(2014 ഓഗസ്റ്റ് 29 കേസരി വാരിക വാർഷികപ്പതിപ്പിൽ പ്രസിദ്ധീകരിച്ച അഭിമുഖം)
മലയാളകവിതയുടെ പുണ്യമാണ് മഹാകവി അക്കിത്തം. ഇരുപതാംനൂറ്റാണ്ടിന്റെ ഇതിഹാസം, ബലിദര്‍ശനം, വെണ്ണക്കല്ലിന്റെ കഥ, ഇടിഞ്ഞു പൊളിഞ്ഞ ലോകം, സ്പര്‍ശമണികള്‍ മുതലായവയാണ് പ്രധാനകൃതികള്‍. സത്യത്തിന്റെയും ധര്‍മത്തിന്റെയും സൂര്യതേജസ്സു പ്രസരിപ്പിക്കുന്ന നിരവധി കവിതകള്‍ മലയാളഭാവനക്ക് മുന്‍പില്‍ സമര്‍പ്പിച്ച ഈ മഹാകവി ആര്‍ഷദര്‍ശനത്തിന്റെ ശക്തനായ വക്താവും പ്രയോക്താവുമാണ്. ‘വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം’ എന്ന അക്കിത്തത്തിന്റെ വരികള്‍ അനശ്വരസൗന്ദര്യത്തോടെ ഭാഷയുള്ള കാലം വരെ നിലനില്‍ക്കുമെന്നുറപ്പാണ്. വൈദികബിംബങ്ങളുടെ ഉചിതവിന്യസനത്തിലൂടെ മലയാളകവിതയുടെ പാരമ്പര്യധാരയെ ശക്തിപ്പെടുത്തുന്നതില്‍ ഈ കവി വഹിച്ച പങ്ക് വിലമതിക്കാനാവാത്തതാണ്. പരമധന്യമായ ഒരനുഭവമായിരുന്നു അക്കിത്തവുമായുള്ള അഭിമുഖസംഭാഷണം. പാലക്കാട് കുമരനല്ലൂര്‍ ഗ്രാമത്തിലെ അക്കിത്തത്തിന്റെ വസതിയില്‍ വെച്ച് നടന്ന ഈ ദീര്‍ഘ സംഭാഷണം പകര്‍ന്നു നല്‍കിയ ഊര്‍ജ്ജം വാക്കുകളില്‍ വിവരിക്കാനാവില്ല. മലയാള കവിതയിലെ ഈ ഗൗരീശിഖരത്തിന് മുന്‍പില്‍ സാഷ്ടാംഗം പ്രണമിക്കുന്നു. വിനയത്തില്‍ കുതിര്‍ന്ന ചോദ്യങ്ങളിലേക്കും തെളിമ നിറഞ്ഞ ഉത്തരങ്ങളിലേക്കും
♠ബാല്യകാലത്ത് തന്നെ അമ്പലച്ചുമരില്‍ കവിത കുത്തിക്കുറിച്ചിരുന്നു താങ്കളെന്ന് കേട്ടിട്ടുണ്ട്. ബാല്യകാലത്തെ കുറിച്ചുള്ള ഓര്‍മകളും അക്കാലത്തെ രചനാപരിശ്രമങ്ങളും ഒന്നുപങ്കുവെക്കാമോ?
എന്റെ ഗ്രാമത്തിലെ ഹരിമംഗലം വിഷ്ണുക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ പുറത്തെച്ചുമരില്‍ ആരോ കുത്തിവരച്ച് വികൃതമാക്കിയ ചിത്രങ്ങളോടുള്ള പ്രതിഷേധമായിട്ടാണ് ആദ്യകവിത ഏഴാം വയസ്സില്‍ ഞാനെഴുതിയത്. ആതും കരിക്കട്ടയില്‍.
അമ്പലങ്ങളിലീവണ്ണം
തുമ്പില്ലാതെ വരക്കുകില്‍
വമ്പനാമീശ്വരന്‍ വന്നി-
ട്ടെമ്പാടും നാശമാക്കിടും. എന്നായിരുന്നു ആ വരികള്‍. പൂര്‍ണമായ അനുഷ്ടുപ്പിലുള്ള നാലുവരി. ഇങ്ങനെ അനുഷ്ടുപ്പ് എനിക്കെങ്ങിനെയാണ് കൈപ്പിടിയിലായത് എന്നു ചോദിച്ചാല്‍ കുട്ടിക്കാലത്ത് കുത്തുള്ളി ആര്യന്‍ നമ്പൂതിരി പിഷാരിക്കല്‍ ക്ഷേത്രത്തില്‍ വെച്ച് കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ മഹാഭാരതം എന്നെക്കൊണ്ട് വായിപ്പിക്കുമായിരുന്നു. എന്നുവെച്ചാല്‍ പാരമ്പര്യത്തില്‍ നിന്നു തന്നെയാണ് അതും ഉണ്ടായത് എന്നര്‍ത്ഥം.
♠ മഹാഭാഗവതപുരാണത്തിന് ഭാഷാന്തരം നിര്‍വ്വഹിക്കുവാന്‍ ഭാഗ്യം സിദ്ധിച്ച ഒരാളാണ് താങ്കള്‍. ഭാഗവതപരിഭാഷ നിര്‍വ്വഹിക്കാന്‍ പ്രേരണയായ സാഹചര്യമൊന്ന് വിശദീകരിക്കാമോ? പരിഭാഷ പൂര്‍ത്തീകരിച്ചപ്പോഴുളവായ ആത്മഹര്‍ഷത്തെക്കുറിച്ചും വായനാസമൂഹത്തിന്റെ അതിനോടുള്ള പ്രതികരണത്തെ കുറിച്ചും അറിയാന്‍ ഏറെ താത്പര്യമുണ്ട്?
ചേറ്റൂര്‍ വാസുദേവന്‍ ഭട്ടതിരിപ്പാട്, എന്റെ അമ്മാവന്റെ മകന്‍. അദ്ദേഹം ഇന്ന് ജീവിച്ചിപ്പില്ല. അഞ്ചാറുതവണ ഗുരുവായൂരിലെ മേല്‍ശാന്തിയായിരുന്നു. സാക്ഷാല്‍ ഗുരുവായൂരപ്പനെ തൊട്ടുതലോടിയ പുണ്യാത്മാവ്. ഗുരുവായൂര് വെച്ച് ഒരിക്കല്‍ (1989 ജൂലായ് 29) അദ്ദേഹം എന്നോട് ചോദിച്ചു: ‘അച്യുതേട്ടന്‍ ഭാഗവതം നോക്കാറില്ലേ’? ഭാഗവതം ഞാന്‍ വായിക്കാറുണ്ടായിരുന്നു. എന്നാലും ഒരു ദൈനംദിനപ്രവൃത്തി എന്ന നിലയില്‍ ഭാഗവതം വായിച്ചിരുന്നില്ല. അദ്ദേഹം സ്‌നേഹപൂര്‍വ്വം എന്നോട് പറഞ്ഞു. ‘എന്തായാലും ഒന്നു പരിശ്രമിക്കൂ അച്യുതേട്ടാ, ദിവസേന ഒരു ശ്ലോകമെങ്കിലും വായിച്ചു ചിന്തിക്കൂ. എന്തെങ്കിലും എഴുതി വെക്കുകയും ചെയ്യുക. ഞാന്‍ ഉത്തരമൊന്നും പറഞ്ഞില്ല. മടക്കയാത്രയില്‍ വാസുദേവന്റെ വാക്കുകള്‍ മനസ്സില്‍ പലവട്ടം ഉദിച്ചുയരുന്നുണ്ടായിരുന്നു. ഭഗവാന്റെ ദിവ്യസന്നിധിയില്‍ വെച്ചു തന്നെ വാസുദേവന്‍ ആ നിര്‍ദ്ദേശം ഉന്നയിച്ചതെന്തുകൊണ്ട്? സാക്ഷാല്‍ വാസുദേവന്‍ തന്നെയല്ലേ എന്നോടത് നിര്‍ദ്ദേശിച്ചത്? മഹാഭാഗവതം വിവര്‍ത്തനം ചെയ്യാനിടവന്നത് ഗുരുവായൂരപ്പന്റെ കൃപാകടാക്ഷത്താലാണ്. ഏഴരക്കൊല്ലമെടുത്ത് അതു പൂര്‍ത്തീകരിച്ചപ്പോള്‍ ഉളവായ ആനന്ദം അവര്‍ണനീയമാണ്. ഭഗവാന്റെ അനുഗ്രഹം മാത്രമേ ഇപ്പോള്‍ ബാക്കിയുള്ളു. ഇവിടെയുള്ളതെല്ലാം ഭഗവാനാണെന്ന സത്യം ഞാന്‍ ഗ്രഹിച്ചത് ഭാഗവതവിവര്‍ത്തനത്തിലൂടെയാണ്. ഒ.വി. വിജയന്‍ ‘ഗുരുസാഗര’മെന്ന വിശ്രുത നോവലില്‍ പറഞ്ഞത് ഞാനോര്‍ത്തുപോവുന്നു. ‘വിവരങ്ങളുടെ ഭാരമാണ് പുസ്തകങ്ങള്‍. കുറേക്കഴിഞ്ഞാല്‍ എല്ലാ പുസ്തകങ്ങളും നമ്മെ സഹായിക്കാന്‍ അശക്തങ്ങളായിത്തീരും. ആസമയത്തും നമ്മെ സഹായിക്കാന്‍ ഒരു പുസ്തകമുണ്ടാവും. അതാണ് ഭാഗവതം.’ വായനക്കാര്‍ ആ കൃതി സഹര്‍ഷം സ്വീകരിച്ചു.
