ഇനി ബാക്കിയുള്ള കാഴ്ച സരയുവിന്റെ തീരത്തെ ശ്മശാന ഘാട്ടുകളാണ്. ശ്മശാനങ്ങളെപ്പോഴും മനുഷ്യനെ ആത്മനിരീക്ഷണത്തിന് പ്രേരിപ്പിക്കുന്ന ആത്മവിദ്യാലയങ്ങളാണ്. ചിതപോലെ കത്തിയെരിയുന്ന സൂര്യന്റെ മധ്യാഹ്നരശ്മികളെ വകവയ്ക്കാതെ ഞങ്ങള്‍ സരയുവിന്റെ മടിത്തട്ടിലൂടെ ശ്മശാനഘാട്ടുകളെ ലക്ഷ്യമാക്കി നടന്നുതുടങ്ങി. ജീവിതയാത്രയുടെ പടവൊടുങ്ങുന്ന ആത്മാവുകളുടെ ധൂമസഞ്ചാരം പോലെ ചിതകളെരിയുന്നത് ദൂരെ നിന്നേ കണ്ടുതുടങ്ങി. പാതിയെരിഞ്ഞ ചിതകളെ നീളന്‍ മുളന്തണ്ടുകൊണ്ട് ചിക്കി ജ്വലിപ്പിക്കുന്ന ചുടല ജോലിക്കാരന്‍ നിസ്സംഗമായി തന്റെ പ്രവൃത്തിയില്‍ വ്യാപരിച്ചുകൊണ്ടിരുന്നു. ചിതകൂട്ടുവാനുള്ള വിറകുകള്‍ തൂക്കി വില്‍ക്കുന്നവരുടെ കലപില ഒരുവശത്ത് നടക്കുമ്പോള്‍ നിര്‍ജീവദേഹങ്ങള്‍ വെള്ളപുതച്ച് മുളന്തണ്ടിലേറി സരയുവിന്റെ തീരത്തേക്ക് വന്നുകൊണ്ടിരുന്നു. സരയുവിന്റെ പുണ്യതീര്‍ത്ഥത്തില്‍ മുളമഞ്ചലോടെ മുങ്ങിക്കുളിച്ച് ഈറനോടെ ഊഴം കാത്തു കിടക്കുകയാണ് ഒന്ന് രണ്ട് മൃതദേഹങ്ങള്‍. എരിഞ്ഞു തീര്‍ന്ന ചുടലയിലെ ചാമ്പല്‍ സരയുവിലേക്ക് തട്ടിക്കുടഞ്ഞ് അവിടെ പുതിയ ചിതയൊരുക്കുകയാണ് മറ്റൊരാള്‍. ചിതകളുടെ ജീവിതപാഠം ഹൃദയത്തിലാവാഹിച്ച് ഞാന്‍ അയോദ്ധ്യയോട് വിടപറഞ്ഞു. രണ്ട് ദിവസമായി എന്റെ സഹചാരിയായിരുന്ന രാംഫല്‍ പ്രജാപതിക്ക് ഒരു ചെറിയ ദക്ഷിണകൊടുക്കുമ്പോള്‍ ആ കണ്ണുകളിലെ കൃതഞ്ജതയുടെ തിളക്കം ഞാന്‍ കാണുകയുണ്ടായി. 2.30 ഓടെ ഗംഗാ സത്‌ലജ് എക്‌സ്പ്രസ്സില്‍ കാശി വിശ്വനാഥന്റെ മണ്ണിലേക്ക് യാത്രതിരിച്ചു.
