Wednesday, July 9, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

ഇനിയില്ല ഇളയനില…

ടി.എം. സുരേഷ്‌കുമാര്‍

Print Edition: 9 October 2020
ഇനിയില്ല ഇളയനില...

ഇനിയില്ല ഇളയനില...

”ഈ കടലും മറുകരയും ഭൂമിയും മാനവും കടന്ന്
ഈരേഴു പതിനാലു… ലോകങ്ങള്‍ കാണാന്‍ ഇവിടുന്നു-
പോണവരേ… അവിടെ മനുഷ്യനുണ്ടോ…? അവിടെ മതങ്ങളുണ്ടോ…?

ബാലസുബ്രഹ്മണ്യത്തിന്റെ അനശ്വരമായ ശബ്ദത്തെ മലയാളക്കരയിലെത്തിച്ച പാട്ട്… വയലാറിന്റെ രചനയില്‍ ദേവരാജന്‍ മാസ്റ്ററുടെ ഈണത്തില്‍ 1969ല്‍ കടല്‍പ്പാലം എന്ന ചിത്രത്തിനുവേണ്ടിയാണ് അദ്ദേഹം ഈ പാട്ടുപാടിയത്. പിന്നാലെ അദ്ദേഹത്തിന്റെ ശബ്ദം മലയാളക്കരയില്‍ ഇടയ്ക്കിടെ മുഴങ്ങിക്കേട്ടു. പതിനാറു ഭാഷകളിലായി നാല്‍പ്പതിനായിരത്തിലേറെ പാട്ടുകള്‍ പാടിയ പ്രിയഗായകന്‍ മടങ്ങി. തമിഴ്മണ്ണില്‍ നിന്നുവന്ന് രാജ്യമെങ്ങും പരന്ന മധുരശബ്ദത്തിന്റെ ഉടമ, പത്മഭൂഷണ്‍ എസ്.പി. ബാലസുബ്രഹ്മണ്യം (74) ഇനി ഓര്‍മ്മയിലെ അനശ്വരഗാനം. ”ശ്രീപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്മണ്യം പാടിയതെല്ലാം ഹൃദയത്തിലേക്കായിരുന്നു. ഏതുഭാഷയും അസാമാന്യമായി വഴങ്ങുന്ന ഗായകന്‍. കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ അനുഗമിച്ച ശബ്ദവും കേട്ടുമയങ്ങിയ ലയഭംഗിയും.

വിവിധ ഭാഷകളുടെ ഉച്ചാരണവൈവിധ്യത്തെ അസാധാരണമായ പാടവത്തോടെ ഇമ്പമോടെ സ്വായത്തമാക്കിയ പ്രതിഭ. ”തേരെ മെരേ ബീച് മേ” എന്നു പാടുമ്പോള്‍ ബാലു അസല്‍ ഉത്തരേന്ത്യക്കാരന്‍. ”ഇളയനിലാ പൊഴിയാതെ” എന്നു മനസ്സുതൊടുമ്പോള്‍ പക്കാ തമിഴന്‍. ”സുവി സുവി സൂവാലമ്മ” എന്നു വര്‍ണിക്കുമ്പോള്‍ നാട്ടുകാരനായ തെലുങ്കന്‍. ”ഭലെ ഭലെ ചെന്ദദ” എന്നു പാടുമ്പോള്‍ തികഞ്ഞ കന്നഡിഗ, ”ചേതോഹരമായ താരാപഥ”ത്തെ കാണിച്ചു തന്നപ്പോള്‍ തീര്‍ത്തും മലയാളി. നാല്‍പ്പതിനായിരത്തിലധികം പാട്ടുകള്‍ പാടി ഗിന്നസില്‍ ഇടം പിടിച്ചതിനപ്പുറം അസംഖ്യം പുരസ്‌കാരസുകൃതങ്ങള്‍ക്കപ്പുറം സാധാരണക്കാരില്‍ സാധാരണക്കാരന്റെ മനസ്സിനെ, അവന്റെ കല്‍പ്പനകളെ, പ്രണയചിന്തകളെ, വിഷാദത്തെ, ഭക്തിയെ തൊട്ടുണര്‍ത്തിയ മാന്ത്രികനായിരുന്നു അദ്ദേഹം. അവരുടെ ഹൃദയത്തിലെ അമരക്കാരനായ ഇസൈ ചക്രവര്‍ത്തി. എസ്.പി.ബിയില്‍ പലരുണ്ടായിരുന്നു. ഗായകനെ കൂടാതെ നടന്‍, സംഗീതസംവിധായകന്‍, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്, ടി.വി. അവതാരകന്‍… അങ്ങനെ എത്രയെത്ര വേഷപ്പകര്‍ച്ചകള്‍: ഓരോന്നിലും സവിശേഷമായ തന്റെ മുദ്ര ചാര്‍ത്തുകയും ചെയ്തു, പ്രിയപ്പെട്ടവരുടെ ബാലു. പാട്ടില്‍ നിറയേണ്ട ജീവിതഭാവങ്ങളത്രയും ആ കണ്ഠം എപ്പോഴും കാത്തുസൂക്ഷിച്ചു… അനുരാഗവും വാല്‍സല്യവും ദുഃഖവും നഷ്ടവുമൊക്കെ പാട്ടുകളില്‍ തിരയടിച്ചുകൊണ്ടേയിരുന്നു.

