വൃക്ഷലതാദികള്‍ മുളച്ചുവളരാത്ത മണല്‍പരപ്പുകള്‍ക്ക് ആണ് മരുഭൂമി എന്നു പറയുക. ജലദൗര്‍ലഭ്യതയും വരണ്ടുണങ്ങി ചൂടുള്ള കാലാവസ്ഥയും ഇവിടം വാസയോഗ്യമല്ലാതെയാക്കി. എന്നാല്‍ ഇതു സഹിച്ചും പൊരുതിയും ജീവിക്കുന്നവര്‍ വിരളമായി കണ്ടേക്കും. നഗരങ്ങള്‍ നിര്‍മ്മിതമായിട്ടുണ്ട്. എങ്കിലും ശൂന്യത കൊടികയറിയ ഒരിടം എന്നാണല്ലോ പരക്കെയുള്ള ധാരണ. അതവിടെ നില്‍ക്കട്ടെ. താമസയോഗ്യമായ നല്ല സ്ഥലങ്ങളിലേയ്ക്ക് മാറാമല്ലോ! ഏറ്റവും വലിയ വിപത്ത് മനുഷ്യമനസ്സില്‍ വളരുന്ന മരുഭൂമിയാണ്. ആര്‍ദ്രത നഷ്ടപ്പെട്ട്, ചൈതന്യരഹിതമായി, കാരുണ്യലേശമില്ലാതെ, മനസ്സില്‍ മരുഭൂമി രൂപം കൊള്ളുന്നു. മനുഷ്യരില്‍ നിന്ന് മനുഷ്യത്വം മറയുന്നു. അന്യദുഃഖത്തില്‍ അലിയുന്നവര്‍ കുറഞ്ഞുവരുന്നു. ഒരു നിസ്വാര്‍ത്ഥമായ പ്രവൃത്തി, ലാഭേച്ഛ കൂടാതെയുള്ള കര്‍മ്മം, സാധാരണമല്ലാതെയാകുന്നു. ‘ലോകാസമസ്താ സുഖിനോഭവന്തു’ എന്നിത്തരം പ്രാര്‍ത്ഥനകളും ചിന്തകളും ഭൂതകാലസ്മരണകളോ, കടലാസുപൂക്കളോ ആയി. ”കമിഴ്ന്നുവീണാല്‍ കാല്പണം” എന്ന മുദ്രാവാക്യം സാര്‍വ്വത്രികമായി. കാല്പണം കോടികളായി എന്നതാണ് യാഥാര്‍ത്ഥ്യം. അയല്‍ക്കാരനെ സ്‌നേഹിക്കുവാനും അത്താഴപ്പഷ്ണിക്കാരുണ്ടോ എന്നന്വേഷിക്കുവാനും ആളേ ഇല്ല. ന്യായം നടപ്പാക്കുന്നത് കോടതിയുടെ ജോലി. സത്യം ബോധിപ്പിക്കാം എന്നു പറയുന്നതുപോലും കോടതിമുറിയില്‍ മാത്രം. ‘അന്യായം’ കൊടുക്കുകയാണ് നമ്മുടെ ജോലി. ”നമുക്കും കിട്ടണം പണം” എന്നതായി സര്‍വ്വാദരണീയമായ തത്വസംഹിത. ലക്ഷ്യം ഒന്നുതന്നെ. അതിനുള്ള മാര്‍ഗ്ഗങ്ങള്‍ പലതാണ്. ഓരോരുത്തര്‍ക്കും ഓരോവഴി. അമ്മയ്ക്കു ചിലവിനു കൊടുക്കാത്തവര്‍, ഭാര്യയെ സ്വപ്‌നത്തില്‍ പോലും കാണാത്തവര്‍, കളവ് മോശമായി കരുതാത്തവര്‍, കായികബലത്തില്‍ വിശ്വസിക്കുന്നവര്‍ – ഈ പട്ടിക പൂര്‍ത്തിയാക്കുവാന്‍ പ്രയാസം തന്നെ. ”കണ്ടാല്‍ കളി, കണ്ടില്ലേല്‍ കാര്യം” അതായി പ്രമാണം. കണ്ടത് പറയാതിരിക്കുവാനും കാണാത്തത് കണ്ടെന്നു പറയുവാനും ‘കൈമടക്കു’മതി. പണമാണ് മതം. ലാഭം കിട്ടുമെങ്കില്‍ എന്തും ചെയ്യും. വീട്ടുപടിക്കല്‍ ഒരു പട്ടി ചത്തുകിടന്നാല്‍ നഗരസഭയുടെ ചുമതലയാണ് ബാക്കി ചെയ്യേണ്ടത്. കാണികള്‍ ചിലപ്പോള്‍ പ്രതിഷേധിക്കും. വണ്ടി തട്ടി ഒരാള്‍ വഴിയില്‍ വീണാല്‍ വണ്ടിക്കാര്‍, സ്ഥലം വിടും. സമീപത്തുള്ള കടക്കാരും കടയടച്ച് വീട്ടില്‍ പോകും. പൊല്ലാപ്പിനൊന്നും പോകണ്ടല്ലോ! മതിലുകള്‍ക്കുള്ളില്‍ സ്വസ്ഥമായി വസിക്കുവാനാണ് എല്ലാവര്‍ക്കും ഇഷ്ടം. എന്തിനേറെ പറയണം? മനുഷ്യമനസ്സിനുള്ളില്‍ മരുഭൂമികള്‍ വളരുന്നു. ഇതൊക്കെ നിസ്സാരകാര്യങ്ങള്‍ പെരുപ്പിച്ചു കാണുകയാണെന്നു തോന്നാം. അവര്‍ ക്ഷമിക്കട്ടെ. മനസ്സിനുള്ളില്‍ മലര്‍വാടിയോ മരുഭൂമിയോ എന്ന് തര്‍ക്കിക്കേണ്ട കാര്യമില്ല. ഒരുപക്ഷം ചേരാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. ബുദ്ധിരാക്ഷസര്‍ ജയിക്കും. ബുദ്ധിഹീനര്‍ തോല്‍ക്കും. അത് സാധാരണം. കാക്കനാടന്‍ എഴുതിയ ‘നായ്ക്കളുടെ ലോക’ വും സി. രാധാകൃഷ്ണന്റെ ‘കരള്‍ പിളരും കാല’ വും വായിച്ചിട്ടുള്ളവര്‍ മരുഭൂമിയുടെ വളര്‍ച്ച കാണാതിരിക്കില്ല.