ഇന്ത്യയുടെ ഭരണഘടനയനുസരിച്ച് തെരഞ്ഞടുക്കപ്പെടുന്ന കേന്ദ്ര ഗവണ്‍മെന്റിന്റേയും സംസ്ഥാന സര്‍ക്കാരുകളുടേയും പ്രഥമ ലക്ഷ്യങ്ങളിലൊന്ന് ജനങ്ങളുടെ ക്ഷേമമാണ്. അതുകൊണ്ടാണ് ഓരോ വര്‍ഷവും പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും അവതരിപ്പിക്കപ്പെടുന്ന ധനകാര്യ ബജറ്റുകളില്‍ വിവിധ ക്ഷേമ പദ്ധതികള്‍ക്കായി വന്‍തുക നീക്കിവെക്കുന്നതും, വര്‍ഷം തോറും അതിന്റെ തോത് വര്‍ദ്ധിച്ചു വരുന്നതും.
നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ അധികാരത്തിലെത്തി ഏറെ താമസിയാതെ പ്രഖ്യാപിച്ച ക്ഷേമ പദ്ധതികളില്‍ ശ്രദ്ധേയമായ ഒന്നാണ് പ്രധാനമന്ത്രി ആവാസ് യോജന. വീടില്ലാത്ത ദരിദ്രരായ ആളുകള്‍ക്ക് പാര്‍പ്പിടം നിര്‍മ്മിച്ചു നല്‍കാന്‍ ഉദ്ദേശിച്ചുള്ള പദ്ധതിയാണ് പിഎംഎവൈ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന പദ്ധതി.
ഈ പദ്ധതിയനുസരിച്ച് കേന്ദ്രസര്‍ക്കാരിനു പുറമേ സംസ്ഥാന സര്‍ക്കാരും തദ്ദേശ ഭരണകൂടവും പാവപ്പെട്ടവരുടെ വീട് നിര്‍മ്മാണത്തിനായി അവരുടെ വിഹിതം നല്‍കണം. ഒന്നാം മോദി സര്‍ക്കാരിന്റെ അഞ്ച് വര്‍ഷത്തെ ഭരണകാലത്തും തുടര്‍ന്നും ഈ പദ്ധതി വഴി ദശലക്ഷക്കണക്കിനാള്‍ക്കാര്‍ക്ക് പാര്‍പ്പിടമുണ്ടായിട്ടുണ്ട്. ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ ജീവിത നിലവാര സൂചിക ഉയര്‍ത്തിക്കാണിക്കുന്നതില്‍ ഈ പദ്ധതി വഹിച്ച പങ്ക് ചെറുതല്ല.
കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ ഈ പദ്ധതിയുടെ സിംഹഭാഗവും ലൈഫ് മിഷന്‍ എന്നപേരില്‍ തങ്ങളുടേതാക്കി അവതരിപ്പിക്കുകയാണ് ചെയ്തത്. ദൗര്‍ഭാഗ്യകരമായ കാര്യം പാവപ്പെട്ടവര്‍ക്ക് വീടു നിര്‍മ്മിക്കാന്‍ സഹായം നല്‍കിയതിന്റെ പേരിലല്ല സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ അടുത്തകാലത്ത് വാര്‍ത്തകളില്‍ നിറയുന്നത് എന്നതാണ്.
വടക്കാഞ്ചേരിക്കടുത്തുള്ള ചരല്‍പ്പരമ്പ് എന്ന സ്ഥലത്ത് നടക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായുള്ള 140 ഫ്‌ളാറ്റുകളുടെ നിര്‍മ്മാണമാണ് വിവാദമായിരിക്കുന്നത്. തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ചതിന് പിടിയിലായ സ്വപ്‌ന സുരേഷിന്റെ ബാങ്ക് ലോക്കറില്‍ നിന്ന് ഒരുകോടി രൂപ കണ്ടെടുത്തതോടെയാണ് ലൈഫ് മിഷന്‍ വാര്‍ത്തകളില്‍ നിറഞ്ഞുതുടങ്ങിയത്.
