മാവോയിസ്റ്റ് നേതാവ് കൊല്ലപ്പെട്ടു
കല്‍പ്പറ്റ: പടിഞ്ഞാറത്തറ ബാണാസുരന് മലനിരകള്‍ കമ്മ്യൂണിസ്റ്റ് തീവ്രവാദ ഗ്രൂപ്പുകള്‍ പിടിമുറുക്കുന്നു. കഴിഞ്ഞ ഏതാനും മാസത്തിനിടയില്‍ രണ്ട് തവണയാണ് പടിഞ്ഞാറത്തറ കപ്പിക്കളം ഭാഗത്ത് മീന്മുട്ടി വഴിയില്‍ ജനവാസ കേന്ദ്രങ്ങളില്‍ മാവോയിസ്റ്റുകള്‍ എത്തുന്നത്.
പടിഞ്ഞാറത്തറ, വെള്ളമുണ്ട പോലീസ് സ്റ്റേഷന് പരിധിയിലെ ബാണാസുരന് മലനിരകളിലെ വാളാരം കുന്നുകളിലും മീന്മുട്ടി വെള്ളച്ചാട്ടമലനിരകളിലുമായി കഴിഞ്ഞ ഏതാനും ദിവസങ്ങളായി തണ്ടര്‍ ബോള്‍ട്ട് നടത്തിയ നിരീക്ഷണത്തിലാണ് നവം. 3-ാം തീയതി പുലര്‍ച്ചെ മാവോയിസ്റ്റുകളെ ആയുധ സഹിതം കണ്ടെത്തിയത്. സൈന്യത്തിന് നേരേ വെടിയുതിര്‍ത്തപ്പോഴാണ് സൈന്യം മാവോയിസ്റ്റുകള്‍ക്കു നേരെ നിറയൊഴിച്ചതും വേല്‍മുരുഗന്‍ എന്ന മാവോയിസ്റ്റ് നേതാവ് കൊല്ലപ്പെട്ടതും.
പ്രാദേശികരായ നാട്ടുകാരുടെ സഹകരണം ഉണ്ടായാല്‍ ഇത്തരം ഭീകര പ്രവര്‍ത്തനങ്ങളെ നിഷ്പ്രയാസം ഒതുക്കാവുന്നതേയുള്ളൂ എന്ന് തദ്ദേശവാസികള്‍ വ്യക്തമാക്കി. ബാണാസുരം – ബപ്പനം മലയില്‍ ഉള്‍ക്കാടുകളിലെ ഊടുവഴികളിലൂടെ ലോക്കല്‍ പോലീസിനോ ഡോഗ് സ്ക്വാഡിനോ വാഹനങ്ങള്‍ക്കോ നീങ്ങാന്‍ സാധിക്കില്ല. ചെങ്കുത്തായ മലനിരകളിലൂടെയുള്ള യാത്ര വളരെ ദുഷ്ക്കരവും അപകടകരവുമാണ്.
തമിഴ്നാട്- കര്‍ണ്ണാടക വനാതിര്‍ത്തികളുമായി പങ്കുവെക്കുന്ന വയനാടന്‍ വനസങ്കേതം ഒളിസങ്കേതമാക്കിയത് കേവലം യാദൃച്ഛികമല്ല. കുറ്റ്യാടി ചുരം വഴിയും തിരുനെല്ലിക്കാടുകള്‍ വഴിയും താമരശ്ശേരി ചുരംവഴി തരിയോട് കരിമ്പിന് തോട് വഴിയും നിര്‍ബാധം യാത്രചെയ്യാന്‍ തീവ്രവാദികള്‍ക്ക് സാധിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.