രാമകൃഷ്ണന്‍ പറഞ്ഞതുപോലെ വണ്ടി രാത്രി ഒരു മണിയോടെ ഓള്‍ഡ് ദല്‍ഹിയിലെത്തി. സ്റ്റേഷനുപുറത്തുള്ള മേല്‍പ്പറഞ്ഞ സത്രത്തിലെത്തി, രാവുപകലാക്കി കഴിച്ചുകൂട്ടി. രാവിലെ ഒരു ജഡ്ക്ക പിടിച്ച് എട്ട് മണിയോടെ ഞാന്‍ ഗാന്ധ്യാശ്രമത്തിലെത്തി. അവിടെ, പറഞ്ഞപോലെ ഒരു റൂം കിട്ടി. അതില്‍ സാമാനങ്ങള്‍ വെച്ചുപൂട്ടി, കുളിച്ചൂണും കഴിച്ച് റൂമിലേയ്ക്ക് പോന്നു. പോരുംവഴി അവിടത്തെ അധികൃതരും അന്തേവാസികളുമായി പരിചയപ്പെട്ടു. ക്ലോക്കില്‍ നോക്കിയപ്പോള്‍ മണി രണ്ടേകാല്. കുതിരവണ്ടിയ്ക്കു കൊടുത്തത് കഴിച്ച് 21 രൂപയുണ്ട് കയ്യില്‍. മുറി പൂട്ടി, അവിടുത്തെ സ്റ്റാഫിനോട് കാര്യം പറഞ്ഞ്, യാത്രതിരിച്ചു.
റോഡില്‍ക്കേറി, അടിമുടി പൊള്ളിനീറുന്ന വെയിലത്ത് നഗ്നപാദനായി 12 നാഴിക കുത്തനെ നടന്ന്, നാല് മണിയായപ്പോഴേയ്ക്കും ന്യൂദല്‍ഹിയിലെത്തി. അന്വേഷിച്ചുപിടിച്ച് പത്മനാഭന്‍ നായരുടെ ഓഫീസ് കണ്ടുപിടിച്ചു. ഭാഷാസ്വാധീനമില്ലാത്തതുകൊണ്ട് ലേശം വിഷമിക്കേണ്ടിവന്നു, എന്നുമാത്രം. ശിപായി ഉണ്ടായിരുന്നു ഉമ്മറത്ത്. വേഗം ചെന്ന് അയാളുടെ കയ്യില്‍ രാമകൃഷ്ണന്‍ തന്ന കത്തുകൊടുത്ത് വിവരം പറഞ്ഞു. ശിപായി കത്തുംകൊണ്ട് അകത്തേക്കു പോയി. താമസിയാതെ പത്മനാഭന്‍നായര്‍ പുറത്തുവന്ന് വിവരങ്ങളെല്ലാമാരാഞ്ഞു മനസ്സിലാക്കി. എന്നോട് ഇരിയ്ക്കാന്‍ പറഞ്ഞ്, അകത്തുപോയി അല്‍പനേരത്തിനുള്ളില്‍ത്തന്നെ പുറത്തുവന്ന് കാറെടുത്ത് എന്നേയും കൂട്ടി സ്വന്തം ഫഌറ്റിലേയ്ക്ക് പോയി. അവിടെ അദ്ദേഹം എന്നെ, സ്വന്തം വീട്ടുകാരനെന്നപോലെ, ഒരാഴ്ചയോളം താമസിപ്പിച്ച് ദല്‍ഹിയിലെ കുത്തബ്മീനാര്‍, ചെങ്കോട്ട, ചാന്ദ്‌നിചൗക്ക് മുതലായ പ്രധാനപ്പെട്ട സ്ഥലങ്ങള്‍ കാണിച്ചുതന്നു. അവിടെയുള്ള മലയാളി പ്രമാണികളേയും പരിചയപ്പെടുത്താന്‍ അദ്ദേഹം മറന്നില്ല. അതിനുശേഷം യാത്രയ്ക്കുവേണ്ട കാശും തന്നനുഗ്രഹിച്ച്, രാത്രിവണ്ടിയ്ക്ക്, സ്വന്തം സഹപ്രവര്‍ത്തകരോടൊപ്പം വന്ന്, എന്നെ ആഘോഷപൂര്‍വ്വം യാത്രയാക്കി.
