ടിയുടെ വിഭജനത്തിനു ശേഷം 1967ല്‍ സിപിഐയും സിപിഎമ്മും 42 സീറ്റുകള്‍ നേടിയെങ്കിലും അവരുടെ വോട്ട് ഷെയര്‍ 9 ശതമാനത്തിനോട് ചുറ്റിപ്പറ്റി നിന്നു. ഈ പ്രവണത മൂന്നു പതിറ്റാണ്ടോളം തുടര്‍ന്നു. 2004ല്‍ രണ്ടുപാര്‍ട്ടികളും കൂടി ലോകസഭയില്‍ 53 സീറ്റുകള്‍ നേടി അവരുടെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചു. അതിനുശേഷം അവരുടെ ഭാഗ്യം തകര്‍ന്നു. 2014ല്‍ രണ്ടു കൂട്ടരും കൂടി ആകെ 10 സീറ്റുകള്‍ മാത്രം നേടുകയും അവരുടെ ദേശീയ വോട്ട് വിഹിതം 4 ശതമാനത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്തു. ഇത്തവണയാകട്ടെ അവര്‍ അഞ്ചു സീറ്റുകളും ദേശീയ വോട്ടുകളുടെ 2 ശതമാനവും മാത്രം നേടി അപായരേഖക്കു വളരെ കീഴിലായിരിക്കുന്നു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഉള്‍പ്പെടെ ലോകത്തുള്ള മിക്കവാറും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും നിലനില്‍പ്പിനായും ബഹുജനപിന്തുണയ്ക്കു വേണ്ടിയും സ്വയം അഴിച്ചുപണിയുമ്പോള്‍ സിപിഐയും സിപിഎമ്മും പതിറ്റാണ്ടുകള്‍ മുന്‍പ് നിര്‍വചിച്ച സിദ്ധാന്തങ്ങളിലും മുദ്രാവാക്യങ്ങളിലും മര്‍ക്കടമുഷ്ടിയോടെ പറ്റിപ്പിടിച്ചിരിക്കുന്നു. ലോകമേറെ മുന്നോട്ടു പോയിട്ടും തൊഴിലാളിവര്‍ഗ്ഗം, സംഘടിത തൊഴില്‍, മുതലാളിവര്‍ഗ്ഗ-തൊഴിലാളിവര്‍ഗ്ഗ ദ്വന്ദ്വം എന്നിവയെക്കുറിച്ചുള്ള അവരുടെ ആശയങ്ങള്‍ മാറ്റമില്ലാതെ തുടരുന്നു. അരിവാള്‍ചുറ്റിക രക്തവര്‍ണ്ണപതാക പറപ്പിച്ച് സിപിഎം പ്രവര്‍ത്തകര്‍ ഇങ്ക്വിലാബ് സിന്ദാബാദ് വിളിക്കുന്ന പശ്ചിമബംഗാളിലെ റോഡ്‌ഷോകളില്‍ ഇതിനുള്ള ഉദാഹരണങ്ങള്‍ ലോകസഭാതിരഞ്ഞെടുപ്പ് സമയം ഈ ലേഖകന്‍ കണ്ടതാണ്. കമ്പോള സമ്പദ് വ്യവസ്ഥ ആധിപത്യം സ്ഥാപിച്ചിരിക്കുന്ന ഈ യുഗത്തില്‍ ഏതു വിപ്ലവത്തെക്കുറിച്ചാണ് ഇവര്‍ സംസാരിച്ചുകൊണ്ടിരുന്നത്? പ്രധാനമന്ത്രി മുദ്രായോജന, പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന, ജന്‍ധന്‍യോജന, ഡയറക്റ്റ് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ പദ്ധതി തുടങ്ങിയ നൂതന പദ്ധതികളിലൂടെ പാവങ്ങളില്‍ പാവങ്ങളായവര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെ അംഗീകരിക്കാന്‍ അവര്‍ തയ്യാറാകാത്തത് ഇന്നത്തെ യാഥാര്‍ത്ഥ്യത്തോട് ഈ രണ്ടു പാര്‍ട്ടികളും പൊരുത്തപ്പെടുന്നില്ല എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്.
