തമിഴ്‌നാട്ടിലെ ഹിന്ദുമുന്നണിയുടെ സ്ഥാപക നേതാവായി അറിയപ്പെടുന്ന രാമഗോപാലന്‍ജിയുടെ നിര്യാണ വാര്‍ത്ത അദ്ദേഹത്തെ അടുത്തറിയാവുന്ന എല്ലാവര്‍ക്കും അത്യധികമായ ഹൃദയ വേദനയാണ് ഉളവാക്കിയിരിക്കുന്നത്. തൊണ്ണൂറ്റി നാലാമത്തെ വയസ്സില്‍ എത്തി നിന്ന വാര്‍ദ്ധക്യാവസ്ഥയിലും അദ്ദേഹത്തിന്റെ ദര്‍ശനവും വാക്കുകളും എല്ലാവര്‍ക്കും പ്രേരണയും ആവേശവും നല്‍കുന്നതായിരുന്നു. ഹിന്ദുമുന്നണി നേതാവ് എന്ന നിലയിലാണ് അദ്ദേഹം സാമാന്യജനങ്ങളില്‍ അറിയപ്പെടുന്നത്. പക്ഷെ കഴിഞ്ഞ ഏഴു പതിറ്റാണ്ടിലധികമായി അദ്ദേഹം രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രചാരകനായിരുന്നു. തമിഴ്‌നാടിന്റെ സഹപ്രാന്ത പ്രചാരകനും, പ്രാന്ത പ്രചാരകനും ആയി പ്രവര്‍ത്തിച്ച കാര്യങ്ങള്‍ അധികമാളുകള്‍ അറിഞ്ഞിരിക്കാനിടയില്ല.
1927-ല്‍ തഞ്ചാവൂര്‍ ജില്ലയിലുള്ള ശീര്‍കാഴിയില്‍ ഒരു കര്‍ഷക കുടുംബത്തില്‍ ജനിച്ച അദ്ദേഹം 1945 മുതല്‍ ആര്‍.എസ്.എസ് ശാഖയിലൂടെ സ്വയംസേവകനായി. ഭാരത വിഭജനത്തിനു ശേഷം എല്ലാം നഷ്ടപ്പെട്ടു പാകിസ്ഥാനില്‍ നിന്നും ജീവനും കൊണ്ട് ഇന്ത്യയിലേക്ക് രക്ഷപ്പെട്ടു വന്ന അഭയാര്‍ത്ഥികള്‍ക്കു വേണ്ടി ചെന്നൈയിലും ക്യാമ്പുകള്‍ സംഘടിപ്പിച്ചിരുന്നു. അവിടുത്തെ അഭയാര്‍ത്ഥികള്‍ക്ക് സേവനം ചെയ്യുവാനായി മറ്റ് സ്വയംസേവകരോടൊപ്പം രാമഗോപാലനും പോവാറുണ്ടായിരുന്നു. വിഭജന ദുഃഖ കഥകള്‍ ശ്രവിച്ച അദ്ദേഹം സംഘ പ്രചാരകനാകാന്‍ നിശ്ചയിച്ചു.
കേരളവും തമിഴ്‌നാടും ഒന്നായിരുന്ന കാലം പാലക്കാടിന്റെ ചുമതലയും രാമഗോപാലനില്‍ നിക്ഷിപ്തമായിരുന്നു. 1953-54 കാലഘട്ടത്തില്‍ പാലക്കാട് താമസിച്ചിരുന്ന അദ്ദേഹത്തിന് ഉച്ചഭക്ഷണം ഓരോ വീട്ടില്‍ നിന്നും സ്വയംസേവകര്‍ എത്തിച്ചു കൊടുക്കുന്നതായിരുന്നു പതിവ്. ആ രീതിയില്‍ ശനിയാഴ്ചത്തെ ആഹാരം എന്റെ വീട്ടില്‍ നിന്നുമാണ് നല്‍കി വന്നത്. അക്കാലത്തു ശനിയാഴ്ച സ്‌കൂളുകള്‍ക്ക് അവധിയായിരിക്കും. ഭക്ഷണവുമായി കാര്യാലയത്തില്‍ എത്തുന്ന എനിക്ക് അതുകൊണ്ടു അദ്ദേഹവുമായി അടുത്ത് ഇടപഴകാന്‍ സാധിച്ചിരുന്നു. ജനിച്ചു ഒരു വ്യാഴവട്ടം മാത്രം പ്രായമായ എന്റെ കുരുന്നു മനസ്സില്‍ പ്രചാരകനാകണമെന്ന ആഗ്രഹത്തിന് ബീജാവാപം നടത്തിയതും അദ്ദേഹമായിരുന്നു.