യാത്രയ്ക്കിടയില്‍ ജ്ഞാനചന്ദ് എന്ന അല്‍മോറക്കാരനുമായി പരിചയപ്പെട്ടു. വര്‍ത്തമാനത്തിനിടയില്‍, ഞാന്‍ ലാഹോറിലുള്ള ഗുരുദത്തഭവന്‍ ഗുരുകുലത്തില്‍ചേര്‍ന്നു പഠിക്കാന്‍ പോവുകയാണെന്ന് പറഞ്ഞു. അപ്പോള്‍ അധികം അസ്മാദിത്വം അയാളുടെ പെരുമാറ്റത്തില്‍ കാണാന്‍ കഴിഞ്ഞു. ആര്യസമാജാനുഭാവിയായതുകൊണ്ടായിരിയ്ക്കാം അയാള്‍ അങ്ങിനെ ഒരടുപ്പം കാട്ടിയതെന്ന് ഞാനൂഹിച്ചു.
അയാള്‍ എന്നോട് വിശദമായുപദേശിച്ചു. സ്റ്റേഷനില്‍ നിന്ന് ആറ് നാഴിക വടക്കോട്ടുപോയാല്‍ റോഡ് കിഴക്കോട്ട് തിരിയും. രവി നദീതീര റോഡാണത്. അതിലെ കഷ്ടിച്ചൊരു രണ്ടു ഫര്‍ലോങ്ങ് പോയാല്‍ തെക്കോട്ട് ഗേയ്റ്റായി നാഴികകളോളം നീണ്ടൊരു മതില്‍ക്കെട്ടുകാണാം. ഗേറ്റിന്റെ ആര്‍ച്ചിന്മേല്‍ ഗുരുദത്തഭവന്‍ (Gurudathabhavan) എന്നെഴുതിക്കാണും, ഇതാണതിന്റെ പ്ലാന്‍. ആറ് നാഴികയോളം ചുറ്റളവുണ്ട്, ആണ്‍കുട്ടികള്‍ക്കു മാത്രമായ ആ മഹാവിദ്യാലയത്തിന് പ്രപഞ്ചത്തിന്റെ ഒരു കൊച്ചുപതിപ്പെന്നോണം. ത്യാഗോജ്ജ്വലാദര്‍ശ സംസ്‌കാരത്തിന്റെ ആദികാലീനതയുടെയും വിശുദ്ധിയുടെയും പ്രതീകമായ കാവിക്കൊടി പാറിച്ചുകൊണ്ട് ആത്മാഭിമാനത്തോടെ അത് തലനിവര്‍ത്തിപ്പിടിച്ചു നില്‍പ്പുണ്ട്. ജഡ്ക്ക പിടിയ്ക്കുമ്പോള്‍ മനസ്സിരുത്തണം, സിഖ്കാരുടേയോ, ഹിന്ദുക്കളുടേയോ വാഹനത്തില്‍ പോയാല്‍മതി. മുസ്ലീങ്ങളുടെ വേണ്ട കാരണം ആര്യസമാജം അവര്‍ക്കന്യമാണ്, വഴക്കുണ്ടാകാം, 12 അണയാണ് ജഡ്ക്കാചാര്‍ജ്ജ് എന്നിങ്ങനെ.*2