♠ അങ്ങയുടെ കാഴ്ചപ്പാടില്‍ ഭാഗവത പുരാണത്തിലന്തര്‍ഹിതമായ തത്വദര്‍ശനമെന്താണ്?
കാലമാണ് ഈശ്വരന്‍ എന്ന ദര്‍ശനമാണ് ഭാഗവതത്തിന്റെ അടിസ്ഥാനദര്‍ശനം. ചതുശ്ലോകീഭാഗവതം എന്നൊന്നുണ്ട്. അതുതന്നെയാണ് ഭാഗവതത്തിന്റെ രത്‌നചുരുക്കം.
”ഒന്നായനിന്നെയിഹ രണ്ടെന്നു കണ്ടളവി-
ലുണ്ടായൊരിണ്ടല്‍ ബത മിണ്ടാവതല്ല മമ” എന്ന ഹരിനാമകീര്‍ത്തനത്തിലെ വരികളിലൂടെ ഭാഗവതസന്ദേശം എഴുത്തച്ഛന്‍ ചുരുക്കിയവതരിപ്പിച്ചിട്ടുണ്ട്. ചതുശ്ലോകീഭാഗവതം പറയുന്നത് ശ്രദ്ധിക്കുക: ഈ പ്രപഞ്ചം ഉണ്ടാവുന്നതിനു മുമ്പിവിടെ ഉണ്ടായിരുന്നത് ഞാനാണ്. ഈ പ്രപഞ്ചം ഉണ്ടായ ശേഷം ഇവിടെ എന്തൊക്കെ വസ്തുക്കളുണ്ടോ അതും ഞാനാണ്. ഇനി പ്രപഞ്ചം തന്നെ ഇല്ലാതാവും. അപ്പോള്‍ ഇവിടെ അവശേഷിക്കുന്ന വസ്തുവും ഞാനാണ്.
യാവാനഹം യഥാഭാവോ
യദ്രുപഗുണകര്‍മ്മശ:
തഥൈവ തത്ത്വവിജ്ഞാനം
അസ്തുതേ മദനുഗ്രഹാല്‍
ഇതാണ് ഏറ്റവും പ്രധാനപ്പെട്ട ശ്ലോകം എന്നാണെന്റെ അഭിപ്രായം. ഞാനും ഈശ്വരനും ഒന്നാണെന്ന സനാതനതത്വമാണ് ഭാഗവതസന്ദേശം.
‘പാരമ്പര്യവും കവിതയും’ എന്ന ഒരു പുസ്തകം തന്നെ കക്കാട് എഴുതിയിട്ടുണ്ട്. പാരമ്പര്യത്തെ കാലാനുസൃതമായി നവീകരിക്കാനും വ്യാഖ്യാനിക്കാനും കവികള്‍ മനസ്സിരുത്തണം. പത്തായപുരയില്‍ എനിക്ക് അക്ഷരവിദ്യ പകര്‍ന്നു തന്ന നാട്ടെഴുത്തച്ഛന്മാര്‍, തമിഴ് ഭാഷ പഠിപ്പിച്ച സാക്ഷാല്‍ വി.ടി., സംസ്‌കൃതം പഠിപ്പിച്ച കൊടക്കാട് ശങ്കുണ്ണിനമ്പീശന്‍, മറ്റു ഗുരുനാഥന്മാര്‍, പ്രിയമിത്രങ്ങള്‍ – ഇവരൊക്കെ പകര്‍ന്നു നല്‍കിയ പാരമ്പര്യസംസ്‌കാരത്തെ ഞാന്‍ ആദരിക്കുന്നു, എന്നാല്‍ കഴിയും വിധം പോഷിപ്പിക്കുന്നു.
♠ അങ്ങയുടെ കവിതകളില്‍ ധാരാളം സ്ത്രീകഥാപാത്രങ്ങള്‍ കടന്നുവരുന്നുണ്ട്. ഇടിമുഴക്കം, ഋതുമതിയുടെ മുമ്പില്‍, കോവിലിലേക്ക്, പ്രവാചിക, ഭാഗവതരുടെ ഭാര്യ – ഈ, പട്ടിക ഇനിയും നീളുന്നു. സ്ത്രീത്വത്തെ കുറിച്ചുള്ള അങ്ങയുടെ സങ്കല്പം? നിരന്തരചൂഷണത്തിനിരയാവുകയാണ് ഇന്നത്തെ സ്ത്രീ സമൂഹം. ഇതിനെ എങ്ങനെ അതിവര്‍ത്തിക്കാനാവും.?
സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം നേടിക്കൊടുക്കുക എന്ന ഉദ്ദേശം മുന്‍കൂട്ടി നിശ്ചയിച്ച് ഒരു കവിതയും ഞാന്‍ ഇതുവരെ എഴുതിയിട്ടില്ല. വേദനിപ്പിക്കപ്പെടുന്ന, വേദനിക്കുന്ന ആത്മാക്കളെ കുറിച്ചാണ് എല്ലാകൃതികളും. അതു പലപ്പോഴും സ്ത്രീയാകാം, പുരുഷനാകാം, പശുവാകാം, കോഴിയാകാം, എന്തുമാവാം. കുട്ടിക്കാലത്ത് അന്തര്‍ജ്ജനങ്ങളുടെ കഷ്ടപ്പാടുകള്‍ എന്റെ മനസ്സിലേക്ക് ഞാനേറ്റുവാങ്ങിയിരുന്നു. അവരുടെ വേദനകള്‍ എന്റെ കാവ്യവിഷയമായിട്ടുണ്ട്. കാരണം ഞാന്‍ അത് നേരില്‍ കണ്ട് അനുഭവിച്ചിട്ടുള്ളതാണ്. സ്ത്രീത്വത്തെ കുറിച്ച് ഋഷി സമൂഹം മുന്നോട്ടുവെച്ച സങ്കല്പത്തോടാണെനിക്ക് ആദരവ്. ഈശ്വരാംശങ്ങളാണ് സ്ത്രീയും പുരുഷനും. അവര്‍ ശത്രുക്കളല്ല. പരസ്പരചൂഷണത്തിന് വിധേയരായിത്തീരേണ്ടവരല്ല സ്ത്രീയും പുരുഷനും. ഇന്നു സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നു. ധാര്‍മികവ്യവസ്ഥയുടെ സംസ്ഥാപനത്തിലൂടെയേ ഈ പ്രതിസന്ധിയെ നമുക്കതിജീവിക്കാനാവൂ. അതിനായി നമുക്കൊരുമിച്ച് പ്രവര്‍ത്തിക്കാം.
♠ രണ്ടു പതിറ്റാണ്ടോളം കോഴിക്കോട് ആകാശവാണിയില്‍ അക്കിത്തത്തിന്റെ ദീപ്തസാന്നിദ്ധ്യമുണ്ടായിരുന്നു. സമര്‍പ്പിത ചേതസ്സുകളായ ഒരു കൂട്ടം സഹൃദയരുടെ നടുവിലായിരുന്നു അക്കാലത്ത് താങ്കള്‍. കതിര്‍ക്കനമുള്ള കവിതകള്‍ മിക്കതും പിറവിയെടുത്തതും ആ സന്ദര്‍ഭത്തിലാണ്. കോഴിക്കോട് ആകാശവാണിയുമായി ബന്ധപ്പെട്ട ഓര്‍മകളൊന്ന് പങ്കുവെക്കുമോ?
