Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

മാറ്റം മനോഹരം (ഹിന്ദു ബദൽ- ഭാവിയുടെ പ്രത്യയശാസ്ത്രം തുടർച്ച )

സജി നാരായണന്‍ സി.കെ.

Print Edition: 25 October 2019

മാറ്റം ആവശ്യമാണ്. ഭാരതം എന്നും മാറ്റത്തിന്റെ മനോഹാരിതയ്ക്ക് അനുകൂലമായിരുന്നുവെന്ന് ഠേംഗിഡിജി പറഞ്ഞു. ശ്രീ ഗുരുജി ഗോള്‍വള്‍ക്കര്‍ വളരെ മനോഹരമായി മാറ്റത്തെ വിവരിക്കുന്നു- ”വളരുന്ന ഏത് സമൂഹവും ആവശ്യമുള്ളവ മാത്രം പാരമ്പര്യത്തില്‍ നിന്നും നിലനിര്‍ത്തി പുതിയവയെ അവയുടെ സ്ഥാനത്ത് പ്രതിഷ്ഠിക്കുന്നു. ഇത് പ്രകൃതിയുടെ പാഠമാണ്. മരം വളരുമ്പോള്‍ ഇലകളും ഉണങ്ങിയ കൊമ്പുകളും കൊഴിഞ്ഞു പുതിയവ തളിര്‍ക്കുന്നു.” യുഗാനുകുല മാറ്റങ്ങള്‍ ആണ് യുഗധര്‍മ്മം ആകുന്നത്, ഒരേ സനാതന ചിന്തയുടെ കാലാനുസൃതമായ പുനരവതരണം. മാറ്റം പ്രാണനാണ്, എന്നാല്‍ ദിശാബോധമില്ലാത്ത, നിയന്ത്രണമില്ലാത്ത മാറ്റം ജീവന്റെ ശത്രുവാണ്, ഠേംഗിഡിജി പറഞ്ഞു. മാറുന്ന സാഹചര്യങ്ങളുമായി എളുപ്പം ഇണങ്ങുന്നവ നിലനില്ക്കും.

പാശ്ചാത്യ ചിന്തകര്‍ വ്യവസ്ഥയിലുള്ള മാറ്റം മനഃസ്ഥിതിയില്‍ പരിവര്‍ത്തനമുണ്ടാക്കുമെന്ന് വിശ്വസിച്ചു. ആല്‍വിന്‍ ടോഫ്‌ളറെ പോലുള്ളവര്‍ ഭരണമാറ്റം സാമൂഹ്യ പരിവര്‍ത്തനം ഉണ്ടാക്കുന്നുവെന്ന് പറഞ്ഞു. മാര്‍ക്‌സിന്റെ സിദ്ധാന്തം തന്നെ ബോധമെന്നാല്‍ പദാര്‍ത്ഥത്തിന്റെ മുകളില്‍ പടുത്തുയര്‍ത്തിയ ഒന്നാണ് എന്നാണല്ലോ. ന്യൂടോണിയന്‍ ഫിസിക്‌സിന്റെ അടിസ്ഥാനത്തിലുള്ള ചിന്തയായിരുന്നു ഇത്. അതിനാല്‍ സാമൂഹ്യ-സാമ്പത്തിക മാറ്റമാണ് പ്രധാനം.

എന്നാല്‍ ഹിന്ദുവിന് ബോധം പദാര്‍ഥത്തിന്റെ ഏറ്റവും ഉയര്‍ന്ന രൂപമാകുന്നു. ഭൌതിക നേട്ടങ്ങള്‍ക്ക് മുമ്പേ മാനസിക മാറ്റം അനിവാര്യമാണ്. മാറ്റം ഉള്ളില്‍നിന്നും പുറത്തേക്ക്, മനഃസ്ഥിതിയില്‍ നിന്നും വ്യവസ്ഥിതിയിലേക്ക് ആണെന്നു അരവിന്ദന്‍ വ്യക്തമാക്കി. പദാര്‍ത്ഥവും ഊര്‍ജ്ജവും പരസ്പരം പരിവര്‍ത്തനവിധേയമാണെന്ന ആധുനിക ശാസ്ത്രത്തിന്റെ കണ്ടുപിടുത്തം പദാര്‍ത്ഥത്തിന്റെ മൌലിക സ്വഭാവം നഷ്ടപ്പെടുത്തി. അങ്ങിനെ ശാസ്ത്രം ഐന്‍സ്റ്റീനിയന്‍ ഫിസിക്‌സിന്റെ കാലത്തിലെത്തിയപ്പോള്‍ പാശ്ചാത്യ ചിന്തക്ക് ഹിന്ദുവിന്റെ മാര്‍ഗ്ഗത്തിലേക്ക് തിരിയേണ്ടിവന്നു. ഹിന്ദു ആധ്യാത്മിക ചിന്തയനുസരിച്ച് ബോധതലത്തിന്റെ കൂടുതല്‍ വികാസം ആ ജീവിയുടെ ഉയര്‍ന്ന തലമാണ്, ഠേംഗിഡിജി വ്യക്തമാക്കി.