ഇരുളിന്റെ ചുരം കടന്ന് പ്രഭാപൂരം പരത്തുന്ന സൃഷ്ടിയുടെ ഊര്‍ജ്ജ പ്രതീകമായ പ്രഭാതം വിരിയവേ, വണ്ടി ലാഹോറിലെത്തി നിന്നു. ഞാന്‍ സാമാനങ്ങളുമായി പുറത്തു കടന്നു. ഒരു ജഡ്ക്കക്കാരന്‍ ജഡ്ക്കാ ചാഹിയേ? ക്യാ? ജഡ്ക്കാ ആയിയേ, കിധര്‍ ജാനാഹൈ! സാഹബ് (ജഡ്ക്ക വേണോ ജഡ്ക്ക? വരൂ എങ്ങോട്ടാ സാര്‍) എന്നിങ്ങനെ പ്രലോഭനസ്വരത്തില്‍ അടുത്തു വന്നാരാഞ്ഞു. സിഖുക്കാര്‍ക്ക് താടിയും തലേക്കെട്ടുമുണ്ടെന്ന് വായിച്ചു മനസ്സിലാക്കിയിട്ടുണ്ടെന്നല്ലാതെ അതെങ്ങിനത്തേതാണെന്ന് കണ്ടറിഞ്ഞിട്ടില്ല ഞാന്‍. അതിനാല്‍ അയാളുടെ താടിയും തലപ്പാവും കണ്ടപ്പോള്‍ അയാള്‍ സിഖുകാരനാവുമെന്നു കരുതി, സിഖുകാരുടെയും മുസ്ലീങ്ങളുടെയും തലേക്കെട്ടിന്റെ മട്ടും മാതിരിയും അറിയാത്ത ഞാന്‍ അയാളുടെ ജഡ്ക്കയില്‍ കേറി. അയാള്‍ ഒരു മുസ്ലീമായിരുന്നു. എന്റെ കയ്യില്‍ വഴിയുടെ പ്ലാനുണ്ടായിരുന്നു. എത്തേണ്ട സ്ഥലം പറഞ്ഞപ്പോള്‍ അയാള്‍ എന്നെ തുറിച്ചുനോക്കി. വഴിതെറ്റിക്കാന്‍ കഴിയാത്തതിലെ കുണ്ഠിതത്തോടെ.
ഞാന്‍ ഗേറ്റ് കടന്ന് ഉള്ളിലേയ്ക്കുപോയി. വിദ്യാലയത്തിന്റെ പ്രധാന മുറ്റത്തിന്റെ കിഴക്കേ അരികില്‍ ചില ക്വാര്‍ട്ടേഴ്‌സുള്ളതില്‍ ഒന്നിന്റെ മുറ്റത്ത് ഏകദേശം 30-35 വയസ്സോളം പ്രായം തോന്നിക്കുന്ന ഖദര്‍കൊണ്ട് തുന്നിച്ച നാട്ട് ബനിയന്‍മാത്രം ധരിച്ച ഒരാള്‍ പക്ഷികള്‍ക്കും അണ്ണാനും മറ്റും ചപ്പാത്തിക്കഷണങ്ങള്‍ എറിഞ്ഞു കൊടുത്തുകൊണ്ട് ഉല്ലസിച്ചു ചിരിച്ചു നില്‍ക്കുന്നതുകണ്ടു. അദ്ദേഹത്തിന്റെ തോളിലും തലയിലും മറ്റും പറന്നു കേറിക്കൊത്തിപ്പാറിക്കളിയ്ക്കുന്നുണ്ട് കിളികള്‍. ഞാന്‍ അദ്ദേഹത്തിന്റെ അടുത്തേയ്ക്കുപോയി. എന്നെ കണ്ടപ്പോള്‍ കിളിക്കൂട്ടങ്ങള്‍ ബഹളം കൂട്ടി പറന്നകന്നു. അപ്പോള്‍ അദ്ദേഹം, സ്വപ്‌നത്തില്‍ നിന്നുണര്‍ന്നപോലെ, സാത്ഭുതം തിരിഞ്ഞുനോക്കി. അപരിചിതനായ എന്നെക്കണ്ട് സാദരം സ്വന്തം മുറിയിലേയ്ക്കാനയിച്ചിരുത്തി വിവരങ്ങളാരാഞ്ഞു. ഞാന്‍ എന്റെ പഠനോദ്ദേശ്യവും മറ്റു