പുഷ്‌കലവും ഭാവനാസമ്പന്നവുമായിരുന്നു ആകാശവാണിയിലെ എന്റെ ജീവിതം. ആ അനുഭവം ഉണ്ടായിരുന്നില്ലെങ്കില്‍ ആ കവിതകളൊക്കെ ആ രൂപത്തില്‍ പുറത്തുവരുമോ എന്നു തന്നെ ഉറപ്പില്ലെനിക്ക്. സഹൃദയരായ സുഹൃത്തുക്കളെ ലഭിക്കുന്നത് മഹാഭാഗ്യമാണ്. എന്റെ കവിതകളെ നിര്‍ദ്ദാക്ഷിണ്യം വിലയിരുത്തുകയും വേണ്ട സന്ദര്‍ഭങ്ങളില്‍ തിരുത്തുകയും ചെയ്ത ആകാശവാണിയിലെ സുഹൃത്തുക്കളോട് തീര്‍ത്താന്‍ തീരാത്ത് കടപ്പാടുണ്ട്.
♠ വ്യക്തിസ്വാതന്ത്ര്യത്തിന് ഉണ്ടാവുന്ന ധിക്കൃതിയോളമെത്തുന്ന പരമോന്നതിയെയും സമൂഹശിവത്തിനുവേണ്ടി വ്യക്തിയുടെ സ്വാര്‍ത്ഥതാത്പര്യങ്ങള്‍ ത്യജിക്കാനുള്ള വിനീതിയെയും എങ്ങനെ പൊരുത്തപ്പെടുത്താം എന്ന സമസ്യയെപ്പറ്റി ആഴത്തില്‍ ചിന്തിച്ച കവിയാണ് അക്കിത്തമെന്ന് എം. ലീലാവതി എഴുതിയിട്ടുണ്ട്. കാവ്യരചനാ സന്ദര്‍ഭത്തില്‍ ഇത്തരം സമസ്യകള്‍ അങ്ങയുടെ ആലോചനാപഥത്തില്‍ കടന്നു വരാറുണ്ടോ?
മനസ്സിന്റെ സ്വാതന്ത്ര്യമാണ് അടിസ്ഥാനം. മുന്‍കൂട്ടി ചിന്തിച്ചുറപ്പിച്ചെഴുതുക ബുദ്ധിമുട്ടാണ്. എഴുതാന്‍ തുടങ്ങിയാല്‍ സ്വയം രൂപപ്പെട്ടുവരുന്നതായാണ് എന്റെ അനുഭവം. വ്യക്തിസ്വാതന്ത്ര്യം സമൂഹനന്മക്കെതിരാവരുത്. വ്യഷ്ടിസമഷ്ടി ബന്ധത്തെക്കുറിച്ചുള്ള ഭാരതീയവീക്ഷണം എന്റെ ഉള്ളില്‍ പ്രവര്‍ത്തിച്ചു കാണണം. കാവ്യരചനയുടെ സ്വാച്ഛന്ദ്യത്തിന് തടസ്സമാവുന്ന ബാഹ്യപ്രേരണകളില്‍ നിന്ന് ഞാന്‍ അകലം പാലിക്കാറുണ്ട്.
”ഒരു കണ്ണീര്‍ക്കണം മറ്റുള്ളവര്‍ക്കായ് ഞാന്‍ പൊഴിക്കവേ
ഉദിക്കയാണെന്നാത്മാവിലായിരം സൗരമണ്ഡലം. ഒരു പുഞ്ചിരി ഞാന്‍ മറ്റുള്ളവര്‍ക്കായ് ചെലവാക്കവേ
ഹൃദയത്തിലുലാവുന്നു നിത്യനിര്‍മല പൗര്‍ണമി.” ഇതാണെന്റെ ജീവിതദര്‍ശനം.
♠ പൊന്നാനിക്കളരി ഒരു കാലത്ത് നമ്മുടെ സാഹിത്യത്തിന് ഉണര്‍വ്വേകിയിരുന്നു. കോഴിക്കോട്ടെ കോലായസദസ്സും നമ്മുടെ സാഹിത്യത്തെ സമ്പന്നമാക്കിയിട്ടുണ്ട്. വിദ്വേഷത്തിന്റെ കറപുരളാത്ത അത്തരം ഒത്തുച്ചേരലുകളില്‍ പങ്കാളിയായ ഒരാളാണ് താങ്കള്‍. ഇന്ന് അത്തരം സൗഹൃദവേദികള്‍ അധികമില്ല. നമ്മുടെ സാഹിത്യത്തിലെ ഇന്നത്തെ മുരടിപ്പിന് അതും ഒരു കാരണമായി തീര്‍ന്നിട്ടില്ലേ? അങ്ങേക്കെന്തുതോന്നുന്നു?
അത് ഒരു കാരണം മാത്രമാണ്. പൊന്നാനിക്കളരിയും കോലായസദസ്സും ഏറെ ഹൃദയവികാസം പകര്‍ന്നു നല്‍കിയ സൗഹൃദസദസ്സുകളാണ്. ഹൃദയം തുറന്ന് അന്യോന്യം ഓരോ കൃതികളെയും പറ്റി എഴുത്തുകാര്‍ സംസാരിച്ചാല്‍ മാത്രമേ ഈ പ്രശ്‌നത്തിന് പരിഹാരമുണ്ടാവൂ. കുറ്റപ്പെടുത്തലുകളോ പരദൂഷണങ്ങളോ കളങ്കപ്പെടാത്ത മനസ്സ് എഴുത്തുകാര്‍ക്കുണ്ടായാല്‍ തന്നെ സാഹിത്യം വളരും.
♠ പാരമ്പര്യം കവിതയില്‍ നടത്തുന്ന ഇടപെടലുകളെ കുറിച്ച് അനുകൂലവും പ്രതികൂലവുമായ അഭിപ്രായങ്ങള്‍ ധാരാളമായി ഉയര്‍ന്നുവരുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാമിന്ന് കടന്നു പോവുന്നത്. ഉത്തരാധുനികരായ പല കവികളും ചിന്തകന്മാരും പാരമ്പര്യത്തെ ജഡസംസ്‌കാരമായിട്ടും പ്രതിലോമചിന്തയായിട്ടുമാണ് ഇന്നു നോക്കിക്കാണുന്നത്. ഈ പശ്ചാത്തലത്തില്‍ പാരമ്പര്യത്തെകുറിച്ചും ഭൂതകാലസംസ്‌കൃതിയെ കുറിച്ചും അങ്ങ് പുലര്‍ത്തുന്ന സമീപനമെന്താണെന്ന് അറിയാന്‍ താത്പര്യമുണ്ട്?
വാത്മീകിയുടെയും വ്യാസന്റെയും പാരമ്പര്യത്തില്‍ നിന്നല്ലാതെ ഭാരതീയ കവിത ഉണ്ടായിട്ടില്ല. പാരമ്പര്യം എന്നു പറഞ്ഞാല്‍ എന്താണ്? ഒരു പക്ഷി അമ്പേറ്റു വീണപ്പോള്‍ പൊട്ടിക്കരഞ്ഞുപോയ ആദികവിയാണ് വാത്മീകി. വാത്മീകിയെ ആദികവി എന്നു വിളിക്കുന്നത് അതിനു മുമ്പ് ആരും കവിതാരചന നടത്തിയിട്ടില്ല എന്ന അര്‍ത്ഥത്തിലല്ല. കവിതയുടേതായ ആദിമധ്യാന്തങ്ങള്‍ ഇണങ്ങിച്ചേര്‍ന്ന ഒരു മാതൃകാകൃതിയാണ് വാത്മീകിരാമായണം. അതേ സമയത്ത് ഭാരതം അപ്പപ്പോള്‍ എഴുതിവെച്ച കഥകളുടെ ഒരു തുടര്‍കാവ്യമാണ്.
സംശയമില്ല, ഞാന്‍ പാരമ്പര്യത്തിന്റെ കവി തന്നെയാണ്. പണ്ട് ഞാനെഴുതിയ ‘ആമ’ എന്ന കവിത മനസ്സിലേക്കെത്തുന്നു. നിങ്ങളുടെ എല്ലാ ചോദ്യത്തിനുമുള്ള എന്റെ ഉത്തരം അതിലുണ്ട്.
”കട്ടിയേറിയ ലജ്ജാഭാരത്തിന്‍ കീഴില്‍ കഷ്ട-
പ്പെട്ടു ഞാന്‍ സ്വധര്‍മ്മത്തിലിഴവൂ പ്രാഞ്ചി പ്രാഞ്ചി
ആളുകള്‍ ചോദിക്കുന്നു ‘കാരാമേ, കുതറാനു-
മാവതില്ലല്ലി? അനുകമ്പാര്‍ഹമേ നിന്‍ ജന്മം!’
പിഴവില്ലതില്‍; പക്ഷേ തുച്ഛമെന്നസ്തിത്വത്തെ
മഴകൊള്ളാതെ, കൊടുങ്കാറ്റുകള്‍ കടക്കാതെ,
തീ വെയിലേല്‍ക്കാതെയും സംരക്ഷിപ്പതിക്കട്ടി-
യേറിയ ജന്മാന്തരസുകൃതത്തോടല്ലല്ലി?