1948-ല്‍ ഗാന്ധിവധം കെട്ടിവെച്ചും, 1975-ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചും സംഘപ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രക്ഷോഭങ്ങളും നിയമ യുദ്ധവും നയിക്കുന്നതില്‍ തമിഴ്‌നാട്ടില്‍ നേതൃത്വം വഹിച്ചത് രാമഗോപാല്‍ജി ആയിരുന്നു. ദ്രാവിഡ സിദ്ധാന്തത്തിന്റെ ലഹരിയില്‍ മുഴുകിയ തമിഴ്‌നാട്ടിലെ ജനങ്ങള്‍, സംഘ ആദര്‍ശങ്ങള്‍ സ്പഷ്ടമായി ബോധ്യപ്പെടുത്തുന്ന അദ്ദേഹത്തിന്റെ രീതിയില്‍ ആകൃഷ്ടരായി സംഘ അനുഭാവികളായി മാറി. സമൂഹത്തില്‍ പ്രഭാവം ചെലുത്താനുതകുന്ന വ്യക്തികളെയും തന്റെ നിരന്തര സമ്പര്‍ക്കത്തിലൂടെ സംഘ ചുമതലകള്‍ എടുത്തു പ്രവര്‍ത്തിക്കുന്ന തലത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവന്നു. സംഘപ്രവര്‍ത്തനം ചെയ്യുന്ന കാര്യകര്‍ത്താക്കന്മാരുടെ എണ്ണവും അക്കാലത്ത് വളരെ തുച്ഛമായ രീതിയില്‍ മാത്രമായിരുന്നു. ഗണ്യമായ തോതില്‍ ഗൃഹസ്ഥ കാര്യകര്‍ത്താക്കന്മാരെയും പ്രചാരകന്മാരെയും പ്രവര്‍ത്തന പഥത്തില്‍ വ്യാപൃതരാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഇന്ന് ഭാരതീയ ജനതാപാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന എല്‍.ഗണേശന്‍ജിയടക്കമുള്ളവര്‍ക്ക് പ്രചാരകനാകണമെന്ന ആഗ്രഹത്തിന് പ്രചോദനം നല്‍കിയത് ഗോപാല്‍ജി ആയിരുന്നു. ദേശം നേരിടുന്ന വെല്ലുവിളികളെയും ഹിന്ദുക്കളുടെ അവസ്ഥയെയും കുറിച്ച് ഹൃദയത്തില്‍ തട്ടുന്ന വിധത്തില്‍ ഒരു മണിക്കൂറോളം സംസാരിച്ചതിന് ശേഷം നമ്മുടെ മാതൃരാജ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ സന്നദ്ധതയുള്ളവര്‍ കൈ പൊക്കണമെന്നു അഭ്യര്‍ത്ഥിക്കും. അങ്ങിനെ കൈപൊക്കിയവരാണ് ഇന്ന് തമിഴ്‌നാട്ടില്‍ ഉള്ള പല മുതിര്‍ന്ന പ്രചാരകന്മാരും. നല്ലൊരു ലേഖകനും അനുഗൃഹീത പാട്ടുകാരനുമായിരുന്നു ഗോപാല്‍ജി. ഒട്ടനവധി തമിഴ് ദേശഭക്തി ഗാനങ്ങള്‍ രചിക്കുകയും ഹിന്ദിയിലുള്ള സംഘ ഗീതങ്ങള്‍ തമിഴിലേക്ക് പരിഭാഷപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സിന്ധു നദിയെ അത്യഗാധമായി സ്‌നേഹിച്ച വ്യക്തിയായിരുന്നു അദ്ദേഹം. തന്റെ രചനകളായ ‘എന്റു കാണ്‍പോം എങ്കള്‍ സിന്ധുവെ’ എന്ന ഗീതവും ‘നരബലി കൊടുത്ത വീര വംഗവും പാഞ്ചാലമും’ എന്ന ഗീതവും അദ്ദേഹം തന്നെ പാടുന്നത് കേള്‍ക്കുന്ന ശ്രോതാക്കളുടെ കണ്ണ് ഈറനണിയും.