ആന്ധ്രാപ്രദേശിലെ നെല്ലൂരിനടുത്തുള്ള കൊനെട്ടമ്മപേട്ടയില്‍ 1948 ജൂണ്‍ 6നു ജനനം. സംഗീതം ജന്മസിദ്ധമായിരുന്നു. അക്കാലത്തെ പ്രമുഖ ഹരികഥാകലാകാരനായിരുന്ന അച്ഛന്‍ എസ്.പി. സമ്പാമൂര്‍ത്തിയായിരുന്നു ആദ്യ ഗുരു. ഹാര്‍മോണിയവും ഓടക്കുഴലും വായിക്കാനും അച്ഛനാണ് പഠിപ്പിച്ചത്. നാട്ടിലെ ഗാനമേളകളില്‍ പാടി നടന്ന പയ്യന് ചലച്ചിത്ര പിന്നണി ഗായകനാകാനായിരുന്നു മോഹം. പക്ഷേ അച്ഛനാഗ്രഹിച്ചത് എന്‍ജിനീയറാക്കാന്‍. എന്‍ജിനീയറിംഗ് കോളേജില്‍ ചേര്‍ത്തെങ്കിലും ടൈഫോയിഡ് കാരണം പഠനം മുടങ്ങി. പിന്നീട് ചെന്നൈയില്‍ പഠനം തുടര്‍ന്നു. അക്കാലത്ത് ഗാനമേളകളില്‍ പാടി തകര്‍ക്കുന്നത് കേട്ട് ഇഷ്ടപ്പെട്ടാണ് പ്രമുഖ തെലുങ്ക് സംഗീതസംവിധായകന്‍ എസ്.പി. കോദണ്ഡപാണി സിനിമയിലേക്ക് വിളിച്ചത്. 1966ല്‍ അദ്ദേഹം തന്നെ ശ്രീശ്രീ മര്യാദരാമണ്ണ എന്ന ചിത്രത്തില്‍ പാടിച്ചു. ആയിടയ്ക്ക് മദ്രാസ് കേന്ദ്രമാക്കി ഒരു തെലുങ്ക് സാംസ്‌കാരിക സംഘടന നടത്തിയ സംഗീതമത്സരത്തില്‍ മികച്ച ഗായകനായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ബാലുവിന്റെ ജീവിതം പുതിയ ഈണം മൂളുന്നത്.