ചാടാനും തിമര്‍ക്കാനും വയ്യെനിക്കതിവേഗ-
മോടാനും തലകുത്തി നില്‍ക്കാനും മറിയാനും
എത്തുന്നു സങ്കേതത്തിലെന്നും ഞാന്‍ വൈകിത്തന്നെ;
എന്നിട്ടും കവചത്തില്‍ കൂറു ഞാന്‍ പുലര്‍ത്തുന്നു.
ഇതിനുള്ളില്‍ ഞാന്‍ ചൂളിപ്പിടിച്ചാല്‍ ചുളുങ്ങുന്നു-
ണ്ടിടിവാളുകള്‍ പോലും, വീശുന്നതാരായാലും!”
♠ അങ്ങയുടെ കവിതകളെ കുറിച്ച് മലയാളത്തിലെ മികച്ച വിമര്‍ശകരായ എം.പി. ശങ്കുണ്ണിനായരും എം.ലീലാവതിയും ആര്‍. വിശ്വനാഥനും സച്ചിദാനന്ദനുമടക്കം നിരവധിപേര്‍ പഠനങ്ങളെഴുതിയിട്ടുണ്ട്. ആ പഠനങ്ങള്‍ വായിച്ച വേളയില്‍ താങ്കളുടെ മനസ്സിലൂടെ കടന്നുപോയ ചിന്തകളെന്തെല്ലാമാണ്?
അവരുടെ അഭിപ്രായങ്ങള്‍ അവരെഴുതി. വളരെ സന്തോഷം. വിമര്‍ശനം വരുമ്പോഴാണ് എഴുത്തുകാര്‍ അംഗീകരിക്കപ്പെടുന്നത്. എം.പി. ശങ്കുണ്ണിനായര്‍ എന്റെ കവിതയെ കുറിച്ചെഴുതി എന്നത് തന്നെ ഏറ്റവും വലിയ അംഗീകാരമാണ്. എം. ലീലാവതി എന്റെ കവിതകളെല്ലാം തന്നെ പഠിച്ച് ഒരു സമഗ്രപഠനഗ്രന്ഥം തന്നെ പ്രസിദ്ധപ്പെടുത്തി. ‘ജലകാമനയുടെ വേദാന്തം’ എന്ന പേരില്‍ ആര്‍. വിശ്വാനാഥനെഴുതിയ പഠനം ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. സച്ചിദാനന്ദന്‍ തന്റെ നിലപാടിലുറച്ച് നിന്ന് ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസ’ ത്തെക്കുറിച്ചെഴുതിയതും നന്നായിട്ടുണ്ട്. പുതിയ വിമര്‍ശനത്തെ കുറിച്ച് എനിക്കത്ര അറിവുപോരാ. എന്റെ കവിതകളെക്കുറിച്ച് വന്ന വിമര്‍ശനങ്ങള്‍ എന്നെ ക്ഷുബ്ധനാക്കാറില്ല. വിമര്‍ശകന് തന്റെ അഭിപ്രായങ്ങള്‍ പറയാന്‍ സ്വാതന്ത്ര്യമുണ്ട്. അതില്‍ എഴുത്തുകാര്‍ കൈകടത്തേണ്ടതില്ലെന്നാണ് എന്റെ നിലപാട്. നല്ല വിമര്‍ശകര്‍ എഴുതുമ്പോഴാണ് എഴുത്തുകാര്‍ അനുസ്മരിക്കപ്പെടുന്നത്.
♠ അങ്ങയുടെ തിരഞ്ഞെടുത്ത ലേഖനങ്ങള്‍ സമീപകാലത്ത് പല ഭാഗങ്ങളായി വെളിച്ചം കണ്ടു. കവിതയെഴുതുന്നതില്‍ നിന്ന് വ്യത്യസ്തമായ എന്താനന്ദമാണ് ലേഖനങ്ങള്‍ എഴുതിയപ്പോള്‍ ലഭിച്ചത്.
കവിത സൂക്ഷ്മാംശത്തിലേക്ക് നോക്കുന്ന ഒരു ശൈലിയാണ്. ലേഖനരചനയില്‍ പലപ്പോഴും പല വസ്തുതകളുടെയും വിശദാംശങ്ങള്‍ പറയേണ്ടി വരും. ആനന്ദാനുഭൂതി പകരലല്ല വസ്തുസ്ഥിതിബോധം പകരലാണ് പലപ്പോഴും ഗദ്യത്തിന്റെ ആവശ്യകതയെ നിര്‍ണയിക്കുന്നത്. കവിതയെഴുത്തും ലേഖനമെഴുത്തും രണ്ടും പ്രധാനം തന്നെയാണ്. നിരവധി വിഷയങ്ങളെ അധികരിച്ച് ഞാന്‍ ലേഖനങ്ങളെഴുതിയിട്ടുണ്ട്. അവ എനിക്ക് ആനന്ദം നല്‍കിയിട്ടുമുണ്ട്. അവ വായിച്ച് എന്നെ പ്രോത്സഹിപ്പിച്ചവരോടും വിമര്‍ശിച്ചവരോടും ഞാന്‍ ഒരുപോലെ കൃതജ്ഞനാണ്.
♠നമ്മുടെ വിദ്യാഭ്യാസപദ്ധതിയെ ഇന്നും നയിക്കുന്നത് മെക്കാളെയുടെ ചിന്താഗതിയാണെന്നും അതിന്റെ വിപത്തുകളാണ് ഇന്നു നാം അനുഭവിക്കുന്നതെന്നും അങ്ങ് പലവട്ടം പറഞ്ഞിട്ടുണ്ട്. സംസ്‌കൃതഭാഷ നേരിടുന്ന അവഗണനക്കന്ത്യം കുറിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചാട്ടേറെ തവണ അങ്ങ് എഴുതിയിട്ടുണ്ട്. ഇന്നത്തെ വിദ്യാഭ്യാസരീതിയുടെ പ്രധാനപോരായ്മയെന്താണ്? ഇതിനെങ്ങനെ മാറ്റം വരുത്താം?
ഭാരതത്തിലെ വിദ്യാഭ്യാസം ഭാരതത്തിന്റെ സംസ്‌കാരത്തിന് അനുഗുണമാകണമെങ്കില്‍ സംസ്‌കൃതത്തില്‍ നിന്ന് ആരംഭിക്കണം എന്ന് പലപ്പോഴും ഞാന്‍ പറഞ്ഞിട്ടുണ്ട്. സംസ്‌കൃതം ഈ നാടിന്റെ സംസ്‌കാരത്തെ ശരിയായി ഉള്‍ക്കൊണ്ട ഭാഷയാണ്. സംസ്‌കൃതഭാഷ പ്രചരിപ്പിക്കേണ്ടത് ദേശീയതയുടെ നിലനില്പ്പിന് തന്നെ അത്യന്താപേക്ഷിതമാണ്. വിശ്വഭാഷയായ ഇംഗ്ലീഷും അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ നാം പഠിക്കണം. ഏതെങ്കിലും ഒരു ഭാഷ മോശമാണെന്ന അഭിപ്രായം എനിക്കില്ല. മാതൃഭാഷയായ മലയാളത്തിന് നമ്മുടെ വിദ്യാഭ്യാസപദ്ധതിയില്‍ മുഖ്യസ്ഥാനം നല്‍കണം. ഇന്നത്തെ വിദ്യാഭ്യാസപദ്ധതിക്ക് ഒട്ടേറെ പോരായ്മകളുണ്ട്. സ്വന്തം സംസ്‌കാരത്തിലഭിമാനമുള്ള ഒരു ജനതയെ വളര്‍ത്തിയെടുക്കാന്‍ കഴിയാത്ത വിദ്യാഭ്യാസപദ്ധതി കൊണ്ട് നാടിനെന്താണ് പ്രയോജനം? മനുഷ്യത്വത്തിന്റെ സമ്പൂര്‍ണ വികാസത്തിന് സഹായകരമാവണം വിദ്യാഭ്യാസം. എങ്കിലേ നാട് നന്നാവൂ.
♠ അഹിംസയുടെയും പാരസ്പര്യത്തിന്റെയും സൗമ്യോദാരദര്‍ശനത്തെ പേര്‍ത്തും പേര്‍ത്തും സാക്ഷാത്കരിക്കുന്ന കവിതകളാണ് മലയാളത്തിന് അങ്ങ് സമ്മാനിച്ചിട്ടുള്ളത്. ‘ഹൃദയത്തിലേക്ക് നോക്കി എഴുതൂ’ എന്ന് ഉദ്‌ബോധിപ്പിച്ച മഹാകവിയുടെ കാവ്യഭാഷാസങ്കല്പത്തെകുറിച്ചറിയാനാഗ്രഹമുണ്ട്.