സംഘ ദൃഷ്ടിയില്‍ മദിരാശി സംസ്ഥാനം തമിഴ്‌നാട്, കേരളം എന്നിങ്ങനെ രണ്ടു പ്രാന്തങ്ങളായി പ്രവര്‍ത്തനം തുടങ്ങിയത് 1964-ലായിരുന്നു. സഹക്ഷേത്ര പ്രചാരക് എന്ന ചുമതലയില്‍ പ്രവര്‍ത്തിച്ചു വന്ന സൂര്യനാരായണറാവുജിയെ, ശ്രീ ഗുരുജിയുടെ ദേഹവിയോഗത്തിനുശേഷം നടന്ന ഒരു അഖിലഭാരത ബൈഠക്കില്‍ വെച്ച് തമിഴ്‌നാടിന്റെ പ്രാന്തപ്രചാരകനായി നിയമിക്കുകയുണ്ടായി. 1964 മുതല്‍ പ്രാന്തപ്രചാരകനായിരുന്ന രാമഗോപാലന്‍ ജിയെ ഇന്ന് ജാഗരണ ശ്രേണി എന്നറിയപ്പെടുന്ന പ്രവര്‍ത്തനത്തില്‍ തമിഴ്‌നാട്ടില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുവാനായി സഹപ്രാന്ത പ്രചാരക് എന്ന ചുമതലയിലേക്ക് മാറ്റി. 1980- ല്‍ കരൂരില്‍ വെച്ച് കൂടിയ പ്രാന്തീയ ബൈഠക്കില്‍, മീനാക്ഷിപുരത്തുണ്ടായ കൂട്ട മതം മാറ്റത്തിന്റെ പശ്ചാത്തലത്തില്‍, അദ്ദേഹത്തെ സംഘത്തിന്റെ നേരിട്ടുള്ള പ്രവര്‍ത്തനത്തില്‍ നിന്നും മുക്തനാക്കി മുഴുവന്‍ സമയവും ജാഗരണ പ്രവര്‍ത്തനത്തിന്റെ ചുമതല വഹിക്കുവാന്‍ നിയോഗിച്ചു. അവിടെ വെച്ച് ഹിന്ദുമുന്നണി എന്ന സംഘടനക്ക് രൂപം നല്‍കി.
ദ്രാവിഡസ്ഥാന്‍ വാദം, ഇസ്ലാമിക തീവ്രവാദം, ക്രൈസ്തവ മതപരിവര്‍ത്തനം തുടങ്ങിയ വിഘടനവാദ- ദേശീയ വിരുദ്ധ ശക്തികള്‍ക്കെതിരെ അന്ന് മുതല്‍ ഹിന്ദുവിന്റെ ശബ്ദമായി രാമഗോപാല്‍ജി പ്രവര്‍ത്തിക്കാനാരംഭിച്ചു. ഹിന്ദുക്കള്‍ക്കുവേണ്ടി വാദിക്കാനും പോരാടുവാനും അവര്‍ക്കു താങ്ങും തണലും അവലംബനമാകുവാനുമാണ് ഹിന്ദുമുന്നണി ഉദ്ദേശിക്കുന്നത് എന്ന മുദ്രാവാക്യവുമായി അദ്ദേഹം തമിഴ്‌നാട്ടില്‍ ഗ്രാമഗ്രാമാന്തരം യാത്ര ചെയ്തു. ഹിന്ദുക്കള്‍ക്കെതിരായി ഉയരുന്ന വെല്ലുവിളികളില്‍ ഒരെണ്ണം പോലും ചോദ്യം ചെയ്യപ്പെടാതിരിക്കരുത് എന്ന ഉറച്ച അഭിപ്രായത്തോടെ ശക്തമായ പല പോരാട്ടങ്ങള്‍ക്കും അദ്ദേഹം നേതൃത്വം കൊടുത്തു.
