17-ാം ലോകസഭാ തിരഞ്ഞെടുപ്പോടെ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഉള്‍പ്പെടെ പലരും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അപ്രസക്തരായി. ആന്ധ്രയിലിതാ ഒരു നക്ഷത്രമുദിച്ചിരിക്കുന്നു എന്നു പറഞ്ഞ് കൂട്ടാളികള്‍ പൊക്കിയപ്പോള്‍ പ്രധാനമന്ത്രിപദം കൊതിച്ച് കിങ്ങ് ആയി നടന്ന മുഖ്യമന്ത്രി ചന്ദ്രബാബുനായിഡു, കന്‍ഷിറാമിലൂടെ രാഷ്ട്രീയത്തിലെത്തി പിന്നീട് ബി.എസ്.പിയുടെ മൂര്‍ച്ചയുള്ള ആയുധമെന്നു ഖ്യാതി നേടിയ മായാവതി, ജനതാദള്‍ (എസ്) ദേശീയ പ്രസിഡന്റും മുന്‍ പ്രധാനമന്ത്രിയുമായിരുന്ന ദേവഗൗഡ, തോറ്റുതുന്നം പാടിയ യു.പി.യിലെ മഹാസഖ്യത്തിന്റെ അഖിലേഷ് യാദവ്, (ഇവരെല്ലാം പ്രധാനമന്ത്രി സ്ഥാനം മോഹിച്ചവരാണെന്നോര്‍ക്കുക) കോണ്‍ഗ്രസ്സിലെ മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ഏതും തന്റെതായ ശൈലിയില്‍ ന്യായീകരിച്ച് കോണ്‍ഗ്രസിനെ തെറ്റായ ദിശയിലേക്കു നയിച്ചവരില്‍ പ്രധാനിയായ മധ്യപ്രദേശിലെ ദിഗ് വിജയ്‌സിംഗ് (ഭോപ്പാല്‍ മണ്ഡലത്തില്‍ പ്രജ്ഞാസിംഗ് തോല്‍പ്പിച്ചു) തുടങ്ങിയവര്‍ ഇക്കൂട്ടത്തില്‍ മുന്‍നിരയിലാണ്. പാര്‍ട്ടികള്‍ എന്ന നിലക്കാണെങ്കില്‍ പ്രസക്തി നഷ്ടപ്പെട്ടത് സി.പി.എമ്മിനും സി.പി.ഐക്കുമാണ്. ബംഗാളിലും ത്രിപുരയിലും പൂര്‍ണ്ണമായും അവര്‍ ഇല്ലാതായി. കേരളത്തില്‍ ദയനീയമായി പരാജയപ്പെട്ട് (20 സീറ്റില്‍ ഒന്നുമാത്രം നേടി) ഇവിടെയും തകര്‍ന്നു കൊണ്ടിരിക്കുന്നു. കേരളത്തിലെ കാറല്‍ മാര്‍ക്‌സ് ഈ ധാര്‍ഷ്ട്യവും ജനവിരുദ്ധ നടപടികളും ഏകാധിപത്യവും തുടര്‍ന്നാല്‍ രണ്ടു വര്‍ഷം കൂടി ചെങ്കൊടി കേരളത്തില്‍ പറന്നേക്കും. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പോടെ അവരുടെ തകര്‍ച്ച പൂര്‍ണ്ണമാവുകയും ചെയ്യും.
ബംഗാളിലെ പ്രകൃതി ദുരന്തത്തിന്റെ യഥാര്‍ത്ഥ ചിത്രവും വ്യാപ്തിയും എത്രത്തോളമുണ്ടെന്നറിയാന്‍ ആകാംക്ഷഭരിതനായി പ്രധാനമന്ത്രി മോദി, മുഖ്യമന്ത്രിയായ മമതാ ബാനര്‍ജിയെ ഫോണില്‍ വിളിച്ചപ്പോള്‍ അവര്‍ ഫോണെടുത്തില്ല. വീണ്ടും വീണ്ടും വിളിച്ചു. ഒടുവില്‍ ഗവര്‍ണറുമായാണല്ലോ പധാനമന്ത്രി സംസാരിച്ചത്.