ഞാനെഴുതിയതും പറഞ്ഞതും പ്രവര്‍ത്തിച്ചതും ഹൃദയത്തിലേക്ക് നോക്കിയിട്ടു തന്നെയാണ്. ആരെയും അനുകരിച്ചിട്ടില്ല. ഇടശ്ശേരി എന്നെ പഠിപ്പിച്ചത് അതാണ്. നാലപ്പാടന്റെ ‘പൗരസ്ത്യദീപം’ എപ്പോഴും മനസ്സിലുണ്ട്. കാവ്യഭാഷ ഭാവാനുരോധമായിരിക്കണം. തികച്ചും സ്വാഭാവികമായി രൂപപ്പെടുന്നതായിരിക്കണം. ‘ചക്രം’ എന്ന ഒരു ചെറിയ കവിത ഞാനെഴുതിയിട്ടുണ്ട്. കവിതയെ കുറിച്ചും കാവ്യഭാഷയെക്കുറിച്ചുമുള്ള എന്റെ വീക്ഷണം ആ കവിതയില്‍ നന്നായി തെളിഞ്ഞു കാണാനാവും.
♠യാഗങ്ങളും യജ്ഞങ്ങളും നടത്തുന്നത് ചാതുര്‍വര്‍ണ്യത്തിലധിഷ്ഠിതമായ പഴയ സാമൂഹികക്രമത്തിന്റെ പുനരുത്ഥാനത്തിനുവേണ്ടിയാണെന്ന് വിമര്‍ശനസ്വരത്തില്‍ ചിലരൊക്കെ അഭിപ്രായപ്പെട്ടിട്ടുണ്ട്. മഹാകവി അക്കിത്തത്തെ പോലുള്ളവര്‍ ഇത്തരം പുനരുത്ഥാനശ്രമത്തിന്റെ പ്രചാരകരാണെന്നും അവര്‍ വിമര്‍ശിച്ചിട്ടുണ്ട്. യജ്ഞസങ്കല്പത്തെ കുറിച്ച് ഒട്ടേറെ ലേഖനങ്ങള്‍ എഴുതിയ ഒരാളെന്ന നിലയില്‍ ഈ വിമര്‍ശനങ്ങളെ അങ്ങെങ്ങെനയാണ് നോക്കിക്കാണുന്നത്?
എന്നെക്കുറിച്ച് എന്തു വിമര്‍ശനങ്ങളുന്നയിച്ചാലും പ്രശ്‌നമില്ല. അവര്‍ക്കതിനുള്ള അവകാശമുണ്ടെന്നാണ് എന്റെ എന്നത്തെയും നിലപാട്. എന്നാല്‍ വിമര്‍ശനം സത്യസന്ധമാവണം. യാഗമെന്നല്ല എല്ലാ കര്‍മങ്ങളും യജ്ഞമാണ്. യജ്ഞസങ്കല്പം നമ്മുടെ രക്തത്തിലുണ്ട്. യജ്ഞ സങ്കല്പത്തെക്കുറിച്ചും ശ്രൗതപാരമ്പര്യത്തെക്കുറിച്ചും ഞാന്‍ എഴുതിയത് വായിച്ചാല്‍ എന്റെ ഈ വിഷയത്തിലുള്ള കാഴ്ചപ്പാട് ആര്‍ക്കും ഗ്രഹിക്കാനാവും.
♠പഞ്ചകോശസങ്കല്പത്തെയും കാവ്യസൃഷ്ടിയെയും പരസ്പരം ബന്ധപ്പെടുത്തി താങ്കളെഴുതിയ ഒരു ലേഖനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പാശ്ചാത്യസിദ്ധാന്തങ്ങളെ മുന്‍നിര്‍ത്തി നമ്മുടെ സാഹിത്യത്തെ വിശകലനം ചെയ്യുന്ന പതിവുരീതിയില്‍ നിന്നുള്ള വഴിമാറി നടപ്പായിരുന്നു പ്രസ്തുതലേഖനം. ഭാരതീയമായ ഇത്തരമൊരു വിമര്‍ശനപദ്ധതിക്ക് ഇന്നത്തെ സാഹിത്യത്തെ വിലയിരുത്തുവാന്‍ ത്രാണിയുണ്ടോ?
ഉണ്ടെന്നുറച്ചു വിശ്വസിക്കുന്നു. ആ സങ്കല്പത്തിന് നിരക്കുന്ന വിധത്തിലാണ് ആ ലേഖനമെഴുതിയിട്ടുള്ളത്. ആ ചിന്ത ഇനിയും തുടരേണ്ടതാണ്. പാശ്ചാത്യസിദ്ധാന്തങ്ങളെ അമിതമായി ആശ്രയിക്കുന്ന രീതി നന്നല്ല. നമ്മുടെ നാട്ടില്‍ പിറവിയെടുക്കുന്ന സാഹിത്യത്തെ വിലയിരുത്തുന്നതിന് ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കേണ്ടത് നമ്മുടെ സംസ്‌കാരത്തില്‍ നിന്നു തന്നെയാവണം. പാശ്ചാത്യവിമര്‍ശനസങ്കല്പങ്ങളെ പൂര്‍ണമായി തള്ളിക്കളയണമെന്നില്ല. ഭാരതീയ സാഹിത്യമീമാംസയുടെ മഹിമയെ അറിഞ്ഞാദരിക്കുവാന്‍ നമ്മുടെ വിമര്‍ശകര്‍ തയ്യാറാവണമെന്നാണ് എന്റെ നിവേദനം.
♠ ജീവപ്രീണനമെന്നും നിരുപാധികസ്‌നേഹമെന്നുമൊക്കെ വിശേഷിപ്പിക്കപ്പെടുന്ന ആര്‍ഷസങ്കല്പത്തിന് ആഗോളീകരണത്തിന്റെ നവസാംസ്‌കാരികസന്ദര്‍ഭത്തിലെന്ത് സാംഗത്യമാണുള്ളത്?
പണ്ട് ലോകം വളരെ ചെറുതായിരുന്നു. വേണ്ടപോലെ പത്രങ്ങളില്ല. ചെറിയ പ്രദേശത്തെ പ്രശ്‌നങ്ങള്‍ മാത്രമേ നമ്മുടെ പ്രശ്‌നങ്ങളായിരുന്നുള്ളൂ. ഇന്ന് പത്രങ്ങള്‍ വഴി ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ള അസ്വാരസ്യങ്ങള്‍ നമ്മുടെ പ്രശ്‌നങ്ങളായി മാറുന്നു. ജീവിതത്തിന് വേഗതയേറി. ഓരോ നിമിഷവും പുതിയതാണ്. ഓരോ നിമിഷത്തെയും നമ്മള്‍ സ്‌നേഹിക്കുന്നത് ഉപാധികളോടെത്തന്നെയാണ്. എന്നാല്‍ ആ ഓരോ നിമിഷത്തെയും നിരുപാധികമായി സ്‌നേഹിച്ചാല്‍ വിജയിക്കാന്‍ കഴിയും എന്നു തന്നെയാണ് ഞാനിപ്പോഴും കരുതുന്നത്. ആഗോളീകരണത്തിന്റെ വ്യാപ്തി വര്‍ദ്ധിക്കുന്തോറും നിരുപാധികസ്‌നേഹത്തിന്റെ ദര്‍ശനത്തിന് പ്രസക്തിയേറുമെന്നാണ് എന്റെ വിനീതമായ അഭിപ്രായം.
♠ അരവിന്ദമഹര്‍ഷിയുടെ ‘സാവിത്രി’ എന്ന ദീര്‍ഘകാവ്യം അമൃതത്വത്തിലേക്കുള്ള കാവ്യപഥമാണ്. അതിലെ ചിലഭാഗങ്ങള്‍ അങ്ങ് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ആ കവിതയെ കുറിച്ചെന്താണ് അഭിപ്രായം? എന്തുകൊണ്ടാണ് ആ കാവ്യം പൂര്‍ണമായും പരിഭാഷപ്പെടുത്താതിരുന്നത്?
മഹായോഗി അരവിന്ദന്‍ മഹാനായ ദാര്‍ശനിക കവി കൂടിയാണ്. ‘സാവിത്രി’ അത്യുജ്ജ്വല കവിതയാണ്. ഉദാത്തമായ കര്‍മത്തിലൂടെ മരണത്തെ ജയിക്കുക എന്നതു മാത്രമല്ല ‘A conscious power has drawn the plan of life. There is a meaning in each curve and line’ എന്നതു കൂടിയാണ് ‘സാവിത്രി’ യിലെ സന്ദേശം. അതിന്റെ ഗഹനത വളരെ അസാധാരണമായ അനുഭവമാണ്. അതിന്റെ മഹത്വം വിശദീകരിക്കാന്‍ മാത്രം ഞാന്‍ വളര്‍ന്നിട്ടില്ല. ആ കൃതിയുടെ അര്‍ത്ഥവും ദര്‍ശനവും പൂര്‍ണമായി ഗ്രഹിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. അതിനാല്‍ തന്നെ എന്റെ പരിഭാഷ പൂര്‍ണമായില്ല. അരവിന്ദസാഹിത്യം വായിച്ചാണ് അതിനോടടുപ്പമുണ്ടായത്. അരവിന്ദമഹര്‍ഷിയുടെ ഉത്തരപ്പാറപ്രസംഗം ഞാന്‍ മലയാളത്തിലേക്ക് മൊഴിമാറ്റി അവതരിപ്പിച്ചിട്ടുണ്ട്.
