ഒരുവശത്ത്, ആഭ്യന്തരരംഗത്ത് വുഹാന്‍ വൈറസ്സിനെതിരായ പോരാട്ടം; മറുവശത്ത് അതിര്‍ത്തിയില്‍ കയ്യേറ്റം നടത്തുന്ന ചൈനീസ് പട്ടാളത്തെ പ്രതിരോധിക്കല്‍. ഈ അതിജീവനത്തിനുള്ള യുദ്ധത്തിലാണ് ഭാരതം. അതിനിടയ്ക്ക് രാജ്യത്തിനകത്തുനിന്നും ചൈനയെ പുകഴ്ത്താനും വാഴ്ത്താനും ഒരു ഇംഗ്ലീഷ് പത്രം തയ്യാറായി. സ്വാതന്ത്ര്യസമര പൈതൃകവും സാംസ്കാരിക പ്രതിബദ്ധതയും സ്വതന്ത്രപത്രപ്രവര്ത്തന പാരമ്പര്യവും കൊണ്ടു തലയെടുപ്പു കാണിച്ച ‘ദി ഹിന്ദു’ പത്രം ഹിന്ദുത്വ വിരോധത്തിന്റെ കൂത്തരങ്ങായതോടെ ഈ പാരമ്പര്യമെല്ലാം കളഞ്ഞുകുളിച്ചിരിക്കുന്നു. ഒക്ടോബര്‍ 1ന് ചൈനയെ പുകഴ്ത്തുന്ന വാര്‍ത്താ പരസ്യം നല്‍കുക വഴി ഇതിന്റെ നെല്ലിപ്പടിവരെ ആ പത്രം എത്തിയിരിക്കുന്നു.
‘മാനം വിറ്റു പണമുണ്ടാക്കുക, പണംകൊടുത്തു മാനം വാങ്ങുക’ എന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കുന്ന നടപടികളാണ് ഇപ്പോള്‍ ഈ പത്രത്തിന്റേത്. പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയുടെ ദേശീയദിനം പ്രമാണിച്ചാണ് ഒക്ടോ. 1ന് ആ പത്രം വാര്ത്താപരസ്യം നല്‍കിയത്. എല്ലാം ചൈനയെ പുകഴ്ത്തുന്ന കുറിപ്പുകള്‍. ലോകസമാധാനത്തില്‍ ചൈനയുടെ പങ്ക്, ഭീകരവാദം ചെറുക്കല്‍, സാമ്പത്തികമായ ചൈനയുടെ കുതിപ്പ് തുടങ്ങിയ ചൈനാപ്രശംസ തന്നെ എല്ലാം. ചൈനയിലെ ഒരു പത്രത്തില്‍ ഭാരതത്തെ പുകഴ്ത്തുന്ന ഒരു വാര്ത്താപരസ്യം കൊടുക്കുന്ന കാര്യം ചിന്തിക്കാനാവുമോ? അങ്ങനെ ചിന്തിക്കാന്‍ തുടങ്ങുമ്പോഴേയ്ക്കും ആ പത്രം അടച്ചുപൂട്ടിയിരിക്കും.