സ്വപ്‌നയുടേയും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കരന്റെ അക്കൗണ്ടന്റിന്റേയും പേരിലായിരുന്നു പണം കണ്ടെടുത്ത ലോക്കര്‍. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് ഈ പണം ലൈഫ് മിഷന്‍ നിര്‍മ്മാണക്കരാര്‍ ഉറപ്പിച്ചുനല്‍കിയതിന് കരാര്‍ കമ്പനിയായ യൂണിടാക് കമ്മീഷനായി നല്‍കിയതാണെന്ന് സ്വപ്‌ന വെളിപ്പെടുത്തുന്നത്.
ഇത്രയുമായതോടെ ലൈഫ് മിഷനില്‍ എന്തോ ചീഞ്ഞുനാറുന്നുണ്ടെന്ന് പൊതു സമൂഹത്തിന് ബോധ്യപ്പെട്ടു തുടങ്ങി. ജനാധിപത്യ കേരളം ഉത്തരത്തിനായി കാത്തിരിക്കുന്ന ചോദ്യങ്ങള്‍ അനവധിയാണ്. ലൈഫ് മിഷന്റെ വീട് നിര്‍മ്മാണ പദ്ധതിക്ക് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും സ്വപ്‌നയും തമ്മിലെന്താണ് ബന്ധം?
സര്‍ക്കാര്‍ ഏജന്‍സിയായ ലൈഫ് മിഷന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്തുകൊണ്ടാണ് സര്‍ക്കാരിന്റെ തന്നെ ഏതെങ്കിലും ഏജന്‍സിയെ ഏല്‍പ്പിക്കാതിരുന്നത്?
സ്വകാര്യ സ്ഥാപനമായ യൂണിടാകിനെ നിര്‍മ്മാണകരാര്‍ ഏല്‍പ്പിക്കുന്നതിന് മുന്‍പ് നിയമാനുസൃതമായി നടക്കേണ്ട ടെണ്ടര്‍ നടപടിക്രമങ്ങള്‍ പാലിച്ചിരുന്നോ?
വിദേശ ഏജന്‍സിയുടെ ധനസഹായം സ്വീകരിക്കുന്നതിന് മുന്‍പ് സംസ്ഥാന സര്‍ക്കാര്‍ പാലിക്കേണ്ട നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നോ?
ഈ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം നല്‍കാന്‍ സര്‍ക്കാരിനോ ഭരണമുന്നണിയുടെ രാഷ്ട്രീയ നേതൃത്വത്തിനോ ആയിട്ടില്ല. അവര്‍ ഇപ്പോഴും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് സര്‍ക്കാരോ ലൈഫ് മിഷനോ അല്ല യൂണിടാകിന് കരാര്‍ നല്‍കിയത്, പണം മുടക്കുന്ന ദുബായ് റെഡ്ക്രസന്റാണ് എന്നാണ്.
ദുബായ് റെഡ്ക്രസന്റ് എന്ന പേര് വിവാദത്തിലേക്ക് എത്തിയതോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാവുകയാണ്. വിദേശ ഏജന്‍സിയായ ദുബായ് റെഡ്ക്രസന്റ് എങ്ങനെയാണ് രാജ്യത്തെ നിലവിലുള്ള നിയമസംവിധാനങ്ങളെയൊക്കെ മറികടന്ന് ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നത്. ചാരിറ്റിയുടെ പേരിലായാലും കച്ചവടത്തിന്റെ പേരിലായാലും വിദേശത്ത് നിന്ന് രാജ്യത്തേക്ക് പണം എത്തുമ്പോള്‍ പാലിക്കപ്പെടേണ്ട ചട്ടങ്ങള്‍ അനുസരിച്ചിട്ടുണ്ടോ എന്ന ചോദ്യം പ്രസക്തമാകുന്നത് ഇവിടെയാണ്.