ഇതില്‍ വിറളി പൂണ്ട ഇസ്ലാമിക തീവ്രവാദികള്‍ അദ്ദേഹത്തെ കൊല ചെയ്തു തുടച്ചു മാറ്റാന്‍ തീരുമാനിച്ചു. 1984- ല്‍ കോയമ്പത്തൂരില്‍ നിന്നും മധുരയിലേക്ക് തീവണ്ടിയില്‍ യാത്ര ചെയ്ത രാമഗോപാലനെ കൊലപ്പെടുത്തുവാന്‍ ബാഷാ എന്ന മുസ്‌ലിം തീവ്രവാദിയും അതേ തീവണ്ടിയില്‍ പിന്തുടര്‍ന്ന് ചെന്നു. മധുരയില്‍ ഇറങ്ങിയ ഗോപാല്‍ജിയുടെ കഴുത്തിലും തലയിലും വെട്ടിയ ബാഷാ തളര്‍ന്നു വീണ രാമഗോപാലന്‍ മരിച്ചെന്നു കരുതി ഓടി രക്ഷപ്പെട്ടു. നിത്യേന ആയിരത്തെട്ടു ഉരു ഗായത്രി പാരായണം ചെയ്തുകൊണ്ടിരുന്ന രാമഗോപാലന് ഇഹലോകത്തില്‍ ചെയ്യുവാനുള്ള കര്‍ത്തവ്യങ്ങള്‍ ബാക്കിയുള്ളതു കൊണ്ടായിരിക്കാം ഈശ്വരന്‍ അദ്ദേഹത്തെ അത്ഭുതകരമാം വിധം അല്‍പകാലം കൊണ്ട് കര്‍മ്മക്ഷേത്രത്തിലേക്കു തിരിച്ചുകൊണ്ടു വന്നു.
തലയില്‍ നേരിയ സ്റ്റീല്‍ പാളികള്‍ വെച്ച് സര്‍ജറി കഴിഞ്ഞ അദ്ദേഹം പൂര്‍വാധികം കരുത്തോടെ രംഗത്തിറങ്ങി. തമിഴ്‌നാട്ടിലെ എല്ലാ സന്യാസി മഠങ്ങളുമായും ആശ്രമങ്ങളുമായും വളരെ അടുത്ത ബന്ധം വെച്ചുപുലര്‍ത്തിയിരുന്ന അദ്ദേഹത്തിന്റെ ത്യാഗമയമായ ജീവിതത്തിന് ഒരു അംഗീകാരമെന്ന നിലയിലും അദ്ദേഹത്തോടുള്ള ശ്രദ്ധാ വിശ്വാസത്തെ മുന്‍ നിര്‍ത്തിയും തമിഴ്‌നാട്ടുകാര്‍ അദ്ദേഹത്തെ ‘വീരത്തുറവി’ – കുടുംബവും എന്ന് വിശേഷിപ്പിക്കാന്‍ സന്നദ്ധരായി. കാവിത്തൊപ്പി ധരിച്ചുകൊണ്ട് പുനര്‍ജ്ജന്മം ലഭിച്ചു തിരിച്ചു വന്ന തങ്ങളുടെ നേതാവിനെ ഹിന്ദു സമൂഹം ഇരു കൈകളുംനീട്ടി സ്വീകരിച്ചു.
മഹാരാഷ്ട്രയില്‍ ലോകമാന്യ ബാലഗംഗാധര തിലകന്‍ ഗണേശോല്‍സവത്തിലൂടെ സൃഷ്ടിച്ചെടുത്ത സാമൂഹ്യ ബോധവും പരിവര്‍ത്തനവും പോലെ, തമിഴ്‌നാട്ടിലും ഗണേശോല്‍സവത്തെ പൊതുജന പങ്കാളിത്തത്തോടെയുള്ള വലിയ വിനായക ഘോഷയാത്രയാക്കി മാറ്റുവാന്‍ ഗോപാല്‍ജിക്ക് കഴിഞ്ഞു. ഈ.വി.രാമസ്വാമി നായ്ക്കരുടെ നേതൃത്വത്തില്‍ തമിഴ്‌നാട്ടില്‍ പല ഭാഗങ്ങളിലും വിനായക പ്രതിമകള്‍ തച്ചുടച്ചും, ശ്രീരാമന്റെ കട്ടൗട്ടുകള്‍ക്കും പ്രതിമകള്‍ക്കും ചെരുപ്പ് മാലയണിയിച്ചു ഘോഷയാത്ര നടത്തിയും ഹിന്ദു വികാരങ്ങളെയും വിശ്വാസത്തെയും പരിഹാസ്യമാക്കിയ ഒരു കാലമുണ്ടായിരുന്നു. സംഘടിതരല്ലാതിരുന്ന ഹിന്ദുക്കളുടെ ഹൃദയം വ്രണപ്പെട്ടു. അവരുടെ വ്രണങ്ങളില്‍ മരുന്ന് പുരട്ടുന്നതായിരുന്നു വിനായക ഘോഷയാത്രകള്‍. വര്‍ഷാവര്‍ഷം ഗണേശോല്‍സവം നടത്തുന്നതിന് വേണ്ടി പുതിയ പുതിയ സ്ഥലങ്ങളില്‍ നിന്നും ജനങ്ങള്‍ ഹിന്ദുമുന്നണിയെ സമീപിക്കുന്ന കാഴ്ചയാണ് ഇന്ന് കാണാന്‍ കഴിയുന്നത്. വിനായക വിഗ്രഹം വെക്കുന്ന സ്ഥലങ്ങളിലെല്ലാം ഹിന്ദുമുന്നണിയുടെ കമ്മിറ്റികളും രൂപികരിക്കും. തെരഞ്ഞെടുത്ത അംഗങ്ങള്‍ക്ക് പ്രശിക്ഷണ ശിബിരങ്ങള്‍ നടത്തി അവരെ കര്‍മ്മോല്‍സുകാരാക്കുന്ന രീതിക്കും ഗോപാല്‍ജി തുടക്കം കുറിച്ചു.