കാലകാലന്റെ ചിതാഭൂമിയിലേക്ക്
കാശി ഭാരതത്തിന്റെ ആദ്ധ്യാത്മിക ഹൃദയമാണ്. ഏതൊരു ഭാരതീയന്റെയും ആത്മമോക്ഷത്തിന്റെ അവസാനത്തെ അത്താണി കാശിയാണ്. കാശി സന്ദര്‍ശിക്കുക എന്ന എന്റെ മോഹം പൂവണിയാന്‍ ഇനി ആറ് മണിക്കൂര്‍ മാത്രമെ ബാക്കിയുള്ളു. ഗംഗാസത്‌ലജ് എക്‌സ്പ്രസ് രാത്രി 8.15ന് വാരാണസിയില്‍ എത്തും. ഒട്ടും മുന്‍കൂട്ടി ആസൂത്രണം ചെയ്യാത്ത ഈ ഏകാന്ത യാത്രയില്‍ ട്രെയിന്‍ ടിക്കറ്റുകള്‍ ഓരോന്നായി റിസര്‍വ്വ് ചെയ്ത് എന്റെ യാത്രയെ കൃത്യതയുള്ളതാക്കി മാറ്റിക്കൊണ്ടിരുന്നത് റെയില്‍വെ ജീവനക്കാരന്‍ ശരത്ചന്ദ്രനാണ്. വാരാണസിയില്‍ എത്തുമ്പോള്‍ എവിടെ തങ്ങുമെന്ന ചിന്ത ഒടുവില്‍ എത്തിച്ചേര്‍ന്നത് വിഷ്ണു എന്ന സ്വയംസേവകനിലാണ്. ശിവാസര്‍ജിക്കല്‍ നഴ്‌സിംഗ് സ്‌കൂളിന്റെ പ്രിന്‍സിപ്പല്‍ ആയി പ്രവര്‍ത്തിക്കുന്ന വിഷ്ണു നാരായണന്‍ കുറച്ച് വര്‍ഷങ്ങള്‍ ആയി വാരാണസിയില്‍ ഉണ്ട്.
ഞാന്‍ എത്തുന്നു എന്നറിഞ്ഞതോടെ സന്തോഷപൂര്‍വ്വം എന്റെ യാത്രകള്‍ അയാള്‍ ആസൂത്രണം ചെയ്യാമെന്നേറ്റു. വിഷ്ണുവും ഭാര്യയും കുഞ്ഞുമടങ്ങുന്ന ചെറിയ കുടുംബത്തിന്റെ വലിയ ഫ്‌ളാറ്റില്‍ എനിക്ക് മൂന്ന് ദിവസം അഭയമൊരുക്കാന്‍ അയാള്‍ തയ്യാറായി. റെയില്‍വെ സ്റ്റേഷനില്‍ അയാള്‍ അയച്ച ബന്ധു എന്നെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. നാട്ടില്‍ നിന്ന് പോന്നിട്ട് ദിവസങ്ങള്‍ക്ക് ശേഷം രുചികരമായ കേരള ആഹാരം വിഷ്ണുവിന്റെ വീട്ടില്‍ നിന്ന് ലഭിച്ചു.
വാരാണസിയില്‍ നഗരത്തിന്റെ സംഘചുമതലയുള്ള വിഷ്ണുവിന് കാണേണ്ട സ്ഥലങ്ങളെക്കുറിച്ചും പോകേണ്ട വഴികളെക്കുറിച്ചും കൃത്യമായ ധാരണയുണ്ടായിരുന്നു. വാരാണസി പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും നരേന്ദ്രമോദി വന്‍ഭൂരിപക്ഷത്തോടുകൂടി തിരഞ്ഞെടുക്കപ്പെട്ടതോടെ ഇവിടുത്തെ ജനങ്ങള്‍ വികസനം എന്ത് എന്ന് നേരില്‍ കാണുകയായിരുന്നു. മലിനമായ ഗംഗയെ വിശുദ്ധ നദിയാക്കിമാറ്റുന്ന പ്രവര്‍ത്തനം മാത്രമല്ല നരേന്ദ്രമോദി ഏറ്റെടുത്തത്. കാശി നഗരിയെ ചുറ്റുന്ന റിംഗ്‌റോഡുകളും ആറ് വരിപാതയിലുള്ള ഹൈവെകളും ഒക്കെ പുരാതന