ആഗോള തലത്തില്‍ തന്നെ ശ്രദ്ധേയമായ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനയാണ് ദുബായ് റെഡ്ക്രസന്റ്. ലോകവ്യാപകമായി പ്രവര്‍ത്തിക്കുന്ന റെഡ്‌ക്രോസിന്റെ ദുബായ് ഘടകമാണത്. ക്രോസ് എന്ന പദവും കുരിശടയാളവും ഗള്‍ഫ് രാജ്യങ്ങളില്‍ മതപരമായ കാരണങ്ങള്‍ മൂലം ഉപയോഗിക്കാറില്ല. അങ്ങനെയാണ് റെഡ് ക്രോസ് അവിടെ റെഡ് ക്രസന്റായത്.
ദുബായ് ഭരണകൂടം പ്രതിവര്‍ഷം തങ്ങളുടെ വരുമാനത്തിന്റെ ഒരു ഭാഗം റെഡ്ക്രസന്റിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെക്കുന്നുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വലിയതോതിലുള്ള ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ അവര്‍ നടത്തിയിട്ടുണ്ട്.
2018 ലെ കേരളത്തിലെ ഒന്നാം പ്രളയത്തെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘം ദുബായ് സന്ദര്‍ശിക്കുന്ന വേളയിലാണ് റെഡ്ക്രസന്റ് സഹായ വാഗ്ദാനം നല്‍കിയത്. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവരെ സഹായിക്കാന്‍ 20 കോടി രൂപയായിരുന്നു റെഡ്ക്രസന്റിന്റെ വാഗ്ദാനം.
വീട് നിര്‍മ്മിക്കാനാവശ്യമായ സ്ഥലം സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തണം. ഇക്കാര്യങ്ങള്‍ രേഖപ്പെടുത്തിയ കരാറില്‍ മുഖ്യമന്ത്രിയും റെഡ്ക്രസന്റ് പ്രതിനിധികളും ഒപ്പുവക്കുകയും ചെയ്തു.
മുഖ്യമന്ത്രിയോടൊപ്പമുള്ള ദുബായ് സന്ദര്‍ശന സംഘത്തില്‍ എം.ശിവശങ്കരനും സ്വപ്‌ന സുരേഷും ഉണ്ടായിരുന്നു എന്ന് ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. പിണറായി വിജയന്‍ ദൂബായിലെത്തുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ സ്വപ്‌നയും ശിവശങ്കരനും അവിടെയെത്തിയിരുന്നു എന്നതാണ് വാസ്തവം. അതുകൊണ്ടു തന്നെ കരാറിന്റെ തുടക്കത്തില്‍ത്തന്നെ അവരുടെ പങ്ക് വ്യക്തമാണ്.
കരാറൊപ്പിട്ടതിനെത്തുടര്‍ന്ന് ഈ പദ്ധതി ലൈഫ് മിഷന്‍ വഴി നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നു. ആദ്യഘട്ടത്തില്‍ മലപ്പുറം ജില്ലയില്‍ വീടുകള്‍ നിര്‍മ്മിക്കാനായിരുന്നു പദ്ധതി.പിന്നീട് തൃശൂര്‍ ജില്ലയിലേക്ക് മാറ്റി. അനുയോജ്യമായ പല സ്ഥലങ്ങളും പരിഗണനക്ക് വന്നെങ്കിലും വേണ്ടപ്പെട്ടവര്‍ക്ക് സ്വീകാര്യമായില്ല.
വടക്കാഞ്ചേരിയിലെ നിര്‍ദ്ദിഷ്ട പ്രദേശം പദ്ധതിക്ക് അനുവദിക്കണമെന്ന് വടക്കാഞ്ചേരി നഗരസഭ റവന്യൂ വകുപ്പിനോട് ആവശ്യപ്പെടുന്നത് ഈ സാഹചര്യത്തിലാണ്. സ്ഥലം ഭൂകമ്പസാധ്യതാ പ്രദേശമാണെന്നും ആറ് സമുച്ചയങ്ങളായി ബഹുനില ഫ്‌ളാറ്റുകള്‍ ഇവിടെ നിര്‍മ്മിക്കുന്നത് സുരക്ഷിതമല്ലെന്നും കാണിച്ച് അന്നത്തെ തൃശൂര്‍ ജില്ലാ കളക്ടര്‍ ടി.വി. അനുപമ അപേക്ഷ നിരസിക്കുകയാണ് ചെയ്തത്.
കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ നിരവധി ചെറു ഭൂകമ്പങ്ങളാണ് ഈ മേഖലയില്‍ സംഭവിച്ചിട്ടുള്ളത്. കേരളത്തിലെ ഏറ്റവും ഭൂകമ്പ സാധ്യതാ പ്രദേശമായി വിലയിരുത്തപ്പെടുന്ന തലപ്പിള്ളി താലൂക്കിലെ പ്രദേശമാണിത്.
2018 ലെപ്രളയത്തിന്റെ ഭാഗമായുണ്ടായ ഉരുള്‍പൊട്ടലില്‍ 18 ജീവനുകള്‍ പൊലിഞ്ഞ കുറാഞ്ചേരി, മുപ്പതോളം വീടുകള്‍ ഉരുള്‍പൊട്ടലില്‍ തകരുകയും ആറ് പേര്‍ക്ക് ജീവഹാനി സംഭവിക്കുകയും ചെയ്ത കൊറ്റമ്പത്തൂര്‍ തുടങ്ങിയ പ്രദേശങ്ങള്‍ ഇവിടെയാണ്.
അപകട സാധ്യത ചൂണ്ടിക്കാട്ടി അനുമതി നിഷേധിച്ച കളക്ടറെ ദിവസങ്ങള്‍ക്കുള്ളില്‍ സ്ഥലംമാറ്റിയാണ് പ്രശ്‌നം സര്‍ക്കാര്‍ പരിഹരിച്ചത്.
നിര്‍മ്മാണജോലികള്‍ ചെയ്യാന്‍ ആദ്യം സര്‍ക്കാരും ലൈഫ് മിഷനും സമീപിച്ചത് ഹാബിറ്റാറ്റിനെയാണ്. ഇക്കാര്യത്തിന് ലൈഫ് മിഷന്‍ ഹാബിറ്റാറ്റ് അധികൃതര്‍ക്കെഴുതിയ കത്ത് ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്. വടക്കാഞ്ചേരി ചരല്‍പ്പുറത്ത് 15 കോടി രൂപ ചെലവില്‍ ഫ്‌ളാറ്റ് സമുച്ചയം നിര്‍മ്മിക്കുന്ന ജോലികള്‍ ഏറ്റെടുക്കണമെന്നും പ്‌ളാനും എസ്റ്റിമേറ്റും ഉടന്‍ തയ്യാറാക്കണമെന്നും കരാര്‍ ഒപ്പിടണമെന്നുമാണ് ലൈഫ് മിഷന്‍ ഹാബിറ്റാറ്റിനോട് ഈ കത്തില്‍ ആവശ്യപ്പെടുന്നത്.
റെഡ്ക്രസന്റ് അനുവദിച്ച 20 കോടിയില്‍ നിന്ന് അഞ്ച് കോടി കുറച്ചാണ് ഹാബിറ്റാറ്റിന് നല്‍കിയ കത്തില്‍ സര്‍ക്കാര്‍ കാണിച്ചിട്ടുളളത്. ഇത്രയും കുറഞ്ഞ തുകക്ക് നിര്‍മ്മാണം നടത്താനാകില്ലെന്നും 28 കോടി രൂപ പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നതായും കാണിച്ച് ഹാബിറ്റാറ്റ് മറുപടി നല്‍കി. ഇതിനെത്തുടര്‍ന്ന് പദ്ധതിയുടെ വലിപ്പവും ഫ്‌ളാറ്റുകളുടെ എണ്ണവും കുറക്കാമെന്ന് സര്‍ക്കാര്‍ അറിയിക്കുകയായിരുന്നു.