ഠേംഗിഡിജി ആധുനീകരണത്തെ പിന്‍തുണച്ചു. പക്ഷേ പാശ്ചാത്യ മാതൃക, മൂല്യങ്ങള്‍ ആണ് ആധുനികവും സാര്‍വലൌകികവുമെന്ന പാശ്ചാത്യരുടെ പ്രചരണത്തെ അദ്ദേഹം എതിര്‍ത്തു. അദ്ദേഹം മാവോയുടെ പ്രസിദ്ധമായ വാക്കുകള്‍ നമ്മെ ഓര്‍മിപ്പിച്ചു: ”ആധുനീകരണം എന്നാല്‍ പാശ്ചാത്യവല്‍ക്കരണമല്ല”. പാശ്ചാത്യ മാതൃകയും മൂല്യങ്ങളും സാര്‍വലൌകിക മാതൃകയോ മൂല്യങ്ങളോ അല്ല എന്ന തിരിച്ചറിവു വേണം. പാശ്ചാത്യ മൂല്യങ്ങള്‍ എന്നാല്‍ ഭൌതിക വാദം, ഉപഭോഗ വാദം, മനുഷ്യ കേന്ദ്രിതം, വ്യക്തി വാദം തുടങ്ങിയവയാണെന്ന് അദ്ദേഹം പറഞ്ഞു. ഇത് സ്വയം അന്യവല്‍ക്കരിച്ച വലിയ സമൂഹത്തെ ഉണ്ടാക്കി. പാശ്ചാത്യവല്‍ക്കരണത്തില്‍ സാംസ്‌കാരിക തനിമയും ദേശീയ അസ്മിതയും ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതമാക്കുന്നു. യൂറോപ്പില്‍ ഓരോ ചക്രവര്‍ത്തിയുടെയും കീഴില്‍ ഇത് സംഭവിച്ചു.

 

പാശ്ചാത്യ ചിന്തകര്‍ ലോകത്തിന് മുഴുവനായി നിര്‍ദ്ദേശിക്കുന്ന ഏക മാതൃക യൂറോകേന്ദ്രിത ചരിത്രത്തിന്റെ അനുഭവത്തില്‍ ഉരുത്തിരിച്ചെടുത്തതാണ്. ഏതെന്‍സ് മുതല്‍ ന്യൂയോര്‍ക്ക് വരെയാണ് അതിന്റെ അനുഭവമേഖല. മൊഹമ്മദ് കൂതൂബിനെ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു, മാര്‍ക്‌സിന്റെ വൈരുദ്ധ്യാത്മകതക്കും, ചരിത്രപരമായ ഭൌതിക വാദത്തിനും യൂറോപ്യന്‍ ചരിത്രത്തിന് പുറത്തു പ്രസക്തിയില്ല. നമ്മുടെയാകട്ടെ ദൃഷ്ടി സമുദ്രം മുതല്‍ സമുദ്രം വരെയാണ്, അതായത് ലോകത്തെ മുഴുവന്‍ കാണുന്നു.

ആധുനിക വിദ്യാഭ്യാസം ഭാരതത്തിലെ തലമുറകളെ പടിഞ്ഞാറു നോക്കികളാക്കുന്നു. അവര്‍ക്ക് ഷേക്‌സ്പിയറും നെപ്പോളിയനും മാക്കിയവല്ലിയും ഒക്കെയാണ് ഓരോ മേഖലകളിലെ ഹീറോകള്‍. എന്നാല്‍ ഠേംഗിഡിജി പറഞ്ഞു, ഷേക്‌സ്പിയര്‍ ഇംഗ്ലണ്ടിലെ കാളിദാസനെന്നും, നെപ്പോളിയന്‍ യൂറോപ്പിലെ സമുദ്രഗുപ്തനെന്നും, മാക്കിയവല്ലി പാശ്ചാത്യരുടെ ചാണക്യനെന്നും വിദ്യാര്‍ത്ഥികളെ പരിചയപ്പെടുത്താനുള്ള അവഗാഹവും ആര്‍ജവവും നമ്മൂടെ അദ്ധ്യാപകര്‍ പ്രകടിപ്പിക്കണം. അതിനു ചരിത്രം അറിയണം, ഹിന്ദു ശാസ്ത്രങ്ങള്‍ പരിചയപ്പെടണം.