നഗരിക്ക് പുത്തനുണര്‍വ്വേകി. വിഷ്ണു ആദ്യ ദിവസം തന്നെ വികസനത്തിന്റെ ഈ പുതിയ പാതയിലൂടെ എന്നെ മോട്ടോര്‍ ബൈക്കില്‍ പാറി പറന്ന് പരിചയപ്പെടുത്തി. കിലോമീറ്ററുകള്‍ നീളുന്ന ഓവര്‍ ബ്രിഡ്ജുകള്‍, ട്രാഫിക് ബ്ലോക്കുകളില്‍ നിന്നും സഞ്ചാരികളെ എങ്ങനെ രക്ഷിക്കുന്നു എന്ന് കൊണ്ടു നടന്ന് കാട്ടിത്തന്നു. മഞ്ഞദാവണി ചുറ്റിയ കടുക് പാടത്തിന്റെ നടുവിലൂടെ വികസനത്തിന്റെ നേര്‍രേഖകള്‍ കുതിച്ച് പായുന്നത് കണ്ട് ഞാന്‍ അത്ഭുതപ്പെട്ടുപോയി. വിഷ്ണുവിന് ജോലിത്തിരക്കുകള്‍ ഉള്ളതുകൊണ്ട് അദ്ദേഹത്തിന്റെ ശിഷ്യനായ ഗോപാല്‍ ഗുപ്ത എന്ന ഡിഗ്രി വിദ്യാര്‍ത്ഥിയെ എന്റെ സഹായിയായി അയച്ചുതന്നു. ഊര്‍ജ്ജസ്വലനായ ഒരു വിദ്യാര്‍ത്ഥിയാണ് ഗോപാല്‍ ഗുപ്ത. മുറി ഇംഗ്ലീഷും ബാക്കി ഹിന്ദിയുമായി ഗോപാല്‍ ഗുപ്ത എന്നോട് ഇണങ്ങി ചേര്‍ന്നു. കാശിയില്‍ നിന്നും 110 കിലോമീറ്റര്‍ അകലെയുള്ള മൗ ജില്ലയിലെ കര്‍ഷക കുടുംബത്തിന്റെ പ്രതീക്ഷയാണ് ഗോപാല്‍ഗുപ്ത എന്ന നേഴ്‌സിംഗ് വിദ്യാര്‍ത്ഥി. സ്ഥലങ്ങളുടെ ചരിത്രമോ പൗരാണികതയോ ഒന്നും ആഴത്തില്‍ ധാരണയില്ലെങ്കിലും ടാക്‌സികള്‍ പിടിക്കുമ്പോള്‍ തുക പറഞ്ഞ് ഉറപ്പിക്കുവാന്‍ ഗോപാല്‍ ഗുപ്ത ഏറെ ഉപകാരപ്പെട്ടു.
വാരാണസി നഗരത്തിന് ആ പേര് വരാന്‍ കാരണം വരുണ, അസ്സി എന്ന രണ്ട് നദികളുടെ സംഗമസ്ഥാനമായത് കൊണ്ടാണ്. അസ്സി നദി ഇന്ന് ഒരു അഴുക്കുചാല്‍ ആയി മാറിയിരിക്കുന്നു. അത് ശുദ്ധീകരിക്കുന്നതില്‍ അധികൃതര്‍ വിജയിച്ചിട്ടില്ല. നഗരമാലിന്യങ്ങള്‍ പേറി ഒഴുകുന്ന ഒരു ദുര്‍ഗന്ധവാഹിനിയായി അസ്സി ഇപ്പോഴും ഒഴുകുകയാണ്. വാരാണസിയില്‍ നിന്നും പത്ത് കിലോമീറ്റര്‍ വടക്ക് കിഴക്ക് മാറി സ്ഥിതിചെയ്യുന്ന സാരാനാഥ് സന്ദര്‍ശിക്കുവാന്‍ ആണ് ഞാന്‍ ആദ്യം തീരുമാനിച്ചത്. അതിനുകാരണം ഞാന്‍ താമസിക്കുന്ന സ്ഥലത്ത് നിന്നും ഏറെ അകലെയായിരുന്നില്ല സാരാനാഥ് എന്നുള്ളതാണ്. ഹിന്ദുക്കള്‍ക്ക് എന്നത് പോലെ ബുദ്ധ ജൈനപാരമ്പര്യം പേറുന്നവര്‍ക്കും കാശിവിശുദ്ധ സ്ഥലിയാണ്. ബുദ്ധവിശ്വാസികളുടെ നാല് പ്രധാന പുണ്യസ്ഥലികളില്‍ ഒന്നായ സാരാനാഥ് സ്ഥിതിചെയ്യുന്നത് കാശിയിലാണ്.