സമൂഹത്തിലെ ദരിദ്രവിഭാഗങ്ങള്‍ക്കിടയില്‍ വ്യാവസായിക മനോഭാവം ഉദ്ദീപിപ്പിക്കുവാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സമാരംഭിച്ച നൂതനമായ പദ്ധതിയാണ് മുദ്ര. നിക്ഷേപമില്ലാത്തവര്‍ക്ക് നിക്ഷേപങ്ങള്‍ കൊടുക്കുക എന്നതാണ് ആശയം. അമ്പതിനായിരം മുതല്‍ പത്തുലക്ഷം രൂപ വരെ അപേക്ഷകര്‍ക്ക് വായ്പ ലഭിക്കും. ഒരു ചെറിയ ഭക്ഷണശാലയോ, ബേക്കറിയോ, തുണിയോ തുകല്‍വസ്തുക്കളോ നിര്‍മിക്കുന്ന ചെറുകിട സംരംഭമോ, ഒരു ചായക്കടയോ എന്തുമാകട്ടെ, ഈ ചെറിയ വ്യവസായികള്‍ അവരുടെ വ്യവസായം നടത്തുവാന്‍ അഞ്ചു മുതല്‍ പത്തുവരെ തൊഴിലാളികളെ നിയമിക്കും. അടുത്തകാലത്ത് ഈ ലേഖകന്‍ വിവിധ സംസ്ഥാനങ്ങളില്‍ ഇതിന്റെ ഗുണഭോക്താക്കളെ കണ്ടു. മുദ്രാപദ്ധതിയുടെ ലഭ്യമായ വിവരങ്ങള്‍ തീര്‍ച്ചയായും ഉത്സാഹഭരിതമാണ്. സ്ത്രീകളായ വ്യവസായ സംഘാടകരാണ് മുദ്രാലോണിന്റെ പ്രധാന ഗുണഭോക്താക്കള്‍. കൂടാതെ ഈ പദ്ധതിയുടെ ഗുണം നേടിയവരില്‍ 70 ശതമാനവും അവരാണ്. 7.23 ലക്ഷം കോടി രൂപക്കുള്ള വായ്പകള്‍ വിതരണം ചെയ്തതായി ഈ വര്‍ഷം ആദ്യം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
ദാരിദ്ര്യരേഖക്ക് താഴെ ഉള്ളവര്‍ക്ക് ഉജ്ജ്വല പദ്ധതിപ്രകാരം സര്‍ക്കാര്‍ സൗജന്യ പാചകവാതക കണക്ഷന്‍ നല്‍കുന്നു. 70 ദശലക്ഷത്തിനു മുകളില്‍ കുടുംബങ്ങള്‍ ഈ പദ്ധതിയില്‍ നിന്നും ഗുണം നേടിയിട്ടുണ്ട്. ദൂരവ്യാപകപ്രഭാവമുള്ള മറ്റൊരു പരിപാടി പാവപ്പെട്ടവര്‍ക്ക് വീടും എല്ലാ വീടുകളിലും ശൗചാലയവും നിര്‍മ്മിക്കുന്ന പദ്ധതിയാണ്. ഈ പദ്ധതികളില്‍ ചിലത് മുന്‍ സര്‍ക്കാരുകളാണ് തുടങ്ങിവച്ചതെങ്കിലും പ്രചോദനത്തിന്റെയും പ്രതിജ്ഞാബദ്ധതയുടെയും അഭാവത്തില്‍ അതിന്റെ നടപ്പിലാക്കല്‍ മന്ദഗതിയിലായിരുന്നു. 2014 ല്‍ മോദി പ്രധാനമന്ത്രി ആയതിനു ശേഷമാണ് ഈ പദ്ധതികള്‍ ദ്രുതഗതിയിലായത്.
ഈ പദ്ധതികളെല്ലാം തന്നെ സ്ത്രീകളുടെയും കുട്ടികളുടെയും മേന്മയെ ലക്ഷ്യമാക്കിയുള്ളതാണ്. ഇത്തരത്തിലുള്ള പദ്ധതികളെ കമ്മ്യൂണിസ്റ്റുകള്‍ വാഴ്ത്തുമെന്നു ആരും പ്രതീക്ഷിക്കും. എന്നാല്‍ അങ്ങനെ ഉണ്ടായില്ല. ഈ പദ്ധതികള്‍ സമാരംഭിച്ചതും സാധ്യമായ ചുരുങ്ങിയ സമയത്തിനുള്ളില്‍ അവ പൂര്‍ത്തീകരിക്കാനുള്ള പ്രേരകശക്തിയായതും മോദി ആയതിനാല്‍ രണ്ടു പാര്‍ട്ടികളുടെയും വക്താക്കള്‍ ദരിദ്രവിഭാഗങ്ങളുടെ ജീവിതത്തെ സുഗമമാക്കുന്ന ഈ പദ്ധതികളെ നിരന്തരം ഇടിച്ചുതാഴ്ത്തിക്കൊണ്ടിരുന്നു. എന്നാല്‍ ഇത്തരം നിഷേധാത്മകത ജനങ്ങളുടെ ഇടയില്‍ ചിലവാകില്ല എന്ന് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ കാട്ടിത്തരുന്നു.