ഇന്ത്യന്‍ രാജനീതി
ഏതെങ്കില്‍ ഒരു തരം രാഷ്ട്രീയ വ്യവസ്ഥയേ പാടുള്ളൂ എന്ന ശാഠ്യത്തെ ഠേംഗിഡിജി എതിര്‍ത്തു. പ്രാചീന ഭാരതത്തില്‍ പതിമൂന്നു തരം സര്‍ക്കാറുകളെ പരീക്ഷിച്ചതായി ഐതരേയ ബ്രാഹ്മണത്തിലെ പരാമര്‍ശം അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സാമ്രാജ്യം, ഭോജ്യം, സ്വരാജ്യം, വൈരാജ്യം, പാരമേഷ്ഠ്യ രാജ്യം, രാജ്യം, മഹാരാജ്യം, ആധിപത്യ സമന്തപര്യായി, സാര്‍വഭൌമം, ജനരാജ്യം, അധിരാജ്യം, വിപ്രരാജ്യം, സമര്‍ത്ഥരാജ്യം എന്നിവയാണ് അത്. ഇനിയും ആവശ്യാനുസരണം പുതിയ രീതികളാകാം. അതുപോലെ ധര്‍മ്മ ആധാരിതമായ സാമൂഹ്യ- സാമ്പത്തിക ക്രമം വിവിധ തരം ഭരണം ഉണ്ടാക്കാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ട്.
പാശ്ചാത്യര്‍ക്ക് രാഷ്ട്രീയം എന്നാല്‍ അധികാരരാഷ്ട്രീയം മാത്രമായി. റോമന്‍, മുസ്ലിം, പഠാന്‍, മുഗള്‍, ഏഷ്യന്‍, യൂറോപ്യന്‍ രാജാക്കന്മാര്‍ ഒക്കെത്തന്നെ ഏകാധിപതികളായിരുന്നുവെന്ന് ഠേംഗിഡിജി ചൂണ്ടിക്കാട്ടി. തൊഴിലാളി സര്‍വാധിപത്യത്തില്‍ പോലും ആധിപത്യമാണ് മുഴച്ചുനില്‍ക്കുന്നത്. എന്നാല്‍ ഇസ്ലാമിക ആക്രമണത്തിന് മുമ്പ് ഭാരതത്തിലെ രാജാക്കന്മാര്‍ ഏകാധിപതികള്‍ ആയിരുന്നില്ല. ശക്തമായ മഗധ സാമ്രാജ്യ കാലത്തുപോലും ചെറിയ രാജാക്കന്മാര്‍ സ്വതന്ത്രരായി ഭരിച്ചു. രാജാക്കന്‍മാരുടെ സ്ഥാനാരോഹണ സമയത്ത് പുരോഹിതന്‍ രാജാവിനെപ്പോലും ശിക്ഷിക്കുംവിധം ധര്‍മ്മമാണ് സര്‍വോപരിയെന്ന് ഓര്‍മിപ്പിക്കുന്നു: ‘ധര്‍മ്മ ദണ്ഡയേഷൂ’. ധര്‍മ്മത്തിന്റെ കാവല്‍ക്കാരനാണ് രാജാവ്. പ്രവാചകന്‍ മൊഹമ്മദ് സ്വയം ആഗ്രഹിക്കാത്ത ആള്‍ ആണ് അമീര്‍ ആകേണ്ടത് എന്നു നിര്‍ദ്ദേശിച്ചത് മാതൃകയായി ഠേംഗിഡിജി പറയുന്നു.

സാമ്രാജ്യത്വത്തിന് അധിക കാലം നില്‍ക്കാനാവില്ലെന്നദ്ദേഹം പറഞ്ഞു. 1100 വര്‍ഷം നിന്ന ബൈസന്റയിന്‍ സാമ്രാജ്യം ഒഴികെ മറ്റൊന്നും ദീര്‍ഘകാലം നിന്നിട്ടില്ല. ഏകകേന്ദ്രീത കമ്മ്യൂണിസ്റ്റ് ലോകമെന്ന സാമ്രാജ്യത്വ സ്വപ്‌നവും തകര്‍ന്നു വീണു. പകരം മറ്റൊരു മേല്‍കോയ്മയാണ് ആഗോളീകരണമായി പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

ഠേംഗിഡിജി രാഷ്ട്രം, രാജ്യം എന്നിവ രണ്ടും വ്യത്യസ്തമാണെന്ന ഭാരതീയ ചിന്ത അവതരിപ്പിച്ചു. ഒരു ജനത, ഒരു സംസ്‌കൃതി, ഒരു ദേശം (ഭാരതം), ഒരു വ്യവസ്ഥ (ധര്‍മ വ്യവസ്ഥ) എന്നിവയെല്ലാം ചേര്‍ന്നതാണ് രാഷ്ട്രം. രാജ്യമാകട്ടെ കേവലം ഭരണ സംബന്ധിയായ രാജനൈതിക സങ്കല്‍പമാണ്. യുണൈറ്റെഡ് ‘നേഷന്‍സ്’ എന്ന വാക്ക് തന്നെ രാജ്യങ്ങളെ രാഷ്ട്രങ്ങളായി തെറ്റായി കരുതിയതിന്റെ ഫലമാണ്. വിദേശങ്ങളില്‍ ഒരു രാജ്യത്തിന്റെ രാഷ്ട്രവാദം എപ്പോഴും മറ്റ് രാഷ്ട്രങ്ങളുമായി ഏറ്റുമുട്ടി. അവിടെ ദേശീയത സാമ്രാജ്വത്വമായി ആധ:പതിച്ചു. അവിടെ അന്തര്‍ദേശീയത രാജ്യദ്രോഹമായി എന്നദ്ദേഹം പറഞ്ഞു. നേരെ മറിച്ചും, ദേശീയ സ്വയംപര്യാപ്തത അന്തര്‍ദേശീയ ഐക്യത്തിന് വിരുദ്ധമായി കണക്കാക്കപ്പെട്ടു. മതഭ്രാന്തും അന്തര്‍ ദേശീയതയുടെ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നു. ഇന്നത്തെ കാലത്ത് ദേശീയ പരമാധികാരത്തിനുള്ള വെല്ലുവിളികള്‍ അന്തര്‍ദ്ദേശീയ മൌലിക വാദം, ദേശാന്തര ഭീകരവാദം, ബഹുരാഷ്ട്ര ധനകാര്യ കോര്‍പ്പറേഷനുകള്‍, ദേശാതിര്‍ത്തികള്‍ കടക്കുന്ന ലഹരി മാഫിയ, വിദേശ കമ്പനികളുടെ ഫണ്ടുപയോഗിച്ചു പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഓ.കള്‍ മുതലായവയാണ്.