പ്രധാനമന്ത്രിയോടു കാണിച്ച ധാര്‍ഷ്ട്യം, മര്യാദയില്ലായ്മ പത്രങ്ങളില്‍ വന്നപ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ മമതയോടന്വേഷിച്ചു. മമത പ്രതികരിച്ചതിങ്ങനെയാണ്. ”മോദി പ്രധാനമന്ത്രിയല്ല. ഇനി പുതിയ പ്രധാനമന്ത്രി വന്നാല്‍ അദ്ദേഹത്തോട് ഞാന്‍ സംസാരിക്കും.” പിന്നീട് മമത പറഞ്ഞു. ”പ്രധാനമന്ത്രി എന്നെ വിളിക്കാതെ ഗവര്‍ണ്ണറെ വിളിച്ചെന്ന്.”
പാവം മമത. പഴമക്കാര്‍ പറയാറുണ്ട് എയ്ത ശരവും പുറത്തുവിട്ട വാക്കും തിരിച്ചെടുക്കാനാവില്ലെന്ന്. പുറത്തുവിട്ട വാക്ക് മാപ്പു പറഞ്ഞ് ‘തിരിച്ചെടുക്കാം.’ എന്നാല്‍ ശരം തിരിച്ചെടുക്കാനാവില്ല. മമതയുടെ നാക്കില്‍ നിന്നു പോയത് വാക്കല്ല; സാക്ഷാല്‍ ശരം തന്നെയാണ്.
മറ്റൊരു പ്രധാനമന്ത്രി വരാന്‍ മമത ഇനി എത്രകാലം കാത്തു കിടക്കണം? 2024ലെ തിരഞ്ഞെടുപ്പിലും മോദി വന്നാലോ? പുതിയ ഭാരതം എന്ന അദ്ദേഹത്തിന്റെ സങ്കല്‍പം നടപ്പാക്കാന്‍ ജനങ്ങള്‍ അദ്ദേഹത്തെ വീണ്ടും പ്രധാനമന്ത്രിയാക്കിയാലോ?
മോദിയല്ലാത്ത പ്രധാനമന്ത്രിയോട് മുഖ്യമന്ത്രിയെന്ന നിലക്ക് മമതക്കിനി ജീവിതത്തിലൊരിക്കലും സംസാരിക്കാനാവില്ലെന്നു തീര്‍ച്ച. നൂറുശതമാനം തീര്‍ച്ച. (പ്രധാനമന്ത്രിയോടു സംസാരിക്കില്ലെന്ന പ്രതിജ്ഞയെടുത്ത ഒരാള്‍ മുഖ്യമന്ത്രി സ്ഥാനത്തിരിക്കാന്‍ അര്‍ഹയല്ലെന്ന കാര്യം വേറെ).ആ നിലക്കാണു കാര്യങ്ങള്‍ നീങ്ങുന്നത്. കാരണം ഈ പൊതു തിരഞ്ഞെടുപ്പിലും വിജയിച്ച് മോദി 2024 വരെ പ്രധാനമന്ത്രിസ്ഥാനത്തുണ്ടാകും. മമതയാണെങ്കില്‍ ഈ കാലയളവില്‍ ബംഗാളില്‍ ഇനി മുഖ്യമന്ത്രിയാവാന്‍ പോകുന്നില്ല.