വൈദഗ്ദ്ധ്യവിവരങ്ങളും വിവരിച്ചുകൊടുത്തു. അദ്ദേഹം, സ്വന്തം പേര്‍ പരമേശ്വരന്‍ പിള്ളയെന്നാണെന്നും, തിരുവനന്തപുരമാണ് ജന്മദേശമെന്നും, നാടുവിട്ടിട്ട് കൊല്ലങ്ങളായെന്നും ഇവിടെ വന്ന് വൈദിക സിദ്ധാന്തങ്ങള്‍ പഠിച്ച് ആവക സാഹിത്യങ്ങള്‍, വിദേശികള്‍ക്കും മനസ്സിലാക്കിക്കൊടുക്കണമെന്ന ഉദ്ദേശ്യത്തോടെ, ഇംഗ്ലീഷിലേയ്ക്കു മാറ്റിക്കൊണ്ടിരിയ്ക്കയാണെന്നും മറ്റുമുള്ള വിവരങ്ങള്‍ പറഞ്ഞ് സ്വയം പരിചയപ്പെടുത്തി. ഞാന്‍ രാമകൃഷ്ണന്‍ തന്ന കത്ത് അദ്ദേഹത്തിനു കൊടുത്തു. അദ്ദേഹം കുടിക്കാന്‍ നാരങ്ങനീരുണ്ടാക്കിക്കൊണ്ടുവന്നിട്ട് കത്തു പൊളിച്ചുവായിച്ചു. കുറച്ചുനേരം ഞങ്ങള്‍ കുടുംബികവും ദേശീയവും സാംസ്‌കാരികവുമായ വിഷയങ്ങള്‍ സംസാരിച്ചിരുന്നു. പിന്നെ വിദ്യാലയത്തിന്റെ പ്രിന്‍സിപ്പലായ സ്വാമി വേദാനന്ദജിയുടെ ഓഫീസ് മുറിയിലേയ്‌ക്കെന്നെ കൂട്ടിക്കൊണ്ടുപോയി. മുറിയില്‍ ചെന്ന് നമസ്‌കരിച്ചു വന്ദിച്ച് അനുഗ്രഹം വാങ്ങി. പിന്നെ ബോംബെ സമാജക്കാരുടെ ശുപാര്‍ശക്കത്ത് സ്വാമിജിയ്ക്ക് കൊടുത്തു. സ്വാമിജി അതുവായിച്ച് അവിടുത്തെ ജീവിതരീതിയും പഠിപ്പും വിവരിച്ചുതന്നു. ആ ജീവിതം അച്ചടക്കത്തോടെ നയിക്കാമെങ്കില്‍ ഇവിടെ ചേരാം എന്നു പറഞ്ഞ് എന്റെ അഭിപ്രായമാരാഞ്ഞു. ഞാന്‍ എല്ലാം സമ്മതിച്ചു. സ്വാമിജി രജിസ്റ്ററില്‍ എന്റെ പേര്‍ ചേര്‍ത്ത്, എന്നെ അവിടുത്തെ വിദ്യാര്‍ത്ഥികളുടെ സഹപാഠിയാക്കി സ്വീകരിച്ചു. അങ്ങിനെ ഞാന്‍ ത്യാഗിവര്യന്‍ പരമേശ്വരന്‍ പിള്ളയുടെയും ആത്മാര്‍ത്ഥമിത്രം രാമകൃഷ്ണന്റെയും ബഹുമാന്യനും ഉദാരമനസ്‌കനുമായ പത്മനാഭന്‍നായരുടെയും മറ്റും മറക്കാനാവാത്ത സഹായസഹകരണം മുഖേന ഗുരുദത്തഭവന്‍ മഹാവിദ്യാലയത്തിലെ ഒരു വിദ്യാര്‍ത്ഥിയായി.