♠ആര്‍ഷചിന്ത കാലഹരണപ്പെട്ടതാണെന്നും പാശ്ചാത്യചിന്തയാണ് പുരോഗമനപരമെന്നും ഉറച്ചുവിശ്വസിക്കുന്ന ധാരാളമാളുകളുണ്ട്. അവരോട് അങ്ങെക്കെന്തെങ്കിലും പറയാനുണ്ടോ?
ഓരോരുത്തര്‍ക്കും ചിന്താസ്വാതന്ത്ര്യമുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. ആര്‍ഷചിന്ത സനാതനചിന്തയാണ്. അത് കാലത്തിന്റെ പരിധിയിലൊതുങ്ങുന്ന ഒന്നല്ല. പാശ്ചാത്യചിന്തയെ പൂര്‍ണമായി തമസ്‌കരിക്കുന്നതിനോടും എനിക്ക് യോജിപ്പില്ല. അത് മാത്രമാണ് പുരോഗമനപരമെന്നു പറഞ്ഞാല്‍ അതിനോട് യോജിക്കാനും ഞാന്‍ തയ്യാറല്ല. ഞാന്‍ ഭാരതീയചിന്തയിലൂടെ വളര്‍ന്നുവന്ന ആളാണ്. അതിലെനിക്ക് തികഞ്ഞ അഭിമാനവുമുണ്ട്.
♠കവിതയില്‍ വൃത്തവും താളവും ആവശ്യമില്ലെന്നാണ് ചില ‘പുരോഗമനവാദി’ കളുടെ നിലപാട്. കവിതയുടെ ഭാവിക്ക് തന്നെ ഈ നിലപാട് ദോഷകരമാവുന്നില്ലേ?
കവിത വൈകാരികമാണോ? ബുദ്ധിപരമാണോ? വൈകാരികതയെ താളമായും ബുദ്ധിപരതയെ തത്വശാസ്ത്രപരമായും കരുതുക. പിന്നീട് താളത്തെ വൃത്തമായും തത്വശാസ്ത്രത്തെ ചതുരമായും കരുതുക. ചതുരം കറങ്ങുമ്പോള്‍ അത് വൃത്തമായിട്ടാണ് നമുക്കനുഭവപ്പെടുന്നത്. കവിത വൈകാരികതയുടെയും ബുദ്ധിപരതയുടെയും സങ്കലിതജീവിതാവിഷ്‌കാരമാണ്. അതിനെ വേര്‍തിരിക്കാനാവില്ല എന്നതാണ് എന്റെ അനുഭവം. കവിതയെഴുത്തിന് നിയമങ്ങളില്ല. ചിലപ്പോള്‍ പ്രധാനപ്പെട്ട ഏതെങ്കിലും വരികളാവുമാദ്യം മനസ്സില്‍ വിരിയുക. പിന്നീട് ചില ചിത്രങ്ങള്‍. ആ ചിത്രങ്ങള്‍ പൂര്‍ണമാക്കാന്‍ കൂട്ടിച്ചേരലുകള്‍. ക്രമേണ കവിത പൂര്‍ണമാവും. വൃത്തവും താളവും നമ്മുടെ പാരമ്പര്യത്തിന്റെ ഭാഗമാണ്. അവപാടേ ഉപേക്ഷിക്കുന്നത് നന്നല്ല.
♠ ഗഹനമായ തത്വചിന്തമാത്രമല്ല വിളഞ്ഞ നര്‍മ്മവും അങ്ങയുടെ കവിതകളില്‍ ധാരാളമായി പ്രത്യക്ഷപ്പെടുന്നുണ്ട്. അങ്ങയുടെ കവിതകളില്‍ കടന്നുവരുന്ന നര്‍മഭാവത്തെ കുറിച്ച് എപ്പൊഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
അങ്ങനെ ചിന്തിച്ചിട്ടില്ല. എങ്കിലും പറയട്ടേ, ചിരിക്കുന്നവനേ കരയാന്‍ പറ്റുകയുള്ളൂ. കരയുന്നവനേ ചിരിക്കാന്‍ പറ്റുകയുള്ളൂ. ഇതു രണ്ടും ചേര്‍ന്നാലേ മനുഷ്യനാകൂ. അവനേ കല നിര്‍മിക്കാനാകൂ. ‘ഇടയ്ക്ക് കണ്ണീരുപ്പു പുരട്ടാതെന്തിനു ജീവിത പലഹാരം’ എന്നെഴുതിയ മഹാകവി ഇടശ്ശേരിയാണ് എന്റെ വഴികാട്ടി. നര്‍മം വെറും നേരമ്പോക്കല്ല. നര്‍മം ജീവിതദര്‍ശനത്തിന്റെ അനിവാര്യ ഘടകമാണെന്ന് ഞാന്‍ കരുതുന്നു. ആ വിശ്വാസം എന്റെ കവിതയില്‍ കടന്നുവരുന്നത് സ്വാഭാവികം മാത്രം.
♠ മഹാത്മാഗാന്ധിയും സ്വാമി വിവേകാനന്ദനും നെഹ്‌റുവും മറ്റും പല കവിതകളിലും കടന്നുവരുന്നുണ്ട്. സ്വാതന്ത്ര്യാനന്തര ഭാരതത്തിനു വന്നുഭവിച്ച മൂല്യച്യൂതിയെ കുറിച്ചും അങ്ങ് കവിതകളെഴുതിയിട്ടുണ്ട്. ഭാരതം ഇന്ന് പുതിയൊരു ഭരണസംവിധാനത്തിന്റെ കീഴിലാണ്. അങ്ങയുടെ പ്രതീക്ഷകള്‍ക്ക് തെളിച്ചം കൂടിയോ? ഭാരതത്തിന്റെ ഭാവിയെ കുറിച്ച് അങ്ങയുടെ പ്രതീക്ഷകളെന്തെല്ലാമാണ്?
പുതിയ കേന്ദ്രസര്‍ക്കാര്‍ വന്നു. ശരിയാണ്. അനുഭവങ്ങളൊന്നും വന്നിട്ടില്ല. സര്‍ദാര്‍പട്ടേല്‍ ഉണര്‍ന്നു വന്നാല്‍ രാഷ്ട്രം നേരെയാകും. ഞാന്‍ രാഷ്ട്രീയക്കാരനല്ല. ഞാന്‍ എന്നും ശുഭാപ്തിവിശ്വാസമുള്ള ഒരാളാണ്. ഭാരതം ഒരു പുരാതന രാഷ്ട്രമാണ്. ഋഷികുലത്തിന്റെ സങ്കല്പത്തില്‍ പിറവികൊണ്ട ഭാരതം ലോകത്തിന് ഇന്നലെയും ഇന്നും വഴികാട്ടിയാണ്. നാളെയും അങ്ങനെ തന്നെതുടരും. എനിക്ക് സംശയമില്ല.
♠ ഇ.എം.എസ്. പറയുന്നുണ്ട്, വേദം പഠിക്കാന്‍ മാറ്റിവെച്ച വര്‍ഷങ്ങള്‍ ജീവിതത്തില്‍ വ്യര്‍ത്ഥമായ കാലമായാണ് തനിക്കനുഭവപ്പെട്ടതെന്ന്. അങ്ങ് പറയുന്നത്, വേദമന്ത്രങ്ങളില്‍ നിന്നാണ് ബാല്യദശയില്‍ സോഷ്യലിസത്തിന്റെയും കമ്യൂണിസത്തിന്റെയും തത്വശാസ്ത്രം താനുള്‍ക്കൊണ്ടതെന്ന്. മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികന് ലഭിക്കാത്ത ഈ അപൂര്‍വ്വാനുഭവത്തിന്റെ യുക്തി എന്താവാം?
ഇ.എം.എസ്. അങ്ങനെ പറഞ്ഞിട്ടുണ്ട്. വേദത്തെക്കുറിച്ച് ഇ.എം.എസ്സിന്റെയും എന്റെയും കാഴ്ചപ്പാട് തീര്‍ത്തും വ്യത്യസ്തമാണ്. അതെല്ലാവര്‍ക്കും അറിയാം. വേദപഠനം എന്റെ ജീവിതത്തിനും കവിതക്കും ഏറെ സഹായകരമായിട്ടുണ്ട്. വേദം പഠിക്കാന്‍ സാധിച്ചത് മുജ്ജന്മസുകൃതം തന്നെ. ഓരോരുത്തരും വ്യത്യസ്തരീതിയില്‍ ചിന്തിക്കുന്നതും അഭിപ്രായം പറയുന്നതും സ്വാഭാവികം മാത്രം. വൈദികപഠനകാലം എന്റെ ജീവിതത്തിലെ സുവര്‍ണകാലമായിരുന്നു. വിപ്ലവാവേശം കാരണമാവും വേദപഠനകാലഘട്ടം പാഴായിരുന്നുവെന്ന് ഇ.എം.എസ്. പറഞ്ഞത്. അദ്ദേഹത്തോട് തികഞ്ഞ ബഹുമാനമാണെനിക്കുള്ളത്.
♠സാംസ്‌കാരികദേശീയതയുടെ ആദര്‍ശാടിത്തറയില്‍ പടുത്തുയര്‍ത്തപ്പെട്ട തപസ്യകലാസാഹിത്യവേദിയുടെ ആരംഭകാലം മുതലേ അതിന്റെ പ്രവര്‍ത്തനങ്ങളോട് സഹകരിച്ച ഒരാളാണ് താങ്കള്‍. ‘തപസ്യ’യുമായി ബന്ധപ്പെട്ട ഓര്‍മകള്‍? ‘തപസ്യ’ ക്ക് ഇന്ന് നിര്‍വഹിക്കാനുള്ള ദൗത്യമെന്താണെന്നാണ് അങ്ങയുടെ അഭിപ്രായം?
ഞാന്‍ തപസ്യയുടെ ആരംഭകാലത്തെ പ്രവര്‍ത്തകനല്ല. തപസ്യയുടെ സ്ഥാപകന്‍ ആര്‍.എസ്.എസ്സിന്റെ മുതിര്‍ന്ന പ്രചാരകനായ എം.എ. കൃഷ്ണനാണ്. കോഴിക്കോട്ടെ കേസരി പത്രാധിപരായി വന്ന എം.എ. സാര്‍ കോഴിക്കോട് ആകാശവാണിയില്‍ വന്ന് ഞാനടക്കമുള്ള എഴുത്തുകാരെ അദ്ദേഹത്തിന്റെ സൗഹൃദ കൂട്ടായ്മയില്‍ പങ്കെടുപ്പിച്ച് കൊണ്ടിരുന്നു. കേസരിയിലും മറ്റും എന്റെ കവിതകളും കുറിപ്പുകളും ധാരാളമായി വരാന്‍ തുടങ്ങി. സാമൂഹികവിഷയങ്ങളെക്കുറിച്ചും സാംസ്‌കാരിക സാഹിത്യവിഷയങ്ങളെ കുറിച്ചും ഞങ്ങള്‍ ഉള്ളുതുറന്ന് സംസാരിക്കുക പതിവായിരുന്നു. സാവധാനം കേസരി ഓഫീസിലെ നിത്യസന്ദര്‍ശകനായി ഞാന്‍ മാറി. അവിടെ ഉള്ളവര്‍ എന്നോട് വളരെ സ്‌നേഹത്തോടെയും ഉദാരമായിട്ടുമാണ് പെരുമാറിയിട്ടുള്ളത്. അപ്പോഴേക്കും ഞാന്‍ തൃശ്ശൂര്‍ ആകാശവാണിയിലേക്ക് ട്രാന്‍സ്ഫറായി. കക്കാട്, തിക്കോടിയന്‍ എന്നിവരും എം.എ.സാര്‍ വഴി തപസ്യയുമായി ബന്ധപ്പെട്ടു തുടങ്ങിയിരുന്നു. എം.എ. സാര്‍ സംഘടിപ്പിച്ച വി.ടിയുടെ 80-ാം പിറന്നാള്‍, ഉറൂബൊക്കെ പങ്കെടുത്ത പ്രൗഢമായ സദസ്സ് ഞാനിപ്പോഴും ഓര്‍ക്കുന്നുണ്ട്.
1984-ല്‍ തൃശൂരില്‍ വെച്ച് തപസ്യയുടെ വാര്‍ഷികസമ്മേളനം നടന്നു. ഞാനായിരുന്നു സ്വാഗതസംഘം അധ്യക്ഷന്‍. 1985ല്‍ ഞാന്‍ ആകാശവാണിയില്‍ നിന്ന് വിരമിച്ചതോടെ എം.എ സാര്‍ എന്നെ തപസ്യയുടെ അധ്യക്ഷനാക്കി. പരമശുദ്ധനായ സി.കെ. മൂസ്സതിന്റെയും ആദര്‍ശവാദിയായ വി.എം കൊറാത്തിന്റേയും, ദീര്‍ഘവീക്ഷണമുള്ള എം.എ,. സാറിന്റെയും ഔദാര്യത്തില്‍ നീണ്ട പതിനഞ്ചുവര്‍ഷം ഞാന്‍ ആ സ്ഥാനത്തിരുന്നു. സത്യത്തില്‍ തപസ്യക്ക് വലിയ പ്രസക്തിയാണ് ഉള്ളത്. വലിയ വലിയ സമ്മേളനങ്ങള്‍ തപസ്യ സംഘടിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ മഹാന്മാരായ ഒട്ടേറെ എഴുത്തുകാര്‍ തപസ്യയുടെ വേദികളിലെത്തിയിട്ടുണ്ട്. ഗുണപരമായ സാംസ്‌കാരിക ചലനങ്ങള്‍ സൃഷ്ടിക്കാനും തപസ്യക്ക് സാധിച്ചിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം. പക്ഷേ, കുറ്റിയറ്റു പോകുന്ന കലകളെ, കലകളെ മാത്രമല്ല പഴയ ഒട്ടേറെ സാംസ്‌കാരിക കേന്ദ്രങ്ങളെയും സംരക്ഷിക്കുവാന്‍ കഴിഞ്ഞുവോ? ക്രിയേറ്റീവ് റൈറ്റിംഗ് സ്‌കൂള്‍ അത് എല്ലാവരുടെയും വലിയ ആഗ്രഹമായിരുന്നു. അതൊന്നും നടന്നില്ല. (പക്ഷേ, ഞാന്‍ തന്നെ ബന്ധപ്പെട്ട എന്‍.വി.കൃഷ്ണവാരിയര്‍ സ്മാരക സമിതിയും, വള്ളത്തോള്‍ വിദ്യാപീഠത്തിനും കുറച്ചെന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞു എന്ന് സമാധാനിക്കുന്നു). സര്‍ക്കാരിന്റെ പിന്‍ബലം നമുക്കൊരിക്കലും ഉണ്ടായിട്ടില്ല.
തപസ്യ എന്ന സംഘടന ആ പേരില്‍ത്തന്നെ ഭാരതം മുഴുവന്‍ പടരും എന്ന് ഞാന്‍ കരുതിയിരുന്നു, പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ സംസ്‌കാര്‍ ഭാരതി എന്ന പേരുമാറ്റി. അതെന്നെ ദുഃഖിപ്പിച്ചു. സോവിയറ്റ് റഷ്യയിലായാലും കേരളത്തിലായാലും രാഷ്ട്രീയപ്രവര്‍ത്തകര്‍ സാഹിത്യത്തെയും കലയെയും നോക്കിക്കണ്ടത് അധികാരം പിടിച്ചെടുക്കാനുള്ള ശ്രമത്തിലെ ഉപകരണങ്ങളായിട്ടാണ്. കലാകാരന്‍ അവയെ വീക്ഷിക്കുന്നത് ആത്മസംസ്‌കരണത്തിനു വേണ്ടിയാണ്. തപസ്യ അവയെ കാണേണ്ടത് രാഷ്ട്രത്തിന്റെ ആത്മാന്വേഷണത്തിന്റെ ഭാഗമായാണ്.
♠തപസ്യയുടെ ആഭിമുഖ്യത്തില്‍ 1991ല്‍ കന്യാകുമാരി മുതല്‍ ഗോകര്‍ണം വരെ നടത്തിയ സാംസ്‌കാരികതീര്‍ത്ഥയാത്ര നയിച്ചത് അങ്ങായിരുന്നു. ആ അനുഭവത്തെപ്പറ്റി?
എന്റെ ഒരു പഴയ ലേഖനത്തില്‍ കേരളത്തിലെ കുഗ്രാമങ്ങളില്‍ കാല്‍നടയായി കവിത ചൊല്ലി നടക്കുന്ന കൂട്ടായ്മയെ കുറിച്ചുള്ള ഒരു സ്വപ്നത്തെക്കുറിച്ച് പറയുന്നുണ്ട്. അത് സത്യത്തില്‍ പ്രാവര്‍ത്തികമായത് തപസ്യയുടെ അധ്യക്ഷനായിരുന്ന സമയത്ത് എം.എ. സാറിന്റെയും കൊറാത്തിന്റെയും രാജന്‍നമ്പിയുടെയും തുറവൂര്‍ വിശ്വംഭരന്റെയും പി.നാരായണക്കുറുപ്പിന്റെയും കെ.പി. ശശിധരന്റെയും സി.ജി. രാജഗോപാലിന്റെയും സഞ്ജയന്റെയും പി. ബാലകൃഷ്ണന്റെയും ശ്രീഹര്‍ഷന്റെയും ഉത്സാഹത്തില്‍ സാധിച്ചു എന്നതാണ്. കന്യാകുമാരി മുതല്‍ ഗോകര്‍ണ്ണം വരെയുള്ള യാത്രയില്‍ നിരവധി സംഘപ്രവര്‍ത്തകരെ അടുത്തറിയുവാനും സംഘകാര്യാലയങ്ങളില്‍ താമസിക്കാനും അവസരമുണ്ടായി.
♠ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസമാണ്. താങ്കളുടെ മാസ്റ്റര്‍പീസ് കൃതിയെന്ന് നിരൂപകരൊന്നടങ്കം പറയുന്നുണ്ട്. വാസ്തവത്തില്‍ ഇത്തരമൊരു വിശേഷണം അങ്ങയുടെ ശ്രദ്ധേയങ്ങളായ ഇതര കവിതകളെ ശരിയായി വിലയിരുത്തുന്നതില്‍ തടസ്സമാവുന്നുണ്ടെന്നാണ് എന്റെ അഭിപ്രായം. ‘പണ്ടത്തെ മേശാന്തി’, ‘ബലിദര്‍ശനം’, ‘നിത്യമേഘം’, ‘സ്പര്‍ശമണികള്‍’ തുടങ്ങി ഒട്ടേറെ ഉജ്വലരചനകള്‍ ഇന്നും വേണ്ടവിധം വിലയിരുത്തപ്പെട്ടിട്ടില്ല. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസ’ത്തിന് ലഭിച്ച വിപുലസ്വീകാര്യത ഇതിന് ഒരു കാരണമായി തീര്‍ന്നിട്ടുണ്ടെന്ന് പറഞ്ഞാല്‍ അതിനോടങ്ങ് യോജിക്കുമോ?
യോജിക്കാനും വിയോജിക്കാനും ഞാനില്ല. അതൊന്നും എന്റെ വിഷയമല്ല എന്നതാണ് യാഥാര്‍ത്ഥ്യം. നല്ല കവിതയെ സഹൃദയര്‍ തിരിച്ചറിയുക തന്നെ ചെയ്യും. ഒരു പക്ഷേ അതിന് കുറേകാലമെടുത്തേക്കാം. ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസ’ത്തിന് കൈവന്ന പ്രാധാന്യത്തിന് കാരണങ്ങള്‍ പലതാണ്. കാലമെന്ന മഹാവിമര്‍ശകന്‍ നല്ല സാഹിത്യത്തെ അറിഞ്ഞാദരിക്കുമെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.
♠കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ നേര്‍ക്ക് താങ്കള്‍ പുലര്‍ത്തുന്ന നിലപാടെന്താണെന്നറിയാന്‍ ഏറെ താത്പര്യമുണ്ട്. ആസ്തിക്യവാദിയായ കവിക്ക് ഭൗതികവാദദര്‍ശനത്തോട് വികര്‍ഷണമുണ്ടാവുക സ്വഭാവികമല്ലേ?
കമ്മ്യൂണിസ്റ്റ് സൊസൈറ്റി എന്ന സങ്കല്‍പം എന്റെ കുട്ടിക്കാലത്തെ ചുറ്റുപാടുകളില്‍ നിന്ന് എന്നില്‍ വന്ന ആദര്‍ശമാണ്. ആ കാലത്തെ എല്ലാ ചെറുപ്പക്കാരുടെയും ആദര്‍ശമായിരുന്നു അത്. അതിന്റെ അംശങ്ങള്‍ എന്റെ കവിതകളില്‍ ധാരാളമായി കാണാനും പറ്റും. ഭക്ഷണം, ഉടുപ്പ്, പാര്‍പ്പിടം എന്നിവ ഇല്ലാത്ത ഒരു മനുഷ്യനും ആ സമൂഹത്തില്‍ ഉണ്ടാവില്ല. ഈ കമ്മ്യൂണിസത്തിന്, യാഥാര്‍ത്ഥ്യത്തില്‍ നിന്ന് എത്രയോ അകന്നു നില്‍ക്കുന്ന ഇന്നത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ഒരു ബന്ധവും ഇല്ല. ഭൂതാനുകമ്പ എന്ന ഭാരതീയ ദര്‍ശനവുമായിട്ടാണ് ഇതിന് ബന്ധം. അങ്ങനെ വ്യാഖ്യാനിക്കാനാണെനിക്കിഷ്ടം.
ഒരു പരിപൂര്‍ണ അസ്തിത്വവാദിക്കും പരിപൂര്‍ണ ആത്മീയവാദിക്കും കവിത എഴുതുവാന്‍ സാധ്യമല്ല. കവിത നിലനില്‍ക്കുന്നത് ഇതിന് മധ്യത്തില്‍ എവിടെയോ ആണ് എന്നു പറഞ്ഞാല്‍ ഒട്ടൊക്കെ ശരിയാവും. ആത്മീയവാദവും ഭൗതികവാദവും സത്യത്തില്‍ ഒന്നുതന്നെയാണ്. ഇരുപതാം നൂറ്റാണ്ടിലുണ്ടായ ഏറ്റവും വലിയ വാദപ്രതിവാദം ഇതു രണ്ടും രണ്ടാണ് എന്നതാണ്. അതാണ് കമ്മ്യൂണിസം. എന്നാല്‍ ഇതു രണ്ടും രണ്ടാണ് എന്നു പറയുന്ന ഭാരതീയതയാണ് ശരി. പൂന്താനത്തിന്റെ ജ്ഞാനപ്പാന അതിന്റെ ഒന്നാന്തരം തെളിവാണ്.
♠ ഓണത്തെക്കുറിച്ച് ഒട്ടേറെ മനോഹരകവിതകള്‍ അങ്ങയില്‍ നിന്ന് മലയാളത്തിന് ലഭിച്ചിട്ടുണ്ട്. ബലിദര്‍ശനം, മഹാബലി, ഓണപ്പുതുമ, അത്തച്ചമയം, ശ്രാവണസംക്രമം തുടങ്ങിയ കവിതകള്‍ പെട്ടെന്ന് ഓര്‍മയില്‍ വരുന്നു. ഓണമിന്ന് നിറം മങ്ങിപ്പോയ ഒരാഘോഷമാണ്. ആചാരശുദ്ധി നഷ്ടപ്പെട്ട വെറുമൊരു ഷോപ്പിങ്കാലം. അങ്ങയെ സംബന്ധിച്ചിടത്തോളം ഓണമെന്താണ്? ഓണത്തെക്കുറിച്ചുള്ള സ്മരണകളെന്തെല്ലാമാണ്?
ധാരാളം ഓണക്കവിതകള്‍ ഞാന്‍ എഴുതിയിട്ടുണ്ട് എന്നത് ശരിയാണ്. മഹാബലി കേരളത്തിന്റെ യും ഭാരതത്തിന്റെയു മാത്രമല്ല, ലോകത്തിന്റെ കൂടെ സ്വത്താണ്. വാമനനും അപ്രകാരം തന്നെ. എന്നാല്‍ ഇന്ന് ഓണം കേരളത്തിന്റെ മാത്രം ആഘോഷമായി ചുരുങ്ങിപ്പോയിരിക്കുന്നു. ഈ സവര്‍ണ – അവര്‍ണചിന്തയും ആര്യ-അനാര്യവാദവുമൊക്കെ കാലഹരണപ്പെട്ടിരിക്കുന്നു. പഴയകാലത്തെ ഓണം പ്രകൃതിയുടെ ഉത്സവക്കാലമായിരുന്നു. കുട്ടികളുടെ ആഹ്ലാദം അണപൊട്ടിയൊഴുകുന്ന കാലം. എന്തെന്ത് കളികള്‍? എന്തെന്ത് ആഘോഷങ്ങള്‍? എന്തെന്തു രുചികരമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍? എത്രയെത്ര പാട്ടുകള്‍? സമത്വത്തിന്റെ സന്ദേശമാണ് ഓണം. ഓണത്തെക്കുറിച്ചുള്ള എന്റെ വീക്ഷണം എന്റെ ഓണക്കവിതകളിലുണ്ട്.
(കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജ് മലയാളവിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകന്‍)