അവിടെ ഏറ്റവും വലിയ ദേശീയ ലക്ഷ്യം സൂപ്പര്‍ പവര്‍ സ്ഥാനമാണ്. നമ്മുടെതു ജഗദ്ഗുരു എന്ന ബഹുമാന്യ സ്ഥാനം. ഹിന്ദുത്വത്തിന്റെ ഒരു പ്രത്യേകത അതിന്റെ സാര്‍വലൌകികതയാണ്. നമ്മെ സംബന്ധിച്ചിടത്തോളം ദേശീയതയും അന്തര്‍ദേശീയതയും തമ്മില്‍ സംഘര്‍ഷമില്ല. അവ പരസ്പരം എതിരല്ല. ഒരു കുട്ടി ജനിച്ചു വലുതാകുമ്പോള്‍ ഉണ്ടാകുന്ന ബോധ മണ്ഡലത്തിന്റെ അനുസ്യൂത വികാസ പ്രക്രിയയുടെ വിവിധ ഘട്ടങ്ങള്‍ ആണ് കുടുംബം, സമൂഹം, രാഷ്ട്രം, മാനവ സമൂഹം, മുഴുവന്‍ പ്രപഞ്ചം എന്നിവ. അതിനാല്‍ വസുധൈവ കുടുംബകം, സ്വദേശോ ഭുവനത്രയം എന്നീ സങ്കല്‍പ്പങ്ങള്‍ നമുക്ക് വളരെ പരിചിതം. പാശ്ചാത്യര്‍ക്ക് ഇത് മനസ്സിലാകാന്‍ വളരെ വിഷമമാണ്.

ലോക കമ്മ്യൂണിസം ദേശീയതകളെ നിഷേധിച്ചു കൊണ്ട് പറഞ്ഞു: ‘The proletariat has no fatherland’. പക്ഷേ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളെല്ലാം മാര്‍ക്‌സിസത്തെ ദേശീയവല്‍ക്കരിച്ചുകൊണ്ട് മുന്നോട്ട് പോയി. റഷ്യയില്‍ ലെനിന്‍ റഷ്യന്‍ കമ്മ്യൂണിസവും, ചൈനയില്‍ മാവോ ചൈനീസ് കമ്മ്യൂണിസവും, വിയറ്റ്‌നാമില്‍ ഹോച്ചിമിന്‍ വിയറ്റ്‌നാം കമ്മ്യൂണിസവും ഉണ്ടാക്കി. കമ്മ്യൂണിസ്റ്റ് റഷ്യയുടെ ദേശീയ സാമ്രാജ്യത്വ മോഹത്തിന്റെ ഇരകളാണ് യുഗോസ്ലാവിയ, കിഴക്കന്‍ ജര്‍മ്മനി, ഹംഗറി, ചെക്കോസ്ലോവാകിയ, അഫ്ഘാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങള്‍.

ലോക ഭരണകൂടത്തില്‍ ഠേംഗിഡിജി വിശ്വസിച്ചു. വിവിധ ദേശീയ സംസ്‌കാരങ്ങള്‍, മതങ്ങള്‍ തുടങ്ങിയവ പോഷിപ്പിക്കുന്ന ഒരു ലോകസര്‍ക്കാര്‍ ഉണ്ടാകണം, അവയെ ഇല്ലാതാക്കുന്ന ഒന്നാകരുത്, ദീനദയാല്‍ജി പറഞ്ഞു. ഒരേ ലക്ഷ്യത്തിലേക്ക് നീങ്ങുന്ന വ്യത്യസ്ത ജനതകള്‍. ശ്രീ ഗുരുജി പറഞ്ഞു, ഇതിലേക്ക് നയിക്കുന്ന ലോക കുടുംബമെന്ന ആശയത്തിന്റെ അടിസ്ഥാനം വേദാന്ത ഏകത്വമാകണം. ലോക ഐക്യത്തിന്റെയും, മനുഷ്യക്ഷേമത്തിന്റെയും അടിസ്ഥാനം ‘എല്ലാം ഒന്നാണ്’ എന്ന ഛാന്ദോഗ്യത്തിലെ ആശയമാണ ്- ”സര്‍വം ഖല്‍വിദം ബ്രഹ്മ” = ഇതെല്ലാം ബ്രഹ്മം തന്നെ.