അപാരമായ ശ്വാസനിയന്ത്രണം കൊണ്ട് അദ്ദേഹത്തിന്റെ കണ്ഠത്തില്‍ സ്വരാംശങ്ങള്‍ അതിവേഗം സഞ്ചരിച്ചു. പാട്ടുപഠിച്ചെടുത്ത് പാടുന്നതിലെ അത്ഭുതവേഗം അനന്യമായിരുന്നു. അതുകൊണ്ടുതന്നെ പാട്ടുകളുടെ എണ്ണത്തില്‍ എസ്.പി.ബി എല്ലാ മുന്‍കാല റെക്കോഡുകളും മറികടക്കുകയും ചെയ്തു. കന്നഡ സംഗീത സംവിധായകനായ ഉപേന്ദ്രകുമാറിനു വേണ്ടി 1981 ഫെബ്രുവരി എട്ടിന് ബംഗളൂരുവിലെ ഒരു റിക്കോര്‍ഡിംഗ് തിയേറ്ററില്‍ 12 മണിക്കൂര്‍കൊണ്ട് പാടിതീര്‍ത്തത് 21 പാട്ടുകളാണ്! കോദണ്ഡപാണിമുതല്‍ അനിരുദ്ധ് വരെ പല തലമുറയിലെ സംഗീത സംവിധായകരുടെ ഈണങ്ങള്‍ക്ക് സ്വരം നല്‍കിയിട്ടുണ്ട്. എല്ലാം സംഗീതപ്രേമികളുടെ മനസ്സില്‍ കൂടിയേറിയ പാട്ടുകള്‍. എന്നാല്‍ ഈണവും സ്വരവും വല്ലാത്തൊരു പാരസ്പര്യത്തോടെ കെട്ടിപ്പുണര്‍ന്ന അനുഭവം സമ്മാനിച്ചത്, എസ്.പിയും ഇളയരാജയും ചേര്‍ന്നപ്പോഴാണ്. പാട്ടിന് പുറത്തേക്കുനീളുന്ന സൗഹൃദത്തിന്റെ ഊഷ്മളത കൂടി ചേര്‍ന്നപ്പോഴാണ് ആ മാജിക് സാധ്യമായത്. മാങ്കുയിലിനെയും പൂങ്കുയിലിനെയും തെന്‍മധുരൈയിലെ വൈഗൈ നദിയെയും തമിഴ് ഹൃദയത്തോടവര്‍ ചേര്‍ത്തുവച്ചു. എം.ജി.ആറിലും (പാടുമ്പോത് നാന്‍ തെന്‍ട്രല്‍ കാറ്റ്) ശിവാജി ഗണേശനിലും (പൊട്ടുവെത്ത മുഖമോ) ജമിനി ഗണേശനിലും (ആയിരം നിനവു ആയിരം കനവ്) തുടങ്ങി കമല്‍ഹാസനിലൂടെ (ഇളമൈ ഇതോ ഇതോ, നീലവാന ഓടയില്‍) രജനീകാന്തിലൂടെയും (ഒരുവന്‍ ഒരുവന്‍ മുതലാളി, വന്തെണ്ടാ പാല്‍ക്കാരന്‍) പുതുതലമുറകളിലേക്ക് നീണ്ട കാലാതിവര്‍ത്തിയായ ഹിറ്റുകളുടെ നിരതന്നെ അദ്ദേഹം തീര്‍ത്തു. എം.എസ്. വിശ്വനാഥന്‍ മുതല്‍ എ.ആര്‍. റഹ്മാനും വിദ്യാസാഗറും വരെ ആ സ്വരഭംഗിയില്‍ സംഗീതശില്‍പങ്ങള്‍ കടഞ്ഞെടുത്തു. ഒരുപാട് താരങ്ങള്‍ക്ക് ആ പാട്ടുകള്‍ താരപരിവേഷം നല്‍കി.