മോദി പ്രധാനമന്ത്രിയല്ലെന്നാണല്ലോ മമത പറഞ്ഞത്. നമുക്കതൊന്നു പരിശോധിക്കാം. തിരഞ്ഞെടുപ്പു ചട്ടം നിലവിലുള്ളതുകൊണ്ടാകും മോദി പ്രധാനമന്ത്രിയല്ലെന്നു മമത പറഞ്ഞത്. തിരഞ്ഞെടുപ്പു ചട്ടം നിലവില്‍ വന്നാല്‍ പ്രധാനമന്ത്രി, പ്രധാനമന്ത്രിയല്ലാതാകുന്നില്ല. ചട്ടത്തിലില്ലാത്തത് മന:പൂര്‍വ്വം പറഞ്ഞു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാകും ശ്രമിച്ചത് എന്നു കരുതുന്നതിലും തെറ്റില്ല. ഇത് രണ്ടുമല്ലെങ്കില്‍ മോദി പ്രധാനമന്ത്രി പദത്തിലിരിക്കുന്ന അസൂയകൊണ്ടു പറഞ്ഞതാകും. നാനാവഴിക്കും പുറത്താക്കാന്‍ ശ്രമിച്ചിട്ടും സാധിക്കാത്ത നിരാശയുമുണ്ട്. ഒന്നു വേഗം പുറത്തുപോയാല്‍ തനിക്കാസ്ഥാനത്തിരിക്കാമെന്ന മലര്‍പൊടിക്കാരന്റെ സ്വപ്‌നവുമാകാം ഇതിനു കാരണം. പ്രധാനമന്ത്രി പദമോഹികള്‍ തമ്മിലടിക്കുമ്പോള്‍ പരമാവധി മോദിയെ എതിര്‍ക്കുന്നവരെയാകും ജനങ്ങള്‍ പിന്തുണക്കുക എന്ന വിഡ്ഢിത്തം കിരീടമാക്കി തലയില്‍ വെച്ച് നടക്കുകയായിരുന്നല്ലോ ഇവരെല്ലാം (രാഹുല്‍, മമത, മായാവതി, ചന്ദ്രബാബു നായിഡു, അഖിലേഷ് യാദവ്, ദേവഗൗഡ, ശരത് പവാര്‍ തുടങ്ങിയവര്‍). ഇതൊന്നുമല്ലെങ്കില്‍ മമതയുടെ പ്രധാനമന്ത്രി അയല്‍രാജ്യത്തെവിടെയെങ്കിലുമാണോ എന്നും ശങ്കിക്കേണ്ടിയിരിക്കുന്നു!!
മറ്റൊരു പ്രധാനമന്ത്രിയോടേ സംസാരിക്കൂ എന്ന പ്രതിജ്ഞയെടുത്ത മമത മറ്റൊരു മണ്ടത്തരം കൂടി പറഞ്ഞു. ”മോദിക്കു ഞാന്‍ കല്ലും മുള്ളും നിറഞ്ഞ മിഠായിയാണു അയച്ചുകൊടുക്കുക” യെന്ന്. അതും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമായാണ് പറഞ്ഞത്. മോദിയെയും മമതയെയും പരസ്പരം പോരടിക്കുന്ന നേതാക്കളായി ചില മാധ്യമങ്ങള്‍ വിശേഷിപ്പിച്ചപ്പോള്‍ മോദി ഒരു പ്രസ്താവന നടത്തിയിരുന്നു. ”മമതയും ഞാനും നല്ല ബന്ധം കാത്തുസൂക്ഷിക്കുന്ന സുഹൃത്തുക്കളാണ്. അവരെനിക്കു നല്ല വസ്ത്രങ്ങളും മിഠായിയും അയച്ചു തരാറുണ്ട്.” ഈ പ്രസ്താവന വന്നപ്പോളാണ് മോദിക്കിനി ”കല്ലും മുള്ളും അടങ്ങിയ മിഠായിയാണു അയച്ചു കൊടുക്കുക”യെന്നു മമത പറഞ്ഞത്.
ആശയപരമായ തര്‍ക്കങ്ങള്‍ക്കിടയില്‍ മാധ്യമങ്ങള്‍ മോദിയെ മമതയുടെ ശത്രുവിനെപ്പോലെ അവതരിപ്പിച്ചപ്പോളാണ് അത് ശരിയല്ല, ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നു അറിയിക്കാന്‍ മോദി ”മിഠായി പ്രസ്താവന” നടത്തിയത്. മറ്റൊരു ദുരുദ്ദേശ്യവും അതിലില്ലെന്ന് ആര്‍ക്കാണറിഞ്ഞു കൂടാത്തത്. ഈ പ്രസ്താവന മമതയെ ചൊടിപ്പിച്ചു എന്നതാണ് യഥാര്‍ത്ഥ ഭദ്രകാളിയെപ്പോലെ ശരിക്കും വാളെടുക്കാതെ, നാവു വാളാക്കി തുള്ളിയതിലൂടെ കാണിക്കുന്നത്. മോദിയുടെ രുചിയേറിയ ‘മിഠായി പ്രസ്താവന’യോടെ മമതയുടെ ‘മോദി വിരുദ്ധത’യാണ് അടര്‍ന്നു വീണത്. അഭിനവ കിങ്ങ്‌മേക്കറായി കുളം കലക്കാനിറങ്ങിയ നായിഡുവിനെയും മായാവതിയെയും രാഹുലിനെയും ഡി.എം.കെ. നേതാവ് സ്റ്റാലിനെയും മറ്റും വരച്ചവരയില്‍ നിര്‍ത്തി പ്രധാനമന്ത്രിയാകാമെന്ന് വ്യമോഹിച്ചവരാണിവര്‍. മോദിയുടെ മിഠായി പ്രസ്താവനയിലൂടെ അവരുടെ ‘ഉള്ളിരിപ്പും കയ്യിലിരിപ്പും’ പ്രതിപക്ഷ കക്ഷികള്‍ മനസ്സിലാക്കിയത് അവര്‍ക്ക് ഏറെ ഭീഷണിയായി. അതിലേറെ നാണക്കേടും ഉണ്ടാക്കി. മോദി പറഞ്ഞതും പ്രവര്‍ത്തിച്ചതും ശരിയാണെന്നും മമതയുടേത് അവസരവാദപരമായ കള്ളക്കളിയാണെന്നും ജനതക്ക് മുഴുവന്‍ ബോധ്യമായി.