മൂന്നുകൊല്ലത്തെ കോഴ്‌സായ സിദ്ധാന്തഭൂഷണ്‍ എന്ന സംസ്‌കൃതാര്യ സമാജ ഡിപ്ലോമയ്ക്കാണ് ഞാന്‍ ചേര്‍ന്നത്. അത് ഒരു കൊല്ലം കൊണ്ടു ഞാന്‍ മുഴുമിച്ചു. എന്റെ ബുദ്ധിശക്തിയെ വാഴ്ത്തുകയല്ല. എനിയ്ക്ക് നാട്ടില്‍ നിന്നുതന്നെ ഈ കോഴ്‌സിലെ സാഹിത്യ ഭാഗങ്ങളും അതിനുവേണ്ട നാമക്രിയാപദ സംബന്ധമായ സിദ്ധാന്തങ്ങളും മറ്റും മനസ്സിലാക്കാന്‍ അവസരം കിട്ടിയതുകൊണ്ടാണ്. ഹിന്ദിമീഡിയമായതുകൊണ്ട് ആദ്യമാദ്യം ലേശം ബുദ്ധിമുട്ടനുഭവപ്പെട്ടെങ്കിലും ആ കടമ്പ, പരിശ്രമം കൊണ്ടു കടക്കാന്‍ കഴിഞ്ഞു. വിദ്യാഭ്യാസം പുസ്തകപഠനം മാത്രമല്ലായിരുന്നു അവിടെ. വേദോപനിഷജ്ജ്യോതിഷ ദര്‍ശനയോഗാദി പുസ്തകജ്ഞാനത്തിനു പുറമേ പശുപാലനം, ശുചീകരണം, ഹോമകുണ്ഡനിര്‍മ്മാണത്തിലൂടെ ജോമട്രി, യജ്ഞസംഭാരസംഭരണം, ത്രിവിധവൈദികഗണിതം (ജോമട്രി, ആള്‍ജിബ്ര, ജനറല്‍ മാത്‌സ്) ഗൃഹഭരണം മുതലായ ജീവിക്കാനാവശ്യമായ വിദ്യകളും പ്രായോഗികതലത്തില്‍ പഠിച്ചിരുന്നു.
സിദ്ധാന്തഭൂഷണ്‍ പാസ്സായതിനുശേഷം കുറച്ചുകാലം, അതായത് ഒരു കൊല്ലത്തോളം ആര്യസമാജത്തിന്റെ ഫുള്‍ടൈം പ്രചാരകനും അദ്ധ്യാപകനുമായി ഉത്തര-പശ്ചിമ-പൂര്‍വ്വഭാരതം മുഴുവന്‍ സഞ്ചരിച്ച്, ഭാഷാപരമായും സഭ്യതാപരമായും സംസ്‌കാരപരമായും ഭാരതത്തെ മനസ്സിലാക്കാന്‍ ശ്രമിച്ചു. എന്റെ സ്ഥിരം മേല്‍വിലാസം അപ്പോഴും ഗുരുദത്തഭവന്‍ ആയിരുന്നു.
മുള്‍ട്ടാനില്‍ വിദ്വാനായ ഒരു ശങ്കരശാസ്ത്രിയുണ്ടെന്ന് കേട്ട് അങ്ങോട്ടു പോയി. അദ്ദേഹത്തിന്റെ ആദര്‍ശത്തോട് എനിയ്ക്കു യോജിക്കാന്‍ പറ്റാത്തതുകൊണ്ട്, പണ്ഡിതനായിരുന്നെങ്കിലും, ശിഷ്യത്വം സ്വീകരിക്കാതെ അമൃത്സറിലേയ്ക്കുപോന്നു. അവിടെ വന്ന് സിഖുകാരുടെ സുപ്രസിദ്ധ ഗുരുദ്വാരയായ സുവര്‍ണ്ണക്ഷേത്രക്കുളത്തിന്റെ കിഴക്കുതെക്കു മൂലയില്‍, പഞ്ചാബ് സിംഹം രണജിത് സിംഹിന്റെ ഭരണകാലത്ത് സ്ഥാപിച്ച, കുത്തബ്മീനാറിനൊത്ത, സ്തംഭത്തിനരികില്‍ സ്ഥിതിചെയ്യുന്ന ഉദാസീസന്യാസിമഠം ‘ബ്രഹ്മബൂട്ടാ അഖാഡ’യില്‍ താമസിച്ച്, പഞ്ചാബ് യൂണിവേഴ്‌സിറ്റിയുടെ ഇംഗ്ലീഷ് മെട്രിക്കുലേഷനും ഹിന്ദി പ്രഭാകര്‍ ഡിഗ്രിയും പാസ്സായി. *3
ഇന്ത്യാവിഭജനത്തിന്റെ മുന്നോടിയായി നടന്ന വേവല്‍ കോണ്‍ഫ്രന്‍സ് നടന്നുകൊണ്ടിരുന്ന കാലമായിരുന്നു അത്. ഗുരുദത്തഭവനില്‍ ക്ലാസ്‌മേറ്റായിരുന്ന ശിവറാം, സിംലക്കാരനാണ്, സിംല ടൗണില്‍നിന്ന്, 15 ഓളം നാഴിക കേറിയാല്‍ അവിടെ ഠിയോഗ് എന്നൊരു കൊച്ചു സ്റ്റേറ്റുണ്ട്. ഒരു ജില്ലയുടെ വലിപ്പമേ ഉള്ളു. ആ സ്റ്റേറ്റിലാണ് ശിവറാമിന്റെ വീട്. അല്‍പകാലം അവിടെ താമസിച്ചു. തനി നാട്ടിന്‍പുറം. ജനങ്ങള്‍ കൃഷിക്കാരാണ് കൂടുതലും. ഉരുളക്കിഴങ്ങ്, ആപ്പിള്‍ മുതലായ വിളകളാണ് പ്രധാനമായുള്ളത്. വീടുകള്‍, മഞ്ഞുപെയ്താല്‍ ഒഴുകിപോകത്തക്കവണ്ണം, വൈക്കോല്‍ക്കുണ്ട് മാതിരിയാണ്. സമ്പന്നരല്ലെങ്കിലും ദാരിദ്ര്യമില്ല. അവിടെ വച്ച് ഇന്ത്യന്‍ നേതാക്കളായ ഗാന്ധി, നെഹ്‌റു, പട്ടേല്‍, അബ്ദുള്‍ഗാഫര്‍ഖാന്‍, (അതിര്‍ത്തിഗാന്ധി) മൗലാനാ ആസാദ്, രാജേന്ദ്രപ്രസാദ് മുതലായ ഉന്നതനേതാക്കളെ അകലെ നിന്ന് കാണാനും പ്രസംഗങ്ങള്‍ കേള്‍ക്കാനും ഭാഗ്യമുണ്ടായി. അതുകഴിഞ്ഞ്, വീഗഞ്ച് വഴി നേപ്പാള്‍ രാജധാനിയായ കാഠ്മണ്ഡുവിലേയ്ക്കു തിരിച്ചു.
പശുപതിനാഥ ക്ഷേത്രവും ശിവഗിരിബാബയേയും ദര്‍ശിച്ച് നേരെ ടിബറ്റുവഴി കൈലാസയാത്രയ്ക്കു പുറപ്പെട്ടു. പോക്ക് കാല്‍നടയായിരുന്നു. മഞ്ഞുപാറമേല്‍ക്കൂടെയുള്ള ദുര്‍ഘടംപിടിച്ച യാത്രയ്ക്കുവേണ്ടി ഭക്ഷണവും കാല്‍മുട്ടുവരെ മുട്ടുന്ന ഷൂസും കമ്പിളിവസ്ത്രങ്ങളും രാജാവിനെക്കണ്ടു പറഞ്ഞപ്പോള്‍ അദ്ദേഹം ദാനമായിതന്നു. അതുംവാങ്ങി പുറപ്പെട്ടു. ഞങ്ങള്‍ സംഘമായിട്ടാണ് പോയത്. 15-ഓളം പേരുണ്ടായിരുന്നു സംഘത്തില്‍. മാസങ്ങളോളം നടന്ന് നടന്ന് കഷ്ടപ്പെട്ട് ഞങ്ങള്‍ ഒരുവിധം മാനസസരോവരത്തിന്റെ തീരത്തെത്തി. 196ലേറെ നാഴിക ചുറ്റളവുണ്ട് മാനസസരോവറിന്, അനേകം ബുദ്ധസന്യാസിമാര്‍ അവിടെ കൂടാരം കെട്ടി താമസിക്കുന്നതുകണ്ടു. ചിലര്‍ മാനസസരോവറിന് ചുറ്റും ഇടയ്ക്കിടെ സാഷ്ടാംഗം നമസ്‌കരിച്ചുകൊണ്ട് പ്രദക്ഷിണം വെയ്ക്കുന്നുണ്ടായിരുന്നു. സരോവറിന്റെ വടക്കുഭാഗത്ത് ലോകത്തിന്റെ നട്ടെല്ലെന്നോണം, മേരുപര്‍വ്വതം കാണാം. കിഴക്കായി സ്ഥിതിചെയ്യുന്നു കൈലാസപര്‍വ്വതം. 200-ഓളം നാഴിക ചുറ്റളവുണ്ട് കൈലാസത്തിന്. തനി ഒരു കല്‍ക്കണ്ടപ്പാറപോലെയാണത്. അവിടുത്തെ അന്തരീക്ഷത്തിന് ഒരു പ്രത്യേകതയുണ്ട്. മനുഷ്യനെ അത് ഹിപ്‌നോട്ട് ചെയ്ത് ഏതോ ദിവ്യലോകത്തേയ്ക്കു കൊണ്ടുപോകുന്നു. ഞാന്‍ ആകെ മാറിയപോലെ തോന്നി എനിയ്ക്ക്. പകല്‍ സൂര്യരശ്മിയുടെ ഗ്‌ളൈസിങ്ങ് മൂലം കൈലാസത്തിലേക്ക് ഏറെനേരം നോക്കാന്‍ പറ്റില്ല. കണ്ണുകേടുവരും. നല്ല നിലാവുള്ള രാത്രി സുഖമായി കാണാം. കൈലാസത്തിന്റെ ഇപ്പുറത്ത്, കുറച്ചുദൂരം വിട്ട്, സരോവറിന്റെ വടക്കുകിഴക്കന്‍ മൂലയില്‍ ഒരു കുന്നുണ്ട്. അതിന്റെ മുകളില്‍ കേറി, ബൈനോക്കുലര്‍ ഉപയോഗിച്ച് നോക്കിയപ്പോള്‍ കണ്ട ദൃശ്യം അപാരമാണ്. അവര്‍ണ്ണനീയമാണ്. നമ്മുടെ യോഗശാസ്ത്ര പ്രതീകമാണോ, അതെന്നുതോന്നും. പരിവര്‍ത്തനത്തിന്റെ ദേവനായ ശിവന്റെ ആസ്ഥാനമാണ് കൈലാസമെന്നാണല്ലോ നമ്മുടെ വിശ്വാസം. ലോകത്തിന്റെ അതായത് സഹസ്രശീര്‍ഷനും സഹസ്രാക്ഷനും സഹസ്രപാദനും മറ്റുമായ വിശ്വരൂപത്തിന്റെ പ്രോട്ടോപ്ലാസമാനമായി വിളങ്ങുന്ന ആ ദിവ്യ ഹിമമഹാപ്രസ്തരത്തിലേയ്ക്ക് എവിടുന്നോ ഒരു ദിവ്യജ്യോതിസ്സ്; വെള്ളച്ചാട്ടംപോലെ, വണ്ണത്തില്‍ മുകളില്‍ നിന്ന് ഒഴുകിവന്നു വീഴുന്നതു കണ്ടു. അത്ഭുതസ്തബ്ധനായി, ശിലാസമാനം എത്രനേരം അവിടെനിന്നുവെന്നറിഞ്ഞുകൂട. ഞാനപ്പോള്‍ സ്വപ്‌നലോകസഞ്ചാരിയായിരുന്നു. കൂട്ടുകാരന്‍ പുറത്തുതട്ടിയപ്പോഴാണ് ഉണര്‍ന്നത്. ഞാന്‍ കൂട്ടുകാരുമൊത്ത് ക്യാമ്പിലേയ്ക്കുമടങ്ങി.