എസ്.പി. ബാലസുബ്രഹ്മണ്യം എന്ന ഗായകനുവേണ്ടി കാലം പുതിയ ചില ഈണങ്ങള്‍ കാ തോര്‍ത്തുവച്ചിട്ടുണ്ടായിരുന്നു. 1980ല്‍ ശങ്കരാഭരണം എന്ന തെലുങ്കു ചിത്രത്തിലൂടെ ലോകം അതു കേട്ടപ്പോള്‍ ഭാഷകളുടെ വരമ്പുകള്‍ ഉടഞ്ഞു. കെ.വി. മഹാദേവന്‍ ഈണം നല്‍കിയ ചിത്രത്തിലെ ശങ്കരാ…, ഓംകാരനാദാനു…, ദൊരഗുണ…, രാഗം താനം പല്ലവി… തുടങ്ങിയ മുഴുവന്‍ ഗാനങ്ങളും ക്ലാസിക്കല്‍ സ്പര്‍ശമുണ്ടായിട്ടും സൂപ്പര്‍ഹിറ്റ്. ആ ചിത്രം എസ്.പിക്ക് മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരം നേടിക്കൊടുത്തു. ഭാഷകള്‍ക്കതീതമായി ഇന്ത്യയൊന്നാകെ ശങ്കരാഭരണത്തിലെ ഈണങ്ങള്‍ മൂളി തുടങ്ങിയപ്പോഴാണ് ബോളിവുഡിലേക്കുള്ള വിളി. ദക്ഷിണേന്ത്യന്‍ ഗായകര്‍ എത്ര മിടുക്കരായാലും അവരെ തിരസ്‌കരിക്കുന്ന സമ്പ്രദായമാണ് ബോളിവുഡിനുള്ളത് എന്നതിനാല്‍ സ്വാഭാവികമായും തുടക്കം ശുഭകരമായിരുന്നില്ല. ഹിന്ദി ഉച്ചാരണം ശരിയല്ല എന്നുപറഞ്ഞ് പ്രശസ്ത സംഗീതസംവിധായകര്‍ പലരും മാറ്റി നിര്‍ത്തി. അപ്പോഴാണ് ലക്ഷ്മികാന്ത്, പ്യാരേലാല്‍ എസ്.പി.ബിയെ വച്ചൊരു പരീക്ഷണത്തിന് തയ്യാറാകുന്നത്. കെ. ബാലചന്ദറിന്റെ ഏക് ദൂജേ കേലിയേ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ ഹിന്ദിയില്‍ തരംഗമാകുക മാത്രമല്ല, 1981ലെ ദേശീയ പുരസ്‌കാരവും നേടിക്കൊടുത്തു. നാലുഭാഷകളിലായി ആറ് തവണ ദേശീയ പുരസ്‌കാരം ലഭിച്ച ബാലുവിന് മികച്ച ഗായകനുള്ള ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിച്ചത് 25 പ്രാവശ്യം. എല്‍.ആര്‍.ഈശ്വരിയില്‍ തുടങ്ങി ശ്വേതാ മോഹന്‍ വരെ നീളുന്ന ഗായികമാരോടൊപ്പം പാടുമ്പോഴും ആ സ്വരയൗവ്വനത്തിന് തരിമ്പും ചുളിവ് വീണിരുന്നില്ല. പുകവലിച്ചാലും ഐസ്‌ക്രീം കഴിച്ചാലും എട്ടുകട്ടയില്‍ പാടിയാലും ദിനം പത്തുപാട്ടുപാടിയാലും എസ്.പിയുടെ ശബ്ദത്തിന് ഒരിടര്‍ച്ച പറ്റുമായിരുന്നില്ല. തെലുങ്ക്, കന്നട, തമിഴ് ഭാഷകളിലായി 72 സിനിമകളില്‍ അദ്ദേഹം അഭിനയിച്ചു. പാടിയഭിനയിച്ച വേഷങ്ങളും ഇതില്‍ ഉള്‍പ്പെടും. ജമിനിഗണേശന്‍, ഗിരീഷ്‌കര്‍ണാട്, കമല്‍ഹാസന്‍, രജനീകാന്ത്, സല്‍മാന്‍ഖാന്‍, അനില്‍കപൂര്‍, അര്‍ജുന്‍ തുടങ്ങിയവര്‍ക്കുവേണ്ടി അദ്ദേഹം ഡബ്ബ് ചെയ്തിട്ടുണ്ട്.

ഒട്ടേറെ തവണ ദേശീയ പുരസ്‌കാരം നേടിയ ഈ മഹാഗായകന്‍ ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചിട്ടില്ലെന്നു പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? ശങ്കരാഭരണത്തിലെ ശാസ്ത്രീയ ഗാനങ്ങള്‍ തന്നെ ഉദാഹരണം. സംഗീതം ശാസ്ത്രീയമായി പഠിക്കാത്ത ഒരാളിന് എങ്ങനെ ഇതു സാധിച്ചു എന്നു പലരും അത്ഭുതം കൂറുന്നു. ശങ്കരാഭരണം നേടിത്തന്ന കീര്‍ത്തി മുദ്രകള്‍ ഒന്നടങ്കം എസ്.പി. സമര്‍പ്പിച്ചിട്ടുള്ളത് ഒരു തിരുവനന്തപുരത്തുകാരനാണ്. ചാലയില്‍ ജനിച്ചുവളര്‍ന്ന് തമിഴകത്ത് വാദ്യവിന്യാസ വിദഗ്ദ്ധനും മലയാളത്തില്‍ സംഗീതസംവിധായകനായും പേരെടുത്ത വേലപ്പന്‍ നായര്‍ എന്ന പുകഴേന്തി. കെ.വി. മഹാദേവന്റെ വിശ്വസ്ത സഹായിയായ പുകഴേന്തിയുടെ ആത്മാര്‍ത്ഥമായ ശിക്ഷണം ഇല്ലായിരുന്നെങ്കില്‍ ശങ്കരാഭരണത്തിലെ പാട്ടുകള്‍ പാടി ഫലിപ്പിക്കാന്‍ തനിക്ക് കഴിയില്ലായിരുന്നു എന്ന് വിശ്വസിച്ചു എസ്.പി. മലയാളത്തില്‍ കടല്‍പ്പാലത്തിലൂടെ എസ്.പിയുടെ തുടക്കം. യോഗമുള്ളവര്‍, കവിത, പട്ടാളം ജാനകി, ചിലങ്ക, ശുദ്ധികലശം… തുടങ്ങിയവയില്‍ പാടി. 1979ല്‍ യേശുദാസിനോടൊപ്പം സര്‍പ്പം എന്ന ചിത്രത്തിലെ സ്വര്‍ണ്ണ മീനിന്റെ ചേലൊത്ത എന്ന എക്കാലത്തെയും മികച്ച ഖവാലി ഗാനം പാടി. മലയാളത്തില്‍ നൂറിലേറെ ഗാനങ്ങള്‍ പാടിയ എസ്.പി.യുടെ ചില ഗാനങ്ങള്‍ ”ചിരികൊണ്ടുപൊതിയും” (മുന്നേറ്റം), ”കളിക്കളം ഇതുപടക്കളം” (റാംജി റാവു സ്പീക്കിംഗ്), താരാപഥം ചേതോഹരം (അനശ്വരം), ”ഊട്ടിപ്പട്ടണം” (കിലുക്കം), ”പാല്‍നിലാവിലെ (ബട്ടര്‍ഫ്‌ളൈസ്), കാക്കാല കണ്ണമ്മ” (ഒരു യാത്രാമൊഴി), ”മേനേ പ്യാര്‍ കിയാ..” (സി.ഐ.ഡി. മൂസ) തുടങ്ങിയവ… അമ്പത് വര്‍ഷത്തിനിടെ തെന്നിന്ത്യന്‍ ചലച്ചിത്ര ലോകത്ത് തലമുറകള്‍ മാറിയപ്പോഴും മാറ്റമുണ്ടാകാത്തത് എസ്.പി.ബി എന്ന ഗായകന് മാത്രമായിരുന്നു.

വാനവീഥികളിലെ സംഗീതസൗന്ദര്യത്തെ മണ്ണില്‍ മഴയായി പെയ്യിച്ച ഗായക സാമ്രാട്ടായ എസ്.പി. ഈ കോവിഡ് കാലത്ത് നമ്മില്‍ വേദന നിറച്ചാണ് മടങ്ങുന്നത്. ഒരുമിച്ച് നില്‍ക്കേണ്ട സമയം, ഇത് പൊരുതലിന്റെ സമയം… എന്ന് തുടങ്ങുന്ന റഫീക് അഹമ്മദിന്റെ വരികള്‍ എസ്.പിയുടെ സ്വരത്തില്‍ നാം കേട്ടു. മനസ്സ് പതറി നില്‍ക്കുമ്പോള്‍ പോലും ഈ പാട്ട് നമ്മില്‍ ധൈര്യം നിറയ്ക്കുന്നു. പാട്ടുകള്‍ കൊണ്ട് കോടിക്കണക്കിന് മനസ്സുകള്‍ കവര്‍ന്ന അനശ്വരഗായകാ… അങ്ങയോട് ഇഷ്ടം കൂടിയ എണ്ണമറ്റ കാതുകളും അതുതന്നെ പറയുന്നു. യാത്രകള്‍ അവസാനിക്കുന്നില്ല… അങ്ങയുടെ പാട്ടുകള്‍ എന്നും കാലത്തിന്റെ കാതോരത്തു തന്നെയുണ്ടാകും… മനസ്സിന്‍ സംഗീതത്തിന്റെ വിവിധ ഭാവങ്ങളുടെ മഴവില്ല് തീര്‍ത്ത നാദശരീരന് പ്രണാമം!!

Share1TweetSendShare

Related Posts

കൊട്ടിയൂരിലെ മഴമഹോത്സവം

സമര്‍പ്പണത്തിന്റെ സന്ദേശമോതുന്ന ശ്രീ ഗുരുപൂജ ഉത്സവം

അവകാശ സമരങ്ങളെ അടിച്ചമര്‍ത്തുമ്പോള്‍

ഗുരുഭക്തി

പേരുമാറ്റത്തിന്റെ പൊരുള്‍

യോഗയില്‍ ഒന്നിക്കുന്ന ലോകം

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബഹിരാകാശ സഞ്ചാരിയുടെ അധികാരവും കുട്ടികള്‍ പഠിക്കട്ടെ!

കൊട്ടിയൂരിലെ മഴമഹോത്സവം

സമര്‍പ്പണത്തിന്റെ സന്ദേശമോതുന്ന ശ്രീ ഗുരുപൂജ ഉത്സവം

അവകാശ സമരങ്ങളെ അടിച്ചമര്‍ത്തുമ്പോള്‍

ചുകപ്പന്‍ അവാര്‍ഡുകള്‍ മാത്രം വാഴുന്ന സാഹിത്യ അക്കാദമി

ഗുരുഭക്തി

നവോത്ഥാന പൈതൃകം പ്രോജ്ജ്വലമാക്കിയ വ്യക്തിത്വം

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies