സാമൂഹ്യമാധ്യമങ്ങള്‍ക്കും സാമൂഹ്യമാധ്യമങ്ങളിലെ പദപ്രയോഗങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം ഓണ്‍ലൈന്‍ മാധ്യമങ്ങളെ മാത്രമല്ല, എല്ലാ മാധ്യമങ്ങളെയും ലക്ഷ്യമിട്ടിട്ടുള്ള ഒരു വല തന്നെയാണ്. മാധ്യമസ്ഥാപനങ്ങളെയും മാധ്യമ പ്രവര്‍ത്തകരെയും ലക്ഷ്യമിടില്ല എന്നും സാമൂഹ്യമാധ്യമത്തിലെ അവഹേളനത്തിന് എതിരെയാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ പോകുന്നതെന്നും നിയമമന്ത്രി ഏ.കെ.ബാലനും മുഖ്യമന്ത്രിയുമൊക്കെ പറഞ്ഞെങ്കിലും ഇത് ഇടതു മുന്നണിയുടെ ഘടകകക്ഷിയായ സി.പി.ഐക്കു പോലും ബോദ്ധ്യപ്പെട്ടിട്ടില്ല. ജനാധിപത്യ സംവിധാനത്തിന് തുരങ്കം വെയ്ക്കുന്ന, ആശങ്കയുളവാക്കുന്ന നീക്കമാണ് ഇതെന്ന് അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാതെ സി.പി.ഐ. വ്യക്തമാക്കിയിരിക്കുന്നു. ഒക്‌ടോബര്‍ 26 തിങ്കളാഴ്ച സി.പി. ഐയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ ജനയുഗത്തില്‍ മുഖപ്രസംഗം ഈ വിഷയത്തെ കുറിച്ചാണ്. ”പോലീസ് നിയമഭേദഗതി ആശങ്കകള്‍ അവഗണിച്ചുകൂടാ” എന്ന തലക്കെട്ടില്‍ ജനയുഗം എഴുതിയ മുഖപ്രസംഗം ഇങ്ങനെ പറയുന്നു,
‘സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള കുറ്റകൃത്യങ്ങള്‍ തടയാന്‍ കേരള പൊലീസ് ആക്ടില്‍ 118 എ വകുപ്പ് കൂട്ടിച്ചേര്‍ത്ത് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് കഴിഞ്ഞ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിക്കുകയുണ്ടായി. സാമൂഹ്യമാധ്യമങ്ങള്‍ വഴിയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്നത് സംസ്ഥാനത്ത് ഉല്‍ക്കണ്ഠാജനകമായ സ്ഥിതിവിശേഷമാണ് സൃഷ്ടിച്ചിട്ടുള്ളത്. പെണ്‍കുട്ടികളും സ്ത്രീകളുമാണ് സ്വകാര്യതയിലേക്കുള്ള ഇത്തരം കടന്നുകയറ്റങ്ങളുടെ ഇരകള്‍ ഏറെയും. സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള ഇത്തരം കുറ്റകൃത്യങ്ങള്‍ ഫലപ്രദമായി തടയുന്നതിനോ പരാതികളിന്മേല്‍ സത്വരവും കാര്യക്ഷമവുമായ നടപടി സ്വീകരിക്കുന്നതിനോ പൊലീസ് സംവിധാനത്തിന് വേണ്ടത്ര കഴിയുന്നില്ലെന്ന് അനുഭവങ്ങള്‍ തെളിയിക്കുന്നു. പരാതികളിന്മേല്‍ നടപടി സ്വീകരിക്കുന്നതില്‍ നിയമപാലകര്‍ പരാജയപ്പെടുന്നിടത്ത് നിയമം കയ്യിലെടുക്കാന്‍ ഇരകള്‍തന്നെ നിര്‍ബന്ധിതമായ സംഭവം അടുത്തകാലത്ത് കേരളത്തില്‍ സൃഷ്ടിച്ച കോളിളക്കം ഇനിയും കെട്ടടങ്ങിയിട്ടില്ല. ഈ പശ്ചാത്തലത്തില്‍ ഓര്‍ഡിനന്‍സ് വഴി പൊലീസ് നിയമം ഭേദഗതി ചെയ്യാന്‍ മന്ത്രിസഭ കൈക്കൊണ്ട തീരുമാനം പൊതുവെ സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. എന്നാല്‍ നിര്‍ദ്ദിഷ്ട ഓര്‍ഡിനന്‍സ് നിയമവൃത്തങ്ങളിലും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കിടയിലും മാധ്യമലോകത്തും അനല്പമായ ആശങ്കകള്‍ സൃഷ്ടിച്ചിരിക്കുന്നുവെന്നത് അവഗണിക്കാനാവാത്ത യാഥാര്‍ത്ഥ്യമാണ്. നിര്‍ദ്ദിഷ്ട ഓര്‍ഡിനന്‍സ് നീതിന്യായ നിരൂപണത്തിനു മുന്നില്‍ നിലനില്‍ക്കില്ലെന്ന് നിയമവൃത്തങ്ങള്‍ മുന്‍കാല സുപ്രീംകോടതി വിധികളുടെ വെളിച്ചത്തില്‍ വിലയിരുത്തുന്നു.”
അടിയന്തിരാവസ്ഥയെ പിന്തുണയ്ക്കുകയും കെ. കരുണാകരന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം കോണ്‍ഗ്രസ് നടത്തിയ പോലീസ് രാജിനെയും രാജന്‍കേസ് അടക്കമുള്ള കൊലപാതകങ്ങളെയും ന്യായീകരിക്കുകയും ചെയ്ത സി.പി.ഐയുടെ മുഖപത്രമായ ജനയുഗം ഇങ്ങനെയൊരു നിലപാട് എടുക്കുന്നത് പിണറായിയുടെ ചുമതലയിലുള്ള ആഭ്യന്തരവകുപ്പിനോടുള്ള അവിശ്വാസം തന്നെയാണ്. സി.പി ഐ എം.എല്‍.എയായ എല്‍ദോയും സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി പി.രാജുവും പോലീസ് അതിക്രമത്തിന്റെ ഭയാനകചിത്രം പിണറായിയുടെ ഭരണത്തിന്‍ കീഴില്‍ തന്നെ അനുഭവിച്ചവരാണ്. അവര്‍ തന്നെ പരസ്യമായി പ്രകടിപ്പിക്കുന്ന ആശങ്ക കുറ്റകൃത്യം നിര്‍ണ്ണയിച്ച് സ്വമേധയാ കേസെടുക്കാനുള്ള അധികാരം പോലീസില്‍ നിക്ഷിപ്തമാക്കുന്ന ഭേദഗതിയിലാണ്. ഇത് നേരത്തെ കോടതിയില്‍ നിക്ഷിപ്തമായിരുന്നു. ജനാധിപത്യബോധവും ജനാധിപത്യ മൂല്യവുമുള്ള ഒരു ഭരണസംവിധാനവും ഈ തരത്തിലുള്ള ഒരു ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ ശ്രമിക്കില്ല. നേരത്തെ ഈ തരത്തിലുള്ള നിയമം കൊണ്ടുവരാന്‍ ഔദ്യോഗിക രഹസ്യനിയമം ഭേദഗതി ചെയ്യാന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധി നടത്തിയ ശ്രമം ഫയല്‍ രാഷ്ട്രപതി ഭവനില്‍ നിന്ന് അനുമതി നല്‍കാതെ മുക്കിവെച്ചത് വെറും സാധാരണക്കാരനായ രാഷ്ട്രപതി ഗ്യാനി സെയില്‍സിംഗ് ആയിരുന്നു.
ജനാധിപത്യ സംവിധാനത്തിലാണ് പോലീസ് ഭരണം നടക്കേണ്ടത്. അമിതാധികാരം പോലീസ് സംവിധാനത്തിന് കൊടുത്താല്‍ അത് അപകടകരമായ വഴിത്തിരിവായി മാറുമെന്ന് നൂറുനൂറ് അനുഭവസാക്ഷ്യങ്ങളിലൂടെ കേരളം കണ്ടതാണ്. വിദ്യാഭ്യാസം മെച്ചപ്പെട്ട പോലീസുകാര്‍ വരുമ്പോള്‍ പോലീസ് സേന നന്നാവുമെന്നായിരുന്നു പണ്ട് പ്രതീക്ഷിച്ചിരുന്നത്. ഇന്ന് ഏറ്റവും കൂടുതല്‍ വിദ്യാസമ്പന്നര്‍ കോണ്‍സ്റ്റബിള്‍ മുതല്‍ മുകളിലേക്ക് പോലീസ് സേനയില്‍ ഉണ്ടായിട്ടും കാര്യമായ എന്തെങ്കിലും മാറ്റം ഉണ്ടായിട്ടുണ്ടോ? പെരുമാറ്റത്തില്‍ മാന്യതയും കുലീനതയും നിഷ്പക്ഷമായ നീതിനിര്‍വ്വഹണവും പ്രദാനം ചെയ്യാന്‍ കേരളത്തിലെ പോലീസ് സേനയ്ക്ക് കഴിയുന്നുണ്ടോ? ഇത്രയധികം ബിരുദാനന്തര ബിരുദധാരികളും പ്രൊഫഷണലുകളും എത്തിയിട്ടും പഴയ ഇടിയന്റെയും ഹെഡ് കുട്ടന്‍പിള്ളയുടെയും നിലവാരത്തില്‍ നിന്ന് കേരളത്തിലെ പോലീസ് മാറിയോ? ഫോര്‍ട്ട് പോലീസ് സ്റ്റേഷന്‍ മുതല്‍ രാജാക്കാട് വരെയുള്ള ലോക്കപ്പ് കൊലപാതകങ്ങള്‍ നിയമം കൈയിലെടുക്കുന്നതിന്റെയും ശാസ്ത്രീയ അന്വേഷണ സംവിധാനങ്ങള്‍ ഉപയോഗിക്കാത്തതിന്റെയും സൂചനയാണ്. മയക്കുമരുന്ന് കേസില്‍ പ്രതിയായ പ്രായപൂര്‍ത്തിയായ വിദേശിയുടെ മയക്കുമരുന്ന് തുന്നിച്ചേര്‍ത്തിരുന്ന വലിയ ജട്ടിക്കു പകരം കൊച്ചു കുട്ടിയുടെ ജട്ടി പകരം വെച്ചത് കണ്ടെത്താനോ നടപടിയെടുക്കാനോ ഇന്നുവരെ സംസ്ഥാന പോലീസിന് കഴിഞ്ഞിട്ടില്ല. വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്ന് ഹൈക്കോടതി പറഞ്ഞതാണ്. ഏറ്റവും നല്ല പോലീസിംഗ് നടക്കുന്ന രാജ്യങ്ങളില്‍ പോലീസ് രാഷ്ട്രീയവിമുക്തമാണ്. ആരു ഭരണകക്ഷിയായാലും പ്രതിപക്ഷമായാലും പോലീസ് സേന നിയമത്തിന്റെയും നീതിയുടെയും അടിസ്ഥാനത്തില്‍ അവരുടെ ഡ്യൂട്ടി ചെയ്യും. രാഷ്ട്രീയ നേതാക്കളുടെ വീട്ടില്‍ കുട്ടികളെ കളിപ്പിക്കാനും രാഷ്ട്രീയക്കാര്‍ പറയുന്നതിനനുസരിച്ച് വാദിയെ പ്രതിയാക്കാനും പ്രതിയെ സാക്ഷിയാക്കാനും അവര്‍ പോകില്ല. അതുകൊണ്ടാണ് സ്‌കോട്‌ലാന്റ്‌യാര്‍ഡ് പോലീസ് അടക്കമുള്ളവര്‍ ലോകശ്രദ്ധ നേടുന്നത്.
ഇവിടെ വോട്ടിനും വോട്ട് ബാങ്കിനും വേണ്ടി നിയമം വഴിമാറും. പോലീസ് സേനയുടെ അതീവ രഹസ്യരേഖകള്‍ പുറത്തെത്തിച്ച ഉദ്യോഗസ്ഥനെ കേസ് പിന്‍വലിച്ച് സേനയിലേക്ക് എത്തിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തീരുമാനിച്ചിട്ട് ഏറെക്കാലമായിട്ടില്ല. അതിനേക്കാള്‍ വലിയൊരു സൈബര്‍ കുറ്റകൃത്യം കേരളത്തില്‍ ഉണ്ടായിട്ടുണ്ടോ? പോലീസ് സേനയിലെ പച്ചവെളിച്ചം എന്ന വര്‍ഗ്ഗീയ വാട്‌സാപ് കൂട്ടായ്മയ്ക്ക് എതിരെ എന്തു നടപടിയുണ്ടായി? പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആഭ്യന്തരമന്ത്രി അമിത്ഷായെയും അപമാനിച്ചും ആക്ഷേപിച്ചും ഫേസ്ബുക്കിലും വാട്‌സാപ്പിലും പോസ്റ്റിട്ട എത്ര പോലീസുകാര്‍ക്ക് എതിരെ നടപടിയുണ്ടായി? രാഷ്ട്രീയത്തിന് അതീതമായ അച്ചടക്കവും അച്ചടക്കബോധവും ഇല്ലാത്ത ഒരു പോലീസ് സേനയ്ക്ക് ഇത്തരം അമിതാധികാരം നല്‍കിയാല്‍ എന്തായിരിക്കും ഫലം എന്ന കാര്യത്തില്‍ കേരളത്തില്‍ ആര്‍ക്കും സംശയമില്ല. കാരണം അടിയന്തിരാവസ്ഥയേക്കാള്‍ ദയനീയമായ രീതിയില്‍ ഏതു മാധ്യമപ്രവര്‍ത്തകനെയും അറസ്റ്റു ചെയ്യാനും കേസ് എടുക്കാനും പോലീസ് സേനയ്ക്ക് കഴിയും.
ഇവിടെ ഏറ്റവും പ്രസക്തമായ കാര്യം പൗരന്റെ മൗലികാവകാശവും വ്യക്തിസ്വാതന്ത്ര്യവുമാണ്. 2000 ത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഐ ടി നിയമത്തിലെ 66 എ വകുപ്പും 2011 ലെ കേരളാ പോലീസ് നിയമത്തിലെ 118 ഡി വകുപ്പും സുപ്രീംകോടതി റദ്ദാക്കിയിരുന്നു. സുപ്രീംകോടതി റദ്ദാക്കിയ 118 ഡി വകുപ്പിലെ അതേ കാര്യങ്ങള്‍ തന്നെയാണ് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവരുന്ന ഓര്‍ഡിനന്‍സില്‍ ഉള്ളത്. കുറ്റകൃത്യങ്ങള്‍ തടയാന്‍ നിയമമില്ലാത്തതല്ലല്ലോ ഇവിടത്തെ പ്രശ്‌നം. സ്ത്രീധനം മുതല്‍ പുകവലി വരെ നിരോധിച്ചു കൊണ്ട് കേരളത്തില്‍ കൊണ്ടുവന്ന നിയമങ്ങള്‍ക്ക് ചരമഗീതം ഒരുക്കിയത് മുഖ്യമന്ത്രി പിണറായി വിജയന്‍ ആലോചിക്കണം. കേരളത്തിലെ സാമൂഹ്യമാധ്യമരംഗത്ത് തെറിയഭിഷേകം നടത്തുന്നത് സൈബര്‍ സഖാക്കാളാണ് എന്ന കാര്യവും വിസ്മരിക്കരുത്. അമ്മപെങ്ങന്മാര്‍ കാണുന്ന മാധ്യമമാണ് എന്ന ധാരണയില്ലാതെ ടെലിവിഷന്‍ ചാനലുകളില്‍ വന്നിരുന്ന് ഒരു ലജ്ജയുമില്ലാതെ ഈ വാചകങ്ങള്‍ അവതരിപ്പിച്ച പണ്ഡിതന്മാര്‍ സി.പി.എമ്മുകാരാണ് എന്ന കാര്യവും മറക്കരുത്. സാമൂഹ്യമാധ്യമങ്ങളിലും അല്ലാതെയും ഏറ്റവും കൂടുതല്‍ അശ്ലീല പരാമര്‍ശത്തിന് വിധേയരാകുന്നത് സ്ത്രീകള്‍ തന്നെയാണ്. നിയമം ഉണ്ടാക്കുന്നതിനു പകരം ഉള്ള നിയമം ഫലപ്രദമായി ഉപയോഗിച്ച് അതിന് തടയിടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
ഭാഗ്യലക്ഷ്മി അടക്കമുള്ളവരെ കുറിച്ച് വിജയ് പി.നായര്‍ നടത്തിയ വഷളന്‍ പ്രതികരണം യൂട്യൂബില്‍ വന്നപ്പോള്‍ തന്നെ അവര്‍ പരാതി നല്‍കിയതാണ്. ഇതില്‍ സമയത്ത് നടപടിയെടുക്കാതെ കാലതാമസം വരുത്തിയ പോലീസ് സംവിധാനമല്ലേ ആ സ്ത്രീകളെ നിയമം കൈയിലെടുക്കാന്‍ നിര്‍ബ്ബന്ധിതരാക്കിയത്? പീഡനക്കേസും ട്രാഫിക് കേസും മയക്കുമരുന്ന് കേസും ഒക്കെ പോലെ സാധാരണക്കാരെ ഉപദ്രവിക്കാനുള്ള ഒരു വഴി അല്ലെങ്കില്‍ വടി എന്നല്ലാതെ ഈ നിയമഭേദഗതികൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ? മാത്രമല്ല, കൊറോണ കാരണം സഭ സമ്മേളിക്കാതിരിക്കുമ്പോള്‍ ഓര്‍ഡിനന്‍സിലൂടെ അടിയന്തിരമായി നേരിടേണ്ട പ്രശ്‌നങ്ങളൊന്നും ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഇല്ലല്ലോ. നിയമസഭ കൂടി പൊതുജനാഭിപ്രായം കേട്ട് സഭ ചര്‍ച്ച ചെയ്ത് ഒരു നിയമനിര്‍മ്മാണം കൊണ്ടുവരുന്നതല്ലേ ഉചിതം. മാത്രമല്ല, ഇക്കാര്യത്തില്‍ പത്രപ്രവര്‍ത്തകരുടെ ആശങ്ക പരിഹരിക്കാനുള്ള ബാധ്യത മുഖ്യമന്ത്രിക്കും ഭരണകക്ഷിക്കും ഉണ്ട്.