1983-ലെ നിലയ്ക്കല്‍ സമരകാലത്ത് ഗുരുവായൂരില്‍ മുഖ്യമന്ത്രി കരുണാകരനെ പ്രതിഷേധമറിയിക്കാനും നിവേദനം നല്‍കാനും തടഞ്ഞുനിര്‍ത്തിയ സേവികാസമിതി പ്രവര്‍ത്തകരുടെ കൂട്ടത്തില്‍ നാലുമക്കളോടൊപ്പം ഒരമ്മയും ഉണ്ടായിരുന്നു. കരുണാകരന്റെ കാറിനുമുമ്പില്‍ കയറിയിരുന്ന അവരെ പോലീസുകാര്‍ കാല്‍ പിടിച്ചുവലിച്ചു താഴെയിട്ട് ഗുരുവായൂര്‍ നടയിലിട്ട് ചവിട്ടിമെതിച്ചു. പിടിച്ചുകൊണ്ടുപോയ പോലീസ് വാന്‍ മഴയത്ത് ചോര്‍ന്നൊലിച്ചപ്പോള്‍ നിര്‍ത്തി. പുറത്തിറങ്ങിയ അവര്‍ ഭജനപാടിക്കൊണ്ടു പ്രതിഷേധിച്ചു. അയ്യപ്പന്റെ പൂങ്കാവനത്തില്‍ കുരിശുനാട്ടിയതിനെതിരെ മുഖ്യമന്ത്രിക്കെതിരെ സമരം ചെയ്തു മര്‍ദ്ദനമേറ്റുവാങ്ങിയ കാരപ്പറമ്പിലെ രാധ എന്ന മീനാക്ഷിയമ്മ ഓര്‍മ്മയായി. 1972ല്‍ ബാലഗോകുലം പ്രവര്‍ത്തനം കോഴിക്കോട്ട് ആരംഭിച്ചപ്പോള്‍ കുട്ടികള്‍ക്ക് പ്രചോദനമായത് ഈ അമ്മയായിരുന്നു. കുട്ടികള്‍ക്ക് സാംസ്‌കാരിക പാഠങ്ങള്‍ പകര്‍ന്നുകൊടുത്തത് അവരായിരുന്നു.
വീട്ടമ്മയാണെങ്കിലും ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ക്കും സേവികാസമിതി പ്രവര്‍ത്തകര്‍ക്കും പ്രചോദനമായി നില്‍ക്കുകയും സംഘടനാപ്രവര്‍ത്തനത്തിന് മക്കളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അടിയന്തരാവസ്ഥയില്‍ പോലീസ്‌റെയ്ഡിനു മുമ്പ് സംഘസാഹിത്യങ്ങളും മറ്റും തന്ത്രപൂര്‍വ്വം ഒളിപ്പിച്ചത് അവരുടെ സാമര്‍ത്ഥ്യമാണ്. തായാട്ട് ഭഗവതി ക്ഷേത്ര സംബന്ധമായ സമരത്തിലും ശബരിമല സ്ത്രീപ്രവേശന സംബന്ധമായ സമരത്തിലും അവര്‍ പങ്കാളിയായി. ഈ അമ്മയുടെ പേരക്കുട്ടിയാകാന്‍ സാധിച്ചതില്‍ അഭിമാനമുണ്ട്.