കുറച്ച് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഉണ്ടായ വലിയ ചുഴലിക്കാറ്റില്‍ രാമേശ്വരത്തു നിന്നും ധനുഷ്‌കോടിയിലേക്കുള്ള സകലവിധ ബന്ധങ്ങളും വിച്ഛേദിക്കപ്പെട്ടു. പ്രധാന കരയില്‍നിന്നും ഒറ്റപ്പെട്ട്, ക്രമേണ അവഗണിക്കപ്പെട്ട ശ്രീരാമന്റെ പാദസ്പര്‍ശനം കൊണ്ട് പവിത്രമായ ധനുഷ്‌കോടിയെ ഒരു പ്രധാന തീര്‍ത്ഥാടന കേന്ദ്രമായി മാറ്റണമെന്ന ഉദ്ദേശ്യത്തോടെ ഗോപാല്‍ജി രംഗത്തിറങ്ങി. അത്തിമരം കൊണ്ട് നിര്‍മ്മിച്ച ഒരു കൂറ്റന്‍ ഹനുമാന്റെ വിഗ്രഹം പ്രതിഷ്ഠിച്ചു കൊണ്ട് അവിടെ കോടി അര്‍ച്ചനകളും മറ്റും നടത്തി. ധനുഷ്‌കോടിയിലേക്കു റോഡും മറ്റു അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിത്തരണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയെ കണ്ടു സമ്മര്‍ദ്ദം ചെലുത്തി. ഉദ്ദേശിച്ച ഫലം ലഭിച്ചു. ധനുഷ്‌കോടിയിലെ അത്തിമര ആഞ്ജനേയ സ്വാമിയെ ദര്‍ശിക്കാന്‍ തമിഴ്‌നാടിന്റെ മുക്കിലും മൂലയിലും നിന്ന് ജനങ്ങള്‍ പ്രവഹിച്ചെത്തി. ഇന്ന് ആര്‍ക്കും അനായാസമായി എത്തിച്ചേരാനുള്ള സൗകര്യങ്ങള്‍ ഇതിന്റെ ഫലമായി ഉണ്ടായി.
രാമസേതു സംരക്ഷിക്കുന്നതിനുള്ള സമരത്തിലും ശക്തമായ നേതൃത്വം വഹിച്ചുകൊണ്ട് രാമഗോപാല്‍ജി നിറഞ്ഞു നിന്നു.
സ്വന്തം ജീവിതത്തെ മാതൃകയാക്കി അസംഖ്യം കാര്യകര്‍ത്താക്കന്മാരെ സംഘത്തിലും ഹിന്ദുമുന്നണിയിലും സൃഷ്ടിച്ചെടുക്കാന്‍ സാധിച്ചു എന്നതാണ് അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ധന്യത. ആ ജീവിതം നമുക്കേവര്‍ക്കും എന്നും മാര്‍ഗ്ഗദീപമായി ഭവിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം.
(ആര്‍ എസ് എസ് അഖിലഭാരതീയ
കാര്യകാരിണി ക്ഷണിതാവാണ് ലേഖകന്‍)