രണ്ടു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും ജനസമ്മതിയില്ലാതെയാവാന്‍ വേറെയും കാരണങ്ങള്‍ ഉണ്ട്. മതനിരപേക്ഷതയോടുള്ള അവരുടെ സമീപനമാണ് ഒന്നാമത്. 1986ല്‍ സിവില്‍ നിയമത്തിന്റെയും വിവാഹബന്ധം വേര്‍പെടുത്തിയ സ്ത്രീകള്‍ക്ക് ജീവനാംശം നല്‍കുന്ന സുപ്രീംകോടതി വിധിയുടെയും ഗുണം മുസ്ലിം സ്ത്രീകള്‍ നേടുന്നത് തടയാനായി നിയമം കൊണ്ടുവരാനുള്ള രാജീവ്ഗാന്ധി സര്‍ക്കാരിന്റെ തീരുമാനത്തെ എതിര്‍ക്കുകയും മുസ്ലിം പുരോഹിതര്‍ക്കെതിരെ ശബ്ദമുയര്‍ത്തുകയും ചെയ്തവരാണ് സോമനാഥചാറ്റര്‍ജിയും സൈഫുദീന്‍ ചൗധരിയും മറ്റനേകം പേരും. ആ ഷാബാനോ ദിനങ്ങളില്‍ നിന്നും അവരുടെ കക്ഷികളായ രണ്ട് കമ്മ്യൂണിസ്റ്റു പാര്‍ട്ടികളും ഏറെ അകന്നുപോയിരിക്കുന്നു. എന്തായാലും, കഴിഞ്ഞ മൂന്നു ദശകങ്ങള്‍ കൊണ്ട് ഇടതുപക്ഷം കപട മതേതരസഖ്യത്തിന്റെ തലവനായി മാറുകയും, ഹിന്ദുഭൂരിപക്ഷത്തിനു വിരുദ്ധമാകുകയും, ഇസ്ലാമിക മൗലികവാദം ഒരു വിഷയമേ അല്ല എന്ന രീതിയില്‍ നടിക്കുകയും ചെയ്യുന്നു. ശബരിമല വിഷയം അവര്‍ കൈകാര്യം ചെയ്ത രീതിയും ഹിന്ദുക്കളെയും അവരുടെ ആചാരങ്ങളെയും ജീവിതരീതിയെയും ആക്ഷേപിക്കുവാന്‍ വ്യക്തികളെ പ്രോത്സാഹിപ്പിച്ചതും അവര്‍ ഹിന്ദുവികാരത്തെ ആദരിക്കാത്തതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്.
ഇവിടെനിന്നും അവര്‍ എവിടെയെത്തും? ബ്രിട്ടീഷ് ലേബര്‍പാര്‍ട്ടി കുറച്ചു ദശകങ്ങള്‍ക്ക് മുന്‍പ് ചെയ്തതുപോലെ, അവരുടെ ചിന്താരീതിയും പ്രവര്‍ത്തനരീതിയും മാറ്റുമോ? അവര്‍ വീണ്ടും ഇടത്തോട്ടു തിരിഞ്ഞാല്‍ അതൊരു അന്ത്യസ്ഥാനമാണ്. അവര്‍ വലത്തേക്ക് തിരിഞ്ഞാല്‍ അവര്‍ ഇടതുപക്ഷം അല്ലാതെയാകുമോ? അവര്‍ എങ്ങോട്ടാണ് നീങ്ങുന്നത്? രാജ്യത്തിന് അറിയേണ്ടതുണ്ട്.
(ലേഖകന്‍ പ്രസാര്‍ഭാരതി
ചെയര്‍മാനാണ്.
കടപ്പാട്: ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സ്)
വിവ: ഹരികൃഷ്ണന്‍ ഹരിദാസ്