പടിഞ്ഞാറ് വ്യക്തി സ്വാതന്ത്ര്യവും സാമൂഹ്യ അച്ചടക്കവും ഒന്നിച്ചു പോകാത്തതിനാല്‍ പരസ്പരം ഏറ്റുമുട്ടി. അവിടെ സ്വാതന്ത്ര്യം അരാജകത്വത്തിലേക്കും, അച്ചടക്കം പട്ടാളച്ചിട്ടയിലേക്കും അധ:പതിച്ചു. വ്യക്തിവാദം സ്വന്തം സുഖത്തിലേക്കും അന്യനെ ചൂഷണം ചെയ്യുന്നതിലേക്കും നയിച്ചു. എന്നാല്‍ നാം എല്ലാവരുടെയും സുഖത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു ‘സര്‍വേ ഭവന്തു സുഖിനഃ”. ഇതിന്റെ പ്രയോഗമാണ് ‘അന്ത്യോദയ’.
മതാധിഷ്ഠിത ഭരണത്തിനും, പള്ളിയുടെ മനുഷ്യദ്രോഹത്തിനുമെതിരെ പാശ്ചാത്യ മാനവവാദം ഉയര്‍ന്നു വന്നു. ദൈവ നിഷേധമാണ് അതിന്റെ ഒരു പ്രത്യേകത. പാശ്ചാത്യ മാനവവാദം മനുഷ്യകേന്ദ്രിതമാണ്(homo or anthropo centric). എല്ലാ സൃഷ്ടിയുടെയും കേന്ദ്രബിന്ദു മനുഷ്യനാണ്. മൃഗങ്ങളും മനുഷ്യനു വേണ്ടിയാകുന്നു. മൃഗങ്ങളെ വേദനയോടെ കൊല്ലുന്നു. ഗിനിപന്നികളെ വേദനയുള്ള പരീക്ഷണങ്ങള്‍ക്ക് ഉപയോഗിക്കുന്നു. മനുഷ്യാവകാശപ്രഖ്യാപനം മനുഷ്യര്‍ക്ക് മാത്രം. Maritain പറഞ്ഞു- ‘മനുഷ്യകേന്ദ്രീത മാനവവാദം അന്തിമ വിശകലനത്തില്‍ മനുഷ്യത്വ ഹീനമായ മാനവവാദമാണ്.’

എന്നാല്‍ ഭാരതത്തില്‍ മനുഷ്യന്റെ എല്ലാ അവകാശങ്ങളെയും ആദരിക്കുന്നതോടൊപ്പം സകല ചരാചരങ്ങളോടും അതേ മമത പ്രകടിപ്പിക്കുന്നു. ശിബിചക്രവര്‍ത്തിയുടെ മാനവികത പാശ്ചാത്യരുടേതില്‍ നിന്നും വ്യത്യസ്തം. സ്വ എന്നാല്‍ വ്യക്തിഹിതവും, ജഗത് ഹിതവും രണ്ടും ചേര്‍ന്നതാണ്. ഹിന്ദു എന്നതും മനുഷ്യത്വവും ഈ പശ്ചാത്തലത്തില്‍ ഒന്നു തന്നെ, ഠേംഗിഡിജി പറഞ്ഞു. മനുഷ്യാവകാശം ഉറപ്പുവരുത്തുന്നത് സ്ഥാപനങ്ങളോ, ഭരണഘടനയോ നിയമമോ അല്ല, യഥാര്‍ത്ഥത്തില്‍ മനുഷ്യന്റെ ബോധത്തിന്റെ നിലവാരമനുസരിച്ചാണ്. അതൊരു സാംസ്‌കാരിക സങ്കല്‍പമാണ്.

ഭാരതീയ സാമൂഹ്യ ജീവിതത്തിന്റെ പ്രാണനായ വികേന്ദ്രീകൃത ഭരണം, വികേന്ദ്രീകൃത സമ്പദ് വ്യവസ്ഥ എന്നിവ പാശ്ചാത്യര്‍ക്ക് ദഹിക്കില്ല. പുരാതന കാലം മുതല്‍ക്ക് ഇവിടെ ഉള്ളതാണ് സഭ, സമിതി, പഞ്ചായത്ത് തുടങ്ങിയ സങ്കല്‍പ്പങ്ങള്‍. സമൂഹത്തിലെ എല്ലാ സ്ഥാപനങ്ങള്‍ക്കും അവരുടേതായ ധര്‍മ്മസങ്കല്‍പമുണ്ട്. അവയുടെ സ്വതന്ത്ര, സ്വാഭാവിക പ്രവര്‍ത്തനത്തില്‍ ഭരണകൂടം ഇടപെടില്ല. അവയുടെ ആകത്തുകയാണ് സമൂഹത്തിന്റേത്. പരസ്പരം കുടുംബ സമാന ബന്ധമുണ്ട് ഇവക്ക്; ഒരു തരം ജൈവമായ ഏകത. ഈ ബന്ധത്തിന്റെ സുരക്ഷയും, മേല്‍നോട്ടവും മാത്രമാണ് ഭരണകൂടത്തിന്. ആധുനിക നഗരവല്‍കരണം മൂലം കുടുംബം, ഗ്രാമം, ജനായത്തം മുതലായവ തകരുന്നു.