ഈ നിര്‍ദ്ദേശം വന്നതോടെ 15 കോടിക്കുള്ളില്‍ ഒതുങ്ങുന്ന പ്ലാന്‍ ഹാബിറ്റാറ്റ് തയ്യാറാക്കുകയും ലൈഫ് മിഷനുമായി ധാരണാ പത്രം ഒപ്പിടുകയും ചെയ്തു. എന്നാല്‍ പിന്നീട് ഹാബിറ്റാറ്റിന്റെ പ്രതിനിധികളുമായി സര്‍ക്കാരോ ലൈഫ് മിഷനോ ബന്ധപ്പെട്ടില്ല.
ഈ ഘട്ടത്തിലാണ് സ്വകാര്യ നിര്‍മ്മാണക്കമ്പനിയായ യൂണിടാക് കടന്നുവരുന്നത്. ഹാബിറ്റാറ്റാണ് നിര്‍മ്മാണം നടത്തുന്നത് എന്ന് ദുബായ് റെഡ്ക്രസന്റിനേയും കോണ്‍സുലേറ്റിനേയും അറിയിച്ചിരുന്ന ലൈഫ് മിഷന്‍ വളരെപ്പെട്ടെന്ന് നിലപാട് മാറ്റുകയും യൂണിടാകാണ് നിര്‍മ്മാണം നടത്തുകയെന്ന് റെഡ്ക്രസന്റിനെ അറിയിക്കുകയും ചെയ്യുകയായിരുന്നു.
എത്രയും പെട്ടെന്ന് യൂണിടാകിനെ കരാര്‍ ഏല്‍പ്പിക്കുന്നത് അംഗീകരിച്ചുകൊണ്ടുള്ള കത്ത് അയച്ചുതരണമെന്നും സംസ്ഥാന സര്‍ക്കാരിനു വേണ്ടി ലൈഫ് മിഷന്‍ പ്രതിനിധികള്‍ റെഡ്ക്രസന്റിനോട് ആവശ്യപ്പെടുകയും ചെയ്തു. റെഡ്ക്രസന്റാണ് യൂണിടാകിനെ തെരഞ്ഞെടുത്തതെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം കളവാണെന്ന് തെളിയിക്കുന്നതാണ് ഈ കത്തുകള്‍.
24മണിക്കൂര്‍ കൊണ്ടാണ് സംസ്ഥാന സര്‍ക്കാരിന്റേയും വടക്കാഞ്ചേരി നഗരസഭയുടേയും എല്ലാ രേഖകളില്‍ നിന്നും ഹാബിറ്റാറ്റ് അപ്രത്യക്ഷമാവുകയും യൂണിടാക് എന്ന പേര് രേഖകളില്‍ ഇടം പിടിക്കുകയും ചെയ്തത്. യൂണിടാകിനെ നിര്‍മ്മാണം ഏല്‍പ്പിക്കാന്‍ റെഡ്ക്രസന്റിന്റെ അനുമതിക്കായി ദുബായ് കോണ്‍സുലേറ്റില്‍ നിന്നും സമ്മര്‍ദ്ദമുണ്ടായി.
സ്വര്‍ണ കള്ളക്കടത്ത് അന്വേഷണത്തിന്റെ ഭാഗമായി എന്‍ഫോഴ്‌സ്‌മെന്റ് സ്വപ്‌നയെ ചോദ്യം ചെയ്തപ്പോഴാണ് ഈ കരാര്‍ നല്‍കിയതിന് കമ്മീഷനായി യൂണിടാക് നല്‍കിയ പണമാണ് ശിവശങ്കരന്റേയും തന്റെയും പേരില്‍ ലോക്കറില്‍ ഉണ്ടായിരുന്നത് എന്ന് സ്വപ്‌ന വെളിപ്പെടുത്തിയത്. യൂണിടാക് കമ്പനിയുടമ സന്തോഷ് ഈപ്പനും ഇക്കാര്യം സമ്മതിച്ചു.