നേപ്പാളില്‍ ലുംബനിയില്‍ ജനിച്ച ബുദ്ധന് ബീഹാറില്‍ ഗയയില്‍ വെച്ചാണ് ബോധോദയം ഉണ്ടായത്. അദ്ദേഹം മഹാനിര്‍വ്വാണം പ്രാപിച്ചത് ആകട്ടെ ഗോരഖ്പൂരിനടുത്തുള്ള കുശിയില്‍ വെച്ചായിരുന്നു. ആത്മബോധം ഉണര്‍ന്ന ബുദ്ധന്‍ ആദ്യമായി ലോകത്തെ അഭിസംബോധന ചെയ്തത് സാരാനാഥില്‍ വെച്ചായിരുന്നത്രെ. അതുകൊണ്ട് ബുദ്ധവിശ്വാസികളെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ള ഒരു തീര്‍ത്ഥാടന കേന്ദ്രമാണ് സാരാനാഥ്. സാരഗനാഥ് എന്ന സംസ്‌കൃത ശബ്ദത്തില്‍ നിന്നാണത്രെ സാരാനാഥ് ഉണ്ടായത്. ബുദ്ധന്‍ ഏറെ കാലം സാരാനാഥില്‍ സാധന ചെയ്തിരുന്നു എന്നാണ് ചരിത്രം സൂചിപ്പിക്കുന്നത്. അഹിംസാവ്രതത്തിന്റെ പരമാചാര്യന്‍ ആയ ശ്രീബുദ്ധന്‍ സ്ഥാപിച്ച ബുദ്ധമതത്തിന് ആ മതം തന്നെയല്ലെ പില്‍ക്കാലത്ത് ആപത്തായി മാറിയത് എന്ന് തോന്നും സാരാനാഥിലെ ബുദ്ധവിഹാരങ്ങളുടെ കിടപ്പുകാണുമ്പോള്‍. അക്രമകാരികള്‍ ആയ ഇസ്ലാമിക അധിനിവേശശക്തികള്‍ രാജ്യത്ത് എങ്ങുമുള്ള പടുകൂറ്റന്‍ ബുദ്ധവിഹാരങ്ങളും ബുദ്ധപ്രതിമകളും പ്രതിരോധരഹിതമായി അടിച്ചുടയ്ക്കുവാന്‍ കാരണം ബുദ്ധഭിക്ഷുകളുടെ അഹിംസാവ്രതം തന്നെയായിരുന്നു. സാരാനാഥില്‍ മണ്ണടിഞ്ഞ് കിടക്കുന്ന നിരവധി ബുദ്ധവിഹാരങ്ങളും, സ്തൂപങ്ങളും ബുദ്ധമതം എങ്ങനെ നാമാവശേഷമായി എന്ന് വിളിച്ചറിയിക്കുന്നുണ്ടായിരുന്നു.