നമ്മുടെ സാമൂഹ്യ മാതൃക മനുഷ്യ ശരീരമാണ്. അതിനു പ്രകൃതിയുടെ ക്രമം ഉണ്ട്. സമൂഹത്തെക്കുറിച്ചുള്ള സങ്കല്‍പ്പം 197ല്‍ ശ്രീ ഗുരുജി ഥാനേ പ്രസംഗത്തില്‍ വിശദീകരിച്ചു-”സമൂഹം ദൈവത്തിന്റെ പ്രതിരൂപമാണ്. നാം കേവലം ട്രസ്റ്റിമാര്‍ മാത്രം.” പാശ്ചാത്യരുടെ ഭരണകൂടം, ഉദ്യോഗസ്ഥ വ്യവസ്ഥ, വ്യവസായം തുടങ്ങിയവയുടെ മാതൃക ക്ലബ്ബ് അല്ലെങ്കില്‍ ഉലരെമൃലേന്റൈ കൃത്രിമമായ യന്ത്ര മോഡല്‍ ആണ്. നമുക്ക് വ്യക്തികളാകട്ടെ സമൂഹത്തിന്റെ അവയവങ്ങള്‍ പോലെയാകുന്നു. എന്നാല്‍ പാശ്ചാത്യര്‍ക്ക് അവര്‍ ഒരു ക്ലബ്ബിലെ സ്വാര്‍ത്ഥികളായ അംഗങ്ങള്‍ പോലെയാണ്.

നിയമത്തിലെ വെസ്റ്റ് മിനിസ്റ്റര്‍ മാതൃക
നമുക്ക് ധര്‍മ്മമെന്നാല്‍ സിദ്ധാന്തമല്ല പ്രായോഗിക ആചരണമാണ്. ധര്‍മ്മം എന്നതിന്റെ അര്‍ത്ഥം ‘നില നിര്‍ത്തുന്നത്’ എന്നാണ്. എപ്പോഴും മാറുന്ന സാമൂഹ്യ, സാമ്പത്തിക ക്രമങ്ങള്‍ക്കിടയില്‍ അത് മാറ്റമില്ലാത്ത ശാശ്വത സാര്‍വലൌകിക നിയമങ്ങള്‍ ആണ്. ചരിത്രത്തിലെ പല കാലഘട്ടങ്ങളിലെ പ്രതിസന്ധികളില്‍ നിന്നും ഭാരതത്തെ രക്ഷിച്ചത് ജനങ്ങളുടെ ധാര്‍മ്മിക ബോധമാണ്. ധര്‍മ്മം സമൂഹത്തില്‍ കുറഞ്ഞപ്പോഴാണ് വ്യവഹാരങ്ങള്‍ ഉണ്ടായത്- ”നഷ്ടെ ധര്‍മേ മനുഷ്യേഷു വ്യവഹാര: പ്രവര്‍ത്തതെ”. കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന ചിന്ത ശരിയല്ല. കൌടില്യന്‍ പറഞ്ഞു, കഴിവുള്ളവര്‍ ഇല്ലാത്തവരെ കൈപിടിച്ചുയര്‍ത്തണം.

വെസ്റ്റ് മിനിസ്റ്റര്‍ മാതൃകയിലുള്ള ബ്രിട്ടീഷ് നിയമ വ്യവസ്ഥയാണ് ഭാരതം ഇന്ന് സ്വീകരിച്ചിട്ടുള്ളത്. അതില്‍ ക്രിമിനല്‍ വിചാരണ ആരോപണ (Accusatory)-അധിഷ്ഠിതമാണ്. എന്നാല്‍ ഹിന്ദുവിന്റേത് അന്വേഷണാത്മക (Inquisitive) വിചാരണ ആണെന്ന് ഠേംഗിഡിജി പറഞ്ഞു. ബ്രിട്ടീഷ് നിയമജ്ഞനായ ലോര്‍ഡ് ഡെന്നിങ് ബ്രിട്ടീഷ് വിചാരണാരീതിയെക്കുറിച്ച് പറഞ്ഞു: ”ജഡ്ജി സത്യം അറിയാന്‍ സ്വയം അന്വേഷിക്കുന്നത് ആംഗ്ലോ സാക്‌സണ്‍ നിയമത്തിന് വിരുദ്ധമാണ്.”