ഈ ഘട്ടത്തില്‍ നിര്‍മ്മാണം പകുതി പോലുമാകുന്നതിന് മുന്‍പ്തന്നെ പതിനാലരക്കോടി രൂപ താന്‍ കൈപ്പറ്റിയിട്ടുണ്ടെന്നും നാലരക്കോടി രൂപ കമ്മീഷനായി പലര്‍ക്കും നല്‍കിയിട്ടുണ്ടെന്നും സന്തോഷ് ഈപ്പന്‍ തന്നെ വെളിപ്പെടുത്തി. സംസ്ഥാന സര്‍ക്കാരിലെ ചിലര്‍ക്കും ദുബായ് കോണ്‍സുലേറ്റിലെ ചിലര്‍ക്കും ഇതിന്റെ വിഹിതം ലഭിച്ചിട്ടുണ്ടെന്നാണ് ഇപ്പോള്‍ സിബിഐ അന്വേഷണത്തിലൂടെ പുറത്തുവരുന്ന വിവരം.
സര്‍ക്കാര്‍ സംവിധാനമനുസരിച്ച് കരാറുകാരന് പണം ലഭിക്കണമെങ്കില്‍ പണി പൂര്‍ത്തിയാക്കി ബില്ല് സമര്‍പ്പിച്ച് നീണ്ടകാത്തിരിപ്പുപോലും വേണ്ടിവരുമെന്ന് കേരളത്തിലെ സാധാരണക്കാര്‍ക്ക് പോലുമറിയാം. ഇവിടെ 140 പാവങ്ങള്‍ക്ക് വേണ്ടി പണിയുന്ന ഫ്‌ളാറ്റുകളുടെ നിര്‍മ്മാണം അമ്പത് ശതമാനം പോലും പൂര്‍ത്തിയായിട്ടില്ല. പണമാകട്ടെ എഴുപത്തഞ്ച് ശതമാനവും സ്വകാര്യ കരാറുകാരന് ഒരുറപ്പുമില്ലാതെ നല്‍കിക്കഴിഞ്ഞു.
അങ്ങേയറ്റം അപകട സാധ്യതയുള്ള പ്രദേശത്ത് കെട്ടിയുയര്‍ത്തുന്ന ഈ ബഹുനില സമുച്ചയത്തിന്റെ നിര്‍മ്മാണത്തില്‍ വലിയ അപാകതകളുണ്ടെന്ന് സ്ഥലം സന്ദര്‍ശിച്ച് വിലയിരുത്തിയ വിദഗ്ധരുടെ സംഘം പറയുന്നു. യഥാര്‍ത്ഥത്തില്‍ ലൈഫോ ഫ്‌ളാറ്റോ അല്ല പാവങ്ങള്‍ക്ക് ലഭിക്കുക അരക്കില്ലമായിരിക്കുമെന്നാണ് ഈ സംഘം ചൂണ്ടിക്കാണിക്കുന്നത്. തിടുക്കത്തില്‍ കരാര്‍ ഏറ്റെടുത്ത് പണിതുടങ്ങിയ യൂണിടാക് പ്‌ളാന്‍ പോലും തയ്യാറാക്കിയിട്ടില്ലെന്നതാണ് വസ്തുത. ഹാബിറ്റാറ്റ് തയ്യാറാക്കി നല്‍കിയ പ്ലാന്‍ ഉപയോഗിച്ചാണ് യൂണിടാക് ഇപ്പോള്‍ നിര്‍മ്മാണം നടത്തുന്നത്.
