വികൃതിപ്പിള്ളേരുടെ കല്ലേറുകിട്ടുമ്പോള്‍ മോങ്ങുന്ന തെരുവുപട്ടിയെപ്പോലെ കിടന്ന് വിലപിക്കാനേ സി.പി.ഐക്ക് തലവിധിയുള്ളു. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മാവോവാദി വേട്ടയെക്കുറിച്ച് പ്രതിഷേധിക്കുന്നതുകേള്‍ക്കുമ്പോള്‍ സി.പി.ഐയുടെ ഈ ദയനീയ ചിത്രമേ മലയാളിയുടെ മനസ്സില്‍ കയറി വരുള്ളൂ. പത്രക്കാര്‍ കാനത്തിനോട് ചോദിച്ചു. ‘കുറെ കാലമായില്ലേ മാവോവാദിവേട്ടയ്‌ക്കെതിരെ പ്രതിഷേധിക്കുന്നു. എന്നിട്ടെന്തുഫലം?’ ‘ഒരു രാഷ്ട്രീയകക്ഷിക്ക് അഭിപ്രായം തുറന്നു പറയാനല്ലേ കഴിയൂ’ എന്ന കാനത്തിന്റെ മറുപടികേട്ട് പത്രക്കാര്‍ സഹതപിച്ചുപോയി. ഭരണ മുന്നണിയില്‍ രണ്ടാംസ്ഥാനക്കാരനായ സി.പി.ഐയുടെ അഭിപ്രായങ്ങള്‍ക്ക് ആ മുന്നണിയില്‍ ഒരു വിലയുമില്ലെന്ന കുമ്പസാരം.
തണ്ടര്‍ബോള്‍ട്ടിനെ ഉപയോഗിച്ച് സംസ്ഥാന ആഭ്യന്തരവകുപ്പ് മാവോവാദി വേട്ട നടത്തുന്നത് കേന്ദ്ര ഫണ്ട് കിട്ടാനാണെന്ന് കാനത്തിന് അഭിപ്രായമുണ്ട്. ഇതിലും വലിയ ഫണ്ട് വെട്ടിപ്പാണ് ലൈഫ് മിഷന്റെ പേരില്‍ നടന്നത്. അതിനെക്കുറിച്ച് ഒരക്ഷരം പ്രതികരിക്കാന്‍ കാനത്തിനു നാവുപൊന്തില്ല. മാത്രമല്ല, എല്ലാ അഴിമതി ആരോപണങ്ങളിലും മുഖ്യന്‍ വിജയന്‍ സഖാവിനും സി.പി.എമ്മിനും അകമഴിഞ്ഞ പിന്തുണ സി.പി.ഐ. തുറന്നു പ്രഖ്യാപിച്ചിട്ടുമുണ്ട്. ഇത്രയൊക്കെ വഴങ്ങി നില്‍ക്കുന്ന സി.പി.ഐയ്ക്ക് ചില്ലറ കാര്യങ്ങളിലെങ്കിലും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമെങ്കിലും വേണ്ടേ? അതാണ് കാനത്തിന്റെ വിലാപത്തിലുള്ളത്.