സഭ്യേതരവും, ജനാധിപത്യമൂല്യങ്ങള്‍ക്കു നിരക്കാത്തതും, അധാര്‍മ്മികവും, നുണകള്‍ നിറഞ്ഞതുമായ പ്രചാരണം മോദിക്കെതിരെ പ്രതിപക്ഷം (കോണ്‍ഗ്രസ് മുന്നില്‍) തൊടുത്തുവിട്ടപ്പോള്‍ സ്വാഭാവികമായും പ്രധാനമന്ത്രിക്കതിനെ പ്രധിരോധിക്കേണ്ടിവന്നു. അല്ലെങ്കില്‍ ഗീബത്സിയന്‍ സിദ്ധാന്തമനുസരിച്ചു പ്രവര്‍ത്തിക്കുന്ന പ്രതിപക്ഷത്തിന്റെ നുണകള്‍ ജനം തെറ്റിദ്ധരിച്ചേക്കുമായിരുന്നു. ഭരണകക്ഷിയായ ബിജെപിയും പ്രതിപക്ഷങ്ങളും തമ്മിലുള്ള ആരോഗ്യപരമായ ഒരേറ്റുമുട്ടലായല്ല പ്രതിപക്ഷം ഈ തിരഞ്ഞെടുപ്പിനെ നേരിട്ടത്. മോദിയും ബിജെപിയും ദുര്‍ഭരണമാണു നടത്തുന്നതെങ്കില്‍ അതിനെ നേരിടാന്‍ പ്രതിപക്ഷം യോജിക്കേണ്ടേ? അവര്‍ ഒരിടത്തും യോജിച്ചില്ല.
കണ്ണുള്ളവരെല്ലാം പ്രതിപക്ഷ കക്ഷികളുടെ കല്ലുവെച്ച നുണ പ്രചാരണങ്ങള്‍ കണ്ടു. ചെവിയുള്ളവരെല്ലാം കേട്ടു. ഒടുവില്‍ ബുദ്ധിയുള്ളവരെല്ലാം കൂടി തീരുമാനമെടുത്തു. അതാണ് പ്രധാനമന്ത്രി മോദി മെയ് 23 വൈകുന്നേരം ദല്‍ഹിയിലെ ബിജെപി ആസ്ഥാനത്തു കൂടിയ സ്വീകരണയോഗത്തില്‍ പ്രഖ്യാപിച്ചതും. ”ഇന്ത്യന്‍ ജനതക്കു മുമ്പില്‍ ഞാന്‍ തലകുനിക്കുന്നു. ജനം സാധുവായ എന്റെ ഭിക്ഷാപാത്രം നിറച്ചുതന്നു. പുതിയ ഭാരതത്തിനു വേണ്ടിയാണു ഞാന്‍ വോട്ടു ചോദിച്ചത്. അതിനെ കോടിക്കണക്കിനു പേര്‍ പിന്തുണച്ചു. ഭാരതം വിജയിച്ചിരിക്കുന്നു.” നിയമ വാഴ്ച തകരുകയും അക്രമവും കൊള്ളയും കൊലയും നടക്കുകയും ചെയ്യുന്ന ബംഗാളില്‍ മമത പുതിയ പ്രധാനമന്ത്രിയെ കാത്തിരിക്കുകയും ചെയ്യുന്നു.
(‘ഇന്ത്യ നരേന്ദ്രമോദിയിലൂടെ’ എന്ന ബൃഹത് ഗ്രന്ഥത്തിന്റെ രചയിതാവാണ് ലേഖകന്‍)