പല രാജ്യങ്ങളിലും ഭരണഘടനയെ പവിത്രമായി കരുതുന്നില്ല. ഠേംഗിഡിജി ഡോ. അംബേദ്കര്‍ തന്നെ നമ്മുടെ ഭരണഘടനയെക്കുറിച്ച് പറഞ്ഞത് ചൂണ്ടിക്കാട്ടുന്നു: ”ഭരണഘടന അത് പ്രയോഗിക്കുന്നവരെ അനുസരിച്ചാണ് നന്നാവുന്നതും മോശമാവുന്നതും”. ഡോ. അംബേദ്കര്‍ തുടര്‍ന്നു: ”സമൂഹത്തിന്റെ ധാര്‍മ്മിക, സാമൂഹ്യ ബോധത്തിലാണ്, നിയമത്തിലൂടെയല്ല അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നത്.” അദ്ദേഹം ഭരണഘടനാ നിര്‍മ്മാണ സമിതിയിലെ അവസാന പ്രസംഗത്തില്‍ പറഞ്ഞു:- ”രാഷ്ട്രീയ രംഗത്ത് നാം തുല്യത നേടി, പക്ഷേ സാമൂഹ്യ സാമ്പത്തിക ജീവിതത്തില്‍ അസമത്വം തുടരുന്നത് ആശാസ്യമല്ല. ഈ വൈരുദ്ധ്യം എത്രയും വേഗം മാറ്റണം.” എന്നാല്‍ സ്വതന്ത്ര ഭാരതത്തിലെ ആദ്യ സര്‍ക്കാര്‍ തന്നെ കൊളോനിയല്‍ ഭരണത്തിന്റെ മുന്‍ ഭരണ ശീലങ്ങളും നടപടി ക്രമങ്ങളും പാര്‍ലമെന്ററി നടപടികളും രഹസ്യ ഫയലുകള്‍ വരെ അതേപടി തുടര്‍ന്നുവെന്ന് ഠേംഗിഡിജി എഴുതി. ഒരു ഘട്ടത്തില്‍ ഭരണഘടന കത്തിക്കണമെന്ന് വരെ ഡോ. അംബേദ്കര്‍ക്ക് പറയേണ്ടി വന്നു.

സംഘര്‍ഷ സിദ്ധാന്തം
പാശ്ചാത്യ ദര്‍ശനം സംഘര്‍ഷത്തെ പുരോഗതിയുടെ ചാലകതത്വമായി കാണുന്നു. എന്നാല്‍ സംഘര്‍ഷ സിദ്ധാന്തം നമുക്കറിയാത്തതല്ല. ഠേംഗിഡിജി എസ്.എ. ഡാംഗെ യുടെ ‘The Universe of Vedanta’ എന്ന പുസ്തകത്തിലെ ഒരു പരാമര്‍ശം ചൂണ്ടിക്കാട്ടുന്നു: ”ഋഗ്വേദ നാസദീയ സൂക്തമാണ് ലോക തത്വശാസ്ത്രത്തിന്റെ തുടക്കം, അതില്‍ വൈരുദ്ധ്യാത്മക ഭൌതിക വാദവുമുണ്ട്.” വാമദേവനും, ശുക്രനും ഏകാധിപത്യത്തിനെതിരെ രക്ത രൂഷിത വിപ്ലവം പോലും വേണമെന്നു പറഞ്ഞതായി ഭീഷ്മര്‍ പറയുന്നുണ്ട്, ഠേംഗിഡിജി ചൂണ്ടിക്കാട്ടി. എന്നാല്‍ പൊതുവേ ഭാരതീയ ചിന്ത സംഘര്‍ഷത്തെ നിരാകരിച്ചുകൊണ്ട് സമന്വയത്തെ സ്വീകരിക്കുന്നു- ‘സര്‍വേഷാം അവിരോധേന’. സംഘര്‍ഷമല്ല സഹകരണം വേണം, മത്സരമല്ല സമന്വയം വേണം. സമന്വയത്തിന്റെ സ്വാഭാവിക സൌന്ദര്യം ഠേംഗിഡിജി എടുത്തു പറയുന്നു. പാശ്ചാത്യര്‍ വ്യക്തി, സമൂഹം, പ്രകൃതി എന്നിവര്‍ പരസ്പരം എന്നും സംഘര്‍ഷത്തിലാണെന്ന് പറയുമ്പോള്‍ നാം പറയുന്നു ഇവയെല്ലാം എന്നും സമന്വയത്തിലാകണം- ”പരസ്പരം ഭാവയന്ത”. പല വ്യവസ്ഥകള്‍ തമ്മിലുള്ള സമാധാനപരമായ സഹവര്‍ത്തിത്വം സമൂഹത്തെ ശക്തിപ്പെടുത്തുന്നുവെന്ന് ഠേംഗിഡിജി പറഞ്ഞു.

പാശ്ചാത്യര്‍ക്ക് മതം പള്ളി കേന്ദ്രിതമായിരുന്നു. അവര്‍ വൈയക്തിക ദൈവത്തില്‍ വിശ്വസിച്ചപ്പോള്‍ നമ്മുടേത് അപൌരുഷ ദൈവമാണ്. ഭാരതീയ വിചാര കേന്ദ്രം 1982ല്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് ഠേംഗിഡിജി ഗാന്ധിജിയെ ഉദ്ധരിച്ചു പറഞ്ഞു: ”അവര്‍ പറയുന്നു ദൈവം സത്യമെന്ന്, എന്നാല്‍ സത്യമാണ് എനിക്കു ദൈവം.”