വിവിധ രാജ്യങ്ങളില്‍ നിന്നും ഉള്ള ബുദ്ധമത വിശ്വാസികള്‍ സാരാനാഥിലേയ്ക്ക് തീര്‍ത്ഥാടകരായി എത്തിക്കൊണ്ടിരിക്കുന്നു. എന്നു മാത്രമല്ല വിവിധ രാജ്യങ്ങള്‍ പണം മുടക്കി ഇവിടെ മനോഹരമായ ബുദ്ധവിഹാരങ്ങള്‍ നിര്‍മ്മിക്കുക കൂടി ചെയ്തിട്ടുണ്ട്. തായ് ടെമ്പിള്‍, റ്റിബറ്റന്‍ ടെമ്പിള്‍, ജപ്പാന്‍ ടെമ്പിള്‍ എന്നിവയൊക്കെ വലിപ്പത്തിലും വാസ്തുകലയിലും മനോഹരമായ ദൃശ്യവിരുന്ന് ഒരുക്കുന്നു. തായ്‌ലന്റ്, ജപ്പാന്‍, ടിബറ്റ്, മ്യാന്‍മാര്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെത്തിയ നിരവധി തീര്‍ത്ഥാടകരെ സാരാനാഥില്‍ കാണാന്‍ കഴിഞ്ഞു. മൊണാസ്ട്രികളുടെ ഗര്‍ഭഗൃഹങ്ങള്‍ ക്രൈസ്തവ ദേവാലയങ്ങളുടെ അള്‍ത്താരയെ അനുസ്മരിപ്പിക്കുന്നു. എന്നു പറഞ്ഞാല്‍ ബൗദ്ധ ദേവാലയങ്ങളുടെ വാസ്തുശൈലിയും അലങ്കാരരീതികളുമാണ് ക്രിസ്ത്യന്‍ അള്‍ത്താരകള്‍ ഇന്ന് പിന്‍തുടരുന്നത് എന്ന് തോന്നുന്നു.
ലോകത്തിലെ ഏറ്റവും വലിയ ബുദ്ധ പ്രതിമ എന്നറിയപ്പെട്ടിരുന്നത് അഫ്ഗാനിസ്ഥാന്‍ മലനിരകളിലെ ബാമിയാന്‍ ബുദ്ധപ്രതിമയായിരുന്നു. 52 അടി ഉയരമുണ്ടായിരുന്ന ഈ മനോഹര ബുദ്ധ വിഗ്രഹത്തെ 1990കള്‍ക്ക് ശേഷം താലിബാന്‍ ഭീകരവാദികള്‍ പീരങ്കികൊണ്ട് നിറയൊഴിച്ചാണ് തകര്‍ത്ത് തരിപ്പണമാക്കിയത്. ഇസ്ലാമിന് വിഗ്രഹാരാധന നിഷിദ്ധമായതുകൊണ്ട് ലോകത്തില്‍ ആരും അത് ചെയ്യാന്‍പാടില്ല എന്നതാണ് മതമൗലികവാദികളുടെ തിട്ടൂരം. ബുദ്ധമതാനുയായികള്‍ക്ക് ഒരു കാലത്ത് മേല്‍ക്കൈ ഉണ്ടായിരുന്ന അഫ്ഗാനിസ്ഥാന്‍ ഭീകരവാദികളുടെ പറുദീസയാകുവാന്‍ കാരണം ബുദ്ധിസ്റ്റുകളുടെ അതിരുവിട്ട അഹിംസാ വാദം തന്നെയാണ്. എന്തായാലും ബാമിയാന്‍ ബുദ്ധപ്രതിമയുടെ അതേ വലിപ്പത്തിലും രൂപത്തിലും ഒരു ബുദ്ധ വിഗ്രഹം 2011ല്‍ തായ്‌ലന്റ് ഗവണ്‍മെന്റിന്റെ നേതൃത്വത്തില്‍ സാരാനാഥില്‍ സ്ഥാപിച്ചു. സാരാനാഥ് ബുദ്ധവിഹാരങ്ങളുടെ ഒരു ശവപ്പറമ്പ് കൂടിയാണ്. വൈദിക സംസ്‌കാരത്തെ നവീകരിക്കുവാന്‍ വേണ്ടി ഉണ്ടായ ബുദ്ധമതം അതിവേഗമാണ് ഭാരതത്തിലും ലോകത്തിലും വ്യാപിച്ചത്. എന്നാല്‍ വൈദിക സംസ്‌കൃതിയുടെ നവോത്ഥാനത്തില്‍ ആദ്യം കടപുഴകിയത് ബുദ്ധമതമായിരുന്നു. ദുരാചാരങ്ങള്‍ക്ക് എതിരെ ഉണ്ടായ ബുദ്ധമതം കാലക്രമേണ ദുരാചാരങ്ങളുടെ ചുഴിയില്‍ പെട്ട് നശിച്ചു എന്നു പറയുന്നതാവും ശരി. ഇസ്ലാമിക പടയോട്ടങ്ങളില്‍ ഏറെ നാശനഷ്ടം ഉണ്ടായത് ബുദ്ധവിഹാരങ്ങള്‍ക്ക് കൂടിയായിരുന്നു. ക്ഷാത്രവീര്യം കൈവിടാതിരുന്ന ഹിന്ദുക്കള്‍ ഇസ്ലാം അധിനിവേശ ശക്തികള്‍ തകര്‍ത്തെറിഞ്ഞ ക്ഷേത്രങ്ങള്‍ പോരാടി തിരിച്ചുപിടിക്കുകയും നവീകരിക്കുകയും ചെയ്തുകൊണ്ടിരുന്നു. എങ്കിലും അഹിംസാ വാദത്തിന്റെ വ്യാമോഹങ്ങളില്‍പ്പെട്ട ബുദ്ധമതത്തിന് ഇസ്ലാം അധിനിവേശത്തെ പ്രതിരോധിക്കാനോ തങ്ങളുടെ വിഹാരങ്ങളെ സംരക്ഷിക്കാനോ കഴിഞ്ഞില്ല. സാരാനാഥില്‍ നിലവിലുള്ള പുരാവസ്തു സംഗ്രഹാലയം രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും ലഭിച്ച ഉടഞ്ഞ ബുദ്ധ വിഗ്രഹങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ബുദ്ധമതാനുയായി മാറിയ അശോക ചക്രവര്‍ത്തി സ്ഥാപിച്ച അതി മനോഹരമായ അശോകസ്തംഭം അടിച്ചുടച്ച നിലയില്‍ കണ്ടെത്തിയത് സാരാനാഥിലാണ്. മൗര്യ വാസ്തു കലയുടെ മകുടോദാഹരണമായിരുന്ന അശോകസ്തംഭം ഇന്ന് സൂക്ഷിച്ചിരിക്കുന്നത് സാരാനാഥിലാണ്. ബുദ്ധന്‍ ഒരു മഴക്കാലത്ത് താമസിച്ച് സാധനചെയ്തു എന്നു കരുതുന്ന സ്ഥലത്ത് ആയിരുന്നെത്രേ ‘മൂലഗന്ധ കുടിവിഹാര്‍’ എന്ന ബുദ്ധവിഹാരം നിലനിന്നിരുന്നത്. എന്നാല്‍ ഇന്ന് അത് ഒരു കല്‍ക്കൂനമാത്രമാണ്. ധര്‍മ്മ ചക്രസ്തൂപം എന്ന ധമേക് സ്തൂപത്തിന് 34 മീറ്ററിലേറെ ഉയരമുണ്ടായിരുന്നത്രേ. ഇവിടെ വച്ചായിരുന്നു ബുദ്ധന്‍ ആദ്യമായി ലോകത്തോട് പ്രബോധനം നടത്തിയത്. ചുട്ടെടുത്ത മണ്‍കട്ടകളും കരിങ്കല്ലും ഉപയോഗിച്ച് നിര്‍മ്മിച്ചിരുന്ന ഈ മഹാസ്തൂപവും ഇതിന്റെ ബൃഹദാകാരം വ്യക്തമാക്കും വിധം തകര്‍ന്നു കിടക്കുന്നു. വിദേശത്തുനിന്നും എത്തിയ വലിയൊരു ബുദ്ധഭിക്ഷു സംഘം സാരാനാഥിലെ ബുദ്ധവിഹാരങ്ങളുടെ അവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ പ്രാര്‍ത്ഥനാ പൂര്‍വ്വം നില്‍ക്കുന്നത് കാണാന്‍ കഴിഞ്ഞു. 11-ാമത് ജൈനതീര്‍ത്ഥാങ്കരന്‍ ജനിച്ചത് കാശിയിലാണെന്നതിനാല്‍ ജൈനരെ സംബന്ധിച്ച് കാശി ഒരു പവിത്ര തീര്‍ത്ഥമാണ്.