കൈലാസത്തില്‍ നിന്നു മടങ്ങി അമൃത്സറിലെത്തിനോക്കിയപ്പോള്‍ ഒരു കത്തുവന്നുകിടക്കുന്നു. പൊളിച്ചുനോക്കി. കത്ത് അര്‍ജ്ജുന്‍സിങ്ങിന്റേതാണ്. അര്‍ജ്ജുന്‍ എന്റെ സഹപാഠിയാണ്. ജമ്മുകാശ്മീര്‍ സ്വദേശിയാണയാള്‍. അയാളുടെ അച്ഛന്റെ ശതാഭിേഷകമാണ്. അതിനു ചെല്ലാനാണ് ആ കത്ത്. ഏകദേശം രണ്ടുമാസത്തെ ഇടയുണ്ട് പിറന്നാളാഘോഷത്തിന്. എനിക്ക് അവിടെയെല്ലാം കൂടി കാണണമെന്നു മോഹമുണ്ടായിരുന്നു. അന്നത്തെ ബ്രിട്ടീഷ് സാമ്രാജ്യത്തില്‍പ്പെട്ട ഇന്ത്യയുടെ വടക്കു പടിഞ്ഞാറന്‍ അതിര്‍ത്തിയായ കൈബര്‍ പീഠഭൂമിവരെ ഒന്നുപോകണമെന്നുമുണ്ടായിരുന്നു. കാശ്മീരിലേയ്ക്ക് റാവല്‍പിണ്ടി വഴിയ്ക്കാണല്ലോ പോകേണ്ടത്. റാവല്‍പിണ്ടിയില്‍ നിന്ന് പെഷവാര്‍, ബലൂചിസ്ഥാന്‍, തക്ഷശിലവഴി കൈബര്‍ചുരം കടന്ന് അഫ്ഗാനിസ്ഥാനില്‍ ചെന്നുചേരാം. പിറന്നാളാഘോഷത്തിന് മാസം ഒന്നുരണ്ടുണ്ടിനിയും. അതിനുമുമ്പ് അഫ്ഗാനിസ്ഥാനും (അപഗണസ്ഥാനവും) കണ്ടുമടങ്ങാം. ഞാന്‍ പുറപ്പെടാനൊരുങ്ങി.
(തുടരും)
* 2 മതപരിവര്‍ത്തനം വഴി മുസ്ലീങ്ങളാകേണ്ടിവന്ന പഴയ ഹിന്ദുക്കളെ ശുദ്ധി പ്രസ്ഥാനത്തിലൂടെ തിരികെ കൊണ്ടുവരുന്ന പ്രവര്‍ത്തനങ്ങളിലായിരുന്നു പഞ്ചാബിലെ ആര്യസമാജക്കാര്‍ അന്ന്. ആര്യസമാജക്കാരെ മുസ്ലീങ്ങള്‍ സ്വാഭാവികമായി സംശയത്തോടെയാണ് കണ്ടിരുന്നത്.
*3 പ്രാദേശിക ആചാരങ്ങള്‍ അഹൈന്ദവമാണെന്നും വൈദികവിധിപ്രകാരമുള്ള അനുഷ്ഠാനങ്ങള്‍ മാത്രമേ ഹിന്ദുക്കള്‍ പാലിക്കാവൂ എന്നും ശഠിച്ചിരുന്ന ആര്യസമാജക്കാര്‍ അക്കാലത്ത് അനേകം വിദ്യാലയങ്ങള്‍ പഞ്ചാബില്‍ സ്ഥാപിച്ചിരുന്നു.