ആര്.എസ്.എസ്സിനെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ്സിന്റെ വക ഒരു പുതിയ അവതാരം വരുന്നു. പല്ലുകൊഴിഞ്ഞ് അത്തും പുത്തുമായ സേവാദളിന് നേതാക്കള്‍ക്ക് സല്യൂട്ടടിക്കാന്‍ തന്നെ ത്രാണിയില്ലാത്ത സ്ഥിതിക്ക് എങ്ങനെ ആര്.എസ്.എസ്സിനെ പ്രതിരോധിക്കും? അതുകൊണ്ടാണ് ലോകമാന്യ സേവാദള്‍ അവതരിച്ചത്. ലോകമാന്യ തിലകന്റെ പേര് ദളിന് ഇട്ടത്തില്‍ രണ്ടുകാര്യമുണ്ട്. ആര്.എസ്.എസ്സിനെ പ്രതിരോധിക്കാന്‍ കടുത്ത ഹിന്ദുത്വവാദിയായ തിലകനെക്കാള്‍ വലിയ ആയുധം വേറെയില്ലല്ലോ. തിലകന്റെ കാലം മുതലാണല്ലോ കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പിസം തുടങ്ങിയത്. ഗ്രൂപ്പിസത്തില്‍ അതേ പാരമ്പര്യമാണ് തങ്ങള്‍ക്കും എന്നു തെളിയിക്കലുമാകാം. അത് കോണ്‍ഗ്രസ് നേതൃത്തിനുള്ള മുന്നറിയിപ്പ്. വിരമിച്ച സൈനികരെ ഉപയോഗിച്ചാണ് ഈ സേനയില്‍ കവാത്ത് പഠിപ്പിക്കുക. കോണ്‍ഗ്രസ്സിന്റെ ചരിത്രം പഠിപ്പിക്കല്‍, രാഷ്ട്രീയ എതിരാളികളില്‍ നിന്ന് പ്രവര്‍ത്തകരെ സംരക്ഷിക്കല്‍ എന്നിവയും ഈ സേനയുടെ ലക്ഷ്യമാണെന്നാണ് ഇതിന്റെ വക്താക്കളുടെ അവകാശവാദം. ഗുണ്ടാപ്പണിയാണ് ജോലി എന്ന് ചുരുക്കം. ഇപ്പോഴത്തെ വയസ്സന് സേവാദളിന് അതിനു പറ്റില്ലല്ലോ. ത്രിവര്ണ്ണരാഖി ഗാന്ധിജയന്തി നാളില്‍ ബന്ധിച്ചുകൊണ്ട് ദേശരക്ഷാബന്ധന്‍ ആചരിച്ചത് പ്രചരണത്തിനുള്ള മീഡിയ ഗിമ്മിക്ക്.
ആര്.എസ്.എസ്സിനെ പ്രതിരോധിക്കുകയാണ് ലക്ഷ്യം എന്നു പറഞ്ഞാല്‍ മാര്‍ക്കറ്റു കിട്ടുമെന്ന പ്രതീക്ഷ സംഘാടകര്ക്കുണ്ടാവാം. എന്നാല്‍ ആര്.എസ്.എസ്. വിരോധം പറഞ്ഞാല്‍ ആളെ കിട്ടുന്ന കാലം പോയി എന്ന് ഇതിന്റെ നേതാക്കള്‍ മനസ്സിലാക്കിയിട്ടില്ലെന്നു തോന്നുന്നു. എന്തായാലും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് ഇക്കാര്യം മനസ്സിലായിട്ടുണ്ട്. ഇത്തരം തരികിടകളൊന്നും നാലുകാശിനു കൊള്ളില്ല എന്നു അനുഭവമുള്ളതുകൊണ്ടു കൂടിയാവാം ഈ ദളിന് കോണ്‍ഗ്രസ്സുമായി ഒരു ബന്ധവുമില്ല എന്നു അദ്ദേഹം പറഞ്ഞു കഴിഞ്ഞു. മുമ്പ്, ആര്.എസ്.എസ്സിനെ അനുകരിച്ച് അതിനെ പ്രതിരോധിക്കാന്‍ കച്ചകെട്ടി ഇറങ്ങിത്തിരിച്ചവര്‍ തട്ടിക്കൂട്ടിയ സംഘടനകളെല്ലാം അല്പായുസ്സുകളായിരുന്നു. അതിനാല്‍ ഈ ദളിന്റെ ജാതകം നോക്കാന്‍ ആരും തയ്യാറാകുമെന്നു തോന്നുന്നില്ല.