മാര്‍ക്‌സിസ്റ്റ് ചിന്തകനും സാഹിത്യനിരൂപകനും ഇടതുപക്ഷ അധ്യാപക സംഘടനാ സ്ഥാപകനേതാവും പ്രഭാഷകനുമെന്ന നിലയില്‍ കേരളത്തില്‍ സുപരിചിതനാണ് പ്രൊഫ. എം.ആര്‍. ചന്ദ്രശേഖരന്‍. കമ്മ്യൂണിസത്തിന്റെ പ്രയോഗാവിഷ്‌കാരം എത്രമേല്‍ ജനാധിപത്യവിരുദ്ധവും മനുഷ്യത്വവിരുദ്ധവുമാണെന്ന് തിരിച്ചറിയാന്‍ ഏറെ വൈകിപ്പോയെന്ന് പില്‍ക്കാലത്ത് ഖേദപൂര്‍വ്വം രേഖപ്പെടുത്തിയിട്ടുണ്ട് അദ്ദേഹം.
മുതലാളിത്തത്തെ ചോദ്യം ചെയ്യുക എന്ന ലക്ഷ്യത്തോടെ പിറവിയെടുത്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ലെനിനിലൂടെയും സ്റ്റാലിനിലൂടെയും മറ്റും മറ്റും വളര്‍ന്ന് പന്തലിച്ച് ഒരു വിഷവൃക്ഷമായതിന്റെ ചരിത്രം ഒട്ടേറെ ലേഖനങ്ങളിലൂടെ എം.ആര്‍.സി. വിവരിച്ചിട്ടുണ്ട്. ‘മാര്‍ക്‌സിന്റെ വിപ്ലവവും ലെനിന്റെ അതിവിപ്ലവവും’ എന്ന എം.ആര്‍.സിയുടെ പുസ്തകത്തിന്റെ ജന്മോദ്ദേശ്യവും മറ്റൊന്നല്ല.
കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെയും റഷ്യന്‍, ചൈനീസ് വിപ്ലവ ചരിത്രത്തിന്റേയും ഇരുണ്ട ലോകങ്ങളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടു പോകുന്ന ഒരു പഠനഗ്രന്ഥമാണിത്. കമ്മ്യൂണിസത്തിന്റെ ഇരുമ്പുമറക്കുള്ളില്‍ അരങ്ങേറിയ കൂട്ടക്കുരുതികളും ഗൂഢാലോചനകളും ചതികളും വിവരിക്കുമ്പോള്‍ എം.ആര്‍. ചന്ദ്രശേഖരന്റെ തൂലിക ഒരു പടവാളായിത്തീരുന്നുണ്ട്. ഈ മേഖലയിലേക്ക് വെളിച്ചം വീശുന്ന അനേകം ചരിത്രവസ്തുതകളും പഠനഗ്രന്ഥങ്ങളും സനിഷ്‌കര്‍ഷം പരിശോധിച്ച് തന്റെ വാദമുഖങ്ങള്‍ ബലിഷ്ഠമാക്കുന്നുണ്ട് അദ്ദേഹം.
പതിനാല് അദ്ധ്യായങ്ങളുള്ള ഈ ഗ്രന്ഥത്തിന് അവതാരിക എഴുതിയത് ഡോ. പി.വി. കൃഷ്ണന്‍നായരാണ്. കമ്മ്യൂണിസത്തിന്റെ ഫാസിസ്റ്റ് ചരിത്രം പഠിക്കാന്‍ പരിശ്രമിക്കുന്നവര്‍ക്ക് വിശ്വസിച്ചാശ്രയിക്കാവുന്ന ഒരു ഗ്രന്ഥമത്രേ ‘മാര്‍ക്‌സിന്റെ വിപ്ലവവും ലെനിന്റെ അതിവിപ്ലവവും’.