നൂറ് കണക്കിനാളുകള്‍ കൊല്ലപ്പെടുകയും അനേകായിരങ്ങള്‍ ഭവന രഹിതരാവുകയും ചെയ്ത പ്രളയത്തെ തുടര്‍ന്ന് രാജ്യത്തിനകത്തും പുറത്തും നിന്നായി കാരുണ്യത്തിന്റെ വന്‍പ്രവാഹമാണ് കേരളത്തിലേക്ക് ഒഴുകിയെത്തിയത്. അതിന്റെ ഭാഗമായിരുന്നു ദുബായ് റെഡ്ക്രസന്റിന്റെ സഹായവും. സര്‍വ്വവും നഷ്ടപ്പെട്ട് തെരുവില്‍ക്കഴിയുന്ന പാവങ്ങള്‍ക്ക് ആശ്രയം നല്‍കാന്‍ ചെലഴിക്കേണ്ട പണമാണ് സംസ്ഥാന സര്‍ക്കാരിലെ ചില ഉന്നതരും ഇടനിലക്കാരും ചേര്‍ന്ന് തട്ടിയെടുത്തത്.
റെഡ്ക്രസന്റിന്റെ സഹായം സ്വീകരിക്കുന്നതില്‍ സര്‍ക്കാര്‍ കാണിച്ച രഹസ്യ സ്വഭാവവും നിരീക്ഷണ വിധേയമാക്കേണ്ടതാണ്. അന്താരാഷ്്ട്ര ഏജന്‍സിയായ റെഡ്ക്രസന്റിന്റെ സഹായം സ്വീകരിക്കുമ്പോള്‍ അത് അവരുടെ ഇന്ത്യന്‍ പ്രതിനിധികള്‍ വഴിയാകണമെന്നുണ്ട്. അതായത് ഇന്ത്യന്‍ റെഡ്‌ക്രോസ് വഴി വേണമായിരുന്നു ഈ പണം സ്വീകരിക്കാന്‍.
അതിന് പകരം ദുബായ് കോണ്‍സുലേറ്റും കേരള സര്‍ക്കാരും ചേര്‍ന്ന് പണം നേരിട്ട് കൈപ്പറ്റുകയായിരുന്നു. ഇന്ത്യന്‍ റെഡ്‌ക്രോസിനെ അറിയിക്കാന്‍ ബാധ്യതയുള്ള കോണ്‍സുലേറ്റ് അത് ചെയ്തില്ല. ചട്ടങ്ങള്‍ അറിയാമായിരുന്നിട്ടും കേരള സര്‍ക്കാരും അതിന് കൂട്ടുനിന്നു.
ഏറ്റവും പ്രധാനപ്പെട്ട കാര്യം രാജ്യാതിര്‍ത്തിക്ക് വെളിയില്‍ നിന്നുള്ള ഏത് പണം സ്വീകരിക്കുമ്പോഴും അത് ഇന്ത്യാ ഗവണ്‍മെന്റ് അറിഞ്ഞിരിക്കണമെന്നതാണ്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ നേരിട്ട് ബാധിക്കുന്ന വിഷയമാണ് വിദേശത്ത് നിന്നുള്ള പണമൊഴുക്ക്. കൃത്യമായ മാനദണ്ഡങ്ങള്‍ ഇക്കാര്യങ്ങളില്‍ പാലിക്കപ്പെടേണ്ടതുണ്ട്. ഇവിടെ നിയമകാര്യ വകുപ്പ് ഇക്കാര്യം ചൂണ്ടിക്കാട്ടി ലൈഫ് മിഷന്റെ ഫയലില്‍ ഫുട്ട് നോട്ട് എഴുതിയെങ്കിലും അത് വെറുതെയങ്ങ് വെട്ടിക്കളയുകയാണ് തദ്ദേശ സ്വയംഭരണ വകുപ്പ് ചെയ്തത്.
ഇന്ത്യാ ഗവണ്‍മെന്റിന്റെ നിയമങ്ങള്‍ തങ്ങള്‍ക്ക് ബാധകമല്ലെന്നും കേരളം തങ്ങളുടെ വെള്ളരിക്കാപട്ടണം ആണെന്നുമുള്ള ഉട്ടോപ്യന്‍ വിശ്വസത്തിലായിരിക്കും കേരളത്തിലെ ഭരണാധികാരികള്‍ അങ്ങനെ ചെയ്തിട്ടുണ്ടാവുക.