ധാര്‍മ്മികതയെ കമ്മ്യൂണിസം എതിര്‍ത്തു. വ്യക്തി, കുടുംബം, വിവാഹം തുടങ്ങിയവ ഇല്ലാതാക്കാന്‍ കമ്മ്യൂണിസം ശ്രമിച്ചു പരാജയപ്പെട്ടു. മാര്‍ക്‌സ് വിവാഹം, കുടുംബം തുടങ്ങിയവയെ എതിര്‍ത്തു. ബൂര്‍ഷ്വാ കുടുംബം കമ്മ്യൂണിസ്റ്റ് രാജ്യത്തില്‍ അപ്രത്യക്ഷമാകുമെന്ന് മാര്‍ക്‌സ് പറഞ്ഞത് ഠേംഗിഡിജി ചൂണ്ടിക്കാട്ടുന്നു. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ വിവാഹത്തിന് പകരം ‘Official and open wife sharing” എന്ന അപകടകരമായ നിര്‍ദ്ദേശം മുന്നോട്ടുവയ്ക്കുന്നുണ്ട്.

 

ദീനദയാല്‍ ഉപാധ്യായയുടെ സമഗ്രതയെക്കുറിച്ചുള്ള ആശയം ഠേംഗിഡിജി ചര്‍ച്ച ചെയ്യുന്നു. ഭാരതീയര്‍ അര്‍ത്ഥത്തെ വേറിട്ട് കണ്ടില്ല, മറിച്ചു ചതുര്‍വിധ പുരുഷാര്‍ഥത്തിന്റെ ഭാഗമായി കണ്ടു. നമ്മുടേത് സമഗ്ര സാമ്പത്തിക ശാസ്ത്രമാണ്. പരിസ്ഥിതി, ധാര്‍മികം, സാമ്പത്തികം, വിദ്യാഭ്യാസം എല്ലാം മനുഷ്യ ജീവിതത്തിന്റെ സമഗ്ര ഭാഗങ്ങള്‍ തന്നെ. എന്നാല്‍ പാശ്ചാത്യ പണ്ഡിതര്‍ക്ക് എല്ലാത്തിലും ഒന്നുകില്‍ ഇത് അല്ലെങ്കില്‍ അത് എന്ന സമീപനമായിരുന്നു. ഇതാണ് ‘ഇസ’ങ്ങളുടെ പ്രത്യേകത. ആദ്യമായി രണ്ടാം ലോകമഹായുദ്ധകാലത്താണ് interdisciplinary approach നേക്കുറിച്ച് പാശ്ചാത്യര്‍ ഗൌരവമായി ചിന്തിച്ച് തുടങ്ങിയത്. പക്ഷേ സര്‍വചരാചരങ്ങളുടെയും പരസ്പര ബന്ധം അവര്‍ക്കറിയില്ല. നമ്മുടെ സമഗ്ര ദര്‍ശനത്തിന്റെ അടിസ്ഥാനം അതാണ്. സന്തോഷം മനുഷ്യന്റെ ശരീരം, മനസ്സ്, ബുദ്ധി, ആത്മാവ് എന്നീ നാലു തലങ്ങളിലും ഉണ്ടാകണം.

ആശയങ്ങളുടെ വ്യക്തത ഠേംഗിഡിജിയുടെ ചിന്തകളുടെ ഒരു പ്രത്യേകതയാണ്. ”ഇസം” എന്നാല്‍ അടച്ച ചട്ടക്കൂട്, അതിനാല്‍ ഹിന്ദു ചിന്തകളെ അങ്ങിനെ വിളിക്കുന്നതിലെ അപാകത അദ്ദേഹം ചൂണ്ടിക്കാട്ടി. ഹിന്ദുയിസം അല്ല ഹിന്ദുത്വമാണ് (Hinduness) ശരി. ഹിന്ദു ദര്‍ശനത്തിലെ മായയും, മിഥ്യയും പരിഭാഷപ്പെടുത്തേണ്ടത് illusion എന്നല്ല മറിച്ചു, Delusion എന്നാകാം. Secular എന്ന വാക്കിന്റെ തുടക്കം ദൈവശാസ്ത്രത്തിലെ ”ലൌകികം” എന്ന അര്‍ത്ഥത്തിലാണ്. അതുപോലെ നിരവധി വാക്കുകള്‍ ഭാരതീയ പരിപ്രേക്ഷ്യത്തില്‍ ഉപയോഗിക്കുമ്പോള്‍ നമ്മൂടെ ബുദ്ധിജീവികളെ ചിന്താക്കുഴപ്പത്തിലാക്കുന്നു.

അങ്ങിനെ ഠേംഗിഡിജി പ്രത്യയശാസ്ത്രപരമായ വളരെ വലിയ ഒരു മായിക ലോകത്തേക്കാണ് നമ്മെ കൈപിടിച്ചു നയിക്കുന്നത്. ഠേംഗിഡിജിയുടെ ആശയങ്ങളെക്കുറിച്ച് കൂടുതല്‍ ആഴത്തില്‍ അറിയാന്‍ അദേഹത്തിന്റെ പുസ്തകങ്ങള്‍ വായിക്കുക തന്നെ വേണം.
(അവസാനിച്ചു)

 

Tags: ThengdiDattopant Thengdiഠേംഗിഡി
Share1TweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies